കണ്ണൂർ: മതാടിസ്ഥാനത്തിലുള്ള പൗരത്വനിയമത്തിൽ പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തിൽ ഡിസംബർ 12ന് ജില്ലയിലെ മുഴുവൻ ലോക്കലുകളിലും പന്തം കൊളുത്തി പ്രകടനം നടത്തും. 221 ലോക്കൽ കമ്മിറ്റികളാണ് ജില്ലയിൽ പാർടിക്കുള്ളത്. വെള്ളിയാഴ്ച 18 ഏരിയകളിലും കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലേക്ക് പ്രതിഷേധ മാർച്ച് നടത്താനും സിപിഐ എം ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്തു.ജനങ്ങളിൽ മതപരമായ വിവേചനത്തിനും ഭിന്നിപ്പിനും വഴിയൊരുക്കുന്ന പൗരത്വനിയമഭേദഗതി രാജ്യസഭയും കടന്നതോടെ രാജ്യത്തെ നിയമമാവുകയാണ്. മതനിരപേക്ഷ ഇന്ത്യയെ മതരാഷ്ട്രമാക്കി മാറ്റുന്ന ആപൽക്കരമായ നീക്കത്തിലാണ് ബിജെപി സർക്കാരെന്ന് ധൃതിപിടിച്ചു പാസാക്കിയെടുത്ത നിയമഭേദദഗതികൾ വ്യക്തമാക്കുന്നു. രാജ്യവ്യാപകമായി ഉയർന്ന പ്രതിഷേധങ്ങളോ പൊതുജനാഭിപ്രായങ്ങളോ മോഡി സർക്കാർ തെല്ലും മാനിച്ചില്ലെന്നത് ഈ സർക്കാരിന്റെ ജനാധിപത്യവിരുദ്ധത വെളിവാക്കുന്നു. നമ്മുടെ ബഹുസ്വര സംസ്‌കാരത്തെയും ഭരണഘടന വിഭാവനം ചെയ്യുന്ന അടിസ്ഥാനമൂല്യങ്ങളെയും തകർത്തെറിയുന്ന പൗരത്വ നിയമത്തിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം കത്തിപ്പടരുകയാണ്. ജില്ലയിൽ രണ്ടുദിവസമായി നടക്കുന്ന പ്രതിഷേധ പരിപാടികൾ വൻ വിജയമാക്കാൻ സിപിഐ എം ജില്ലാ സെക്രട്ടറിഎം വി ജയരാജൻ മുഴുവനാളുകളോടും അഭ്യർഥിച്ചു