2009 ല്‍ കണ്ണൂര്‍ തയ്യില്‍ പ്രദേശത്ത് ശശാങ്കന്‍ എന്ന ആര്‍ എസ് എസ് നേതാവിനെ വധിക്കാന്‍ ശ്രമിച്ച കേസ് ആര്‍ എസ് എസ്-പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ തമ്മിലുണ്ടാക്കിയ രഹസ്യധാരണക്കനുസരിച്ച് പിന്‍വലിച്ച നാണംകെട്ട നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വരണമെന്ന് സിപിഐ(എം) ജില്ലാ സെക്രട്ടറി പി ജയരാജന്‍ ആവശ്യപ്പെട്ടു.ഇത് സംബന്ധിച്ച് ആര്‍ എസ് എസ്-പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് എന്താണ് പറയാനുള്ളത് എന്ന് കേള്‍ക്കാന്‍ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്.
 
ആര്‍ എസ് എസും പോപ്പുലര്‍ ഫ്രണ്ടും ഒരേ തൂവല്‍പക്ഷികളാണെന്ന വാദം ശരിവെക്കുന്ന ഒടുവിലത്തെ സംഭവവികാസമാണിത്.ഹിന്ദുത്വ-ഇസ്ലാമിക തീവ്രവാദ ശക്തികള്‍ പരസ്പരം സഹകരിച്ചാണ് പ്രവര്‍ത്തിച്ചു വരുന്നത്.ഒന്നിനെ ചൂണ്ടിക്കാട്ടിയാണ് മറ്റൊന്ന് പ്രവര്‍ത്തിക്കുന്നത്.
ഇതിന് സമാനമായ ഒത്തുതീര്‍പ്പാണ് ഇരിട്ടി-പുന്നാട് മേഖലയില്‍ ഉണ്ടാക്കിയത്.ജനങ്ങള്‍ക്ക് ലക്ഷക്കണക്കിന് രൂപ നഷ്ടമുണ്ടാക്കിയ സംഭവങ്ങളിലെ കേസുകള്‍ എങ്ങനെയാണ് ഒത്തുതീര്‍ന്നത് എന്ന് മേല്‍പറഞ്ഞ രണ്ട് സംഘടനകളുടേയും നേതാക്കള്‍ വ്യക്തമാക്കണം.പോപ്പുലര്‍ ഫ്രണ്ടുകാര്‍ കൊലപ്പെടുത്തിയ അശ്വനികുമാറിന്‍റെയും സച്ചിന്‍ ദേവിന്‍റെയും കണ്ണവത്തെ ശ്യാമപ്രസാദിന്‍റേയും പേരുകള്‍ ആര്‍ എസ് എസ് നേതാക്കډാര്‍ വിസ്മരിക്കുന്നതായാണ് സംഘപരിവാര്‍ സംഘടനകളില്‍ നിന്ന് പോലും ഉയര്‍ന്ന് വന്ന ആക്ഷേപം.ഇതെല്ലാം കാണിക്കുന്നത് രണ്ട് മതതീവ്രവാദ ശക്തികള്‍ ജനങ്ങളെ കബളിപ്പിക്കുന്നു എന്നാണ്.
 
എന്‍ഡി എഫ് പ്രവര്‍ത്തകനായിരുന്ന തലശേരിയിലെ ഫസലിനെ കൊലപ്പെടുത്തിയത് ആര്‍ എസ് എസുകാര്‍ ആണെങ്കിലും അതിന്‍റെ ഉത്തരവാദിത്വം  സിപിഐഎമ്മിന്‍റെ ചുമലിലിട്ട് കൊലയാളികളായ ആര്‍ എസ് എസുകാരെ രക്ഷപ്പെടുത്താനാണ് പോപ്പുലര്‍ ഫ്രണ്ടുകാര്‍ ശ്രമിച്ചതെന്നും നേരത്തെ വ്യക്തമായതാണ്.അതേ പോലെ പോപ്പുലര്‍ ഫ്രണ്ടുകാര്‍ വധിക്കാന്‍ ശ്രമിച്ച ബിജെപി കണ്ണൂര്‍ മണ്ഡലം വൈസ് പ്രസിഡന്‍റ് സുശീല്‍ കുമാറിന്‍റെ കേസില്‍ യഥാര്‍ത്ഥ  പ്രതികളായ പോപ്പുലര്‍ ഫ്രണ്ടുകാരെ രക്ഷിക്കാനും സംഭവം സിപിഐ എമ്മിന്‍റെ ചുമലിലിടാനും വേണ്ടി  പ്രക്ഷോഭം നടത്തിയവരാണ് ബിജെപിക്കാര്‍.പോലീസ് സമര്‍ത്ഥമായി അന്വേഷണം നടത്തിയതിന്‍റെ ഫലമായാണ് കേസിലെ യഥാര്‍ത്ഥ പ്രതികളായ പോപ്പുലര്‍ ഫ്രണ്ടുകാര്‍ അറസ്റ്റിലായത്. ഇതൊന്നും ഈ നാട്ടിലെ ജനങ്ങള്‍ മറന്നിട്ടില്ല.
 
ഈ രണ്ട് മതതീവ്രവാദ ശക്തികളും നടത്തുന്ന വഞ്ചനാപരമായ നിലപാട് അതിന്‍റെ അണികള്‍ തീര്‍ച്ചയായും തിരിച്ചറിയുമെന്നും പി ജയരാജന്‍ പറഞ്ഞു.