കണ്ണൂര്‍ > കോണ്‍ഗ്രസ്സിന്‍റെ കൊലപാതക രാഷ്ട്രീയത്തിനും യു.ഡി.എഫ്- ബി.ജെ.പി അക്രമണ സമരത്തിനുമെതിരെ സി.പി.ഐ.എമ്മിന്‍റെ നേതൃത്വത്തില്‍ സപ്തംബര്‍ 23ന് 18 കേന്ദ്രങ്ങളില്‍ ബഹുജന കൂട്ടായ്മകള്‍ സംഘടിപ്പിക്കും. 1972 സപ്തംബര്‍ 23 ന് തൃശ്ശൂരിലെ ചെട്ടിയങ്ങാടിയില്‍ വെച്ച് തീവ്രവാദ നിലപാടുകാരെ ഉപയോഗിച്ച് കോണ്‍ഗ്രസ്സിന്‍റെ ആസൂത്രണത്തോടെ കൊലപ്പെടുത്തിയ അഴീക്കോടന്‍ രാഘവന്‍റെ രക്തസാക്ഷിദിനത്തിലാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. കേരളത്തിലെ സി.പി.ഐ.എമ്മിന്‍റെ പ്രമുഖ നേതാവായ അഴീക്കോടന്‍ രാഘവന്‍ കൊല്ലപ്പെടുമ്പോള്‍ ഐക്യമുന്നണി കണ്‍വീനറും, പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായിരുന്നു. കേരളത്തിലെ സി.പി.ഐ.എമ്മിന്‍റെ സമുന്നതനായ നേതാവായ അഴീക്കോടന്‍റെ കൊലപാതകത്തിന് പിന്നില്‍ കോണ്‍ഗ്രസ്സിന്‍റെ ഉന്നത നേതാക്കളുടെ ഗൂഡാലോചനയായിരുന്നു. ഇതേ കോണ്‍ഗ്രസ്സാണ് വെഞ്ഞാറമൂടില്‍ സി.പി.ഐ(എം) പ്രവര്‍ത്തകരായ ഹഖ് മുഹമ്മദിനെയും, മിഥിലാജിനെയും തിരുവോണ തലേന്ന് കൊലപ്പെടുത്തിയത്. രണ്ടാഴ്ചക്കകം മൂന്ന് പേരെയാണ് കോണ്‍ഗ്രസ്സുകാര്‍ കൊലക്കത്തിക്കിരയാക്കിയത്. തിരുവോണ നാളിലെ ഈ കൊലപാതകത്തെ സാംസ്കാരിക കേരളമടക്കം അപലപിച്ചതാണ്.

സമാധാനത്തിന്‍റെ സുവിശേഷ പ്രസംഗം നടത്തുന്ന കോണ്‍ഗ്രസ്സ് കൊലപാതക രാഷ്ട്രീയം ആരംഭിച്ചത് ഇന്നും ഇന്നലെയുമല്ല. കല്‍ക്കത്തയില്‍ അലോപ്പതി ഡോക്ടര്‍ വിഭാഗം പഠിക്കുന്നതിന് പോയ മൊയാരത്ത് ശങ്കരന്‍, സ്വാതന്ത്ര്യസമര ചൂടില്‍ വിദ്യാഭ്യാസം ഉപേക്ഷിച്ച് തിരിച്ചുവരികയും കെ കേളപ്പന്‍, പി കൃഷ്ണപ്പിള്ള, ഇ.എം.എസ്, മുഹമ്മദ് അബ്ദുള്‍ റഹ്മാന്‍ സഹിബ് എന്നിവരോടൊപ്പം കേരളത്തില്‍ കോണ്‍ഗ്രസ്സ് കെട്ടിപ്പടുക്കുകയും ചെയ്തയാളാണ്. കോണ്‍ഗ്രസ്സിന്‍റെ ചരിത്രം ആദ്യമായി എഴുതിയ കോണ്‍ഗ്രസ്സുകാരനാണ് മൊയാരം. സ്വാതന്ത്ര്യസമര സേനാനിയായ മൊയാരത്ത് ശങ്കരനെ മര്‍ദ്ദിച്ച് അവശനാക്കി പോലീസിന് പിടിച്ചുകൊടുത്ത് കൊലപ്പെടുത്തിയത് 1948 മെയ് 13 നായിരുന്നു. മൃതദേഹം പോലും ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തില്ല. കോണ്‍ഗ്രസ്സ് കൊലപാതക രാഷ്ട്രീയം ആരംഭിച്ചത് അന്ന് മുതലാണ്. കോണ്‍ഗ്രസ്സ് കൊലപ്പെടുത്തിയ കേരളത്തിലെ എം.എല്‍.എയാണ് കെ കുഞ്ഞാലി. 5 സി.പി.ഐ(എം) പ്രവര്‍ത്തകരെ 1987 ലെ തിരഞ്ഞെടുപ്പ് ദിവസമാണ് ചീമേനിയില്‍ ചുട്ടുകൊന്നത് മിനി ജാലിയന്‍വാലബാഗ് എന്നാണ് ഈ സംഭവത്തെക്കുറിച്ച് വിശേഷിപ്പിക്കുന്നത്. യു.ഡി.എഫും ബി.ജെ.പിയും തിരുവോണ നാളിലെ ചോരക്കൊതിയിലൂടെ 6 പാര്‍ട്ടി പ്രവര്‍ത്തകരുടെ ജീവന്‍ അപഹരിക്കുകയും പി ജയരാജനെ കൊല്ലാക്കൊല ചെയ്യുകയുമാണ് ചെയ്തത്. കോണ്‍ഗ്രസ്സുകാര്‍ നേരിട്ട് കൊലപാതകത്തില്‍ പങ്കെടുക്കുന്നതോടൊപ്പം ഭരണസ്വാധിനത്താല്‍ പോലീസിനെയും മറ്റും ഉപയോഗിച്ച് നൂറുകണക്കിന് കൊലപാതകങ്ങള്‍ക്ക് കളമൊരുക്കുകയും ഗൂഡാലോചന നടത്തുകയും ചെയ്തത് ചരിത്ര യാഥാര്‍ത്ഥ്യമാണ്.

കോണ്‍ഗ്രസ്സിന്‍റെ കൊലപാതക രാഷ്ട്രീയത്തെ തുറന്നുകാട്ടുന്നതിന് അഴീക്കോടന്‍ രക്തസാക്ഷിദിനത്തില്‍ വൈകുന്നേരം 4 മണി മുതല്‍ 6 മണിവരെ ഏരിയകേന്ദ്രങ്ങളില്‍ നടക്കുന്ന ബഹുജന കൂട്ടായ്മ വിജയിപ്പിക്കണമെന്ന് ജനാധിപത്യ വിശ്വാസികളോട് സി.പി.ഐ(എം) അഭ്യര്‍ത്ഥിക്കുന്നു. കോണ്‍ഗ്രസ്സിന് മാപ്പില്ല എന്ന ചിത്രപ്രദര്‍ശനവും സംഘടിപ്പിക്കുന്നുണ്ട്.
യു.ഡി.എഫും, ബി.ജെ.പിയും കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുകൊണ്ട് കേരളത്തില്‍ നടത്തുന്നത് അക്രമ സമരങ്ങളാണ്. സമരം നടത്താനുള്ള അവകാശം എല്ലാവര്‍ക്കും ഉണ്ട്. കോവിഡ് കാലത്ത് രോഗവ്യാപനത്തിന് ഇടയാകുന്ന നടപടികള്‍ സ്വീകരിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിയതാണ്. കണ്ണൂരില്‍ നടത്തിയ ഇക്കൂട്ടര്‍ നടത്തിയ സമരങ്ങള്‍ മാസ്ക് പോലും ധരിക്കാതെയുള്ള സമരങ്ങളാണ്. ഇത്തരം സമരങ്ങള്‍ ജനങ്ങളോടും ജുഡീഷ്യറിയോടുമുള്ള വെല്ലുവിളിയാണ് ഇതുകൊണ്ടൊന്നും വികസനത്തിനും, ക്ഷേമത്തിനും മാതൃകയായ എല്‍.ഡി.എഫ് സര്‍ക്കാറിനെ തകര്‍ക്കാനാവില്ല. സരമം നടത്തുന്നവര്‍ കര്‍ഷകരെ കൂട്ട ആത്മഹത്യയിലേക്ക് നയിക്കുന്ന കര്‍ഷകദ്രോഹനിയമത്തിനെതിരായാണ് നടത്തേണ്ടത്.

കോവിഡ് 19 മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടക്കുന്ന പരിപാടിയില്‍ ജനപ്രതിനിധികള്‍, പാര്‍ട്ടിനേതാക്കള്‍, രക്തസാക്ഷി കുടുംബാഗങ്ങള്‍ എന്നിവരാണ് പങ്കെടുക്കുക. ഏരിയകേന്ദ്രങ്ങളില്‍ പ്രാസംഗികരായി ചുവടെ പറയുന്നവര്‍ പങ്കെടുക്കും.


പയ്യന്നൂര്‍ - പി കെ ശ്രീമതി ടീച്ചര്‍, പി പി ദാമോദരന്‍
ചെറുപുഴ - ടി കെ ഗോവിന്ദന്‍മാസ്റ്റര്‍, മനു തോമസ്സ്
പഴയങ്ങാടി - സി കൃഷ്ണന്‍, എം ഷാജര്‍
ആലക്കോട് - ജയിംസ് മാത്യൂ, എം വിജിന്‍, ഒ സുഭാഗ്യം
ശ്രീകണ്ഠപുരം - ടി വി രാജേഷ്, പി പി ദിവ്യ
തളിപ്പറമ്പ് - ടി ഐ മധുസൂദനന്‍,അന്‍വീര്‍ എ പി
കണ്ണൂര്‍ - എം വി ജയരാജന്‍, വി കെ സനോജ്
കമ്പില്‍ - പി ജയരാജന്‍, ഷിബിന്‍ കാനായി
ചക്കരക്കല്ല് - വി ശിവദാസന്‍, എന്‍ സുകന്യ
താഴെചൊവ്വ - വി നാരായണന്‍, കെപിവി പ്രീത
മമ്പറം - എ എന്‍ ഷംസീര്‍, സി.പി ഷിജു
തലശ്ശേരി - എം സുരേന്ദ്രന്‍, കെ മനോഹരന്‍
പാനൂര്‍ - പി ഹരീന്ദ്രന്‍, കെ ലീല
മട്ടന്നൂര്‍ - കെ.വി സുമേഷ്, പി.കെ ശ്യാമള ടീച്ചര്‍
കൂത്തുപറമ്പ് - വത്സന്‍ പനോളി, ദീഷ്ണപ്രസാദ്
കണിച്ചാര്‍ - പി പുരുഷോത്തന്‍, പി റോസ
ഇരിട്ടി - കെ.എം ജോസഫ്,എം.വി സരള
പാപ്പിനിശ്ശേരി - പി വി ഗോപിനാഥ്, കെ ശോഭ, അനഘ സി