കമ്യൂണിസ്റ്റ്-കർഷക പ്രസ്ഥാനത്തിന്റെ മുതിർന്ന നേതാവും സ്വാതന്ത്ര്യസമരസേനാനിയുമായ കരിവെള്ളൂർ ചീറ്റയിലെ പാവൂർ കുഞ്ഞിരാമൻ 1926-ൽ  എലിച്ചി കണ്ണന്റെയും പാവൂർ ലക്ഷ്മിയുടെയും മകനായി ജനിച്ചു. 1941-ൽ എട്ടാം ക്ലാസ് പാസായെങ്കിലും അധ്യാപക ജോലിക്ക് പോകാതെ രാഷ്ട്രീയത്തിലിറങ്ങി. 1945-ൽ കമ്യൂണിസ്റ്റ് പാർടി അംഗമായി. 1946-ഡിസംബർ 20 ന്റെ കരിവെള്ളൂർ സമരത്തെ തുടർന്ന് എട്ടു മാസത്തോളം ഒളിവിൽ. 1948-ൽ നടന്ന ആലപ്പടമ്പ്, ആലക്കാട്, കുറ്റൂർ, പ്രാപ്പൊയിൽ, കൊഴുമ്മൽ നെല്ലെടുപ്പ് സമരത്തിൽ പങ്കെടുത്തതിന് കണ്ണൂർ-സേലം ജയിലുകളിൽ തടവ് ശിക്ഷ അനുഭവിച്ചു. 1958 മുതൽ 1970 വരെ അവിഭക്ത കമ്യൂണിസ്റ്റ് പാർടിയുടെയും സിപിഐ എമ്മിന്റെയും മണ്ഡലം കമ്മിറ്റിയംഗമായിരുന്നു. കുറച്ചു നാൾ കരിവെള്ളൂർ ലോക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചു. ദീർഘകാലം സിപിഐ എം പയ്യന്നൂർ ഏരിയാ കമ്മിറ്റിയംഗം, കരിവെള്ളൂർ, പെരളം ലോക്കൽ കമ്മിറ്റിയംഗം, കരിവെള്ളൂർ-പെരളം പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ച സഖാവിന്റെ ജീവിതം പുതുതലമുറക്ക് മാതൃകയാണ്.