കമ്മ്യൂണിസ്റ്റു പാർട്ടിയുടെ സമുന്നത നേതാവും കണ്ണൂർ ജില്ലാ സെക്രട്ടറിയുമായിരുന്ന സ:പാട്യം ഗോപാലന്റെ സ്മരണയെ മുൻ നിർത്തി 1995 ലാണ് പാട്യം ഗോപാലൻ സ്മാരക പഠന ഗവേഷണ കേന്ദ്രം സി.പി.ഐ.എം കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ചത് 1995 ആഗസ്റ്റ് മാസം 9ാം തിയ്യതി സ:ഇ.എം.എസ് പഠന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. കണ്ണൂരിലെ പാട്യം വില്ലേജിൽ ജനിച്ച സ:പാട്യം ഗോപാലൻ വിദ്യാർഥി പ്രസ്ഥാനത്തിന്റെ മുൻനിര പ്രവർത്തകനായാണ് പാർട്ടിയിലേക്ക് കടന്നു വരുന്നത്. 1965 ൽ കേരള നിയമസഭയിലേക്കും 1967ൽ പാർലിമെന്റിലേക്കും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. അടിയന്തരാവസ്ഥയുടെ നാളുകളിൽ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി ആയി പ്രവർത്തിച്ച അദ്ദേഹം അനിതരസാധാരണമായ നേതൃത്വശേഷി തെളിയിച്ച നേതാവാണ്. 1978 സപ്റ്റംബർ 27ന് ആ മഹത്തായ ജീവിതം അകാലത്ത് പൊലിഞ്ഞു പോയി.
സ:പാട്യം ഗോപാലന്റെ ദീപ്തമായ സ്മരണകൾ ഉയർത്തിപ്പിടിച്ച് അദ്ദേഹം മുന്നോട്ടു വെച്ച സാമൂഹ്യവീക്ഷണങ്ങൾ സാഫല്യത്തിൽ വരുത്താൻ ഉതകുന്ന പഠനഗവേഷണ പ്രവർത്തനങ്ങൾ നടത്തുന്നതിനു വേണ്ടിയാണ് പഠന കേന്ദ്രം നിലകൊള്ളുന്നത്. ജനപക്ഷത്തു നിന്നു കൊണ്ട് കണ്ണൂരിന്റെ വികസന പരിപ്രേക്ഷ്യം രൂപപ്പെടുത്തുന്നതിലും ഒരളുവുവരെ ഗവൺമെണ്ടുകളെ ആ വഴിക്ക് നയിക്കുന്നതിലും പഠനകേന്ദ്രം വിലപ്പെട്ട സംഭാവനകൾ നൽകി. ശ്രീ.പി.കെ.കുഞ്ഞനന്തൻ നായർ, ടി.കെ.ബാലൻ, പി.ശശി എന്നിവർ പഠനകേന്ദ്രത്തിന്റെ മുൻകാല ഡയറക്ടർമാരായിരുന്നു. ടി.ലക്ഷ്മണൻ, മുകുന്ദൻ മഠത്തിൽ എന്നിവർ പല കാലങ്ങളായി ചുമതലക്കാരായി പ്രവർത്തിച്ചിരുന്നു.
പ്രാരംഭ നാളുകളിൽ തന്നെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മെമ്പർമാർക്ക് ഭരണ പരിശീലനം നൽകുന്ന ക്ലാസുകൾ ഗവേഷണ കേന്ദ്രം സംഘടിപ്പിച്ചിരുന്നു.1996ൽ നടന്ന കണ്ണൂർ വികസന സെമിനാർ ഏറ്റവും ശ്രദ്ധേയമായിരുന്നു. അതുപോലെ 2009 ൽ നടന്ന മലബാർ വികസന സെമിനാർ,2012 മാർച്ച് മാസം നടന്ന കണ്ണൂർ വികസന സെമിനാർ എന്നിവയും ഏറെ ശ്രദ്ധേയമായിരുന്നു. കണ്ണൂരിന്റെ വികസനത്തെക്കുറിച്ചുള്ള നിരവധി പഠന ഗവേഷണ പ്രബന്ധങ്ങൾ ഈ സെമിനാറുകളിൽ അവതരിപ്പിക്കപ്പെട്ടു. അതിന്റെയെല്ലാം വിശദാംശങ്ങൾ അതതുകാലത്തെ കേരള ഗവൺമെന്റുകളുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിനും പഠനകേന്ദ്രത്തിനു കഴിഞ്ഞു. വർഷാവർഷം ആനുകാലികവിഷയങ്ങളെ അധികരിച്ചുള്ള സെമിനാറുകൾ സംഘടിപ്പിക്കുന്നതിനും പഠന കേന്ദ്രത്തിനു കഴിഞ്ഞിട്ടുണ്ട്.
ബഹുജന വിദ്യാഭ്യാസ മേഖലയിലും ശ്രദ്ധേയമായ പ്രവർത്തനം പഠന കേന്ദ്രം നടത്തിവരുന്നു. പാപ്പിനിശ്ശേരിക്കടുത്ത അരോളി കമ്മാടത്ത് മൊട്ടയിൽ സ്ഥാപിച്ചിട്ടുള്ള പഠന സ്‌കൂൾ വഴി നിരവധി ബഹുജന സംഘടനാ പ്രവർത്തകർക്ക് വിവിധ വിഷയങ്ങളെ ആസ്പദമാക്കി പഠന ക്ലാസുകൾ നൽകുന്നതിനും പഠനകേന്ദ്രത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രൊഫ.ടി.വി.ബാലൻ, ഒ..ഗംഗാധരൻ എന്നിവർ ഈ പഠന സ്‌കൂളിനു നേതൃത്വം കൊടുത്തിരുന്നു. എ.വി.രാമചന്ദ്രൻ പഠന സ്‌കൂളിന്റെ നടത്തിപ്പ് ചുമതലകൾ നിർവ്വഹിക്കുന്നു. പ്രഭാകരൻ കോവൂരും പഠന പ്രവർത്തനങ്ങളിൽ സഹായിയായി പ്രവർത്തിച്ചിരുന്നു. സ:കെ.കെ.രാഗേഷ് എം.പി യാണ് പഠന പ്രവർത്തനങ്ങളുടെ സമഗ്ര ചുമതലകൾ നിർവ്വഹിക്കുന്നത്.
2008 മുതലാണ് ചരിത്ര രചനയിലേക്ക് പഠനഗവേഷണകേന്ദ്രം തിരിയുന്നത്. ആദ്യപുസ്തകം എന്ന നിലയിൽ പ്രസിദ്ധീകരിച്ച 'പോരാട്ടങ്ങളുടെ ഓർമ്മകൾ' കണ്ണൂരിലെ പഴയകാല പോരാട്ടങ്ങളുടേയും രക്തസാക്ഷ്യങ്ങളുടേയും ചരിത്രം രേഖപ്പെടുത്തുന്നു. ആർ.എസ്.എസ് തുടങ്ങിയ വർഗീയ ശക്തികൾ കൊലപ്പെടുത്തിയ സഖാക്കളുടെ ലഘുവിവരങ്ങളും ഈ സമാഹാരത്തിൽ ഉൾപ്പെടുന്നു. അവിഭക്ത കണ്ണൂർ ജില്ലയിലെ കമ്മ്യൂണിസ്റ്റു പാർട്ടി ചരിത്രം സമഗ്ര പഠനം നടത്തി പ്രസിദ്ധീകരിക്കാനുള്ള ദൗത്യം 2008ലാണ് പഠനകേന്ദ്രം ഏറ്റെടുക്കുന്നത്. 2011 കാലത്തോടെ ആ ദിശയിൽ കാര്യമായ പുരോഗതി കൈവരിക്കാൻ കഴിഞ്ഞു.
1940 സപ്റ്റംബർ 15 വരെയുള്ള കമ്മ്യൂണിസ്റ്റ് പാർട്ടി ചരിത്രം അടങ്ങുന്ന ഒന്നാം സഞ്ചിക 2011 സപ്റ്റംബർ 27ന് സ:പിണറായി വിജയൻ പ്രകാശനം ചെയ്തു. സംഘർഷഭരിതമായ ഒരു പോരാട്ട കാലത്തിന്റെ വിശദമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന രണ്ടാം സഞ്ചികയുടെ പ്രകാശനം 2013 ഒക്‌ടോബർ മാസം സ:പിണറായി വിജയൻ കണ്ണൂരിൽ നിർവ്വഹിച്ചു. 1952 വരെയുള്ള ചരിത്ര സംബവങ്ങളാണ് സഞ്ചികയിൽ പരിശോധിക്കുന്നത്. സ:പി.ജയരാജൻ ചീഫ് എഡിറ്ററും, സി.പി.അബൂബക്കർ എഡിറ്ററും, കീച്ചേരി രാഘവൻ കോർഡിനേറ്ററുമായ എഡിറ്റോറിയൽ ബോർഡാണ് രണ്ട് പുസ്തകങ്ങളും തയ്യാറാക്കിയത്. സ:പിണറായി വിജയൻ ചെയർമാനും, പി.ജയരാജൻ കൺവീനറുമായ ഉപദേശക സമിതിയാണ് ചരിത്ര രചനയുടെ മേൽനോട്ടം വഹിക്കുന്നത്.
പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലും പ്രാദേശിക പ്രവർത്തകരുടേയും നേതാക്കളുടെയും നേതൃത്വത്തിലുള്ള സംഘാടകസമിതികൾ വഴി 2014ൽ ആലക്കോടും ഇരിട്ടിയിലും നടത്തിയ മലബാർ കുടിയേറ്റവും വികസനവും എന്ന സെമിനാറുകൾ ജനങ്ങളുടെ ഇടയിൽ നല്ല രീതിയിൽ സ്വീകരിക്കപ്പെട്ടു. ചരിത്രത്തിലേക്കും മലയോര മേഖലയിലെ വികസന പ്രശ്‌നങ്ങളിലേക്കും കടന്നു ചെല്ലാൻ സെമിനാർ വളരെയേറെ സഹായകമായിരുന്നു
സഖാക്കൾ പി.ജയരാജൻ, എം.വി.ജയരാജൻ, കെ.കെ.രാഗേഷ്, ജയിംസ് മാത്യു, വി.ശിവദാസൻ,എം.പ്രകാശൻ മാസ്റ്റർ, ഒ.വി.നാരായണൻ, എം.സുരേന്ദ്രൻ,പി.കെ.നാരായണൻ മാസ്റ്റർ,കെ.നാരായണൻ, കീച്ചേരി രാഘവൻ, പ്രൊഫസർ:ടി.വി.ബാലൻ എന്നിവരടങ്ങുന്ന ഉപദേശക സമിതിയാണ് പഠന കേന്ദ്രത്തിനു വേണ്ട ഉപദേശനിർദ്ദേശങ്ങൾ നൽകുന്നത്.
'ആരാധനാലയങ്ങളുടെ ഉത്ഭവം,വളർച്ച,വികാസപരിണാമങ്ങൾ' എന്ന വിഷയത്തെ അധികരിച്ചുള്ള ഗവേഷണം ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നു. പൊതുജനങ്ങളുമായി പങ്കുവെക്കാൻ കഴിയുന്ന ഒട്ടേറെ വിവരങ്ങൾ ഈ പഠനകേന്ദ്രം വഴി ലഭിക്കുമെന്ന് പ്രത്യാശിക്കുന്നു.
നവമാധ്യമരംഗത്ത് ശക്തമായിത്തന്നെ പഠന കേന്ദ്രം ഇടപെടലുകൾ നടത്തുന്നുണ്ട്. പീപ്പിൾസ് നെറ്റ് എന്ന പേരിലുള്ള അക്കൗണ്ടും പേജും ഈ രംഗത്ത് ശ്രദ്ധേയമായ രീതിയിൽ പ്രവർത്തിക്കുന്നുണ്ട്. സി.പി.ഐ.എം ജില്ലാ സെക്രട്ടറി സ:പി.ജയരാജനാണ് പഠന കേന്ദ്രം ഡയറക്ടർ. കീച്ചേരി രാഘവൻ (കോ-ഓർഡിനേറ്റർ),കെ.പി. സിനോഷ് എന്നിവരാണ് മറ്റു പ്രവർത്തകർ. സി.പി.ഐ.എം ജില്ലാ കമ്മിറ്റി പഠനകേന്ദ്രത്തിനാവശ്യമായ മുഴുവൻ പിന്തുണയും സഹായവും നൽകി വരുന്നു.