ജില്ലയിൽ മഴക്കാലപൂർവശുചീകരണ പ്രവർത്തനങ്ങൾ വൻ വിജയമാക്കാൻ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ മുഴുവൻ പ്രവർത്തകരോടും പാർടി ബന്ധുക്കളോടും അഭ്യർഥിച്ചു. സർക്കാരിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും മുൻകൈയിൽ ശനി, ഞായർ ദിവസങ്ങളിൽ നടക്കുന്ന ശുചീകരണ പ്രവർത്തനങ്ങളിൽ മുഴുവനാളുകളും പങ്കാളികളാകണം. നമ്മുടെ വീടുകളും സ്ഥാപനങ്ങളും പൊതുസ്ഥലങ്ങളും ജലസ്രോതസ്സുകളുമെല്ലാം മാലിന്യമുക്തമാക്കാനുള്ള  മഹത്തായ യജ്ഞമാണ‌്  നടക്കുന്നത‌്.
 
കഴിഞ്ഞ വർഷം കോഴിക്കോട‌് ജില്ലയിൽ പടർന്നുപിടിച്ച നിപ രോഗത്തിന്റെ പശ്‌ചാത്തലത്തിൽ സംസ്ഥാനത്തുടനീളം ജനകീയമായി നടത്തിയ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ പകർച്ചവ്യാധികളും മാരകരോഗങ്ങളും തടയുന്നതിൽ വലിയ പങ്കുവഹിച്ചു. സംസ്ഥാനത്ത‌് ഇത്തരം രോഗങ്ങൾ തീർത്തും കുറവായിരുന്നു പോയവർഷം. രോഗം വന്ന‌് ചികിത്സ തേടുന്നതിലും നല്ലത‌് രോഗം വരാതിരിക്കാനുള്ള മുൻകരുതലുകൾ എടുക്കുന്നതാണെന്ന പൊതുബോധത്തിലേക്ക‌് കേരളീയസമൂഹം ഉയരേണ്ടതുണ്ട‌്. ജനങ്ങളെയാകെ അണിനിരത്തിയുള്ള ശുചീകരണ പ്രവർത്തനങ്ങൾക്കൊപ്പം ഈ നിലയിലുള്ള വിപുലമായ ബോധവൽക്കരണത്തിനും  പാർടി പ്രവർത്തകർ മുൻകൈയെടുക്കണമെന്ന‌് എം വി ജയരാജൻ പ്രസ‌്താവനയിൽ അഭ്യർഥിച്ചു.