ബഹു. ജില്ലാ കലക്ടര്‍
കണ്ണൂര്‍
 
സര്‍,
    കഴിഞ്ഞദിവസം മലയോര മേഖലയില്‍ ഉണ്ടായ കനത്ത മഴയെതുടര്‍ന്ന് വന്‍തോതിലുള്ള നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. പായം, അയ്യംകുന്ന് പഞ്ചായത്തുകളിലാണ് പ്രധാനമായും നാശനഷ്ടത്തിനിരയായിട്ടുള്ളത്. 16 വീടുകള്‍ പായം പഞ്ചായത്തിലും 2 വീട് അയ്യംകുന്ന് പഞ്ചായത്തിലും ഉരുള്‍പൊട്ടലിലും കുത്തൊഴുക്കിലുംപെട്ട് ഒഴുകിപോകുകയുണ്ടായി. 2 പേര്‍ ഒഴുക്കില്‍പെട്ട് മരണമടയുകയുണ്ടായി. 30 ഓളം വീടുകള്‍ക്ക് ഭാഗിഗമായ നാശനഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്. കൂട്ടുപുഴ- മാക്കൂട്ടം  റോഡ് തകര്‍തിനെ തുടര്‍ന്ന് ഗതാഗതം നിര്‍ത്തിവെച്ചിരിക്കയാണ്. കൂടാതെ വ്യാപകമായ കൃഷിനാശവും സംഭവിക്കുകയുണ്ടായി. മേല്‍പറഞ്ഞ വീടുകളില്‍നിന്നുള്ളവരുടെ ആധാര്‍ കാര്‍ഡ്, ഐ.ഡി കാര്‍ഡ്, റേഷന്‍ കാര്‍ഡ് തുടങ്ങിയ ആധികാരിക രേഖകളും നഷ്ടപ്പെടുകയുണ്ടായി.
   താഴെപറയുന്ന കാര്യങ്ങളില്‍ സര്‍ക്കാറിന്‍റെ അടിയന്തര ഇടപെടലും പരിഹാരവും ഉണ്ടാവണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. 
1. വീടും സ്ഥലവും നഷ്ടപ്പെട്ട മുഴുവന്‍ കുടുംബങ്ങള്‍ക്കും വീട് നിര്‍മ്മാണത്തിന് വേണ്ടി പായം പഞ്ചായത്ത് മുന്‍കൈയ്യെടുത്ത്  സെന്‍റ് സ്ഥലം നാട്ടുകാരുടെ സഹായത്തോടെ കണ്ടെത്തിയിട്ടുണ്ട്. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പ്രസ്തുത സ്ഥലത്ത് ഫ്ളാറ്റും, തൊഴില്‍ സംരഭവും ആരംഭിക്കുന്നതിമ്പാക്കേജ് തയ്യാറാക്കി വീട് നിര്‍മ്മാണം അടിയന്തിരമായും ആരംഭിക്കുക.
2. മരണപ്പെട്ടവരുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കുക.
3. ഭാഗികമായി നാശനഷ്ടം സംഭവിച്ച വീടുകള്‍ക്ക് അറ്റകുറ്റപ്പണിക്ക് ആവശ്യമായ സാമ്പത്തികസഹായം അനുവദിക്കുക.
4. കാലവര്‍ഷത്തെ തുടര്‍ന്ന് തകര്‍ന്ന കൂട്ടുപുഴ- മാക്കുട്ടം റോഡ് ഗതാഗത യോഗ്യമാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുക. 
5. കൃഷിനാശം സംഭവിച്ച ഭൂവുടമകള്‍ക്ക് മതിയായ നഷ്ടപരിഹാരം അനുവദിക്കുക. 
6. നഷ്ടപ്പെട്ട ആധികാരിക രേഖ അടിയന്തരമായി ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുക. (ആധാര്‍കാര്‍ഡ്, റേഷന്‍ കാര്‍ഡ്, ഐഡന്‍റിറ്റി കാര്‍ഡ്). 
7. പുനരധിവാസ കേമ്പുകളിലേക്ക് മാറ്റി താമസിച്ചവര്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കുക.
8. വീട് നിര്‍മാണം പൂര്‍ത്തിയാക്കുന്നത് വരെ വാടക വീടുകളില്‍ താമസിക്കുന്നവര്‍ക്ക് വീട്ടുവാടക അനുവദിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുക. 
 
ബഹുമാനപൂര്‍വ്വം
സെക്രട്ടറി 
സി.പി.ഐ(എം), കണ്ണൂര്‍ ജില്ലാ കമ്മിറ്റി
 
പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സഖാക്കള്‍ എം. പ്രകാശന്‍ മാസ്റ്റര്‍, പി. ഹരീന്ദ്രന്‍ എന്നിവര്‍ ജില്ലാ കലക്ടര്‍ക്ക് നിവേദനം സമര്‍പ്പിച്ചു. അടിയന്തിര നടപടികള്‍ സ്വീകരിക്കാമെന്ന് ജില്ലാ കലക്ടര്‍ നിവേദക സംഘത്തിന് ഉറപ്പ് നല്‍കി.