ഭൂനിയമം 2013ൽ ഭേദഗതി വരുത്താൻ മോഡി ഗവണ്മെന്റ് കൊണ്ടുവന്ന പ്രതിലോമപരമായ ഓർഡിനൻസിനെ സി പി ഐ എം അപലപിക്കുകയും ഇവ പിൻവലിപ്പിക്കുവാനാവശ്യമായ സമ്മർദം ചെലുത്തുവാൻ കർഷകരുടെയും സാധാരണക്കാരുടെയും വിശാലമായ സമരസന്നാഹങ്ങൾക്ക് ആഹ്വാനം ചെയ്യുകയും ചെയ്യുന്നു. വിദേശമൂലധനത്തിന്റെയും കോർപ്പറേറ്റുകളുടെയും ആവശ്യങ്ങളെ തൃപ്തിപ്പെടുത്താനുള്ള വ്യഗ്രതയിൽ കൊണ്ടുവന്ന ചട്ടങ്ങളിലൂടെ ജനാധിപത്യ പ്രക്രിയകളോടും പാർലമെന്റിനോടുമുള്ള തങ്ങളുടെ അവജ്ഞ കൂടിയാണ് മോഡി ഗവണ്മെന്റ് പ്രകടിപ്പിച്ചിരിക്കുന്നത്.
പ്രസ്തുത ചട്ടങ്ങൾ അവ കൂട്ടിച്ചേർക്കാൻ അവലംഭിച്ച മാർഗത്തിൽ തന്നെ എകാധിപത്യപരവും അതിന്റെ ഉള്ളടക്കത്തിൽ അതീവ കർഷക വിരുദ്ധവും ഗ്രാമീണ ജനങ്ങൾക്കെതിരുമാണ്.
2013 ലെ യഥാർദ്ധ നിയമത്തോട് 3A എന്ന പുതിയ അദ്ധ്യായം കൂട്ടിച്ചേർക്കുന്നതാണ് ഈ ഓർഡിനൻസ്. ജലസേചനം മുതൽ വിദ്യുച്ഛക്തി വരെയുള്ള അഞ്ച് പുതിയ മേഖലകളെക്കൂടി ഉൾപ്പെടുത്തി പൊതു താൽപ്പര്യത്തിന്റെ നിർവചനം വിപുലമാക്കുന്നതാണ് ഇവ. മറ്റൊരു ഭേദഗതിയിലൂടെ സ്വകാര്യ ആശുപത്രികളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും പൊതു താല്പര്യത്തിൻ കീഴിൽ ഉൾപ്പെടുത്തി ഭൂമി ഏറ്റെടുക്കപ്പെടുന്ന കർഷകരുടെ സമ്മതം നേടേണ്ട ആവശ്യകതയിൽ നിന്നും ഒഴിവാകുന്നു. സ്വകാര്യ മേഖലയിലുള്ള സംരംഭങ്ങളിൽ നിന്നും ഗവണ്മെന്റ്‌പൊതുമേഖലാ സംരംഭങ്ങളെ ഇത് വേർതിരിക്കുന്നില്ല. അതുകൊണ്ട് തന്നെ ഈ ചട്ടങ്ങൾ ഫലത്തിൽ 1894 ആക്ടിനേക്കാൾ ദോഷകരമാണ്.
ഈ സംരംഭങ്ങളെയെല്ലാം സാമൂഹിക പ്രതിഫലന പരിശോധനയിൽ (സോഷ്യൽ ഇമ്പാക്ട് ആസെസ്‌മെന്റ്, SIA) നിന്നും ഒഴിവാക്കുന്നത് കൂടിയാണ് പുതിയ ഓർഡിനൻസ്. ഒരു സംരംഭത്തിന് യഥാർദ്ധത്തിൽ എത്ര ഭൂമി ആവശ്യമാണെന്നും എത്ര കുടുംബങ്ങളെ ബാധിക്കുമെന്നും അല്ലെങ്കിൽ ഇനിയും കുറഞ്ഞ കുടിയൊഴിപ്പിക്കൽ സാധ്യമായ മറ്റേതെങ്കിലും ഭൂമി ലഭ്യമാണോയെന്നുമൊക്കെ പക്ഷപാതിത്വരഹിതമായി പരിശോധിക്കുന്ന നിർണായകമായ പ്രക്രിയയാണ് എസ് ഐ എ (SIA). സംരംഭത്തിനാവശ്യമായതിലും എത്രയോ അധികം ഭൂമി ഏറ്റെടുക്കുകയും ബാധിക്കപ്പെടുന്നവരുടെ എണ്ണത്തിൽ കൃത്രിമം കാണിക്കുകയും ചെയ്യുന്ന കുത്തകകളുടെ രീതി അറിവുള്ളതാണ്. പ്രസ്തുത സംരംഭം തുടങ്ങിയില്ലെങ്കിൽ പോലും ഒരു കമ്പനിക്ക് എത്ര കാലം വരെ ഏറ്റെടുത്ത ഭൂമി കൈവശം വെക്കാമെന്നതിനെ സംബന്ധിച്ച എല്ലാ പരിധികളും ഈ ഓർഡിനൻസ് ഒഴിവാക്കുന്നു. ഇത്തരം സന്ദർഭങ്ങളിൽ അഞ്ച് വർഷം കാലാവധി വെക്കുന്നതും അതിനുശേഷം ഭൂമി തിരികെ ഏൽപ്പിക്കണമെന്ന വ്യവസ്ഥ വെക്കുന്നതുമായിരുന്നു 2013 ലെ നിയമം.
2013 ലെ നിയമത്തിലെ ബഹുവിള കൃഷിയിടങ്ങളെ സംബന്ധിക്കുന്ന മൂന്നാം അദ്ധ്യായത്തിൽ നിന്നും നിരവധി സംരംഭങ്ങളെ ഒഴിവാക്കികൊണ്ട് അത്തരം ഭൂമിയുടെ ഏറ്റെടുക്കൽ എളുപ്പമാക്കുന്നു. ബഹുവിള കൃഷിക്കനുയോജ്യമായതും നല്ല ജലസേചന സൗകര്യമുള്ളതുമായ ഭൂമിയിൽ നിന്നും മെച്ചപ്പെട്ട ആദായം ലഭിക്കുന്ന കർഷകരെ ഇത് സംശയങ്ങൾക്കിടയില്ലാത്ത വിധം ദുരിതത്തിലാക്കുകയേ ചെയ്യൂ എന്ന് മാത്രമല്ല ഭക്ഷ്യസുരക്ഷയ്ക്ക് മേൽ പ്രത്യാഘാതമായി പതിക്കുകയും ചെയ്യും.
ആയതിനാൽ തന്നെ ഈ ഓർഡിനൻസ് കർഷകരുടെ താൽപര്യങ്ങൾക്ക് പൂർണമായും എതിരാണ്. കർഷകരെയും മറ്റ് സംരംഭ ബാധിത വിഭാഗങ്ങളെയും സംരക്ഷിക്കുന്നതിനുള്ള അപര്യാപ്തത മൂലം 2013 ലെ നിയമത്തോട് തന്നെ വിമർശനാത്മകമായ നിലപാടാണ് സി പി ഐ എം സ്വീകരിച്ചു വന്നത്. എന്നാൽ കർഷകരുടെയും ജനാധിപത്യ പ്രസ്ഥാനങ്ങളുടെയും ഇടതുപാർട്ടികളുടെയുമെല്ലാം സമരങ്ങളുടെ ഫലമായി കൂട്ടിച്ചേർക്കപ്പെട്ട സംരക്ഷണങ്ങൾ പോലും ഇല്ലാതാക്കുന്നതാണ് പുതിയ ഓർഡിനൻസ്.
ഈ പ്രതിലോമ ഓർഡിനൻസിനെതിരായി ഇന്ത്യയിലെമ്പാടും സി പി ഐ എം ഘടകങ്ങൾ സമരപ്രചാരണ പരിപാടികൾ ആരംഭിച്ചു കഴിഞ്ഞു. കർഷകരുടെ അവകാശങ്ങൾക്കുമേലുള്ള ഈ കടന്നാക്രമണങ്ങളെ എതിർക്കുന്ന എല്ലാ രാഷ്ട്രീയ കക്ഷികളുടെയും ബഹുജന സംഘടനകളുടെയും വിശാലാടിസ്ഥാനത്തിലുള്ള യോജിച്ച പോരാട്ടങ്ങൾക്ക് കേന്ദ്രകമ്മറ്റി ആഹ്വാനം ചെയ്യുന്നു.