തൊഴിലാളി പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും സിപിഐ എം ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു പി വി ബാലഗോപാലൻ. ചെത്തു- തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ള അധ്വാനിക്കുന്ന വർഗത്തിനായി സമർപ്പിച്ചതായിരുന്നു ആ ജീവിതം. കേരളം മുഴുവൻ ഓടിനടന്ന് അദ്ദേഹം ചെത്തുതൊഴിലാളികളെ സംഘടിപ്പിച്ചു. ചെത്തുതൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡണ്ട്, ട്രഷറർ, സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ്, സംസ്ഥാന കമ്മിറ്റി അംഗം, ചെത്തുതൊഴിലാളി ക്ഷേമനിധി ബോർഡ് അംഗം, തോട്ടം തൊഴിലാളി യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. കള്ളുചെത്ത് സഹകരണ സംഘം രൂപീകരിക്കുന്നതിന് നേതൃത്വം നൽകി. മാസങ്ങളോളം കാൽനടയാത്ര ചെയ്താണ് തോട്ടം തൊഴിലാളികളെ സംഘടിപ്പിച്ചത്. കോളയാട് എസ്‌റ്റേറ്റിലെ കൂട്ടപ്പിരിച്ചുവിടലിനെതിരെ പി വി നടത്തിയ നിരാഹാരം കോളിളക്കം സൃഷ്ടിച്ചു. 

വിദ്യാർഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തെത്തിയ പി വി 1953-ൽ കമ്യൂണിസ്റ്റ് പാർടി അംഗമായി. സിപിഐ എം രൂപീകരണം മുതൽ തളിപ്പറമ്പ് മേഖലയിലെ പ്രധാന സംഘാടകൻ. തളിപ്പറമ്പ് ഏരിയാ സെക്രട്ടറിയായും പ്രവർത്തിച്ചു. അടിയന്തരാവസ്ഥയിലടക്കം നിരവധി തവണ ജയിൽവാസം. പല തവണ പൊലീസ്  മർദനത്തിനും ഇരയായി. 

തളിപ്പറമ്പ് പഞ്ചായത്ത് അംഗം, നഗരസഭയുടെ പ്രഥമ ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, തളിപ്പറമ്പ് സഹകരണ ആശുപത്രി സ്ഥാപക പ്രസിഡന്റ് എന്നീനിലകളിലും ശ്രദ്ധേയനായി.  2012 ജനുവരി 23ന് അന്തരിച്ചു.