'കാശ്മീർ ഉയർത്തുന്ന പ്രശ്‌നങ്ങൾ' എന്ന വിഷയത്തെ അടിസ്ഥാനമാക്കി പാട്യം ഗോപാലൻ സ്മാരക ഗവേഷണകേന്ദ്രത്തിന്റെ നേതൃത്വത്തിൽ സെപ്റ്റംബര്‍ 2 തിങ്കളാഴ്ച വൈകുന്നേരം 4.30ന് കണ്ണൂർ ഗവ: വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിൽ സെമിനാർ സംഘടിപ്പിക്കുന്നു. സെമിനാർ സിപിഐ(എം) പിബി അംഗം എം.എ. ബേബി ഉദ്ഘാടനം ചെയ്യും. ഡോ. ഹുസൈൻ രണ്ടത്താണി പ്രഭാഷണം നടത്തും.

ഭരണഘടനയ്ക്കും ജനാധിപത്യത്തിനും ഫെഡറലിസത്തിനും മതനിരപേക്ഷതയ്ക്കും നേരെ മിന്നലാക്രമണം നടത്തിക്കൊണ്ടാണ് മോഡി സർക്കാറിന്റെ രണ്ടാംവരവ്. അതിൽ ഏറ്റവും ജനാധിപത്യവിരുദ്ധവും ഫെഡറൽ തത്വങ്ങൾക്ക് നിരക്കാത്തതുമായ ഒരു നടപടിയാണ് കാശ്മീരിനു പ്രത്യേകപദവി നൽകിയ 370-ാം വകുപ്പും അതോടൊപ്പം 35എ വകുപ്പും റദ്ദാക്കിക്കൊണ്ട് കാശ്മീരിനെ വെട്ടിമുറിച്ച നടപടി. രാജ്യസഭയിൽ അജണ്ടയിൽപോലും ഉൾപ്പെടുത്താതെയാണ് ധൃതിപിടിച്ചുകൊണ്ട് കാശ്മീരിനെ രണ്ട് കേന്ദ്രഭരണപ്രദേശമാക്കി മാറ്റിയ ബില്ല് കേന്ദ്ര ആഭ്യന്തരമന്ത്രി അവതരിപ്പിച്ചത്. പാർലമെന്റ് അംഗങ്ങൾ പോലും ഞെട്ടിപ്പോയി. ഇന്ത്യയുടെ പാർലമെന്ററി ചരിത്രത്തിലെ കറുത്ത അദ്ധ്യായം എന്നാണ് ഈ നിയമനിർമാണത്തെ പലരും വിശേഷിപ്പിച്ചത്. സംസ്ഥാനങ്ങളുടെ പുനർനിർണയം സംസ്ഥാനനിയമസഭയുടെ കൂടി അനുമതിയോടെ മാത്രം നടത്തേണ്ട ഒരു നിയമനിർമാണമാണ്. മാത്രമല്ല, നിരന്തരമായ സംഭാഷണങ്ങളിലൂടെയും ചർച്ചകളിലൂടെയുമായിരുന്നു ഇതിനുമുമ്പ് ആന്ധ്രപ്രദേശ്, ബീഹാർ, ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളുടെ വിഭജനം നടത്തിയിരുന്നത്. ചർച്ചകൾക്കൊടുവിലാണ് നിയമസഭയുടെ അംഗീകാരത്തോടെ പാർലമെന്റിൽ നിയമനിർമാണം നടത്തുക. അതൊന്നും പാലിക്കാതെ ഏകാധിപത്യരീതിയിലായിരുന്നു കാശ്മീരിനെ വെട്ടിമുറിച്ചുകൊണ്ട് നിയമം കൊണ്ടുവന്നത്. ഇതിനുവേണ്ടിയുള്ള ആസൂത്രിതമായ മുന്നൊരുക്കം സർക്കാർ നേരത്തെ നടത്തിയിരുന്നു. നിയമസഭ പിരിച്ചുവിട്ട് ഗവർണർക്ക് എല്ലാ അധികാരങ്ങളും നൽകി. കേന്ദ്രസർക്കാർ പറയുന്നത് അക്ഷരം പ്രതി അനുസരിക്കുന്ന ഗവർണറിൽ നിന്നും കത്തുംവാങ്ങി അർദ്ധരാത്രിയിൽ മാത്രം നടത്തിയ ഗൂഢാലോചനയുടെ ഒരു ഉല്പന്നമാണ് കാശ്മീർ വിഭജനം. ഈ രീതി അനുവദിച്ച് കൊടുത്താൽ നാളെ കേരളവും വെട്ടിമുറിക്കും.

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുമ്പോൾ സ്വതന്ത്രരാജ്യമെന്ന വാദമാണ് രാജാവായിരുന്ന ഹരിസിംഗിന്റെ നേതൃത്വത്തിൽ ഉന്നയിച്ചിരുന്നത്. എന്നാൽ നാഷണൽ കോൺഫറൻസ് അടക്കമുള്ള മതനിരപേക്ഷ നിലപാട് സ്വീകരിച്ചവർ മതേതരരാഷ്ട്രമായ ഇന്ത്യയുടെ ഭാഗമായി നിൽക്കാൻ ജനങ്ങളെ സന്നദ്ധമാക്കി. അന്ന് പ്രജാപരിഷത്തിന്റെ നേതൃത്വത്തിൽ വർഗീയവാദമാണ് ഉയർത്തിയത്. മുസ്ലീം വർഗീയവാദികൾ, പാക്കിസ്ഥാനോടൊപ്പം കാശ്മീരിനെ ചേർക്കണമെന്ന നിലപാട് സ്വീകരിച്ചു. കാശ്മീർ കലാപകലുഷിതമാക്കാനുള്ള വർഗീയവാദികളുടെ നീക്കത്തെയാണ് ആ സംസ്ഥാനത്തിന് പ്രത്യേക പദവി നൽകി മതനിരപേക്ഷഭാരതത്തോടൊപ്പം ചേർത്തുകൊണ്ട് ഇന്ത്യൻ ഭരണാധികാരികൾ അന്ന് ഇല്ലാതാക്കിയത്. അന്ന് രാജവാഴ്ചയുടെ കാലത്ത് സ്വീകരിച്ച ഏകാധിപത്യനടപടിതന്നെയാണ് ഇപ്പോൾ മോഡിസർക്കാറും സ്വീകരിക്കുന്നത്. കാശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞപ്പോൾ 371-ാം വകുപ്പ് പ്രകാരം ഗുജറാത്ത് അടക്കമുള്ള 14 സംസ്ഥാനങ്ങൾക്ക് നൽകിയ പ്രത്യേകപദവി എന്തുകൊണ്ട് കേന്ദ്രസർക്കാർ എടുത്തുകളയുന്നില്ല. എല്ലാ സംസ്ഥാനങ്ങൾക്കും ഒരേ പദവി നൽകുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ബിജെപി പറയുന്നത് വെറും കാപട്യമാണെന്ന് ഈ ഇരട്ടത്താപ്പിലൂടെ തന്നെ വ്യക്തമാണ്. ഭൂമിയിലെ സ്വർഗം എന്ന് വിശേഷിപ്പിക്കുന്ന കാശ്മീരിനെ കോർപ്പറേറ്റുകളുടെ കയ്യിലേൽപിക്കാനാണ് ഇപ്പോൾ മന്ത്രിസഭാ സമിതി രൂപികരണത്തിലൂടെ ലക്ഷ്യമിടുന്നത്. ഇന്ത്യൻ ശരാശരിയെക്കാൾ ഏറ്റവും ഉയർന്ന സാമൂഹികജീവിതമാണ് കാശ്മീരിന്റേത്. കൂടിയ ആയുർദൈർഘ്യവും കുറഞ്ഞ ശിശുമരണനിരക്കും ഏറ്റവും കുറഞ്ഞ ദാരിദ്രരേഖാ കണക്കുമെല്ലാം കാശ്മീരിന്റെ പദവി ഉയർത്തിയിട്ടുണ്ട്.

കാശ്മീരിൽ എന്താണ് സംഭവിക്കുന്നത് എന്ന് മാധ്യമവിലക്കുമൂലം ആർക്കും അറിയാൻ കഴിയുന്നില്ല. പ്രതിപക്ഷ രാഷ്ട്രീയപാർട്ടി നേതാക്ക•ാരെ തടങ്കലിലിട്ടാണോ ജനാധിപത്യം നടപ്പാക്കാൻ പോകുന്നത്? എല്ലാം ഭദ്രമാണെങ്കിൽ പത്ത് പേർക്ക് ഒന്ന് എന്ന വിധത്തിൽ എന്തിനാണ് സേനയെ വിന്യസിപ്പിച്ചത്? തടങ്കലിൽ കഴിയുന്ന നേതാക്കളെ കാണാൻ പോലും അനുവദിക്കാത്ത കേന്ദ്ര സർക്കാർ നടപടിയെ ശക്തമായ ഭാഷയിൽ വിമർശിച്ചുകൊണ്ടാണ് സീതാറാം യെച്ചൂരിക്ക് യൂസഫ് തരിഗാമിയെ കാണാൻ അനുമതി കൊടുത്തുകൊണ്ടുള്ള ഉത്തരവ് കോടതി ഇറക്കിയിരിക്കുന്നത്. ഭരണഘടനയെ അട്ടിമറിക്കുന്ന നിയമനിർമാണത്തിനെതിരെ സുപ്രീംേേകാടതിയിൽ സമർപ്പിച്ച ഹരജികൾ ഭരണഘടനാബെഞ്ചിന് വിട്ടിരിക്കുകയാണ്. ഈ ഹരജിയിൻമേൽ നോട്ടീസ് പോലും അയക്കാൻ പാടില്ലെന്ന കേന്ദ്രസർക്കാറിന്റെ വാദം കോടതി തള്ളിക്കളയുകയാണ് ചെയ്തത്. ജുഡീഷ്യറിയെപ്പോലും നോക്കുകുത്തിയാക്കുന്ന സംഘപരിവാറിന്റെ മുഖമാണ് സർക്കാർ അഭിഭാഷകരിലൂടെയും വ്യക്തമാക്കുന്നത്. ജനാധിപത്യത്തിനും ഫെഡറലിസത്തിനും മതനിരപേക്ഷതയ്ക്കും കനത്ത ആഘാതമേൽപിച്ച കേന്ദ്രസർക്കാർ നടപടികൾ ജനങ്ങളിലെത്തിക്കാനാണ് സെമിനാർ സംഘടിപ്പിക്കുന്നത്. എല്ലാ വിഭാഗത്തിലും പെട്ട ജനങ്ങൾ പങ്കെടുക്കണമെന്ന് അഭ്യർത്ഥിക്കുന്നു.