കണ്ണൂർ > കൂത്തുപറമ്പ് എഡ്യൂക്കേഷണല്‍ സൊസൈറ്റി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌, ബിജെപി സഖ്യത്തെക്കുറിച്ച് കെപിസിസി, ഡിസിസി നേതൃത്വങ്ങള്‍ പുലർത്തുന്ന മൗനം ഈ അവിശുദ്ധ കൂട്ടുകെട്ടിന് ഉത്തരവാദികള്‍ നേതൃത്വം തന്നെയാണെന്നതിന്റെ തെളിവാണെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പ്രസ്‌താവനയിൽ പറഞ്ഞു.

സൊസൈറ്റിയിലെ നിലവിലുള്ള അംഗസംഖ്യയുടെ അടിസ്ഥാനത്തിൽ കോണ്‍ഗ്രസിന് 210 വോട്ടും ബിജെപിക്ക് 75 വോട്ടുമാണ് ലഭിക്കേണ്ടത്. അതുകൊണ്ടു തന്നെ 21 സീറ്റുകളിലേക്കു മത്സരിച്ച കോണ്‍ഗ്രസ്‌ സ്ഥാനാർഥികൾ എല്ലാവരും നല്ല ഭൂരിപക്ഷത്തോടെ ജയിക്കേണ്ടതാണ്. എന്നാൽ, 18 പേര്‍ മാത്രമാണ് ജയിച്ചത്. മറ്റു മൂന്നു സീറ്റുകളിലേക്ക്‌ ആർഎസ്‌എസുകാർ തെരഞ്ഞെടുക്കപ്പെട്ടു. മൂന്ന്‌ ഐ ഗ്രൂപ്പുകാരെ തോല്‍പ്പിച്ച് ആര്‍എസ്എസ്സുകാരെ ജയിപ്പിക്കുയായിരുന്നു. കോണ്‍ഗ്രസ്സുകാര്‍ക്ക് ലഭിച്ചതിനെക്കാള്‍ കൂടുതല്‍ വോട്ട് കരസ്ഥമാക്കിയാണ്‌ ആര്‍എസ്എസ്സുകാര്‍ വിജയിച്ചത്. മത്സരരംഗത്ത്‌ ഒരു ഭാഗത്ത് കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥികളും മറുഭാഗത്ത് കോണ്‍ഗ്രസ്‌–- ബിജെപി സംയുക്ത പാനലുമായിരുന്നു.

തൊക്കിലങ്ങാടിയിലെ ഈ സ്‌കൂള്‍ കോമ്പൗണ്ടിലാണ് ആര്‍എസ്എസ്സിന്റെ പരിശീലന പരിപാടികളും നടത്തുന്നത്. ആയുധപ്പുരയായും ഉപയോഗിക്കുന്നു. വർഷങ്ങൾക്കു മുമ്പ്‌ കൂത്തുപറമ്പിലെ പൗരപ്രമുഖന്‍മാര്‍ മുന്‍കൈയെടുത്ത് ആരംഭിച്ച സ്കൂള്‍ ഭരണസമിതിയില്‍ ആദ്യകാലത്ത്‌ തദ്ദേശ, സഹകരണ സ്ഥാപനങ്ങളുടെ ഭാരവാഹികള്‍ അംഗങ്ങളായിരുന്നു. ബൈലോ ഭേദഗതി ചെയ്ത് അവരെയെല്ലാം ഒഴിവാക്കി ആര്‍എസ്എസ്‌ ക്രിമിനലുകള്‍ തങ്ങുന്ന കേന്ദ്രങ്ങളാക്കി സ്കൂളിനെ അധഃപതിപ്പിച്ചു. കോണ്‍ഗ്രസ്സിലെ ഒരു വിഭാഗം ആര്‍എസ്എസ്സിനോടൊപ്പം ചേര്‍ന്ന് നിയമനങ്ങളും മറ്റും നടത്തി കോടികളുണ്ടാക്കി പങ്കുവെച്ചു. ഇത്തരത്തില്‍ വിദ്യാഭ്യാസ സ്ഥാപനത്തെ അധക്ഷഃപതിപ്പിച്ചതിനെതിരെ ബഹുജനങ്ങളില്‍ വികാരം ശക്തമാണ്. അതൊന്നും പരിഗണിക്കാതെ നേതൃത്വം ഇടപെട്ടാണ് തെരഞ്ഞെടുപ്പിനു തലേന്ന് കോണ്‍ഗ്രസ്‌, -ബിജെപി കൂട്ടുകെട്ട് ഉണ്ടാക്കിയത്.

പാലയിലും, ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മറ്റു മണ്ഡലങ്ങളും സിപിഐ എം, ബിജെപി കൂട്ടുകെട്ടിനെക്കുറിച്ച് അക്ഷേപം ഉന്നയിക്കുന്ന കോണ്‍ഗ്രസ്‌ നേതാക്കള്‍ തങ്ങളുടെ അണികള്‍ നടത്തിയ ഈ അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ച് ഒരക്ഷരം പറയുന്നില്ല. നിരവധി പ്രദേശിക സ്ഥാപനങ്ങളില്‍ ഇത്തരത്തില്‍ അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടാക്കാന്‍ നേതൃത്വം കൊടുത്തവരാണ് മറ്റുള്ളവരെ ആക്ഷേപിക്കുന്നത്. ഇത് ജനങ്ങള്‍ തിരിച്ചറിയും. ഗാന്ധിജിയുടെ 150-ാം ജനമവാർഷികം ആഘോഷിക്കുന്ന വേളയില്‍ ഗാന്ധിഘാതകരുമായി കൂട്ടുകെട്ടുണ്ടാക്കിയ നേതാക്കളുടെ പേരില്‍ നടപടിയെടുക്കാന്‍ കെപിസിസി നേതൃത്വം തയ്യാറുണ്ടോ? കോണ്‍ഗ്രസ്സില്‍ തന്നെ ഒരു വിഭാഗം ഈ കൂട്ടുകെട്ടിനെതിരായി രംഗത്ത് വന്നിട്ടുണ്ട്. ഗാന്ധിയന്‍ പാരമ്പര്യമുള്ളവരും മതേതരവിശ്വാസികളുമൊന്നാകെ ഈ നടപടിയില്‍ പ്രതിഷേധിക്കണമെന്നും എം വി ജയരാജൻ പ്രസ്‌താവനയിൽ അഭ്യർഥിച്ചു.