മനുഷ്യന്റെ ജാതി (ധര്‍മം) മനുഷ്യത്വമാണെന്ന് കേള്‍ക്കുമ്പോള്‍ പെട്ടെന്ന് മനസ്സില്‍ ഓടിയെത്തുക ശ്രീനാരായണഗുരുവിന്റെ നാമധേയമാണ്. എന്നാല്‍, മനുഷ്യന്റെ ധര്‍മം മനുഷ്യത്വമാണെന്നും മൃഗത്തിന്റെ ധര്‍മം മൃഗത്വമാണെന്നും ആദ്യമായി നമ്മെ പഠിപ്പിച്ചത് നമ്മുടെ ദര്‍ശനങ്ങളാണ്. അതില്‍ ന്യായദര്‍ശനത്തിന് സവിശേഷസ്ഥാനമുണ്ട്. ഇത് സൂചിപ്പിക്കാന്‍ കാരണം, ഭാരതത്തില്‍ മഹാന്മാരും മഹത്ദര്‍ശനങ്ങളും അനവധിയാണ്. എന്നാല്‍, എല്ലാ മഹാന്മാരെയും എല്ലാ ദര്‍ശനങ്ങളെയും എക്കാലവും നാം ഓര്‍ക്കാറില്ല. എന്നാലും മനുഷ്യനെ ആഴത്തില്‍ സ്പര്‍ശിക്കുകയും അവന്റെ ജീവിതത്തില്‍ സ്വാധീനംചെലുത്തുകയുംചെയ്ത മഹാന്മാരെയും മഹത്ദര്‍ശനങ്ങളെയും നമുക്ക് ഓര്‍ക്കാതിരിക്കാനാകില്ല. അങ്ങനെ ഓര്‍മിക്കപ്പെടുന്നവരുടെ കൂട്ടത്തില്‍ ഇന്ത്യക്കകത്തും പുറത്തുമുള്ള ഒട്ടനവധി പേരുകളുണ്ട്. വേദകാലഘട്ടത്തിനു മുമ്പും പിമ്പുമുള്ള ഋഷിവര്യന്മാര്‍, ബുദ്ധന്‍, യേശുക്രിസ്തു, മുഹമ്മദ് നബി, ശങ്കരാചാര്യര്‍, ഗുരുനാനാക്ക്, കാള്‍ മാര്‍ക്സ്, വൈകുണ്ഠസ്വാമി, ഇ വി രാമസ്വാമി, ശ്രീനാരായണഗുരു, വിവേകാനന്ദന്‍, അംബേദ്കര്‍, ഇ എം എസ് തുടങ്ങി പ്രമുഖരും പ്രശസ്തരുമായ നിരവധിപേര്‍ നമ്മുടെ ഓര്‍മയില്‍ കടന്നുവരും.
അവനവന്‍ ആത്മസുഖത്തിനാചരിക്കുന്നവ അപരന്റെ സുഖത്തിനായി ആകണമെന്നും അയലുതഴപ്പതിനായി അതിപ്രയത്നം ചെയ്യണമെന്നുമുള്ള ആഹ്വാനം അതിന്റെ എല്ലാ അര്‍ഥത്തിലും അദ്ദേഹം നടപ്പാക്കാന്‍ ശ്രമിച്ചു. അതിനായി അദ്ദേഹം സ്ഥാപിച്ച ആരാധനാലയങ്ങളും ധര്‍മപരിപാലനയോഗവുമെല്ലാം അദ്ദേഹം ജീവിച്ചിരിക്കെത്തന്നെ വഴിവിട്ട് സഞ്ചരിക്കാന്‍ തുടങ്ങി. അന്ന് ആ പ്രസ്ഥാനങ്ങള്‍ക്ക് ബാധിച്ച ക്യാന്‍സര്‍രോഗം ഇന്ന് വെള്ളാപ്പള്ളിയിലൂടെ അതിന്റെ മൂര്‍ധന്യത്തില്‍ എത്തി. ഒരായുഷ്കാലം മുഴുവന്‍ ഗുരു എന്തിനുവേണ്ടി പോരാടിയോ അതിന്റെ അന്ത്യം കുറിക്കുന്നതിനാണ് വെള്ളാപ്പള്ളി സമത്വമുന്നേറ്റ യാത്രയുടെ പേരില്‍ നടത്തുന്ന ഗുരുനിന്ദയാത്ര.
ഭാരതത്തെ സംബന്ധിച്ച് വൈദികകാലഘട്ടത്തിന് മുമ്പും ശേഷവും ഇവിടെ മനുഷ്യര്‍ വസിക്കുകയും, അവരില്‍ പലര്‍ക്കും മുമ്പ് സൂചിപ്പിച്ച പട്ടികയില്‍ ഇടം ലഭ്യമാവുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ആര്‍ഷഭാരതസംസ്കാരം എന്ന് സംഘപരിവാര്‍ വിശേഷിപ്പിക്കുന്ന സംസ്കൃതി, ഭാരതീയസംസ്കാരത്തിന്റെ വികൃതരൂപംമാത്രമാണ്. സങ്കുചിതമായ അര്‍ഥത്തില്‍ സംഘപരിവാര്‍ വിശേഷിപ്പിക്കുന്ന ആര്‍ഷഭാരതസംസ്കാരത്തിലും എത്രയോ ഉയര്‍ന്ന മാനവികസംസ്കാരമാണ് ഭാരതത്തിന്റെ ഋഷിവര്യന്മാര്‍ ലോകത്തിന് സംഭാവനചെയ്തത്. അതിന്റെ പ്രത്യക്ഷോദാഹരണങ്ങളാണ് നമ്മുടെ വേദങ്ങളും വേദാംഗങ്ങളും ഇതിഹാസങ്ങളും പുരാണങ്ങളും ഉപനിഷത്തുക്കളും ധര്‍മശാസ്ത്രങ്ങളും ദര്‍ശനങ്ങളും കാവ്യശാസ്ത്രാദികളുമെല്ലാം. ഈ കൃതികളുടെയെല്ലാം അന്തസ്സാരതത്വം വിമര്‍ശനാത്മകമായി പരിശോധിക്കുന്ന ഏതൊരാള്‍ക്കും ഉറപ്പിച്ചുപറയാന്‍ കഴിയും അത് മനുഷ്യസ്നേഹപരമായിരുന്നു എന്ന്. പൂര്‍വകാലകൃതികള്‍ പരിശോധിക്കുന്ന ആര്‍ക്കും ഒരുകാര്യം വ്യക്തമാകും– എല്ലാ കൃതികളിലും സഹിഷ്ണുതയോടെ പൂര്‍വപക്ഷ ഉത്തരപക്ഷങ്ങള്‍ തമ്മിലുള്ള ആശയ സംഘര്‍ഷങ്ങളും സംവാദങ്ങളും നടന്നിരുന്നുവെന്ന്.
എല്ലാ ദുഃഖങ്ങള്‍ക്കും കാരണം സ്വന്തം ആത്മാവിനെക്കുറിച്ചുള്ള അജ്ഞതയാണെന്നും ആത്മജ്ഞാനികള്‍ എല്ലാ ദുഃഖത്തെയും തരണംചെയ്യുമെന്നും വേദം അനുശാസിക്കുന്നു. ആ ആത്മാവ് സത്യമാണ്, ജ്ഞാനമാണ്, ആനന്ദമാണ്. അതിനെ പലരും പല പേരില്‍ വ്യവഹരിക്കുന്നുവെന്ന് ഋഗ്വേദം സാക്ഷ്യപ്പെടുത്തുന്നു. (ഏകം സത് വിപ്രാ: ബഹുധാ വദന്തി). ഋതം അഥവാ സത്യമാണ് ശാസ്ത്രം. അത് പ്രതിഭാജന്യമാണ്. അതുകൊണ്ടാണ് ലോകം ഒരു കുടുംബമാണെന്നും എല്ലാവരെയും സ്വന്തം ആത്മാവിനെപ്പോലെ കണക്കാക്കണമെന്നും (ആത്മവത് സര്‍വഭൂതാനി) സമസ്ത ലോകരും സുഖമായിരിക്കണമെന്നുമുള്ള മാനവികസന്ദേശം ഭാരതീയ മഹര്‍ഷിമാര്‍ ലോകത്തിന് സമര്‍പ്പിച്ചത്. ഏത് ഉപനിഷത്തുക്കള്‍ പരിശോധിച്ചാലും ഒരുകാര്യം വ്യക്തമാകും. വ്യഥിതമനസ്കരായി അന്തികത്തിലെത്തുന്ന ശിഷ്യന്മാരെ, ഗുരുക്കന്മാര്‍ സമാശ്വസിപ്പിക്കുകയും സത്യമോതിക്കൊടുത്ത് അവരെ സന്തുഷ്ടരാക്കി തിരിച്ചയക്കുകയുംചെയ്യുന്ന രീതിയാണ് എവിടെയും കണ്ടുവന്നത്. അതുകൊണ്ടുകൂടിയാണ് മാനവികതയേക്കാള്‍ ശ്രേഷ്ഠതരമായി മറ്റൊന്നുമില്ലെന്ന് മഹാഭാരതത്തില്‍ ഭീഷ്മര്‍ അവസാനമായി ധര്‍മപുത്രരോടായി ഉപദേശിക്കുന്നതും. അത്ര മഹത്തായ മാനവികതയുടെ സന്ദേശവാഹകരായിരുന്നു നമ്മുടെ പൂര്‍വികര്‍. അവരുടെ സന്ദേശത്തെ കൂടുതല്‍ മഹത്തരമാക്കാന്‍ ശ്രമിച്ചവരാണ് തുടക്കത്തില്‍ സൂചിപ്പിച്ച മഹാരഥന്മാര്‍. ഭാരതത്തിന്റെ തിളക്കമാര്‍ന്ന ആ പൈതൃകത്തെ മലീമസപ്പെടുത്താനാണ് മോഡിയുടെ ഭരണത്തിന്‍കീഴില്‍ സംഘപരിവാര്‍ ശ്രമിക്കുന്നത്. അതിനവര്‍ ചരിത്രത്തിന് പുതിയ ഭാഷ്യം നല്‍കും. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ബ്രിട്ടീഷുകാര്‍ക്കെതിരെ മരണംവരെ പോരാടി വീരമൃത്യുവരിച്ച ധീരദേശാഭിമാനി ടിപ്പുസുല്‍ത്താനെ ഹൈന്ദവ ശത്രുവാക്കി ചിത്രീകരിക്കാനുള്ള കുത്സിതനീക്കം. അതിന്റെ ഏറ്റവും വികൃതരൂപമാണ് രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ നിഷ്ഠുരം കൊലചെയ്ത ഗോഡ്സെയെ വീരപുരുഷനായി അവതരിപ്പിച്ച് നടത്തിയ ബലിദാനദിനാചരണം.
വൈദികകാലഘട്ടത്തിനുശേഷം ലോകമറിയുന്ന മഹാന്മാരായി ഉയര്‍ന്നുവന്നത് ബൌദ്ധമഹര്‍ഷിമാരായിരുന്നു. അതില്‍ത്തന്നെ ചരിത്രപുരുഷനായി മാറിയ സിദ്ധാര്‍ഥരാജകുമാരന്‍. തനിക്ക് ലഭ്യമായിരുന്ന എല്ലാ രാജകീയ സൌഖ്യങ്ങളും ഉപേക്ഷിച്ച് തപ്തഹൃദയരായ മനുഷ്യരുടെ ദുഃഖത്തിന്റെ കാരണം അന്വേഷിക്കുന്നതിലാണ് അദ്ദേഹം ആനന്ദം കണ്ടെത്തിയത്. ബുദ്ധനുശേഷം ഏതാനും നൂറ്റാണ്ട് കഴിഞ്ഞു; വീണ്ടും വന്നു ഒരു മഹാപുരുഷന്‍ യേശുവിന്റെ രൂപത്തില്‍. അധ്വാനിക്കുന്നവരുടെയും ഭാരം ചുമക്കുന്നവരുടെയും അഭയസ്ഥാനമായി അദ്ദേഹവും നിലകൊണ്ടു. നിന്റെ ആത്മാവിനെപ്പോലെ നിന്റെ അയല്‍ക്കാരനെയും സ്നേഹിക്കാന്‍ പറഞ്ഞതിനാണ് ആ മനുഷ്യസ്നേഹിയെ ക്രൂശിച്ചുകൊന്നത്. ക്രിസ്തുവിനുശേഷം വന്ന പ്രവാചകനായ മുഹമ്മദ് നബിയും മഹത്തായ മാനവസ്നേഹത്തിന്റെ സന്ദേശമാണ് അവതരിപ്പിച്ചത്. പൂര്‍വമതങ്ങളുടെ മൌലികസിദ്ധാന്തങ്ങളെ നിരാകരിക്കാതെയും അതിന്റെ സാരാംശങ്ങളെ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന സന്ദേശമാണ് ഖുര്‍ആനിലൂടെ പ്രദാനംചെയ്തത്. ഹൃദയത്തില്‍ സത്യം, തീരുമാനങ്ങളില്‍ നീതി, പ്രവൃത്തിയില്‍ കരുണ ഇവയാണ് ഖുര്‍ആന്റെ കാതലായ സന്ദേശം.
അദ്വൈതത്തിന്റെ അവതാരപുരുഷനായി അവതരിച്ച ശങ്കരാചാര്യര്‍ ആകട്ടെ, നാളിതുവരെ കോടിക്കണക്കായ ഗ്രന്ഥങ്ങളിലൂടെ അവതരിപ്പിക്കപ്പെട്ട കാര്യങ്ങളെല്ലാം രണ്ടുവരി ശ്ളോകംകൊണ്ട് അവതരിപ്പിക്കാമെന്ന് ഊറ്റംകൊള്ളുകയായിരുന്നു. ബ്രഹ്മം ഒന്നുമാത്രമാണ് സത്യമെന്നും ഇക്കാണുന്ന ലോകംമുഴുവന്‍ മിഥ്യയാണെന്നും (ബ്രഹ്മസത്യം ജഗത്മിഥ്യാ) വാദിച്ച അദ്ദേഹം പരബ്രഹ്മത്തിനുവേണ്ടി വാദിക്കാന്‍ ആരെയും കിട്ടാതിരുന്നതില്‍ അതീവ ദുഃഖിതനുമായിരുന്നു. അക്കാലത്ത് പ്രചുരപ്രചാരം നേടിയ ബുദ്ധമതത്തിന്റെ പ്രചാരത്തിന് തടയിടാന്‍ ശങ്കരപ്രഭാവത്തിനു കഴിഞ്ഞു. അപ്പോഴും രാജ്യത്ത് സഹിഷ്ണുത ഉണ്ടായിരുന്നു എന്നതിന്റെ തെളിവാണ് അദ്വൈതത്തോടൊപ്പം വളര്‍ന്നുവന്ന മധ്വാചാര്യരുടെ ദ്വൈതവും രാമാനുജന്റെ വിശിഷ്ടാദ്വൈതവുമെല്ലാം.
ദൈവം മനുഷ്യനെ സൃഷ്ടിച്ചത് ഹിന്ദുവായിട്ടോ മുസല്‍മാനായിട്ടോ ക്രിസ്ത്യാനിയായിട്ടോ അല്ല; അതുകൊണ്ട് മനുഷ്യര്‍ മനുഷ്യരായിത്തന്നെ ജീവിക്കാനാണ് പതിനഞ്ചാംനൂറ്റാണ്ടില്‍ ഗുരു നാനാക്കും ആഹ്വാനംചെയ്തത്. പത്തൊമ്പതാം നൂറ്റാണ്ടില്‍ കാള്‍ മാര്‍ക്സ് ലോക തൊഴിലാളിവര്‍ഗത്തോടായി ആഹ്വാനംചെയ്തത് സംഘടിച്ച് ശക്തരാകാനാണ്. കൈവിലങ്ങുകളും കാല്‍ച്ചങ്ങലകളുമല്ലാതെ അവര്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്നും; മറിച്ച് കിട്ടാനുള്ളത് പുതിയൊരു സമത്വസുന്ദര ലോകമാണെന്നും ലോക തൊഴിലാളിവര്‍ഗത്തെ അദ്ദേഹം ഉദ്ബോധിപ്പിച്ചു. വിവേകാനന്ദനും പ്രവചിച്ചത് ഭാരതത്തിനുചേര്‍ന്ന സംസ്കാരം തൊഴിലാളിവര്‍ഗ സംസ്കാരം ആണെന്നായിരുന്നു. ഭാവിയില്‍ മേലാളവര്‍ഗം കീഴാളവര്‍ഗത്തെ ഒരിക്കലും അടിച്ചമര്‍ത്താന്‍ പറ്റാത്ത അവസ്ഥ ഇന്ത്യയില്‍ സംജാതമാകുമെന്നും ഇന്ത്യയുടെ ഭാവിഭരണകര്‍ത്താക്കള്‍ ശൂദ്രര്‍ ആയിരിക്കുമെന്നും നവഭാരതം കൃഷീവലന്റെ കുടിലില്‍നിന്നാണ് വിടരുക എന്നും മഹാനായ സ്വാമി വിവേകാനന്ദന്‍ പറയുകയുണ്ടായി.
വൈവസ്വതമനുവിന്റെ കാലംമുതല്‍ 64 അനാചാരങ്ങള്‍ സൃഷ്ടിച്ച ബ്രാഹ്മണ്യത്തിന്റെ കാലംവരെ അവര്‍ണരുടെ ജീവിതത്തില്‍ വന്നടിഞ്ഞ സകല പ്രതിബന്ധങ്ങള്‍ക്കും ഇടയിലാണ് നാരായണന്‍ എന്ന നാരായണഗുരുവിന്റെ ജനനം (1856). മനുസ്മൃതി അനുസരിച്ച്, ശൂദ്രന്‍ എത്ര ശക്തനായിരുന്നാലും അവന് ധനസമ്പാദനം അനുവദനീയമല്ല. അവന്‍ ധനം സമ്പാദിക്കുന്നത് ബ്രാഹ്മണരെ ദോഷമായി ബാധിക്കുമത്രേ. അതുകൊണ്ട് ഏതെങ്കിലും ശൂദ്രന്‍ ധനം സമ്പാദിച്ചാല്‍ അത് ബ്രാഹ്മണന് പിടിച്ചെടുക്കാം. അവന് ഉച്ഛിഷ്ഠഭക്ഷണവും ജീര്‍ണിച്ച വസ്ത്രങ്ങളും ധാന്യങ്ങളുടെ പതിരും മാത്രമേ നല്‍കാവൂ എന്നും മനുസ്മൃതി അനുശാസിക്കുന്നു. പറയന്‍ 64 അടിയും പുലയന്‍ 54 അടിയും ഈഴവന്‍ 30 അടിയും അകലെ മാറി നടക്കണമായിരുന്നു. ഇത് കേരളത്തിലെമാത്രം സ്ഥിതി ആയിരുന്നില്ല. ദളിതര്‍ക്ക് കഴുത്തില്‍ കുടം കെട്ടിത്തൂക്കിയും അരയില്‍ മരക്കൊമ്പ് കെട്ടിയും മാത്രമേ പുണെയിലെ തെരുവുകളിലൂടെ നടക്കാന്‍ സാധിക്കുമായിരുന്നുള്ളൂ. അതിനെതിരെയാണ് ജ്യോതി ബാഫൂലെയും അംബദ്കറും മറ്റും പോരാടിയത്. ദ്രാവിഡമക്കളുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കാനാണ് പെരിയാര്‍ ഇ വി രാമസ്വാമി പോരാടിയത്. വൈകുണ്ഠസ്വാമിയും നാരായണഗുരുവും അയ്യന്‍കാളിയുമൊക്കെ ഈ നിരയില്‍പ്പെട്ടവരാണ്.
ചെറുപ്പംമുതല്‍ തനിക്കു ചുറ്റുംകണ്ട എല്ലാ അസമത്വങ്ങളെയും അനീതികളെയും അനാചാരങ്ങളെയും വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുന്ന പ്രകൃതക്കാരനായിരുന്നു നാരായണന്‍. ജനങ്ങളില്‍ ശാസ്ത്രബോധവും യുക്തിചിന്തയും വളരണമെങ്കില്‍ അവര്‍ക്ക് നല്ല വിദ്യാഭ്യാസം ലഭ്യമാക്കണമെന്നും അതിലൂടെമാത്രമേ വിമോചനം സാധ്യമാകൂ എന്നും മനസ്സിലാക്കിയ നാരായണന്‍, സ്വയം വിദ്യാലയം സ്ഥാപിച്ച് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട ഈഴവരെയും മറ്റും പഠിപ്പിക്കാന്‍ മുന്നോട്ടുവന്നു. അവര്‍ണജനവിഭാഗങ്ങള്‍ക്ക് ആരാധനാസ്വാതന്ത്യ്രം നിഷേധിക്കപ്പെട്ടപ്പോള്‍ സ്വന്തമായി ആരാധനാലയം സ്ഥാപിച്ച് അതിനെ നേരിട്ടു. ഒരുജാതി ഒരു മതം ഒരു ദൈവം എന്ന സന്ദേശം ഉയര്‍ത്തി ജാതിക്കും മതത്തിനും ദൈവത്തിനും അതീതമായ മാനവികത ഉയര്‍ത്തിപ്പിടിച്ചു. അതാണ് മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി എന്ന പ്രഖ്യാപനത്തിലൂടെ ഗുരു മുന്നോട്ടുവയ്ക്കുന്നത്. അദ്ദേഹം ഒരിക്കലും സ്വന്തം കാര്യസാധ്യത്തിനായി പ്രവര്‍ത്തിച്ചിട്ടില്ല. അവനവന്‍ ആത്മസുഖത്തിനാചരിക്കുന്നവ അപരന്റെ സുഖത്തിനായി ആകണമെന്നും അയലുതഴപ്പതിനായി അതിപ്രയത്നം ചെയ്യണമെന്നുമുള്ള ആഹ്വാനം അതിന്റെ എല്ലാ അര്‍ഥത്തിലും അദ്ദേഹം നടപ്പാക്കാന്‍ ശ്രമിച്ചു. അതിനായി അദ്ദേഹം സ്ഥാപിച്ച ആരാധനാലയങ്ങളും ധര്‍മപരിപാലനയോഗവുമെല്ലാം അദ്ദേഹം ജീവിച്ചിരിക്കെത്തന്നെ വഴിവിട്ട് സഞ്ചരിക്കാന്‍ തുടങ്ങി. അന്ന് ആ പ്രസ്ഥാനങ്ങള്‍ക്ക് ബാധിച്ച ക്യാന്‍സര്‍രോഗം ഇന്ന് വെള്ളാപ്പള്ളിയിലൂടെ അതിന്റെ മൂര്‍ധന്യത്തില്‍ എത്തി. ഒരായുഷ്കാലം മുഴുവന്‍ ഗുരു എന്തിനുവേണ്ടി പോരാടിയോ അതിന്റെ അന്ത്യം കുറിക്കുന്നതിനാണ് വെള്ളാപ്പള്ളി സമത്വമുന്നേറ്റ യാത്രയുടെ പേരില്‍ നടത്തുന്ന ഗുരുനിന്ദയാത്ര.
ഡോ. ജെ പ്രസാദ്