റ്റെല്ലാ കമ്മ്യൂണിസ്റ്റുകാരെയും പോലെ സമരങ്ങളും പോരാട്ടങ്ങളും തന്നെയാണ് ജീവിതത്തിലെപ്പൊഴും ജയരാജനും കൂട്ട്. അടിയന്തിരാവസ്ഥയുടെ നാളുകളിൽ എസ്എഫ്‌ഐയുടെ കണ്ണൂർ ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ചഘട്ടം മുതലിങ്ങോട്ട് പി ജയരാജന്റെ വഴിത്താരയിൽ പട്ടു മെത്തകളായിരുന്നില്ല. കണ്ണൂർ ജില്ലയിൽ ആർഎസ്എസ് ഭീകരത ഉറഞ്ഞുതുള്ളിയ വേളയിൽ അതിനെ ചെറുക്കാൻ മുഖ്യ പങ്കുവഹിച്ചവരിലൊരാളാണ് പി ജയരാജൻ. ഡിവൈഎഫ്‌ഐയുടെ രൂപീകരണവർഷമായ 1980ൽ ആർഎസ്എസ്സുകാർ ചെറുവാഞ്ചേരി ചന്ദ്രനെ അരുംകൊലചെയ്തപ്പോൾ ജയരാജൻ കൂത്തുപറമ്പിലെ പാർട്ടി സെക്രട്ടറിയായിരുന്നു. പാറാലി പവിത്രൻ കൊലപ്പെട്ടതും അതേ കാലഘട്ടത്തിൽ തന്നെ. അവിടങ്ങളിലെല്ലാം സഖാക്കൾക്ക് സാന്ത്വന ശബ്ദമായി ജയരാജനെത്തി. 1994ൽ എസ്എഫ്‌ഐ യുടെ കേന്ദ്രകമ്മിറ്റിയംഗമായ കെവി സുധീഷിനെ മുപ്പത്താറു കഷണങ്ങളാക്കി ആർഎസ്എസുകാർ വെട്ടി നുറുക്കിയെറിഞ്ഞപ്പോൾ സഖാക്കൾക്ക് ആത്മവീര്യം നൽകാനും ജയരാജനുണ്ടായിരുന്നു.

കൂത്തുപറമ്പിൽ കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകർക്ക് പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ട സ്ഥലങ്ങളിൽ അന്ന് പി ജയരാജനും എംഒ പത്മനാഭനുമുൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് സഖാക്കൾ ചെമ്പതാകയുയർത്തിയത്. കൂത്തുപറമ്പിലേയും കണ്ണൂരിലെയും ആർഎസ്എസ് കോട്ടകളിൽ നിന്നും കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്ക് കുത്തൊഴുക്കുണ്ടായപ്പോൾ അവരെ സ്വീകരിക്കാനും ജയരാജനുണ്ടായി. അതുതന്നെയാണ് ആർഎസ്എസ് ജയരാജനുൾപ്പെടെയുള്ളവരെ വേട്ടയാടുന്നതിന്റെ കാരണവും. ജയരാജനും വിശിഷ്യ കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വവും ഭരണകൂടശക്തികളാൽ വേട്ടയാടപ്പെടാൻ തുടങ്ങിയത് പെട്ടെന്നൊരു ദിവസം ആരംഭിക്കപ്പെട്ടതല്ല. പെഷവാർ, മീററ്റ്, കാൺപൂർ ഗൂഡാലോചനാകേസുകൾ ബ്രീട്ടിഷുകാർ കമ്മ്യൂണിസ്റ്റുകാരെ വേട്ടയാടൻ കെട്ടിച്ചമച്ചു. ജയിലറകളിൽ കൊടിയ പീഡനങ്ങളാണ് അനുഭവിക്കേണ്ടിവന്നത്. 1947നു ശേഷവും സമാന അനുഭവങ്ങൾ തുടർകഥയായി.

ജയരാജന്റെ ജാമ്യാപേക്ഷ കോടതി നിരസിച്ച ഫിബ്രവരി 11 എന്ന ദിനം പോലും ചരിത്രത്തിൽ അറിയപ്പെടുന്നത് കമ്മ്യൂണിസ്റ്റ് വേട്ടയുടെ പശ്ച്ചാത്തലത്തിലാണ്. 1950 ഫിബ്രവരി 11ന് സേലം ജയിലിൽ പോലീസ് വെടിവച്ച് കൊന്നത് 22 സഖാക്കളെയായിരുന്നു. അതിൽ 18പേരും കണ്ണൂർ ജില്ലക്കാരായിരുന്നു.

ഭീകര പ്രവർത്തനം ഇല്ലാതാക്കാൻ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ടാഡ (TADA) ഉപയോഗിച്ച് കേരളത്തിൽ ആദ്യമായി കേസു റജിസ്റ്റർ ചെയ്തത് ജയരാജനുൾപ്പെടെയുള്ള സഖാക്കൾക്കെതിരായിരുന്നു. ആദരണീയനായ എം ഒ പത്മനാഭനെന്ന എംഒപിയെയുൾപ്പെടെ അന്ന് അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. പി.ബാലനും കൂവ ശശിയും എൻ ഉത്തമനും ടാഡ പ്രകാരം ജയിലിലടക്കപ്പെട്ടവരായിരുന്നു. വൽസൻ പനോളി, കെ.ശ്രീധരൻ, സുരേഷ് ബാബു തുടങ്ങി 30 പേരെയാണ് ജയരാജനൊപ്പം ടാഡ കേസിൽ പ്രതികളാക്കിയത്. എന്നിട്ടെന്താണ് സംഭവിച്ചത്. ടാഡ ചുമത്തി ജയിലിലടക്കപ്പട്ടവരിൽ ജീവിച്ചിരിക്കുന്നവരൊക്കെയും വിളിക്കുന്നു.. ഇൻക്വിലാമ്പ് സിന്ദാബാദ്... അവരൊക്കെയും ഉയർത്തുന്നത് ചുവന്ന കൊടി.

പി. ജയരാജനെ ആർഎസ്എസ്സുകാർ വെട്ടിയരിഞ്ഞിട്ടത് ഇവിടെയാണ്‌

 

ജയരാജന്റെ നാട്ടിൽ പാട്ട്യം ഗോപാലെന്ന ഒരു കമ്മ്യൂണിസ്റ്റുകാരൻ നേരത്തെ ജീവിച്ചിരുന്നു. ജയിലിൽ കിടന്ന് 1965ൽ കേരള നിയമ്മ സഭയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. യുഎപിഎ ചുമത്തി ജയരാജനേയും സഖാക്കളേയും ജയിലിലടക്കുന്നവർ അറിയുക. പാട്ട്യത്തിന്റെ മണ്ണിൽ നിന്നാണ് ജയരാജനും കമ്മ്യൂണിസ്റ്റ് ജീവിതം ആരംഭിച്ചത്.  1999ലെ തിരുവോണ നാളിൽ ആർഎസ്എസ് സംഘം ജയരാജന്റെ വീട്ടിൽ കയറി അദ്ദേഹത്തെ വെട്ടി നുറുക്കിയിട്ടു.  മരണം ഉറപ്പിച്ചാണ് കൊലയാളി സംഘം കടന്നുപോയത്.കൈകാലുകൾ അറ്റുപോയി. തുന്നിചർക്കപ്പെട്ട ശരീരവയങ്ങൾ. നൂറുകണക്കിന് സഖാക്കൾ നൽകിയ രക്തം സ്വീകരിച്ച് വൈദ്യശാസ്ത്രത്തിന് അൽഭുതമായി ജയരാജൻ ഇന്നും യാത്രചെയ്യുന്നു. കമ്മ്യൂണിസ്റ്റുകാരനായി... തുന്നിചേർക്കപ്പെട്ട കൈകളിൽ രക്ത പതാകയും പേറി.

വി.ശിവദാസൻ
സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം