ശ്രീനാരായണഗുരുവിൻറെ 'നമുക്ക് ജാതിയില്ല' വിളംബരത്തിൻറെ നൂറാം വാർഷികം ആഘോഷിക്കുന്ന വേളയാണിത്.കേരളത്തിലെ ജാതി വ്യവസ്ഥയെ ഏറ്റവും കൂടുതൽ ചോദ്യം ചെയ്ത സാമൂഹ്യ പരിഷ്കർത്താവാണ് ശ്രീനാരായണഗുരു.അന്ന് കേരളത്തിൽ നിലനിന്നിരുന്ന സവർണ്ണ മേൽക്കോയ്മ ,തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ തുടങ്ങിയ അനാചാരങ്ങൾക്കെതിരെ അദ്ദേഹം പ്രവർത്തിച്ചു.ശ്രീനാരായണഗുരു വിദ്യാലയങ്ങളും ക്ഷേത്രങ്ങളും സ്ഥാപിച്ച് അവർണ്ണരുടെ ഉന്നമനത്തിന് വേണ്ടി പോരാടി ലോകജനതയ്ക്ക് മുന്നിൽ മാർഗ്ഗദർശകങ്ങളായ പ്രബോധനങ്ങൾ കൊണ്ട് ലോകം മുഴുവനും ആരാധ്യനായി തീർന്ന വ്യക്തിത്വമാണ് ഗുരുവിൻറേത്.
ജാതീയമായ അടിച്ചമർത്തലുകൾക്കും അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ അടിമസമാന ജീവിതം നയിച്ച ജനങ്ങളുടെ പോരാട്ടങ്ങൾക്ക് മുൻപന്തിയിൽ തീപ്പന്തമുയർത്തിയ നായകരായിരുന്നു ചട്ടമ്പി സ്വാമിയും അയ്യങ്കാളിയും.കീഴാള സമൂഹങ്ങളുടെ ആധുനികാനുഭവങ്ങളിൽ നിർണ്ണായകമായിരുന്നു സ്വത്വത്തിൻറെ രൂപീകരണം.ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് തന്നെ ഊക്ക് കൂട്ടിയ സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനങ്ങളാണ് കേരളത്തിൻറെ ഭാവി ചരിത്രത്തിൻറെ ദിശ നിർണ്ണയിച്ചത്. ചരിത്രത്തിലെന്നും ചരിത്രം രചിച്ച് ഇരുപതാം നൂറ്റാണ്ടിൽ കാലത്തിൻറെ കൈപിടിച്ച് നടന്നവരിൽ പ്രമുഖരായ ചട്ടമ്പി സ്വാമികളുടെയും അയ്യങ്കാളിയുടെയും ജന്മദിനങ്ങളാണ് ആഗസ്ത് 24 ഉം 28 ഉം.
അസാധാരണ പ്രതിഭാശാലിയായിരുന്നു ചട്ടമ്പി സ്വാമികൾ.ജാതി-ജന്മി നാടുവാഴിത്വത്തിൻറെ കാലത്ത് എല്ലാ സമ്പത്തും അവരുടെ നിയന്ത്രണത്തിലായിരുന്നു .വിജ്ഞാന സമ്പത്തും അങ്ങിനെ തന്നെ.അവ മുഴുവനും സംസ്കൃതത്തിൽ ആയതിനാൽ അധസ്ഥിതർക്ക് അപ്രാപ്യവുമായിരുന്നു.കിളിപ്പാട്ട് കൃതികളിലൂടെ അത് ജനങ്ങളിലേക്കെത്തിച്ചത് തുഞ്ചത്തെഴുത്തച്ഛനായിരുന്നു.പിൽക്കാലത്ത് പുരാണങളുംഇതിഹാസങളും മാത്രമല്ല വേദങ്ങളും പഠിക്കാൻ അധസ്ഥിതർക്ക് അവകാശമുണ്ടെന്ന് ചട്ടമ്പിസ്വാമികൾ പ്രഖ്യാപിച്ചു.അത്തരത്തിലുള്ള പുസ്തകങ്ങൾ അദ്ദേഹം രചിച്ചു.സ്വാമികൾ തുടങ്ങിവെച്ച പ്രവൃത്തികൾ പിന്നീട് പൂർത്തീകരിച്ചത് മഹാകവി വള്ളത്തോൾ ആയിരുന്നു. 'ലോകമെല്ലാം ഒരേ മനസ്സാണ് വ്യാപിച്ചിട്ടുള്ളത്,പരിശുദ്ധമായ സ്നേഹത്തോടെ ജീവിച്ചാൽ മനുഷ്യേതര ജീവികളും സഹോദരനിർവിശേഷം സഹകരിക്കും ' ഇത് ചട്ടമ്പിസ്വാമികളുടെ പ്രസിദ്ധമായ ഒരു ഓർമ്മപ്പെടുത്തലാണ്.
അയിത്തത്തിൻറെ ഇരുട്ട് വീണ വഴികളിൽ വെളിച്ചത്തിൻറെ കൈത്തിരിയുമായി നടന്നു കയറിയ നവോത്ഥാന നായകരിൽ പ്രമുഖനായിരുന്നു അയ്യങ്കാളി.പിന്നോക്കക്കാരെ പള്ളിക്കൂടങ്ങളിൽ പ്രവേശിപ്പിച്ചില്ലെങ്കിൽ പാടങ്ങളിൽ പണിക്കിറങ്ങില്ലെന്ന പ്രഖ്യാപനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കി.പിന്നോക്ക ജനവിഭാഗങ്ങൾ വൻ പ്രക്ഷോഭ കൊടുങ്കാറ്റുയർത്തി.ഒടുവിൽ ദിവാൻ മധ്യസ്ഥനെ വെച്ച് നടത്തിയ ഒത്ത് തീർപ്പ് വ്യവസ്ഥയിൽ അധസ്ഥിത ജനവിഭാഗങ്ങൾക്കുള്ള സഞ്ചാര സ്വാതന്ത്ര്യം ,കുട്ടികൾക്ക് സ്കൂളുകളിൽ പ്രവേശനം,കൂലിവർദ്ധന തുടങ്ങിയ ആവശ്യങ്ങൾ നടപ്പിലാക്കപ്പെട്ടു.നവോഥാന നായകരുടെ ആശയങ്ങൾ മുറുകെപ്പിടിക്കുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം.ശ്രീനാരായണഗുരുവിൻറെ 'നമുക്ക് ജാതിയില്ല വിളംബരത്തിൻറെ നൂറാം വാർഷികത്തിൻറെയും,ചട്ടമ്പി സ്വാമികളുടെയും അയ്യങ്കാളിയുടെയും ജന്മദിനാചരണങ്ങളുടെയും ഭാഗമായി പുരോഗമന പ്രസ്ഥാനങ്ങളും സാംസ്കാരിക സ്ഥാപനങ്ങളും ചേർന്ന് ആഗസ്ത് 24 ന് സംഘടിപ്പിക്കുന്ന നമ്മളൊന്ന് ഘോഷയാത്രയിൽ മുഴുവനാളുകളും അണിചേരണമെന്നും അഭ്യർത്ഥിക്കുന്നു.
എം. സുരേന്ദ്രൻ