ബി ജെ പി നേതൃത്വം നൽകുന്ന മോഡി ഗവണ്മെന്റ് അതിതീവ്രമായി നടപ്പിലാക്കുന്ന നവ ഉദാര സാമ്പത്തിക നയങ്ങളുടെ നേരിട്ടുള്ള ഫലമെന്നോണം ജനങ്ങളുടെ ജീവിതോപാധികൾ ക്രമാനുഗതമായി വഷളായിക്കൊണ്ടിരിക്കുന്ന അവസ്ഥയിൽ കേന്ദ്രകമ്മറ്റി ശക്തമായ ആശങ്ക രേഖപ്പെടുത്തുന്നു.
ജനങ്ങൾക്ക് മേലുള്ള തുടർച്ചയായ ആക്രമണം
ഉള്ളിവില കിലോയ്ക്ക് 90 രൂപയായി കുതിച്ചതുൾപ്പടെ അവശ്യവസ്തുക്കളുടെ അതിരൂക്ഷമായ വിലക്കയറ്റം തുടരുകയാണ്. ജനങ്ങൾക്ക് താൽക്കാലികാശ്വാസം പോലും നിഷേധിച്ചുകൊണ്ട് പൊതുവിതരണ സംവിധാനം സ്തംഭനാവസ്ഥയിലാണ്.
നിർമാണ വ്യവസായ മേഖലയിൽ പ്രകടമായ വിറ്റുവരവില്ല. ആയതിനാൽ തന്നെ തൊഴിലില്ലായ്മ തീവ്രമായി തുടരുന്നു.
കടബാധ്യതമൂലം കർഷക ആത്മഹത്യ പെരുകുന്നതിനൊപ്പം കാർഷിക മേഖലയിലെ ആപൽക്കരമായ അവസ്ഥ കൂടുതൽ രൂക്ഷമാവുകയാണ്. ഉത്പാദന ചിലവിന്റെ 50 ശതമാനം അധികവില നൽകി കാർഷിക വിളകൾ സംഭരിക്കുമെന്ന മോദിയുടെ തിരഞ്ഞെടുപ്പിനു മുൻപത്തെ വാഗ്ദാനത്തെ കാറ്റിൽ പറത്തി നിരവധി വിളകൾക്ക് പ്രഖ്യാപിച്ചിരിക്കുന്ന താങ്ങുവില അവയുടെ യഥാർത്ഥ ഉത്പാദന ചിലവിലും താഴെയാണ്. ഗ്രാമീണ മേഖലയിൽ കഠിനമായ തൊഴിലില്ലായ്മയ്ക്ക് വഴിതെളിച്ച് ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയെ ശോഷിപ്പിച്ചുകൊണ്ടേയിരിക്കുന്നു.
പ്രാദേശിക സമരങ്ങൾ ശക്തമാക്കുക
ഈ പശ്ചാത്തലത്തിൽ ജനങ്ങളുടെ ദുരിതാവസ്ഥ ഉയർത്തിക്കാട്ടാനും അവർക്കുമേൽ നിരന്തരം ഭാരം അടിച്ചേൽപ്പിക്കുന്നത് തിരുത്തിക്കാൻ ഗവണ്മെന്റിന്റെ അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടും രാജ്യമെമ്പാടും പ്രാദേശികാടിസ്ഥാനത്തിൽ ജനകീയ പ്രതിഷേധങ്ങൾ ശക്തമാക്കാൻ കേന്ദ്രകമ്മറ്റി തീരുമാനിച്ചു.
രൂക്ഷമായിക്കൊണ്ടിരിക്കുന്ന കാർഷിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയും മോഡി ഭരണകൂടത്തിന്റെ ജനവിരുദ്ധ, കോർപ്പറേറ്റനുകൂല, അഴിമതി, വർഗീയ നയങ്ങളെ എതിർത്തും ആഗസ്ത് 1 മുതൽ 14 വരെ സി പി ഐ എം നേതൃത്വം നൽകിയ ശ്രദ്ധേയമായ ദേശവ്യാപക പ്രചാരണത്തിൽ ലക്ഷക്കണക്കിനാളുകളാണു അണിചേർന്നത്. കേരളത്തിലും തൃപുരയിലും തീർത്ത ചരിത്രപരമായ മനുഷ്യ ചങ്ങലയും ബംഗാളിലെയും മറ്റനേകം സംസ്ഥാനങ്ങളിലെയും വൻതോതിലുള്ള ജനപങ്കാളിത്തവും ആയിരുന്നു ഈ കാംപെയിന്റെ പ്രധാന സവിശേഷതകൾ.
സെപ്തംബർ 2 അഖിലേന്ത്യാ സമരത്തെ പിന്തുണക്കുക
കേന്ദ്ര തൊഴിലാളി യൂണിയനുകൾ സെപ്തംബർ 2 ന് പ്രഖ്യാപിച്ചിരിക്കുന്ന അഖിലേന്ത്യാ സമരത്തിന് കേന്ദ്രകമ്മറ്റി പരിപൂർണവും സജീവവുമായ പിന്തുണ അറിയിച്ചു. എല്ലാ ഇടത് പാർട്ടികളും നിലവിൽ തന്നെ ഈ രാജ്യവ്യാപക മുന്നേറ്റത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അഴിമതിക്കെതിരായ നിലപാടിലെ വിമുഖത
ഉന്നതതലങ്ങളിലെ അഴിമതിക്കെതിരെ നടപടിയെടുക്കാൻ വിസമ്മതിച്ച മോഡി ഭരണത്തിന്റെ പിടിവാശിക്കെതിരായ രോഷമായിരുന്നു പാർലമെന്റിന്റെ കാലവർഷ സമ്മേളനമാകെ. അധികാരത്തിൽ വന്ന് ഒരു വർഷത്തിനകം തന്നെ പുറത്തുവന്നിരിക്കുന്ന ഗുരുതരമായ അഴിമതികൾ ബി ജെ പിയുടെ തിരഞ്ഞെടുപ്പുകാലത്തെ അഴിമതിക്കെതിരായ പോരാട്ടമെന്ന മുദ്രാവാക്യത്തിന്റെ കാപട്യം വെളിവാക്കുന്നു.
വർഗീയ ധ്രുവീകരണത്തെ ഉത്തേജിപ്പിക്കുന്നു
ഈ കാലയളവിനിടയിൽ നിരവധി വർഗീയ കലാപങ്ങളും അസ്വസ്ഥതകളും റിപ്പോർട്ട് ചെയ്യപ്പെടുന്നത് തുടർന്നു. കനത്ത വർഗീയ ദ്രുവീകരണത്തിലൂടെ രാഷ്ട്രീയവും തിരഞ്ഞെടുപ്പ്പരവുമായ നേട്ടങ്ങൾ ഉണ്ടാക്കുകയെന്ന ഈ സർക്കാരിന്റെ യഥാർഥ ഉദ്ദേശം പ്രകടമായി തുടരുകയാണ്. പ്രത്യേകിച്ച് ബീഹാറിൽ വരാൻ പോകുന്ന തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഇത്തരം അസ്വസ്ഥതകൾ ശക്തമാകുന്നുവെന്ന റിപ്പോർട്ടുകൾ വർധിക്കുകയാണ്.
ന്യൂനപക്ഷങ്ങൾക്കെതിരെ, പ്രത്യേകിച്ച് മുസ്ലീങ്ങൾക്കെതിരായ ആക്രമണം കടുപ്പിക്കുകയും ഒരു സമുദായത്തെയൊന്നാകെ തീവ്രവാദി ആക്രമണങ്ങളുടെ പേരിൽ കുറ്റപ്പെടുത്തുകയും ചെയ്യുമ്പോൾ തന്നെ അന്വേഷിക്കപ്പെട്ട ഹിന്ദുത്വ ഭീകരതകളെക്കുറിച്ചുള്ള നിലപാട് വളരെ വ്യക്തമായി തന്നെ മയപ്പെടുത്തുകയാണ് ബി ജെ പി സർക്കാർ. നമ്മുടെ രാജ്യത്തിന്റെ ഐക്യവും ഭദ്രതയും ഉയർത്തിപ്പിടിക്കാൻ സൂത്രധാരർ ആരെന്ന വ്യത്യാസമില്ലാതെ എല്ലാ ഭീകരവാദ പ്രവർത്തനങ്ങളെയും കർശനമായി കൈകാര്യം ചെയ്യണം. തങ്ങളുടെ തന്നെ വികലമായ വർഗീയ പ്രത്യയശാസ്ത്രം നിറം പകർന്നതാണ് സർക്കാരിന്റെ ഭീകരവാദത്തിനെതിരായ പോരാട്ടം.
ഇന്ത്യ പാക്ക് സംഭാഷണം
ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ ദേശീയ സുരക്ഷാ ഏജെൻസികളുടെ തലത്തിൽ നടക്കാനിരുന്ന ചർച്ച അവസാന നിമിഷം പിൻവലിച്ചത് നിർഭാഗ്യകരമാണ്. മുൻപ് വിദേശ സെക്രട്ടറിതല ചർച്ചയും ഒഴിവാക്കിയിരുന്നു. ജമ്മു കാശ്മീരിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കുന്നതും രണ്ട് രാജ്യങ്ങളിലെയും ജനങ്ങളുടെ താല്പര്യങ്ങൾക്ക് വിരുദ്ധമാകുംവിധം ഇരുപക്ഷത്തെയും മൗലികവാദികളെ ശക്തിപ്പെടുത്താനേ യുദ്ധസന്നാഹങ്ങൾ സഹായിക്കൂ.
ഇരു രാജ്യങ്ങൾക്കിടയിലുമുള്ള വിഷയങ്ങളെയും തർക്കങ്ങളെയും സംബന്ധിച്ച സമഗ്രവും സർവതലസ്പർശിയുമായ ചർച്ചകളിലൂടെ മാത്രമേ നിലവിലുള്ള അസ്വാരസ്യങ്ങളെ ഇല്ലാതാക്കാനാകൂ എന്ന് കേന്ദ്രകമ്മറ്റി ഊന്നിപ്പറയുന്നു.
ബീഹാർ തിരഞ്ഞെടുപ്പ്
ബീഹാറിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യോജിച്ച് മത്സരിക്കാനുള്ള ഇടതുപാർട്ടികളുടെ തീരുമാനത്തിന് കേന്ദ്രകമ്മറ്റി അംഗീകാരം നൽകി. സി പി ഐ എം, സി പി ഐ, സി പി ഐ എം എൽ ലിബറേഷൻ, ആർ എസ് പി, എ ഐ എഫ് ബി, എസ യു സി ഐ എന്നിവരും ബീഹാർ സംസ്ഥാനതല ഇടതു പാർട്ടികളും ചേർന്നാണ് ഐക്യ സ്വതന്ത്ര ഇടത് ബ്ലോക്ക് എന്ന ബാനറിൽ മത്സരിക്കുന്നത്.
'വർഗീയ ബി ജെ പി യെ പരാജയപ്പെടുത്തുക, ജാതി ശക്തികളെ എതിർക്കുക, നിയമസഭയിൽ ഇടതുപ്രാതിനിധ്യം ശക്തിപ്പെടുത്തുക' എന്ന മുദ്രാവാക്യമുയർത്തിപ്പിടിച്ച് പാർട്ടി തിരഞ്ഞെടുപ്പിനെ നേരിടും. ഇടതു പാർട്ടികളുടെ പ്രകടന പത്രിക പ്രഖ്യാപിക്കാൻ സപ്തംബർ 7ന് പട്നയിൽ സംയുക്ത കൺവെൻഷൻ ചേരും.
വഷളാകുന്ന കേന്ദ്രസംസ്ഥാന ബന്ധം
ഈ കാലയളവിൽ കേന്ദ്രസംസ്ഥാന ബന്ധങ്ങൾ വഷളാകുന്നത് തുടർന്നു. ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കുന്നതിനെതിരെ ഡൽഹി മുഖ്യമന്ത്രി രാജ്യത്തെ ബി ജെ പി ഇതര മുഖ്യമന്ത്രിമാരെ യോഗത്തിന് ക്ഷണിക്കുന്ന കാര്യം പ്രഖ്യാപിച്ചിട്ടുണ്ട്. സി പി ഐ എം പോളിറ്റ് ബ്യൂറോ അംഗവും ത്രിപുര മുഖ്യമന്ത്രിയുമായ മണിക്ക്സർക്കാർ പ്രസ്തുത യോഗത്തിൽ പങ്കെടുക്കുകയും ഈ വിഷയത്തിൽ പതിറ്റാണ്ടുകളായി പാർട്ടി പ്രചരിപ്പിക്കുന്ന നിലപാട് ആവർത്തിക്കുകയും ചെയ്യും.
പ്രത്യേക പാർലമെന്റ് സമ്മേളനം
രാജ്യത്തെ ദളിത് വിഭാഗങ്ങളുടെ ദുസ്സഹമായ അവസ്ഥ ചർച്ച ചെയ്യുന്നതിനായി പ്രത്യേക പാർലമെന്റ് സമ്മേളനം ചേരണമെന്ന 21-ാം പാർട്ടി കോൺഗ്രസിന്റെ ആവശ്യത്തെ കേന്ദ്ര കമ്മറ്റി ആവർത്തിക്കുന്നു. ഡോ. ബി ആർ അംബേദ്കറിന്റെ നൂറ്റി ഇരുപത്തിയഞ്ചാം ജന്മവാർഷികത്തിന്റെ അർഥവത്തായ കൊണ്ടാടലാകും ഈ സമ്മേളനം.
സംഘടനാ പ്ലീനം
സി പി ഐ എം ഇരുപത്തിയൊന്നാം പാർട്ടി കോൺഗ്രസിന്റെ തീരുമാനപ്രകാരമുള്ള സംഘടനാ പ്ലീനം 2015 ഡിസംബർ 27 മുതൽ 30 വരെ കൊൽക്കത്തയിൽ വച്ച് ചേരാൻ കേന്ദ്രകമ്മറ്റി തീരുമാനിച്ചു. പ്ലീനത്തിന് മുന്നോടിയായി 2015 നവംബർ 2 മുതൽ 5 വരെ കേന്ദ്രകമ്മറ്റി യോഗം ചേരുകയും അതിനു ശേഷം പ്ലീനത്തിനു വേണ്ടിയുള്ള കേന്ദ്രകമ്മറ്റിയുടെ രേഖ ചർച്ച ചെയ്യാൻ വിപുലീകരിച്ച സംസ്ഥാന കമ്മറ്റി യോഗങ്ങൾ ചേരുകയും ചെയ്യും.