തൊഴിലാളിവർഗ പ്രസ്ഥാനത്തിന്റെ അതുല്യനേതാവും സംഘാടകനുമായ സ: സി ചരിത്രത്തിലെ ഏകാക്ഷരം എന്നുതന്നെ വിശേഷിപ്പിക്കാവുന്നത്ര സംഭവബഹുലമായിരുന്നു ആ ജീവിതം. ഏഴു പതിറ്റാണ്ടിലേറെ നീണ്ട ആ പൊതു പ്രവർത്തനം ഏറ്റവും താഴെക്കിടയിലുള്ള ജനലക്ഷങ്ങൾക്ക് താങ്ങും തണലുമായി.

കൗമാര പ്രായത്തിൽ തുടങ്ങിയ ചൂഷണത്തിനെതിരായ പോരാട്ടം  ആഗോളവൽക്കരണകാലത്തും സി തുടർന്നു. നെയ്ത്തുകാരും ബീഡിത്തൊഴിലാളികളും തോട്ടികളുമുൾപ്പെടെ ജീവിതത്തിന്റെ പുറമ്പോക്കിൽ കഴിഞ്ഞവർക്കു വേണ്ടിയായിരുന്നു ആദ്യനാളുകളിൽ പ്രവർത്തിച്ചത്. തൊഴിലാളി പ്രവർത്തനത്തിന്റെ കർമവീഥിയിൽ   വടവൃക്ഷമായി വളർന്ന അദ്ദേഹം അധ്വാനവും ബുദ്ധിയും ഉപയോഗിച്ച് ഉപജീവനം കഴിക്കുന്ന മുഴുവൻ ജനവിഭാഗങ്ങളുടെയും അനിഷേധ്യ നേതാവായി. ബാങ്കിങ്, ഇൻഷുറൻസ്, സർക്കാർ സർവീസ്, ഐടി ഉൾപ്പെടെ എല്ലാ മേഖലയിലെയും പ്രശ്‌നങ്ങൾ മനസിലാക്കി അവ പരിഹരിക്കാൻ ശ്രമിച്ചു. അങ്ങനെ തലമുറകളുടെ നേതാവാകാനും മാതൃകയാകാനും കഴിഞ്ഞു. 

സ്വാതന്ത്ര്യ സമര സേനാനി, തലമുതിർന്ന കമ്യൂണിസ്റ്റ് നേതാവ്, കേരളത്തിലെ ട്രേഡ് യൂണിയൻ പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളിൽ പ്രമുഖൻ, നിയമസഭാ സാമാജികൻ തുടങ്ങി ബഹുമുഖമായിരുന്നു സിയുടെ കർമപഥം. നിരവധി സമരമുഖങ്ങളിൽ തീപ്പന്തമായി ജ്വലിച്ച അദ്ദേഹം എ കെ ജിയോടൊപ്പം നടത്തിയ വെല്ലൂർ ജയിൽ ചാട്ടവും സേലം ജയിൽ വെടിവയ്പ്പിൽ തലനാരിഴക്ക് രക്ഷപ്പെട്ടതും അവിസ്മരണീയ അധ്യായങ്ങളാണ്.

1928 ൽ ഖദർ ധരിച്ച് പൊതുപ്രവർത്തനത്തിന് ഹരിശ്രീ കുറിച്ച സിയിൽ ആ വർഷം പയ്യന്നൂരിൽ നടന്ന നാലാം കോൺഗ്രസ് സമ്മേളനം  ആവേശത്തിന്റെ അലകളുയർത്തി. 1930ൽ ഭഗത്‌സിങ്ങിനെയും മറ്റും തൂക്കിലേറ്റിയ സംഭവം ജീവിതം  മാറ്റിമറിച്ചു. പി കൃഷ്ണപിള്ള, എ കെ ജി, ഇ എം എസ് തുടങ്ങിയ മഹാരഥന്മാരുടെ തലമുറയിലെ പ്രധാനകണ്ണിയായി സി മാറി.

രണ്ടാംലോക യുദ്ധകാലത്ത് വെല്ലൂർ സെൻട്രൽ ജയിലിലായിരിക്കുമ്പോഴാണ് 1941 സെപ്തംബർ 26 ന് എ കെ ജിയോടൊപ്പമുള്ള ജയിൽചാട്ടം. വീണ്ടും ജയിലിലായ സി 1944 ൽ പുറത്തുവന്നശേഷം ഐതിഹാസികമായ  ആറോൺ മിൽ സമരത്തിന് നേതൃത്വം നൽകി. ഇതിനിടെ 46 ലെ ബീഡിത്തൊഴിലാളി സമരവുമായി ബന്ധപ്പെട്ട്  ആറുമാസത്തെ തടവ്- സേലം ജയിലിൽ. 1950 ഫെബ്രുവരി 11 ന് 22 പേർ രക്തസാക്ഷികളായ  സേലം ജയിൽ വെടിവയ്പ്പിൽ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.  നെഞ്ചിലെ വെടിച്ചീളുകൾ നീക്കം ചെയ്‌തെങ്കിലും തലയിലേത് അന്ത്യംവരെ അവശേഷിച്ചു.

1939 ൽ കേരളത്തിൽ കമ്യൂണിസ്റ്റ് പാർടി രൂപീകരിച്ചതുമുതൽ പാർടി അംഗമായ സി  സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. സിഐടിയു രൂപീകരണം മുതൽ സംസ്ഥാന പ്രസിഡന്റായിരുന്ന സി മറ്റനേകം യൂണിയനുകളുടെ ഭാരവാഹിയായും ദീർഘകാലം പ്രവർത്തിച്ചു.

കമ്യൂണിസ്റ്റ് പാർടി കെട്ടിപ്പടുക്കുന്നതിൽ ശ്രദ്ധേയ സംഭാവന നൽകിയ സി  ഇടതു-വലതു വ്യതിയാനങ്ങൾക്കെതിരെ ശരിയായ നിലപാടെടുത്ത് ഉൾപാർടി സമരത്തിൽ നേതൃപരമായ പങ്കുവഹിച്ചു. തുടർന്ന് സിപിഐ എമ്മിനെ ശക്തിപ്പെടുത്തുന്നതിന് മുന്നിട്ടിറങ്ങി. ഇടതുതീവ്രവാദ വ്യതിയാനത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നതിലും തൊഴിലാളി വർഗ പ്രസ്ഥാനത്തെ ശരിയായ പാതയിൽ മുന്നോട്ടു നയിക്കുന്നതിലും അസാമാന്യ പാടവമാണ് കാണിച്ചത്. ചില തൊഴിലാളി സംഘടനകളുടെ സാമ്പത്തികമാത്രവാദത്തെ അദ്ദേഹം പൊറുപ്പിച്ചതേയില്ല.