നീതിനിഷേധത്തിനിരയായി ജന്മനാട്ടില്നിന്ന് അകറ്റിനിര്‍ത്തപ്പെട്ട കാരായി രാജനും ചന്ദ്രശേഖരനും തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നതിനെതിരെ ചില പ്രതികരണങ്ങള്‍ വന്നിട്ടുണ്ട്. എന്‍ഡിഎഫ് പ്രവര്‍ത്തകനായിരുന്ന ഫസല്‍ വധിക്കപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കാരായി രാജനും കാരായി ചന്ദ്രശേഖരനും യഥാക്രമം കണ്ണൂര്‍ ജില്ലാ പഞ്ചായത്തിലേക്കും തലശേരി നഗരസഭയിലേക്കും നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചതോടെയാണ്, "കൊലക്കേസിലെ പ്രതികള്‍ സ്ഥാനാര്‍ഥികളോ' എന്ന ചോദ്യവുമായി ചിലര്‍ മുന്നോട്ടുവന്നത്. ഇടതുവിരുദ്ധ ക്യാമ്പുകള്‍ അതിന് വ്യാപക പ്രചാരണം കൊടുക്കുന്നു. വസ്തുതകള്‍ മനസ്സിലാക്കാതെയാണ് ചിലര്‍ പ്രതികരിച്ചതെങ്കില്‍, മനസ്സിലാക്കിയ വസ്തുതകള്‍ മറച്ചുവച്ച് രാഷ്ട്രീയലക്ഷ്യത്തോടെയാണ് മറ്റുചിലര്‍ സംസാരിക്കുന്നത്. രാജനും ചന്ദ്രശേഖരനും ചെയ്യാത്ത കുറ്റകൃത്യത്തിന്റെ കോടതിവിധിക്കാത്ത ശിക്ഷ അനുഭവിക്കുകയാണിപ്പോള്‍. ഇത്തരമൊരനുഭവത്തിന് കേരളത്തില്‍ സമാനതകളില്ല. ആടിനെ പട്ടിയാക്കുക; പേപ്പട്ടിയാക്കുക; തല്ലിക്കൊല്ലുക എന്ന കുടിലനീതിയാണ് അക്ഷരാര്‍ഥത്തില്‍ സിപിഐ എമ്മിന്റെ ഈ പ്രധാന പ്രവര്‍ത്തകരെ പീഡിപ്പിക്കാന്‍ ഉപയോഗിക്കുന്നത്. ഫസല്‍കേസിന്റെ ഉള്ളറകളിലേക്കുള്ള എത്തിനോട്ടത്തില്ത്തന്നെ അത് വ്യക്തമാകും.
കേരളത്തിലെ മറ്റ് രാഷ്ട്രീയ കൊലപാതകക്കേസുകളില്‍നിന്ന് വേറിട്ടുനില്ക്കുന്നു ഫസല്‍വധം. 2006 ഒക്ടോബര്‍ 22ന് പുലര്‍ച്ചെയാണ് എന്‍ഡിഎഫ് മുഖപത്രത്തിന്റെ വിതരണക്കാരന്‍കൂടിയായ ഫസല്‍ സൈക്കിളില്‍ പത്രവിതരണത്തിനെത്തുമ്പോള് കൊലചെയ്യപ്പെട്ടത്. കൊലപാതകവിവരമറിഞ്ഞ് സിപിഐ എം നേതാക്കള്‍ ആശുപത്രിയില്‍ പോകുകയും മൃതദേഹം കാണുകയും ചെയ്തു. വലിയ പെരുന്നാളിന്റെ തലേദിവസം നടത്തിയ കൊലപാതകം വര്‍ഗീയസംഘര്‍ഷം ലക്ഷ്യമിട്ടാണെന്ന് വ്യക്തമായിരുന്നു. ആര്‍എസ്എസാണ് കൊല നടത്തിയതെന്ന ശക്തമായ സംശയം അന്നുതന്നെ ഉയര്‍ന്നു. മൃതദേഹം മോര്‍ച്ചറിയില്‍ കിടക്കുമ്പോള്‍ തന്നെ, ലഭ്യമായ സൂചനകള്‍വച്ച് കൊലയ്ക്കുപിന്നില്‍ ആര്‍എസ്എസാണെന്ന് എന്‍ഡിഎഫ് നേതാക്കളും സിപിഐ എം നേതാക്കളും പരസ്യമായി പറഞ്ഞു. കേസ് സമഗ്രമായി അന്വേഷിക്കണമെന്ന പാര്‍ടിയുടെയും എന്‍ഡിഎഫിന്റെയും പ്രസ്താവന പിറ്റേന്നത്തെ പ്രമുഖ ദിനപത്രങ്ങളില്‍ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു. പിന്നീട് അന്വേഷണം നടത്തിയ കേരള പൊലീസ് ആ ദിശയിലേക്ക് തിരിഞ്ഞില്ല. അവര്‍ സിപിഐ എം ആസൂത്രണംചെയ്ത് നടപ്പാക്കിയ കൊലയെന്ന് വരുത്താനാണ് ശ്രമിച്ചത്. തളിപ്പറമ്പില്‍ അനാശാസ്യത്തിനിടെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പിയെ നാട്ടുകാര്‍ പിടികൂടിയ സംഭവവും ഈ കേസുമായി കൂട്ടിക്കെട്ടാനാണ് അന്വേഷണസംഘം ശ്രമിച്ചത്. ഇതോടെ സിപിഐ എം പ്രവര്‍ത്തകരെയും നേതാക്കളെയും കേസില്‍പ്പെടുത്താനും നീക്കമുണ്ടായി. ആയിടയ്ക്കാണ് ഫസലിന്റെ ഭാര്യ മറിയു സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയത്.
അന്വേഷണം ഏറ്റെടുത്ത സിബിഐയും കേരള പൊലീസിന്റെ അതേവഴിയിലാണ് ചരിച്ചത്. കേസ് സിപിഐ എം നേതാക്കളിലേക്ക് എത്തിക്കാനുള്ള കഠിനപരിശ്രമം അവര്‍ നടത്തി. തലശേരിയിലെ സിപിഐ എമ്മിന്റെ പ്രധാന നേതാക്കളായ കാരായി രാജനും ചന്ദ്രശേഖരനും സിബിഐയുടെ ലക്ഷ്യമാണ് എന്ന് വ്യക്തമായതോടെ അവര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചു. നിരപരാധികളെ പ്രതി ചേര്‍ക്കുന്നതിനെതിരെ ബഹുജന പ്രക്ഷോഭമുയര്‍ന്നു. 2012 ഏപ്രില്‍ 16ന് സിബിഐയുടെ എറണാകുളത്തെ ആസ്ഥാനത്തേക്ക് സിപിഐ എം നേതൃത്വത്തില്‍ ബഹുജനങ്ങള്‍ മാര്‍ച്ച് നടത്തി. രാജനെയും ചന്ദ്രശേഖരനെയും അടുത്തറിയാവുന്ന തലശേരിയിലെ ജനങ്ങള്‍ ആ പ്രക്ഷോഭത്തില്‍ അണിചേര്‍ന്നു. സിബിഐ ആസ്ഥാനത്തേക്ക് ഇങ്ങനെയൊരു സമരമുണ്ടാകുന്നത് അപൂര്‍വ സംഭവമാണ്.
സിബിഐ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ലോക്സഭയിലെ സിപിഐ എം പാര്‍ലമെന്ററി പാര്‍ടി നേതാവ് പി കരുണാകരന് രേഖാമൂലം പരാതി നല്കി. എന്നിട്ടും സിബിഐ സംഘം അന്വേഷണം ശരിയായ രീതിയില്‍ മുന്നോട്ടുനീക്കാന്‍ ശ്രമിച്ചില്ല. പ്രതിചേര്‍ക്കപ്പെട്ടവരെ കസ്റ്റഡിയില്‍വാങ്ങി കൃത്രിമ തെളിവുണ്ടാക്കാനായിരുന്നു അവരുടെ നീക്കം. കൊല നടത്താന്‍ രാജനും ചന്ദ്രശേഖരനും നിര്‍ദേശം നല്കി എന്ന കുറ്റസമ്മതമൊഴി ശേഖരിക്കാനാണ് സിബിഐ ശ്രമിച്ചത്. അതിന് അവരുടെ കൈയില്‍ ഒരു തെളിവുമില്ല-ഭാവനയല്ലാതെ. പ്രതി ചേര്‍ക്കപ്പെട്ടവരെ മര്‍ദിച്ചും പ്രലോഭിപ്പിച്ചും കുറ്റസമ്മതം നടത്താന്‍ പ്രേരിപ്പിക്കുകയായിരുന്നു. രാത്രി ഉറങ്ങാന്‍പോലും വിടാതെയാണ് അവരെ പീഡിപ്പിച്ചത്. ഞങ്ങള്‍ക്ക് ഈ കേസുമായി ബന്ധമില്ല പിന്നെ എങ്ങനെയാണ് മൊഴി നല്‍കുകയെന്ന മറുചോദ്യത്തിന് സിബിഐക്ക് ഉത്തരമുണ്ടായില്ല.
കാരായി രാജനും ചന്ദ്രശേഖരനും മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കിയതോടെ ഫസല്‍കേസില്‍ നിയമയുദ്ധത്തിന് വഴിതുറന്നു. 2012 ജൂണ്‍ 22ന് രാജനും ചന്ദ്രശേഖരനും എറണാകുളം സിബിഐ കോടതിയില്‍ ഹാജരായി. 17 മാസത്തെ ജയില്‍വാസത്തിനുശേഷമാണ് 2014 ഡിസംബര്‍ ഒമ്പതിന് ഇരുവര്‍ക്കും സോപാധിക ജാമ്യം ലഭിച്ചത്. സ്വന്തം ജില്ലയില്‍ പ്രവേശിക്കരുത് എന്നാണ് ഉപാധി. അതനുസരിച്ച് 24 മാസമായി ഇരുവരും എറണാകുളത്ത് കഴിയുകയാണ്.
ഗൂഢാലോചന നടത്തി എന്നാണ് രാജനും ചന്ദ്രശേഖരനുമെതിരെയുള്ള കേസ്. അത് എങ്ങനെ, എവിടെ എന്നതിനൊന്നും തെളിവില്ല. കണ്ണൂര്‍ജില്ലയില്‍ പ്രവേശിക്കാനുള്ള അനുവാദം നിഷേധിക്കുന്നത് സാക്ഷികളെ സ്വാധീനിക്കും എന്ന വാദമുയര്‍ത്തിയാണ്. അങ്ങനെ "സ്വാധീനിക്കപ്പെടേണ്ട' രണ്ടു സാക്ഷികളില്‍ ഒരാള്‍ ജീവിച്ചിരിപ്പില്ല. മറ്റൊരാള്‍ പൊലീസ് സായുധ സേനാ കമാന്‍ഡന്റാണ്. പൊലീസ് സേനയുടെ ഉന്നതങ്ങളിലിരിക്കുന്ന ഒരു സാക്ഷിയെ സ്വാധീനിക്കും എന്ന വിചിത്രവാദമുന്നയിച്ച് സ്വന്തം നാട്ടില്‍ പ്രവേശനം തടയുകയാണ് സിബിഐ.
സമാനമായ രീതിയില്‍, കുറ്റപത്രത്തില്‍ സിപിഐ എമ്മിനെക്കുറിച്ച് നികൃഷ്ടമായ വാദങ്ങളാണ് സിബിഐ എഴുതിച്ചേര്‍ത്തത്. ഫസലിന്റെ കൊല നടത്തിയശേഷം തലശേരിയില്‍ സിപിഐ എം വര്‍ഗീയലഹളയ്ക്ക് കോപ്പുകൂട്ടിയെന്നാണ് ഒരു പരാമര്‍ശം. 1971ല്‍ തലശേരിയില്‍ ആര്‍എസ്എസ് ആസൂത്രിതമായി നടത്തിയ കലാപം ചെറുത്തത് സിപിഐ എമ്മാണെന്ന വിതയത്തില്‍ കമീഷന്റെ പരാമര്‍ശം ചരിത്രരേഖയായി നിലനില്‍ക്കുമ്പോഴാണ് മതനിരപേക്ഷതയ്ക്കായി നിലകൊള്ളുന്ന പ്രസ്ഥാനത്തിനെതിരെ സിബിഐയുടെ അടിസ്ഥാനരഹിതവും അബദ്ധജഡിലവുമായ പരാമര്‍ശം.
ഫസല്‍വധവുമായി ഒരുതരത്തിലും ബന്ധമില്ല എന്ന് സിപിഐ എം ആവര്‍ത്തിച്ചു പറഞ്ഞപ്പോഴും, കൊലയുടെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിയാന്‍ ശ്രമിക്കുന്നുവെന്ന സംശയമുന പാര്ടിക്കു നേരെ ഉയര്‍ത്താനാണ് പലരും ശ്രമിച്ചത്. ഇതിനിടെയാണ് കേരളത്തിലും കണ്ണൂര്‍ ജില്ലയിലും സംഘപരിവാരത്തില്‍ വന്‍പൊട്ടിത്തെറിയുണ്ടായത്. ഒ കെ വാസുമാസ്റ്ററും എ അശോകനും അടക്കമുള്ള നേതാക്കള്‍ ബിജെപിയുടെയും ആര്‍എസ്എസിന്റെയും ചില നയങ്ങളില്‍ പ്രതിഷേധിച്ച് നമോവിചാര്‍ മഞ്ച് എന്ന സംഘടന രൂപീകരിച്ചു. അവര്‍ക്കെതിരെ ആര്‍എസ്എസിന്റെ കായികാക്രമണങ്ങളുണ്ടായി. ബിജെപി ജില്ലാ പ്രസിഡന്റിന്റെ സ്വഭാവദൂഷ്യ നടപടിക്കെതിരെയുള്ള പരാതി പരിഗണിക്കാതിരുന്ന സംഘപരിവാരവുമായുള്ള മൂന്ന് പതിറ്റാണ്ട് നീണ്ട ബന്ധം വിച്ഛേദിച്ച് സിപിഐ എമ്മുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ അവര്‍ തയ്യാറായി. പാവപ്പെട്ടവര്‍ക്കായി പ്രവര്‍ത്തിക്കുന്ന, ഉന്നതമായ ജനാധിപത്യമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന പാര്‍ടിയാണെന്ന് തിരിച്ചറിഞ്ഞാണ് ഈ പരിവര്‍ത്തനം എന്ന് അവര്‍ പരസ്യമായി പ്രഖ്യാപിച്ചു. സംഘപരിവാരത്തിന്റെ രഹസ്യങ്ങള്‍ സംബന്ധിച്ച അഗ്നിപര്‍വതം പൊട്ടിയതും ഇതിനുബന്ധമായാണ്. പുറത്തുവന്ന രഹസ്യങ്ങളിലൊന്ന് ഫസലിന്റെ കൊലപാതകം സംബന്ധിച്ചതാണ്. ആര്‍എസ്എസ് വിദഗ്ധമായി ആസൂത്രണംചെയ്ത നരഹത്യയാണത്, തലശേരി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച ഇരിങ്ങാലക്കുട സ്വദേശിയായ പ്രചാരകനാണ് ഫസല്‍വധം ആസൂത്രണം ചെയ്തത്, ഒരു ഹോംഗാര്‍ഡിനും കൊലയില്‍ പങ്കുണ്ട് എന്നീ വിവരങ്ങള്‍ പുറത്തുവന്നു. ഈ വാര്‍ത്ത പുറത്തുവന്നതോടെ ഒരു ആര്‍എസ്എസ് ക്രിമിനല്‍ ഭയന്ന് രോഗബാധിതനായി ആശുപത്രിയിലായി.
പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം നടത്തണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരിയില്‍ കൂത്തുപറമ്പില്‍ നടന്ന സിപിഐ എം ജില്ലാ സമ്മേളനം ഫസല്‍കേസ് സമഗ്രമായി പുനരന്വേഷിക്കണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. നീതിനിഷേധത്തിനെതിരെ ഡോ. സെബാസ്റ്റ്യന്‍ പോള്‍ അടക്കമുള്ള പ്രമുഖര്‍ പങ്കെടുത്ത ജനകീയ കൂട്ടായ്മകള്‍ തലശേരിയിലും പരിസരങ്ങളിലും നടന്നു. ഇതില്‍ ഫസലിന്റെ ജ്യേഷ്ഠന് അബ്ദുറഹിമാനും ബന്ധുക്കളും പങ്കെടുത്തു. നിരപരാധികളെ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്നതിനെതിരായ ആ വിപുലമായ ജനകീയ മുന്നേറ്റത്തിന്റെ തുടര്‍ച്ചയായാണ് കാരായി രാജനും കാരായി ചന്ദ്രശേഖരനും തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നത്.
ഫസല്‍വധം ആസൂത്രണംചെയ്യുകയും നടപ്പാക്കുകയും ചെയ്തത് ആര്‍എസ്എസ് ആണ് എന്ന വ്യക്തമായ വിവരം മുന്നിലെത്തിയിട്ടും സിബിഐ പഴയവാദത്തില്‍ കടിച്ചുതൂങ്ങുകയാണ്. കോണ്‍ഗ്രസിന്റെ കൂട്ടിലുണ്ടായിരുന്ന അന്വേഷണ ഏജന്‍സി ബിജെപിയുടെ കൂട്ടിലേക്ക് മാറി. ജുഡീഷ്യറി തീര്‍പ്പുകല്‍പ്പിക്കേണ്ട കേസില്‍ നാടുകടത്തല്‍ എന്ന ശിക്ഷ രാഷ്ട്രീയ യജമാനന്മാര്ക്കുവേണ്ടി നടപ്പാക്കുകയാണവര്‍. കേസിലെ ഗൂഢാലോചന വെളിപ്പെട്ടപ്പോള്‍ ആര്‍എസ്എസും പോപ്പുലര്‍ ഫ്രണ്ടും ഒരേദിവസം വാര്‍ത്താസമ്മേളനം വിളിച്ച് സിപിഐ എമ്മിനെതിരെ സമാന ആരോപണങ്ങളുമായി രംഗത്തെത്തിയതും കൗതുകകരമാണ്. അടിസ്ഥാനരഹിതമായ ആരോപണങ്ങളുള്ള നോട്ടീസ് പള്ളികളില്‍ വിതരണം ചെയ്യാനും പോപ്പുലര്‍ ഫ്രണ്ട് തയ്യാറായി. ആര്‍എസ്എസിന്റെ ഫാസിസത്തിനെതിരെ പ്രചാരണം നടത്തുന്ന പോപ്പുലര്‍ ഫ്രണ്ടാണ് ഫസല്‍കേസില്‍ സംഘപരിവാരത്തിനൊപ്പം നിന്നത്.
അവര്‍തന്നെയാണ്, ഫസലിനെ കൊന്ന ആര്‍എസ്എസുകാര്‍ പങ്കെടുക്കുന്ന സമാധാന യോഗത്തില്‍ പങ്കെടുക്കില്ല എന്നു പ്രഖ്യാപിച്ച് ബഹിഷ്കരണം നടത്തിയത് എന്നും ഓര്‍ക്കണം. കുപ്രസിദ്ധമായ മലേഗാവ്, മക്കാ മസ്ജിദ്, അജ്മീര്‍ ദര്‍ഗ സ്ഫോടനങ്ങളില്‍ അന്വേഷണ ഏജന്‍സികള്‍ കുറ്റമാരോപിച്ച് മുസ്ലിം യുവാക്കളെ പന്ത്രണ്ടും പതിനാലും വര്‍ഷം തടവിലിട്ടു. പിന്നീടാണ് അവര്‍ കുറ്റക്കാരല്ലെന്ന് കണ്ട് വിട്ടയച്ചത്. അന്ന് ആ നീതിനിഷേധത്തിനെതിരെ ശക്തമായി പ്രതികരിച്ച പ്രസ്ഥാനമാണ് സിപിഐ എം. ഇവിടെ ഫസല്‍കേസില്‍ സിപിഐ എം നേതാക്കള്‍ക്കുനേരെ ഭരണകൂടം അതേതരത്തിലുള്ള കടന്നാക്രമണമാണ് നടത്തുന്നത്.
കണ്ണൂര്‍ ജില്ലയിലെ ആര്‍എസ്എസ്-എന്‍ഡിഎഫ് കൊടുക്കല്‍ വാങ്ങലുകളെക്കുറിച്ചുള്ള തെളിവുകളും ആര്എസ്എസില്നിന്നുള്ള കൊഴിഞ്ഞുപോക്കിനിടെ പുറത്തുവന്നിട്ടുണ്ട്. കൊലക്കേസുകളും അക്രമക്കേസുകളും ഒതുക്കിത്തീര്‍ക്കാന്‍ വന്‍തോതില്‍ പണമിടപാടുകളടക്കം നടത്തിയ ഇരുശക്തികളും സിപിഐ എമ്മിനെതിരെ ഒന്നിക്കുന്നു. എന്‍ഡിഎഫ് അതിനായി ഫസലിന്റെ ഭാര്യ മറിയുവിനെ കരുവാക്കുകയാണ്. വടകരയിലെ എന്‍ഡിഎഫ് പ്രവര്ത്തകന് നൗഷാദിന്റെ ഭാര്യയാണിപ്പോള്‍ മറിയു. അവരെ തെറ്റിദ്ധരിപ്പിച്ച് തെരഞ്ഞെടുപ്പുരംഗത്തിറക്കി തങ്ങളുടെ വ്യാജപ്രചാരണത്തിന് ശക്തിപകരുകയാണ് എന്‍ഡിഎഫ്.
നിയമയുദ്ധം തുടരുന്നതിനൊപ്പം ജനങ്ങളുടെ കോടതിയില്‍ രാജനും ചന്ദ്രശേഖരനും എത്തുകയാണ്. നീതിനിഷേധത്തിനെതിരെ പൊതുസമൂഹമാണ് ഇനി പ്രതികരിക്കേണ്ടത്. 1965ല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടയ്ക്കപ്പെട്ട സമുന്നത നേതാവ് പാട്യം ഗോപാലന് ജയിലില്‍ കിടന്നാണ് നിയമസഭയിലേക്ക് മത്സരിച്ചതും ജയിച്ചതും. അന്ന് പാട്യം നാമനിര്‍ദേശപത്രിക പൂരിപ്പിച്ചതും ജയിലില്‍ കിടന്നായിരുന്നു. ആ തലശേരിയിലാണ്, ഭരണകൂടത്തിന്റെ കുടിലതയ്ക്കും അന്യായത്തിനും അനീതിക്കുമെതിരായ ജനവിധി കാരായി രാജനും ചന്ദ്രശേഖരനും തേടുന്നത്. കോടതി കനിഞ്ഞാല്മാത്രമേ രാജനും ചന്ദ്രശേഖരനും വോട്ടിനായി ജനങ്ങളെ നേരിട്ടുകാണാന്‍ കഴിയൂ. എല്‍ഡിഎഫിന്റെ ഈ സ്ഥാനാര്‍ഥികള്‍ക്കായി നൂറുകണക്കിന് ചെറുപ്പക്കാര്‍ രംഗത്തിറങ്ങിയത് നീതിനിഷേധത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമാണ്. കൊല്ലപ്പെട്ട ഫസലിന്റെ സഹോദരന് അബ്ദുറഹിമാന് അടക്കം അണിചേരുന്ന അനീതിക്കെതിരായ മുന്നേറ്റത്തിന് കേരളത്തിന്റെ പ്രിയ കഥാകാരന് ടി പത്മനാഭനില്‍നിന്ന് ലഭിച്ച ആശീര്‍വാദം ആവേശജനകമാണ്. സിപിഐ എം വിരോധം തലയ്ക്കുപിടിച്ചും തെറ്റിദ്ധരിക്കപ്പെട്ടും "കൊലയാളികള്‍ക്ക് സ്ഥാനാര്‍ഥിത്വം' എന്ന പ്രചാരണത്തില്‍ പങ്കാളികളാകുന്നവര്‍ ഈ വസ്തുതകള്‍ മനസ്സിലാക്കാന്‍ ശ്രമിക്കണം എന്നഭ്യര്‍ഥിക്കുന്നു.