മോഡിപ്രഭാവംകൊണ്ടും വെള്ളാപ്പള്ളിപ്രതിഭാസംകൊണ്ടും കേരളത്തില്‍ അക്കൌണ്ട് തുറക്കാന്‍ ആര്‍എസ്എസ് കൊതിച്ചിരുന്നു. ആ മോഹം ഫലവത്താകുന്നതിന്റെ ലക്ഷണങ്ങളില്ല. 87 മുനിസിപ്പാലിറ്റിയുള്ളതില്‍ പാലക്കാട്ട് ചെയര്‍മാന്‍ സ്ഥാനം കിട്ടിയതും വിരലിലെണ്ണാവുന്ന പഞ്ചായത്തുകളില്‍ മുന്നിലെത്തിയതും തിരുവനന്തപുരം കോര്‍പറേഷനിലെ പ്രകടനവുമൊഴികെ ബിജെപി അത്ഭുതങ്ങളൊന്നും കാണിച്ചിട്ടില്ല. സംസ്ഥാനത്ത് എട്ട് പതിറ്റാണ്ടുമുമ്പുതന്നെ വിലാസമുണ്ടാക്കാന്‍ ശ്രമിച്ച ആര്‍എസ്എസിന്റെ വഞ്ചി ഇപ്പോഴും കരയ്ക്കടുത്തിട്ടില്ല. അത് സാധ്യമാകാത്തത് കേരളത്തിലെ ജനങ്ങള്‍ മതനിരപേക്ഷമായി ചിന്തിക്കുകയും രാഷ്ട്രീയവും മതവും രണ്ടാണ് എന്ന് തിരിച്ചറിയുകയും ചെയ്യുന്നതുകൊണ്ടാണ്. കോണ്‍ഗ്രസും മുസ്ളിംലീഗും ബിജെപിയും (കോലീബി) ചേര്‍ന്ന് മത്സരിച്ചപ്പോള്‍പ്പോലും ആ മുക്കൂട്ടുമുന്നണിയ പരാജയപ്പെടുത്തി മതനിരപേക്ഷ ചേരിയായ ഇടതുപക്ഷത്തിന് കണ്ണഞ്ചിപ്പിക്കുന്ന വിജയം നല്‍കിയ പാരമ്പര്യമാണ് കേരളത്തിന്റേത്. അങ്ങനെയുള്ള മഹിതപാരമ്പര്യത്തെ തകര്‍ത്ത് കേരളീയരെ ജാതി– മത അടിസ്ഥാനത്തില്‍ വിഭജിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കാനുള്ള ശ്രമം ആരുനടത്തിയാലും വിജയിക്കില്ല എന്നതിന്റെ അസന്ദിഗ്ധമായ പ്രഖ്യാപനമാണ് തദ്ദേശ തെരഞ്ഞെടുപ്പുഫലം.  

ഇന്ത്യയില്‍ ഏറ്റവുമധികം ആര്‍എസ്എസ് ശാഖകള്‍ പ്രവര്‍ത്തിക്കുന്ന താലൂക്കാണ് തലശേരി. അവിടെ സംഘടനാരൂപവും അക്രമങ്ങളിലെ നായകത്വവുമല്ലാതെ ജനങ്ങള്‍ക്കിടയില്‍ ഗണ്യമായ സ്വാധീനം സംഘത്തിനില്ല. 1929 മുതല്‍ ആര്‍എസ്എസ് നേതൃത്വം മലബാറിലും തുടര്‍ന്ന് തിരു– കൊച്ചി പ്രദേശങ്ങളിലും കണ്ണുവച്ചിട്ടുണ്ട്. ജനാധിപത്യപരമായി പ്രവര്‍ത്തിക്കുന്ന കക്ഷികള്‍, രാഷ്ട്രീയ വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് സംഘടിക്കപ്പെടുക. ആര്‍എസ്എസ് അത്തരമൊരു കക്ഷിയല്ല. അത് ഹിന്ദുരാഷ്ട്രം സ്ഥാപിക്കാന്‍ പ്രതിജ്ഞാബദ്ധമായ സംഘടനയാണ്. "ഹിന്ദുരാഷ്ട്ര സിദ്ധാന്തമാണ് ശരിയായ ദേശീയ സിദ്ധാന്തം, ഹൈന്ദവ സംഘടനയാണ് ദേശത്തിന്റെ സുരക്ഷയ്ക്കും ഭദ്രതയ്ക്കും ഭാസുരതയ്ക്കും അനിവാര്യമായ അടിസ്ഥാനം'' (ആര്‍എസ്എസ് നവോത്ഥാനത്തിന്റെ സാരഥി, കുരുക്ഷേത്ര, പേജ് 86) എന്നാണ് അത് പറയുന്നത്. അതിനര്‍ഥം, ആര്‍എസ്എസ് നിര്‍വചനപ്രകാരമുള്ള ഹിന്ദുവല്ലാത്ത ഏതൊരാള്‍ക്കും അന്യമാണ് ഇന്ത്യ എന്നാണ്. വ്യത്യസ്ത മതങ്ങള്‍ നിലനില്‍ക്കുന്ന, മതനിരപേക്ഷ ചിന്തയ്ക്ക് വേരോട്ടമുള്ള ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റണം എന്ന സിദ്ധാന്തം രാഷ്ട്രത്തിന്റെ ഭരണഘടനയ്ക്കും നിലനില്‍പ്പിനുതന്നെയും വിപത്താണ്. ഭരണഘടനാപരമായി രാഷ്ട്രീയ പാര്‍ടിയായി പ്രവര്‍ത്തിക്കാന്‍ ആര്‍എസ്എസിന് കഴിയില്ല. മതേതരത്വം പ്രഖ്യാപിക്കുന്ന ഇന്ത്യന്‍ ഭരണഘടനയ്ക്കുകീഴില്‍, മതരാഷ്ട്രത്തിന്റെ വക്താക്കള്‍ക്ക് രാഷ്ട്രീയ പാര്‍ടിയായി പ്രവര്‍ത്തിക്കാനുള്ള അനുവാദമില്ല എന്നതുകൊണ്ടാണ്, സാംസ്കാരിക സംഘടന എന്ന പ്രച്ഛഹ്നവേഷം ആര്‍എസ്എസ് അഴിച്ചുമാറ്റാത്ത്. എന്നാല്‍, 2014ലെ പൊതുതെരഞ്ഞെടുപ്പില്‍ ആര്‍എസ്എസ് നേരിട്ട് രാഷ്ട്രീയത്തിലേക്ക് വരുന്നതും മുമ്പ് ഒളിവിലും മറവിലും ബിജെപിയെ നിയന്ത്രിച്ചിരുന്നവര്‍ പരസ്യമായിത്തന്നെ രാഷ്ട്രീയ കടിഞ്ഞാണ്‍ ഏറ്റെടുക്കുന്നതും നാം കണ്ടു.

ബിജെപിയുടെ സംഘടനാ രൂപം സ്വതന്ത്രമല്ല. ആര്‍എസ്എസ് നയിക്കുന്ന സംഘപരിവാറിലെ ഒരു കണ്ണി മാത്രമാണ് ആ കക്ഷി.  ബിജെപിക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാനോ, സ്വന്തം നിലയില്‍ രാഷ്ട്രീയ വിഷയങ്ങളില്‍ ഇടപെടാനോ കഴിയില്ല. ആര്‍എസ്എസ് നല്‍കുന്ന ആജ്ഞകള്‍ അനുസരിക്കാന്‍ നിയോഗിക്കപ്പെട്ട രാഷ്ട്രീയ ഏജന്‍സി എന്നതിലപ്പുറമുള്ള പ്രസക്തി ബിജെപിക്കില്ല. അതുകൊണ്ടാണ്, ഇന്ത്യയിലെ ഏറ്റവും മുതിര്‍ന്ന ബിജെപി നേതാവായ എല്‍ കെ അദ്വാനിയെ അവഗണനയുടെ പിന്നാമ്പുറത്തേക്ക് തള്ളിയതും സ്വയംസേവകനായ നരേന്ദ്ര മോഡിയെ  പകരം പ്രതിഷ്ഠിച്ചതും. അതതു സമയത്തെ നേട്ടത്തിനുവേണ്ടി മുതിര്‍ന്ന നേതാവിനെയെന്നല്ല എന്തിനെയും തള്ളിപ്പറയാനും നശിപ്പിച്ചുകളയാനും ആര്‍എസ്എസ് മടിക്കാറില്ല. ബിജെപി എന്ന രാഷ്ട്രീയ പാര്‍ടി നയിക്കപ്പെടുന്നത് ആര്‍എസ്എസിന്റെ ആജ്ഞാനുസരണമാണെന്ന് തുറന്നുസമ്മതിക്കാന്‍ ആ കക്ഷിക്കും ആര്‍എസ്എസ് നേതൃത്വത്തിനും സങ്കോചമില്ലാതായി എന്നതാണ് 2014ലെ പൊതുതെരഞ്ഞെടുപ്പോടെ വന്ന സവിശേഷാവസ്ഥ. പതിറ്റാണ്ടുകള്‍ ജനസംഘത്തെയും തുടര്‍ന്ന് ബിജെപിയെയും നയിച്ച പരിചയസമ്പന്നരായ നേതാക്കള്‍ക്കുമുന്നിലൂടെ മഹാരാഷ്ട്രയിലെ വ്യവസായി നിധിന്‍ ഗഡ്കരി ബിജെപി അധ്യക്ഷ പദവിയിലെത്തിയത് മേല്‍ സൂചിപ്പിച്ച പ്രവണതയുടെ ഒരുദാഹരണം. മോഡിസര്‍ക്കാര്‍ വന്നതോടെ അമിത് ഷായാണ്് ബിജെപിയുടെ അധ്യക്ഷന്‍. ഗുജറാത്തിന്റെ നാലതിരുകളിലൊതുങ്ങി, വര്‍ഗീയതയുടെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയപരീക്ഷണങ്ങള്‍ നടത്തിയ അമിത് ഷാ ഡല്‍ഹിയിലെ നേതൃസ്ഥാനത്തേക്ക് പൊടുന്നനെ നിയോഗിക്കപ്പെട്ടത് ആര്‍എസ്എസ് തീരുമാനമനുസരിച്ചാണ്. അതിലൂടെ ബിജെപിയുടെ നിയന്ത്രണം ഫലത്തില്‍ നാഗ്പുരിലെ ഹെഡ്ഗേവാര്‍ ഭവനിലായി (ആര്‍എസ്എസ് ആസ്ഥാനം). സര്‍ക്കാര്‍ വകുപ്പുകളുടെയും മന്ത്രാലയങ്ങളുടെയും ഫയലുകളുമായി ആര്‍എസ്എസിനെ ബോധ്യപ്പെടുത്താന്‍ പ്രധാനമന്ത്രിയും മന്ത്രിമാരും ചെന്നപ്പോള്‍, ഭരണഘടനാബാഹ്യമായി നിയന്ത്രിക്കപ്പെടുന്ന സര്‍ക്കാരാണ് നരേന്ദ്ര മോഡിയുടേതെന്ന് അവര്‍തന്നെ സമ്മതിക്കുന്ന നിലയാണുണ്ടായത്.

ഈ യാഥാര്‍ഥ്യങ്ങള്‍ മനസ്സിലാക്കി മാത്രമേ കേരളത്തില്‍ കുമ്മനം രാജശേഖരന്‍ എന്ന ഹിന്ദു ഐക്യവേദി നേതാവ് പൊടുന്നനെ ബിജെപി സംസ്ഥാന അധ്യക്ഷനായി നിയോഗിക്കപ്പെട്ടതിന്റെ രസതന്ത്രം പരിശോധിക്കാനാകൂ. ബിജെപിയില്‍ മിസ്ഡ് കോള്‍ അംഗത്വമില്ലെങ്കില്‍പ്പോലും ആ പാര്‍ടിയുടെ പരമോന്നത സ്ഥാനത്ത് നിയോഗിക്കപ്പെടാം. ഡല്‍ഹിയില്‍ ചെന്ന് 'സ്ഥാനം ഏറ്റുവാങ്ങുന്ന'തുവരെ കുമ്മനം രാജശേഖരന്‍ കേരളത്തിലെ വര്‍ഗീയവിഷയങ്ങളില്‍ ഇടപെടുന്ന വിവിധ സംഘടനകളുടെ നേതാവായിരുന്നു. ഒരുദിവസംപോലും ബിജെപിയില്‍ പ്രവര്‍ത്തിച്ചിട്ടില്ലാത്ത അദ്ദേഹത്തെ, പതിറ്റാണ്ടുകളുടെ അനുഭവമുള്ള ബിജെപിയിലെ എല്ലാ നേതാക്കളെയും നോക്കുകുത്തിയാക്കിയാണ് ആര്‍എസ്എസ് നിയമിച്ചത്.

കുമ്മനത്തിന് പിന്നാലെ ആര്‍എസ്എസിന്റെ ഡസന്‍ കണക്കിന് നേതാക്കള്‍ ബിജെപിയുടെ വേഷമണിയാന്‍ പോകുന്നു. ആരാണവര്‍? പ്രാദേശികമായി കണ്ടുമുട്ടുന്ന ആര്‍എസ്എസുകാരോട് ചോദിച്ചുനോക്കൂ– മേഖലയിലെ വിഭാഗ് പ്രചാരക് ആരാണെന്ന്്. അയാളുടെ വീടെവിടെ, മറ്റു വിവരങ്ങളെന്തൊക്കെ എന്ന്. ഉത്തരം കിട്ടില്ല. ചന്ദ്രേട്ടന്‍, കൃഷ്ണേട്ടന്‍, രാജേട്ടന്‍ തുടങ്ങിയ വിളികളല്ലാതെ ആര്‍എസ്എസ് പ്രചാരകരുടെ ഒരു വിവരവും സ്വയംസേവകര്‍ക്കുതന്നെ ഉണ്ടാകില്ല. അങ്ങനെ രഹസ്യാത്മകത പുലര്‍ത്തിയും ദുരൂഹമായും ഇടപെടുന്ന സംഘടനയാണത്. ദൈനംദിന പ്രവര്‍ത്തനങ്ങളുടെ രേഖകള്‍ ആര്‍എസ്എസ് സൂക്ഷിക്കാറില്ല. യോഗങ്ങള്‍ക്ക് മിനിറ്റ്സ് എഴുതാറില്ല. അത്തരമൊരു സംഘടനയുടെ രാഷ്ട്രീയദല്ലാള്‍മാരായാണ് ബിജെപി പ്രവര്‍ത്തിക്കുന്നത് എന്ന യാഥാര്‍ഥ്യം മറ്റെല്ലാ പാര്‍ടികളില്‍നിന്നും അതിനെ വേര്‍പെടുത്തി നിര്‍ത്തുന്നു.

ആര്‍എസ്എസിന്റെ പതാക 'ഭഗവദ്ധ്വജ'മാണ്. ദൈവത്തിന്റെ; ഹിന്ദു ദൈവത്തിന്റെ കൊടി. അതിന്റെ ആയുധ പരിശീലനം ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചാണ്. ആയുധശേഖരണം അമ്പലത്തിലാണ്. മതമാണ് അതിന്റെ സ്ഥിരനിക്ഷേപം. അതിന്റെ പലിശ വാങ്ങി ജീവിക്കുന്നവര്‍ക്ക് വൈകാരികമായ സംഘാടനവും വിദ്വേഷത്തിന്റെ ഉല്‍പ്പാദനവും പ്രയാസകരമായ ഒന്നല്ല. കമ്യൂണിസ്റ്റ് പാര്‍ടിയുടെ പതാകയുമായി താരതമ്യം ചെയ്യുക– തൊഴിലാളിയുടെ അധ്വാനത്തെ പ്രതീകവല്‍ക്കരിക്കുന്ന ചുറ്റികയും കര്‍ഷകനെ പ്രതിനിധാനംചെയ്യുന്ന അരിവാളുമാണ് അതിലെ അടയാളം. കമ്യൂണിസ്റ്റ് പാര്‍ടി അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ സംഘടിപ്പിക്കുമ്പോള്‍ ആര്‍എസ്എസ് മതത്തിന്റെ അടിസ്ഥാനത്തില്‍ വികാരവും വിദ്വേഷവും കെട്ടഴിച്ചുവിട്ട് സംഘാടനം നടത്തുന്നു. സങ്കുചിത ചിന്തകളുയര്‍ത്തിയുള്ള വൈകാരികമായ സംഘാടനം താരതമ്യേന എളുപ്പമാണ്; വിനാശകരവും. അത്തരം എളുപ്പവഴിയില്‍ ലക്ഷ്യത്തിലെത്താന്‍ കേന്ദ്രഭരണത്തിന്റെ തണലും തുണയുമുണ്ടായിട്ടുകൂടി ആര്‍എസ്എസിന് കഴിയുന്നില്ല എന്നതിലാണ് കേരളത്തിന്റെ മതനിരപേക്ഷ മനസ്സിന്റെ ഔന്നത്യവും ദൃഢതയും കാണാനാകുന്നത്. എന്നാല്‍, പരാജിതന്റെ പകയോടെ ആര്‍എസ്എസ് കേരളത്തിന്റെ മതനിരപേക്ഷ മനസ്സിനെ ആക്രമിക്കുന്നത് തുടരുകയാണ്. പലവട്ടം ആവിഷ്കരിച്ച് പരാജയപ്പെട്ട പരീക്ഷണങ്ങള്‍ പുതിയ രൂപത്തില്‍ ആവര്‍ത്തിക്കുകയാണ്. നവംബര്‍ മൂന്നാംവാരം ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത് നേരിട്ട് പങ്കെടുത്ത് കണ്ണൂരില്‍ ചേര്‍ന്ന സവിശേഷ സമന്വയ ബൈഠക് അത്തരമൊരു ശ്രമത്തിന്റെ വേദിയായിരുന്നു. 


"നഷ്ടോമോഹഃസ്മൃതിര്‍ലബ്ധാ'' എന്നതിനര്‍ഥം മയക്കംപോയി വെളിവുവന്നു എന്നാണ്. കേരളത്തിലെ ആര്‍എസ്എസിന്റെ അവസ്ഥയും അതുതന്നെ. ഇന്നലെവരെ സംഘനേതൃത്വംചെയ്തത് എന്തായിരുന്നു എന്നാണ് അവര്‍ പരിശോധിക്കുന്നത്. ആര്‍എസ്എസ് സ്വയംസേവകരെ വിശേഷിപ്പിക്കുന്നത് 'നിര്‍മല സ്വഭാവികളും നിസീമ ഭക്തരും നിസ്വാര്‍ഥരും സേവനതല്‍പ്പരരും' എന്നാണ്. എന്നാല്‍, ഇന്ത്യയില്‍ ഏറ്റവുംകൂടുതല്‍ സംഘശാഖകള്‍ പ്രവര്‍ത്തിക്കുന്ന തലശേരി താലൂക്കിലും തലശേരി ഉള്‍ക്കൊള്ളുന്ന കണ്ണൂര്‍ജില്ലയിലും ജനം കാണുന്നത് നേര്‍വിപരീതദൃശ്യമാണ്. ദുഷിച്ച സ്വഭാവം, കപടഭക്തി, സ്വാര്‍ഥത, സ്വയംസേവനം– ഇതാണ് ആര്‍എസ്എസിന്റെ മുഖമുദ്ര. കാല്‍നൂറ്റാണ്ട് സ്വയംസേവകനായി പ്രവര്‍ത്തിച്ച് മനസ്സുമടുത്ത് നരകാഗ്നിയില്‍നിന്ന് മാനവികതയിലേക്ക് നടന്നുനീങ്ങിയ സുധീഷ് മിന്നി ആര്‍എസ്എസിന്റെ അവസ്ഥ വിവരിക്കുന്നുണ്ട്. 

"ഞാന്‍ പേരാവൂരില്‍ കംപ്യൂട്ടര്‍ സെന്ററില്‍ പ്രവര്‍ത്തിക്കുന്ന കാലത്താണ് അശ്വിനികുമാര്‍ കൊലചെയ്യപ്പെടുന്നത്. വിശ്വഹിന്ദു പരിഷത്തിന്റെ സംസ്ഥാന നേതാവ്, വാഗ്മി, ആധ്യാത്മിക പ്രഭാഷകന്‍, ഭഗവത്ഗീതാ പ്രചാരകന്‍ എന്നിങ്ങനെ പ്രശസ്തനായ നേതാവാണ് അശ്വിനി. സാധാരണക്കാരനായാണ് ജീവിച്ചത്. പാവപ്പെട്ട കുടുംബത്തിലാണ് അശ്വിനി. അദ്ദേഹത്തെ എന്‍ഡിഎഫ് തീവ്രവാദികള്‍ ബസില്‍നിന്ന് ഇറക്കി വെട്ടിക്കൊലപ്പെടുത്തുകയാണുണ്ടായത്. പതിനായിരക്കണക്കിനു പ്രവര്‍ത്തകരാണ് ആ ദുഃഖവാര്‍ത്ത അറിഞ്ഞെത്തിയത്. പ്രതിഷേധം പല സ്ഥലത്തും അഗ്നിയായി മാറി. പല കടകളും വീടുകളും അഗ്നിക്കിരയായി. നേതാവിന്റെ വിയോഗം ദുഃഖത്തിന്റെ കനലില്‍ ചുട്ടെടുത്ത പ്രതികാരമായി മാറി. സുരേഷ്രാജ് പുരോഹിത് എന്ന എസ്പിയുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ ജില്ലയിലെ മുഴുവന്‍ പൊലീസും സ്ഥലത്തെത്തി. അന്ത്യചടങ്ങുകള്‍ക്ക് സാക്ഷിയാകാന്‍ ഞാനുമെത്തി. മുസ്ളിമിന്റേതെന്നു തോന്നിയ എല്ലാ വസ്തുക്കളും കത്തിച്ചു. പല മുസ്ളിംവീടിന്റെ മുന്നിലും സ്വയംസേവകര്‍ കാവല്‍നിന്നു. ആരോടും കയറരുതെന്നും ആക്രമിക്കരുതെന്നും നിര്‍ദേശിക്കുകയുണ്ടായി. പുന്നാട്ടെ ജോജേട്ടനോട് കാര്യം തിരക്കി. അശ്വിനിയെ കൊന്നത് മുസ്ളിങ്ങളല്ലേ. പിന്നെ എന്തിനാണ് അവരുടെ വീടിന് കാവല്‍ നില്‍ക്കുന്നത്? അതൊക്കെ ഉണ്ടെന്നായിരുന്നു ജോജേട്ടന്റെ മറുപടി. അന്നെനിക്ക് അതിന്റെ അര്‍ഥം മനസ്സിലായില്ല. ആ കാവല്‍നിന്ന വീട്ടില്‍ ആരും ഉണ്ടായില്ലെന്നും, അവരൊക്കെ രക്ഷപ്പെട്ടിരുന്നുവെന്നും, ആരാണ് കാവല്‍നിന്നത് അവര്‍തന്നെ, പൊലീസ് പോയപ്പോള്‍ അവിടെയെല്ലാം കൊള്ളയടിക്കുകയാണുണ്ടായത് എന്ന കാര്യം എനിക്ക് പിന്നീട് മനസ്സിലായി. മോട്ടോര്‍, ഫ്രിഡ്ജ്, മിക്സി, ഗ്രൈന്‍ഡര്‍, ടിവി, ഇസ്തിരിപ്പെട്ടി, സ്വര്‍ണാഭരണങ്ങള്‍, പണം, ടോര്‍ച്ച്, കസേരവരെ കൊള്ളയടിക്കപ്പെട്ടു എന്നതാണ് സത്യം. എനിക്കിത് മനസ്സിലാവാന്‍ രണ്ടുവര്‍ഷം എടുത്തു'' (നരകസാകേതത്തിലെ ഉള്ളറകള്‍, ചിന്ത, പേജ് 62, 63).

ഉന്നതനായ സംഘനേതാവിന്റെ ദാരുണമരണംപോലും കൊള്ളയടിക്കുള്ള അവസരമാക്കി മാറ്റി സംഘപരിവാര്‍. ഈ സത്യം വിളിച്ചുപറഞ്ഞപ്പോള്‍ സുധീഷ് മിന്നിയെ ആക്ഷേപിക്കാനല്ലാതെ മറുപടി പറയാന്‍ സംഘനേതൃത്വം തയ്യാറായില്ല. നഷ്ടപ്പെടാന്‍ അവര്‍ക്ക് മാനവും ഉണ്ടായിരുന്നില്ല. ആര്‍എസ്എസുകാര്‍ കൊടും ക്രിമിനലുകളും കൊലപാതകികളും മാത്രമല്ല, മോഷ്ടാക്കളും കവര്‍ച്ചക്കാരുമാണെന്ന് 2005 മാര്‍ച്ച് പത്തിന്  അശ്വിനികുമാര്‍  കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് പുന്നാടുണ്ടായ കലാപം ആവര്‍ത്തിച്ച് തെളിയിച്ചു. ആര്‍എസ്എസ് നേതൃത്വം ആസൂത്രിതമായി നടപ്പാക്കിയതായിരുന്നു അത്. പുന്നാട്ടെ 38 വീടാണ് അഗ്നിക്കിരയാക്കിയത്. നാലുകോടിയോളം രൂപയുടെ സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. നൂറോളം മുസ്ളിംകുടുംബങ്ങള്‍ ആട്ടിയോടിക്കപ്പെട്ടു. 

അശ്വിനികുമാറിന്റെ വധത്തെതുടര്‍ന്നുള്ള തിരിച്ചടി ഒഴിവാക്കാനും കേസുകള്‍ ഒത്തുതീര്‍ക്കാനും ആര്‍എസ്എസ്, എന്‍ഡിഎഫ് നേതാക്കളുമായി രഹസ്യചര്‍ച്ച നടത്തിയതായും ലക്ഷക്കണക്കിനു രൂപയുടെ പ്രതിഫലം ആര്‍എസ്എസ് നേതാക്കള്‍ പറ്റിയതായും സുധീഷ് വെളിപ്പെടുത്തി. ചാര്‍ജ്ചെയ്ത കേസുകളില്‍ മൂന്നെണ്ണമൊഴികെ ബാക്കിയെല്ലാം രാജിയാക്കി.

സുധീഷ് മാത്രമല്ല ഒ കെ വാസുവും എ അശോകനും ആര്‍എസ്എസ് എത്തിയ പടുകുഴിയിലേക്ക് വെളിച്ചംപായിച്ചു. ഹൈന്ദവ സന്യാസിമഠങ്ങളില്‍ ചാരന്മാരെ നിയോഗിച്ചും സന്യാസിമാരെ ബ്ളാക്ക്മെയില്‍ ചെയ്തും വിദ്യാര്‍ഥികളില്‍ വര്‍ഗീയവിഷം കുത്തിവച്ചും ആതുരസേവനത്തെപ്പോലും വര്‍ഗീയലക്ഷ്യത്തിലുള്ള ആയുധമാക്കിയും ആര്‍എസ്എസ് നടത്തുന്ന ഇടപെടലുകളെക്കുറിച്ചാണ് സുധീഷ് മിന്നി വെളിപ്പെടുത്തിയത്. അതിനുമപ്പുറം കൊള്ളയുടെയും അഴിമതിയുടെയും വഞ്ചനയുടെയും അധ്യായങ്ങളാണ് കണ്ണൂരിലെ നേതൃത്വം സംഘചരിത്രത്തില്‍ കൂട്ടിച്ചേര്‍ത്തത്. കൂട്ടത്തോടെ കൊഴിഞ്ഞുപോക്കുണ്ടായപ്പോള്‍, ആക്ഷേപങ്ങള്‍ ഉയര്‍ന്നപ്പോള്‍, പരാതികള്‍ പ്രവഹിച്ചപ്പോള്‍ സംഘം അന്വേഷണത്തിന് തീരുമാനിച്ചു. ഒരു ബലിദാനിയുടെ (അധ്യാപകനായിരുന്നു) വീട്ടില്‍ അന്വേഷകര്‍ ചെന്നപ്പോള്‍ അമ്മ പൊട്ടിക്കരഞ്ഞു. സഹായങ്ങള്‍ കിട്ടുന്നില്ല. കിട്ടുന്നതാകട്ടെ വല്ലപ്പോഴും, കുറഞ്ഞ തോതില്‍. ഇത് ഒരിടത്തെ അനുഭവമല്ല. സംഘം ബലിദാനികുടുംബങ്ങളുമായി അകന്നു. പ്രവര്‍ത്തനത്തിലെ ശൈഥില്യം ഒരു 'ദുഃഖയാഥാര്‍ഥ്യ'മാണെന്ന് അന്വേഷകര്‍ കണ്ടെത്തി.

സ്വയംസേവകരും സ്വദേശി സയന്‍സ് മൂവ്മെന്റ് (കൊച്ചി) പ്രവര്‍ത്തകരുമായ നാലുപേരാണ് കണക്കുകള്‍ പരിശോധിച്ചത്. ഗണേശന്‍, വിനോദന്‍, സനോജ്, അരുണ്‍ എന്നിവര്‍. അവര്‍ ഡിസംബര്‍ 29ന് പ്രത്യേകയോഗം ചേര്‍ന്ന് റിപ്പോര്‍ട്ടിന് രൂപംനല്‍കി. കേരളം സന്ദര്‍ശിക്കുന്ന സര്‍ സംഘ് ചാലകിന് പിറ്റേന്ന് അത് കൈമാറി. സംഘപരിവാറില്‍നിന്ന് മോചനംനേടി പുറത്തുപോയ ഒ കെ വാസുവും അശോകനും സുധീഷും ഉന്നയിച്ച വിഷയങ്ങള്‍ അക്ഷരാര്‍ഥത്തില്‍ ആ അന്വേഷണം ശരിവയ്ക്കുന്നു. ബലിദാനി കുടുംബങ്ങള്‍ക്കും 'പീഡിത' സ്വയംസേവകര്‍ക്കും അനേകം പരാതികളുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുവേണ്ടി നീക്കിവച്ച ഫണ്ട് എവിടെ എന്ന ചോദ്യമുണ്ട്. തലശേരിയില്‍ കാര്യാലയം പണിയാന്‍ നീക്കിവച്ച തുകയില്‍ 68 ലക്ഷം ബാക്കിവന്നത് എങ്ങോട്ടുപോയി മറഞ്ഞു എന്ന സംശയമുണ്ട്. എതിരാളികളോട് മാത്രമല്ല അനുയായികളോടും ശത്രുതാമനോഭാവത്തോടെയാണ് കണ്ണൂരിലെ സംഘനേതൃത്വം പെരുമാറുന്നത് എന്ന യാഥാര്‍ഥ്യമുണ്ട്. നേതാവിന്റെ കൊള്ളരുതായ്മ ചൂണ്ടിക്കാണിച്ച അനുയായിക്ക് ക്രൂരമര്‍ദനം. പ്രശ്നങ്ങള്‍ സംഘടനാവേദിയില്‍ ഉന്നയിച്ച മുതിര്‍ന്ന നേതാക്കള്‍ക്ക് ക്രൂരപരിഹാസം. 'ബലിദാനികളുടെ കുടുംബങ്ങള്‍ക്കും അതുപോലെ കൊലപാതക, ആക്രമണ കേസുകളില്‍ ജീവപര്യന്തം– കഠിനതടവുപോലുള്ള ശിക്ഷാവിധികള്‍ അനുഭവിക്കുന്നവരുടെ കുടുംബങ്ങള്‍ക്കും സംഘവുമായി അകല്‍ച്ച വന്നിരിക്കുന്നു. അതിനുള്ള പ്രധാന കാരണങ്ങള്‍ ഇവയാണ്' എന്ന ആമുഖത്തോടെയാണ് അന്വേഷകരുടെ കണ്ടെത്തലുകള്‍ സമര്‍പ്പിച്ചത്.

ഈ അന്വേഷണവും അതിന്റെ ചില വിവരങ്ങളും പുറത്തുവന്നപ്പോള്‍ ആര്‍എസ്എസ് ക്ഷോഭിച്ചു എന്നതിനപ്പുറം മറ്റുചില സംഭവവികാസങ്ങളുമുണ്ടായി. കണ്ണൂരിലെ ബലിദാനി കുടുംബങ്ങളുടെ കൂട്ടായ്മ വിളിച്ചുചേര്‍ക്കാന്‍ കുമ്മനം രാജശേഖരന്‍ നേരിട്ടെത്തുന്നു. അസംതൃപ്തരായ ബലിദാനികുടുംബങ്ങള്‍ സിപിഐ എമ്മിന്റെ 'വലയില്‍' വീഴുമോ എന്ന ഭയം. കണ്ണൂരിലെ പ്രവര്‍ത്തനങ്ങള്‍ പ്രാന്തപ്രചാരക് നേരിട്ട് ഏറ്റെടുക്കുന്നു. താല്‍ക്കാലിക ആശ്വാസത്തിനായി നാഗ്പുരില്‍നിന്ന് പണംവരുന്നു. കേസ് നടത്തിപ്പിന് അഭിഭാഷകര്‍ക്ക് നല്‍കാനുള്ള പണം ഉടന്‍ കൊടുത്തുതീര്‍ക്കാനും നിര്‍ദേശം. എന്നിട്ടും ആര്‍എസ്എസ് സമ്മതിക്കുന്നില്ല തങ്ങള്‍ക്കിടയില്‍ എന്തെങ്കിലും കുഴപ്പമുണ്ടെന്ന്. സംഘശരീരത്തിലെ പരിക്കുകള്‍ പുറത്തറിയുന്നതിലാണ് അവര്‍ക്ക് പരിഭവം.

ആര്‍എസ്എസിലെ പ്രശ്നങ്ങളെക്കുറിച്ച് മാധ്യമങ്ങളില്‍ ചര്‍ച്ച വന്നതില്‍ വിഷമിക്കുന്ന കൂട്ടത്തില്‍ കേരള പ്രാന്ത് സഹ സംഘ് ചാലക് അഡ്വ. കെ കെ ബലറാമുമുണ്ട്. ചര്‍ച്ച അദ്ദേഹത്തിന് മാനനഷ്ടത്തിന് കാരണമായി എന്നാണ് പരാതി. ചര്‍ച്ചയുടെ സാരാംശം ആര്‍എസ്എസ്– ബിജെപി നേതാക്കള്‍ ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാണെന്നും അതില്‍ തന്റെ പേര് വലിച്ചിഴയ്ക്കപ്പെട്ടത് ആക്ഷേപകരമാണെന്നും അദ്ദേഹം പറയുന്നു. താന്‍ ഏതെങ്കിലും തരത്തില്‍ ഫണ്ട് കലക്ഷനുമായോ വിനിയോഗവുമായോ ബന്ധപ്പെട്ടിട്ടില്ല എന്നും അറിയിക്കുന്നു. ഭാവിയിലും ഇത്തരം വെളിപ്പെടുത്തലുകള്‍ ഉണ്ടാകുമെന്ന ആശങ്കയും ബലറാം രേഖപ്പെടുത്തുന്നുണ്ട്.

പുറത്തുവന്ന ആക്ഷേപങ്ങള്‍ അനേകമാണ്. എല്ലാറ്റിനും ഒരേ മറുപടി. തെളിവ് ഹാജരാക്കൂ എന്ന്. വസ്തുനിഷ്ഠമായി ഒരു വിഷയത്തില്‍പ്പോലും ആര്‍എസ്എസ് പ്രതികരിച്ചിട്ടില്ല. സംഘപരിവാറിന്റെ കണ്ണൂര്‍ ജില്ലയിലെ കാര്യങ്ങള്‍ കൈകാര്യംചെയ്യുന്നത് അഡ്വ. ബലറാം, വത്സന്‍ തില്ലങ്കേരി, രഞ്ജിത്, പി കെ കൃഷ്ണദാസ്, കെ സുരേന്ദ്രന്‍, പി പി സുരേഷ് ബാബു തുടങ്ങിയ നേതാക്കളാണ്. വിദ്യാഭ്യാസ ഫണ്ട്, പീഡിതനിധി, ബലിദാനികളുടെ കുടുംബാംഗങ്ങള്‍ക്ക് തൊഴില്‍ തുടങ്ങിയ വിഷയങ്ങളില്‍ ഏത് പ്രശ്നമുണ്ടായാലും ഉത്തരം പറയേണ്ടവരും ഇവര്‍തന്നെ. എന്നിട്ടും അത്തരം വിഷയങ്ങളോടല്ല, തങ്ങളുടെ പേരു പറയൂ പറഞ്ഞാല്‍ മാനഷ്ടക്കേസ് കൊടുക്കും എന്നതില്‍മാത്രം പ്രതികരണം ഒതുങ്ങുകയാണ്.

അശ്വിനികുമാര്‍ വധത്തെത്തുടര്‍ന്ന് നടന്ന പുന്നാട് ആക്രമണങ്ങളില്‍ പരസ്യമായി പല പേരുകളും വന്നിരുന്നു. സുധീഷും അശോകനും ഒ കെ വാസുമാസ്റ്ററും കൂത്തുപറമ്പ് ഹൈസ്കൂളിലെ അഴിമതി ഉള്‍പ്പെടെ പരസ്യമായി വിളിച്ചുപറഞ്ഞു. അന്നൊന്നും ആര്‍എസ്എസിന്റെ മാനം പോയില്ല. അവര്‍ വെല്ലുവിളി ഉയര്‍ത്തിയില്ല. ഇപ്പോള്‍ സംഘപരിവാറിന്റെ രഹസ്യങ്ങളുടെ ഉരുക്കുമതില്‍ തകര്‍ന്നിരിക്കുന്നു. ബലിദാനി കുടുംബങ്ങളിലേക്ക് അവരുടെ കണ്ണുകള്‍ സംശയത്തോടെ നീളുന്നു. "നഷ്ടോമോഹഃസ്മൃതിര്‍ലബ്ധാ'' എന്ന അവസ്ഥയിലേക്ക് നേതൃത്വം മാറുന്നു. ഇന്നും ഗണഗീതം പാടി ഭഗവത്ധ്വജത്തെ നമസ്കരിക്കുന്ന ഒരു സ്വയംസേവകന്‍ പറഞ്ഞത് ഇങ്ങനെ: "ഇപ്പോഴെങ്കിലും ഇത് പുറത്തുവന്നില്ലെങ്കില്‍ അഗ്നിപര്‍വതം പൊട്ടിത്തെറിക്കുമായിരുന്നു''. ശരിയാണ് ഇന്ന് കേരളത്തിലെ, വിശേഷിച്ചും മലബാറിലെ സംഘപരിവാര്‍ ഒരഗ്നിപര്‍വതംപോലെ പുകയുകയാണ്. ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന പുകച്ചില്‍. അച്ചടക്കവും സത്യസന്ധതയും പരസ്പരവിശ്വാസവും സംഘശരീരത്തില്‍നിന്ന് പരലോകം പൂകി. വെണ്ടുട്ടായി സംഘം എന്നറിയപ്പെടുന്ന ആര്‍എസ്എസ് കൂട്ടമുണ്ട്. പ്രേംജിത് എന്ന സ്വയംസേവകനെ പിണറായിയില്‍ സിപിഐ എമ്മിനെ പ്രതിരോധിക്കാനാണ് സംഘം നിയോഗിച്ചത്. അത് നടന്നില്ല എന്നുമാത്രമല്ല, അഖിലേന്ത്യാ ക്വട്ടേഷന്‍ സംഘമായി അത് മാറിയെന്നും ലാഭവിഹിതം ചില സംഘകാര്യകര്‍ത്താക്കളും വീതംവച്ചുതുടങ്ങി എന്നുമാണ് സ്വയംസേവക സംഘത്തിന്റെതന്നെ കണ്ടെത്തല്‍. അത്തരമൊരു ക്വട്ടേഷന്‍ സംഘത്തിന്റെ വിപുലീകൃത പതിപ്പായി നേതൃത്വവും മാറി. അവരില്‍നിന്ന് നന്മ ആരും പ്രതീക്ഷിക്കുന്നില്ല. കൂടുതല്‍ തിന്മകളിലേക്കാണ് സഞ്ചാരം. ആര്‍എസ്എസിനുപോലും വേണ്ടാതാകുക എന്നാല്‍ പരിധിവിട്ട് ചീഞ്ഞളിയുക എന്നാണര്‍ഥം. അതിനേക്കാള്‍ മോശമാണ് ഇന്ന് സംഘനേതൃത്വത്തിന്റെ അവസ്ഥ

പി എം മനോജ്