സി.പി.ഐ (എം)നെതിരെ രാജ്യവ്യാപകമായി ബി.ജെ.പി നടത്തുന്ന കള്ള പ്രചരണങ്ങളെ തുറന്ന് കാണിക്കാൻ ഒക്‌ടോബർ 9 ന് പ്രതിഷേധ ദിനമായി ആചരിക്കാൻ പാർട്ടി കേന്ദ്ര കമ്മിറ്റി ആഹ്വാനം ചെയ്തിരിക്കുകയാണ്. എല്ലാവർക്കും ജീവിക്കണം എന്ന മുദ്രാവാക്യമുയർത്തി സമാധാന ജീവിതത്തിനെതിരായി കൊലവിളി മുദ്രാവാക്യമുയർത്തുകയാണ് സംഘപരിവാർ ചെയ്തത്. സി.പി.ഐ (എം) നെതിരെ പെരുംനുണകൾ പ്രചരിപ്പിച്ചുകൊണ്ടാണ് കണ്ണൂർ ജില്ലയിൽ അമിത്ഷാ പങ്കെടുത്ത് ജാഥ നടത്തിയത്. സംസ്ഥാനത്തിനകത്ത് നിന്നും, പുറത്ത് നിന്നും ബി.ജെ.പിക്കാരെ അണിനിരത്തിയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. ഇതിനായി ദേശീയമാധ്യമപ്രതിനിധികളെയും കണ്ണൂരിൽ കൊണ്ടുവന്നു. കേരളത്തിൽ ജിഹാദിചുവപ്പ് ഭീകരതയാണെന്ന നിലയ്ക്ക് അക്ഷരാർത്ഥത്തിൽ ഒരു കേരള വിരുദ്ധ പ്രചരണമാണ് അവർ നടത്തിയത്. അര നൂറ്റാണ്ട് കാലത്തോളം അക്രമങ്ങൾ നടത്തി കേരളത്തിന്റെ ജനാധിപത്യ മതനിരപേക്ഷ മനസ്സിന് ഇളക്കം
തട്ടിക്കാൻ അവർക്കായില്ല. ആ നിരാശയിലാണ് അഖിലേന്ത്യതലത്തിൽ സി.പി.ഐ (എം) നെതിരെ പ്രചാരവേല നടത്താൻ ബി.ജെ.പി തീരുമാനിച്ചത്. സി.പി.ഐ (എം) ജനങ്ങളെ അണിനിരത്തി നടത്തിയ ശക്തമായ ചെറുത്ത്‌നിൽപ്പിന്റെ ഫലമാണ് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തിൽ മുന്നേറ്റം നടത്താൻ അവർക്ക് കഴിയാതിരുന്നത്. സംഘപരിവാറിനെതിരായ ജനങ്ങളുടെ പ്രതിരോധം ഇനിയും ശക്തിപ്പെടുത്തണം. ആർ.എസ്.എസ്സിനെ പ്രതിരോധിക്കാൻ കോൺഗ്രസിനെപ്പോലെയുള്ള പാർട്ടികൾക്കാവില്ല എന്ന് ഒരിക്കൽകൂടി തെളിഞ്ഞിരിക്കുകയാണ്. അഖിലേന്ത്യതലത്തിൽ തങ്ങൾക്ക് മുന്നിലുള്ള തടസ്സം കോൺഗ്രസ്സല്ല സി.പി.ഐ (എം) ആണ് എന്ന തിരിച്ചറിവാണ് അവർക്കുണ്ടായിട്ടുള്ളത്. ഈ കാര്യം പ്രതിഷേധ ദിനത്തിന്റെ ഭാഗമായി അഖിലേന്ത്യതലത്തിൽ പാർട്ടി ജനങ്ങളെ ബോധ്യടെുത്തും. പ്രതിഷേധദിനത്തിന്റെ ഭാഗമായി കണ്ണൂർ സ്റ്റേഡിയം കോർണറിൽ ആർ.എസ്.എസ് കൊലക്കത്തിക്കിരയായ രക്തസാക്ഷികളുടെ കുടുംബാംഗങ്ങളും, ആക്രമത്തിൽ പരിക്കേറ്റവരും സത്യാഗ്രഹ പരിപാടി നടത്തും. രാവിലെ 10 മണിക്കാണ് സത്യാഗ്രഹ പരിപാടി ആരംഭിക്കുക. വൈകുന്നേരം 4 മണിക്ക് സമാപന സമ്മേളനം നടക്കും. ഈ പരിപാടിയിൽ കലാകാരാർ ഫാസിസ്റ്റ് വിരുദ്ധ രചനകൾ അവതരിപ്പിക്കും. ചിത്രങ്ങൾ, കവിതകൾ, തുടങ്ങിയവയൊക്കെ അവതരിപ്പിക്കാൻ അവസരം നൽകും. സി.പി.ഐ (എം) കേന്ദ്ര കമ്മിറ്റി അംഗം സ: ഇ.പി. ജയരാജൻ ഈ പരിപാടി ഉദ്ഘാടനം ചെയ്യും. രാഷ്ട്രീയത്തിനതീതമായി സംഘപരിവാറിനെ പ്രതിരോധിക്കാൻ ആഗ്രഹിക്കുന്ന എല്ലാ ജനാധിപത്യവാദികളോടും ഈ പരിപാടിയിൽ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.