പോരാട്ടങ്ങളിലൂടെ ഉരുകിത്തെളിഞ്ഞ വ്യക്തിത്വമായിരുന്നു സ്വാതന്ത്ര്യസമരസേനാനിയും കരിവെള്ളൂർ സമരഭടനുമായ പയ്യരട്ടയുടേത്. ദാരിദ്ര്യത്തോട് പടപൊരുതി നാലാം ക്ലാസ് വരെ പഠിച്ചു. 1935ൽ കുളപ്പുറം ആറോൺ മിൽ തൊഴിലാളിയായി. മുതലാളിയുടെ ദ്രോഹ നടപടികൾക്കെതിരെ തൊഴിലാളികളെ സംഘടിപ്പിച്ചു. യൂണിയൻ സെക്രട്ടറിയായിരിക്കെ കർഷകപ്രസ്ഥാനത്തിൽ സജീവമായി. കേരളീയൻ, വിഷ്ണുഭാരതീയൻ, സുബ്രഹ്മണ്യഷേണായി, എ വി കുഞ്ഞമ്പു എന്നിവരുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടരായി മേഖലയിൽ പ്രസ്ഥാനം കെട്ടിപ്പടുക്കാൻ പി വി അപ്പക്കുട്ടിയോടൊപ്പം ത്യാഗപൂർവം പ്രവർത്തിച്ചു. 

കരിവെള്ളൂർ സംഭവത്തെ തുടർന്ന് ആറുമാസം കണ്ണൂർ ജയിലിൽ. 1947ൽ കമ്പനിയിൽനിന്ന് രാജിവച്ച് മുഴുവൻ സമയപ്രവർത്തകനായി. 1948 കാലത്ത്  ക്രൂരമർദനത്തിനിരയായി. ആറോണിന്റെ ഗുണ്ടകൾ പയ്യരട്ടയെയും അപ്പക്കുട്ടിയെയും തല്ലിച്ചതച്ച് തലയിൽ മോസ്‌കോറോഡ് വെട്ടി പന്ത്രണ്ട് കിലോമീറ്റർ അകലെയുള്ള പയ്യന്നൂർ പൊലീസ് സ്‌റ്റേഷനിലേക്ക് വലിച്ചിഴച്ചു. പള്ളിക്കര വെടിവയ്പ്പിനെ തുടർന്ന് പ്രതിഷേധ പ്രകടനം നടത്തിയതിന് എംഎസ്പിക്കാർ തോക്കിന്റെ പാത്തികൊണ്ട് കാൽമുട്ട് തകർത്തു. പരിക്ക് സുഖപ്പെടുത്താനായില്ല. മണ്ടൂർ അംശകച്ചേരി തീവയ്പ്പ് കേസിൽ ഒന്നാം പ്രതിയായിരുന്നു. ഒളിവിലായതിനാൽ അറസ്റ്റുചെയ്യാനായില്ല.

അവിഭക്ത കമ്യൂണിസ്റ്റ് പാർടി ഫർക്കാ കമ്മിറ്റിയംഗം, കർഷകസംഘം താലൂക്ക് സെക്രട്ടറി, ജില്ലാകമ്മിറ്റിയംഗം, ജില്ലാപ്രസിഡന്റ്, സിപിഐ എം മണ്ഡലം സെക്രട്ടറി എന്നീ നിലകളിൽ നിറഞ്ഞുനിന്ന പയ്യരട്ട ദീർഘകാലം ചെറുതാഴം പഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. 

2009 ജൂലായ് 20ന് അന്തരിച്ചു.