ബിജെപി നടത്തിയ അന്യായ ഹർത്താലുമായി ബന്ധപ്പെട്ട് ജില്ലയിൽ പലയിടത്തും ഉണ്ടായ സംഘർഷങ്ങൾ അവസാനിപ്പിക്കുന്നതിന്കളക്ടറുടെ നേതൃത്വത്തിൽ വിളിച്ചു ചേർത്ത യോഗം തീരുമാനിച്ചിരിക്കുകയാണ്.

ആ തീരുമാനം അക്ഷരംപ്രതി അനുസരിച്ച് സമാധാനം ഉറപ്പുവരുത്തുന്നതിന് വേണ്ടി പ്രവർത്തിക്കാൻ എല്ലാ പാർട്ടിപ്രവർത്തകരോടും ബഹുജനങ്ങളോടും സിപിഐഎം കണ്ണൂർ ജില്ലാസെക്രട്ടറിയറ്റ് അഭ്യർത്ഥിക്കുന്നു. നടന്ന സംഭവങ്ങൾക്ക് തുടക്കമിട്ടത് ആരാണെന്ന് എല്ലാവർക്കുമറിയാം. എന്നാൽ അതിന്റെ പേരിൽ തുടർസംഘർഷം ഉണ്ടാക്കുന്നത് പാർട്ടി സമീപനമല്ല. സംഘർഷങ്ങൾക്ക് സഹായകരമായ മുദ്രാവാക്യം വിളികളോടെ പ്രതിഷേധ പ്രകടനങ്ങൾ നടത്തുന്നത് ഒഴിവാക്കണം.ഇന്നലെ വൈകുന്നേരം തലശേരി എഎസ്പിഓഫീസിൽ വിളിച്ചു ചേർത്ത ഉഭയകക്ഷി ചർച്ചയ്ക്കിടയിലാണ് സ: എ.എൻ. ഷംസീർ എം എൽ എ യുടെ വീടിന് നേരെ ബോംബാക്രമണം ഉണ്ടായത്. തുടർന്നും നിർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടായി. അത് അവസാനിപ്പിക്കാനാണ് ഇന്നത്തെ ഉഭയകക്ഷി സമാധാന യോഗത്തിൽ തീരുമാനിച്ചത്.

ഇന്നത്തെ ഉഭയകക്ഷി ചർച്ച നടക്കുന്നതിനിടയിൽ തലശ്ശേരിയിലുണ്ടായ അക്രമസംഭവങ്ങൾ ദൗർഭാഗ്യകരമാണ്. രാഷ്ട്രീയ എതിരാളികൾക്ക് സമാധാന ഭംഗം ഉണ്ടാക്കാൻ ഇടയാക്കുന്ന പ്രവർത്തനങ്ങൾ പാർട്ടിപ്രവർത്തകരുടെയോ അനുഭാവികളുടെയോ ഭാഗത്ത് നിന്ന് ഉണ്ടാവാതിരിക്കാൻ അങ്ങേയറ്റം ജാഗ്രത പുലർത്തണമെന്നും സിപിഐ(എം) ജില്ലാ സെക്രട്ടറിയറ്റ് അഭ്യർത്ഥിക്കുന്നു.