ഉത്തരകേരളത്തിൽ കമ്യൂണിസ്റ്റ് പാർടിയും കർഷക പ്രസ്ഥാനവും കെട്ടിപ്പടുക്കുന്നതിൽ ത്യാഗപൂർണമായ പങ്കുവഹിച്ച ജനനേതാവായിരുന്നു  സ. പാച്ചേനി. സാധാരണക്കാരിൽ സാധാരണക്കാരനായി, ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച പാച്ചേനി എതിരാളികളുടെപോലും ആദരം നേടി. 

കടുത്ത ദാരിദ്ര്യം കാരണം അഞ്ചാം ക്ലാസിൽ പഠനം നിർത്തിയശേഷം പല തൊഴിലും ചെയ്ത് കുടുംബത്തെ പോറ്റിയ പാച്ചേനി 17 വയസുള്ളപ്പോൾ പാർടിയുടെ ഒഴക്രോം സെല്ലിൽ അംഗമായി. ആറോൺമിൽ സമരഘട്ടത്തിൽ കെ പി ആർ അടക്കമുള്ള നേതാക്കളെ ഒളിവിൽ സംരക്ഷിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു. 1948 കാലത്ത് പാർടി നിരോധിച്ചപ്പോൾ കടുത്ത പീഡനം അനുഭവിക്കേണ്ടി വന്നു. മാവിച്ചേരി കൊലക്കേസിനെ തുടർന്ന് പൊലീസ്- ഗുണ്ടാമർദനമേറ്റു. മോറാഴയിൽ  1948ൽ കോൺഗ്രസ് ഗുണ്ടകൾ പാച്ചേനിയെ വീട്ടിൽനിന്ന് പിടിച്ചിറക്കി തല്ലിച്ചതക്കുകയും തലയിൽ 'മോസ്‌കോ റോഡ്' വെട്ടുകയും ചെയ്തു. 1971ൽ മിച്ചഭൂമി സമരഘട്ടത്തിലും 1974ൽ പള്ളിക്കര വെടിവയ്പിനോടനുബന്ധിച്ചും ഭീകര മർദനമേറ്റു. ആറുവർഷത്തോളം ഒളിവിലും മൂന്നുവർഷത്തോളം ജയിലിലും കഴിഞ്ഞു.

1952ൽ കമ്യൂണിസ്റ്റ് പാർടിയുടെ തളിപ്പറമ്പ് താലൂക്ക് കമ്മിറ്റി അംഗമായ പാച്ചേനി  മരണംവരെ മുഴുവൻ സമയ പ്രവർത്തകനായിരുന്നു. 1959ലാണ് ജില്ലാ കമ്മിറ്റി അംഗമായത്. പാർടി ഓഫീസിൽ താമസിച്ചാണ്  പ്രവർത്തിച്ചത്. രാഷ്ട്രീയ പ്രവർത്തനത്തിനിടെ വിവാഹവും വേണ്ടെന്നുവച്ചു. ആറുവർഷത്തിലേറെ പാർടി സംസ്ഥാന കമ്മിറ്റി അംഗം. 1998ൽ പാലക്കാട്ട് സമ്മേളനത്തിൽ അനാരോഗ്യം കാരണം ഒഴിവായി. തുടർന്ന് ജില്ലാകമ്മിറ്റി അംഗമായി പ്രവർത്തിക്കവെയാണ് നിര്യാതനായത്.

കർഷകസംഘം ജില്ലാ സെക്രട്ടറിയായി ദീർഘകാലം പ്രവർത്തിച്ചു. 1968 മുതൽ 72 വരെ പാർടി കാസർകോട് താലൂക്ക് സെക്രട്ടറിയായിരുന്നു. കാസർകോട് ജില്ലയുടെ വടക്കൻ പ്രദേശങ്ങളിൽ കമ്യൂണിസ്റ്റ് പാർടിക്ക് അടിത്തറയുണ്ടാക്കാൻ ത്യാഗപൂർണമായ പ്രവർത്തനമാണ്  നടത്തിയത്. രണ്ടുതവണ നിയമസഭാംഗമായി. 1998 ജൂലായ് 24ന് അന്തരിച്ചു