കണ്ണൂർ> സിപിഐ എമ്മിനെയും  അതിന്റെ നേതാക്കൾക്കെതിരെയും അസഭ്യവർഷം ചൊരിഞ്ഞ്‌   ബിജെപി ജില്ലാ പ്രസിഡന്റ്‌ നടത്തിയ വാർത്താസമ്മേളനം വസ്‌തുകളുമായി പുലബന്ധമില്ലാത്തതാണെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ പ്രസ്‌താവനയിൽ പറഞ്ഞു. ഇത്‌ ജനങ്ങൾ അവജ്ഞയോടെ തള്ളിക്കളയും. നിയമസഭ തെരഞ്ഞെടുപ്പിൽ തലശേരിയിലെ നാമനിർദേശ പത്രിക തള്ളപ്പെട്ടതോടെ സമനിലതെറ്റിയ മട്ടിലാണ്‌  ഈ ബിജെപി നേതാവിന്റെ  പ്രതികരണങ്ങൾ. ഒരു നോമിനേഷൻ ഫോറം പോലും പൂരിപ്പിക്കാൻ  കഴിയാത്ത ആളാണോ ബിജെപിയെ നയിക്കേണ്ടതെന്ന ചോദ്യം അണികൾ ചോദിച്ച്‌ തുടങ്ങിയിട്ടുണ്ട്‌.

കൊടകര കള്ളപ്പണ കേസിൽ  പ്രതിസ്ഥാനത്തുള്ളത്‌ ബിജെപി സംസ്ഥാന നേതാക്കളാണ്‌.മഞ്ചേശ്വരം,  ബത്തേരി കോഴ കേസുകളിൽ   പ്രതി സ്ഥാനത്ത്‌ ബിജെപി സംസ്ഥാന അധ്യക്ഷനാണ്‌.  നിയമസഭ തെരഞ്ഞെടുപ്പിൽ ഉള്ള സീറ്റും നഷ്‌ടപ്പെട്ട ബിജെപി ഗ്രൂപ്പ്‌ തർക്കത്തെ തുടർന്ന്‌ ആടിയുലയുകയാണ്‌.  ഈ ജാള്യത മറച്ചുപിടിക്കാനാണ്‌ സിപിഐ എമ്മിന്‌ മേൽ കുതിര കയുറന്നത്‌.  
സിപിഐ എം നേതാക്കൾക്കെതിരെ കല്ലുവച്ച നുണകളാണ്‌ തട്ടിവിട്ടത്‌.  സ്വർണ കള്ളക്കടത്തും കള്ളപ്പണ ഇടപാടും നടത്തുന്ന ക്വട്ടേഷൻ മാഫിയ സംഘങ്ങളെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരണമന്നും  ജനങ്ങൾ അവരെ ഒറ്റപ്പെടുത്തണമെന്നുമാണ്‌ സിപിഐ എം നിലപാട്‌. ആർത്തിയോടെ പണം സമ്പാദിക്കുകയെന്ന ലക്ഷ്യമാണ്‌  ക്വട്ടേഷൻ  പണിക്കുള്ളത്‌. ക്വട്ടേഷന്‌ രാഷ്‌ട്രീയമില്ല.  ഈ പ്രഖ്യാപിത സിപിഐ എം നിലപാടിന്‌ വിരുദ്ധമായി  പ്രവർത്തിക്കുന്നവരല്ല പാർടി നേതാക്കൾ. സിപിഐ എം സ്വർണ കള്ളക്കടത്തിന്‌ മാധ്യസ്ഥം വഹിക്കാറില്ല.  പുത്തൻകണ്ടം ക്വട്ടേഷൻ സംഘം ഖദറിട്ട കാവി സംഘമായിരുന്നുവെന്ന സത്യം പുറത്തുകൊണ്ടുവന്നത്‌ പ്രമുഖ മാധ്യമങ്ങളാണ്‌.  മലപ്പുറം  ലോകസഭ  ഉപതെരഞ്ഞെടുപ്പിൽ  ബിജെപി സ്ഥാനാർഥിയുടെ വിജയത്തിനായി  പ്രവർത്തിച്ച  മഞ്ചേരി സ്വദേശി മുഹമ്മ ദലി ശിഹാബാണ്‌ കരിപ്പൂർ സ്വർണക്കടത്ത്‌ കേസിൽ  പ്രതി. ഇത്തരം  ക്രിമിനലുകളെ  പേറിക്കൊണ്ട്‌ നടത്തുന്ന ബിജെപി നേതാക്കൾക്ക്‌ മുഖ്യമന്ത്രിയോടും സിപിഐ എമ്മിനോടും പകയുണ്ടാകുമെന്ന്‌ എല്ലാവർക്കും അറിയാം.  അതാണ്‌ ചില അഭിപ്രായ പ്രകടനങ്ങളിലൂടെ  ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്‌. ഇത്‌ ജനങ്ങൾ തിരിച്ചറിയുമെന്നും  സെക്രട്ടറിയേറ്റ്‌ പ്രസ്‌താവനയിൽ വ്യക്തമാക്കി.