പഴയ മലബാർ പ്രദേശത്ത് കമ്യൂണിസ്റ്റ്- കർഷക പ്രസ്ഥാനം വളർത്തിയെടുക്കുന്നതിൽ ത്യാഗോജ്വല സംഭാവന നൽകിയ സഖാവായിരുന്നു പി കുഞ്ഞിരാമൻ. 1930ൽ കെ കേളപ്പന്റെ നേതൃത്വത്തിൽ പയ്യന്നൂരിൽ നടന്ന ഉപ്പുസത്യഗ്രഹത്തിൽ പങ്കെടുത്ത് അറസ്റ്റിലായി ഒരു മാസം തലശേരി സബ്ജയിലിൽ കഴിഞ്ഞു. 1940 സെപ്തംബർ 15ന് മർദന പ്രതിഷേധ ദിനത്തിന്റെ ഭാഗമായി മോറാഴയിലേക്ക് പുറപ്പെട്ട കർഷക ജാഥയെ പൊലീസ് പയ്യന്നൂരിൽ തടഞ്ഞ് കുഞ്ഞിരാമനടക്കം 32 പേരെ അറസ്റ്റ് ചെയ്തു. തുടർന്ന് ആറുമാസം തടവ്.

കരിവെള്ളൂർ സമരത്തിന്റെ നായകരിലൊരാളാണ് പി കുഞ്ഞിരാമൻ. പ്രതിയായ അദ്ദേഹം ഒളിവിൽ പോയി. പാർടി നിർദേശമനുസരിച്ച് പ്രവർത്തനരംഗം പാലക്കാട്ടേക്ക് മാറ്റി. പി കെ നായർ എന്ന പേരിലായിരുന്നു അവിടെ പ്രവർത്തനം.  1948 അവസാനത്തോടെ തിരിച്ചെത്തി. ഇക്കാലത്ത് ആലപ്പടമ്പ് നെല്ലെടുപ്പ് കേസിൽ പ്രതിയാക്കപ്പെട്ടു. വീണ്ടും അഞ്ചുവർഷം ശിക്ഷ. ദീർഘകാലം കർഷകസംഘം ജില്ലാ സെക്രട്ടറിയായിരുന്നു. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം, വളണ്ടിയർ ക്യാപ്റ്റൻ എന്നീ നിലകളിലും പ്രവർത്തിച്ചു. 1965ൽ സിപിഐ എം നേതാക്കളെ ചൈനാ ചാരന്മാരെന്ന് മുദ്രകുത്തി തടവിലിട്ടപ്പോൾ പാർടി സംസ്ഥാന സെക്രട്ടറിയായും പ്രവർത്തിച്ചു. 1981 ജൂലൈ 22ന് അന്ത്യശ്വാസം വലിക്കുന്നതുവരെയും പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയായി പ്രവർത്തിച്ചു.