ആരാധാനാലയങ്ങളെ ചില രാഷ്ട്രീയ കക്ഷികൾ ദുരുപയോഗം ചെയ്യുന്നതിനെതിരെ അധികാരികൾ കർശന നടപടികൾ സ്വീകരിക്കണമെന്ന് സിപിഐ(എം) ആവശ്യപ്പെടുന്നു. ആരാധനാല യങ്ങളെ രാഷ്ട്രീയാവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുന്നത് 1988 ൽ പാർലമന്റ് പാസാക്കിയ ''മതസ്ഥാപനങ്ങൾ ദുരുപയോഗം തടയൽ (THE RELIGIOUS INSTITUTIONS (PREVENTION OF MISUSE) ACT, 1988 No. 41 OF 1988 ) നിയമപ്രകാരം ഗുരുതരമായ കുറ്റകൃത്യമാണ്.ഇത് 5 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് (25.05.2018) മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ പള്ളികളിൽ ഫണ്ട് പിരിവ് നടത്തിയത്. ഈ നിയമലംഘനത്തെ ചോദ്യം ചെയ്ത വിശ്വാസികളെ ലീഗുകാർ ക്രൂരമായി ആക്രമിക്കുകയും ചെയ്തു. പെരിങ്ങോം വയക്കര പഞ്ചായത്തിലെ പെടേന പള്ളിയിലും ഇതേ ആവശ്യം ഉന്നയിച്ച വിശ്വാസികളെ ആക്രമിച്ചു. ചെങ്ങളായി പള്ളിയിൽ വിശ്വാസികളുടെ ശക്തമായ എതിർപ്പിനെ തുടർന്ന് പള്ളിക്കകത്ത് പിരിവ് നടന്നില്ല. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തരം കാര്യങ്ങളെ എതിർക്കാൻ വിശ്വാസികൾ തന്നെ മുന്നോട്ട് വരുന്നു എന്നത് സ്വാഗതാർഹമാണ്.

തളിപ്പറമ്പിനടുത്ത പൂവ്വം പള്ളിയിൽ ഫണ്ട് പിരിക്കുന്നത് തടയണമെന്ന് ഖത്തീബിന് വിശ്വാസികൾ മുൻകൂട്ടി എഴുതി നൽകിയിരുന്നു. എന്നാൽ ഖത്തീബ് ഇത് അവഗണിച്ച് നിയമവിരുദ്ധമായ ഫണ്ട് പിരിവിനെ പ്രോത്സാഹിപ്പിക്കുകയുമാണ് ചെയ്തത്. നിയമപ്രകാരം ഖത്തീബും ശിക്ഷാർഹമായ കുറ്റമാണ് ചെയ്തത്. പള്ളികളിൽ രാഷ്ട്രീയാവശ്യങ്ങൾക്ക് വേണ്ടി ഫണ്ട് പിരിച്ചവർക്കെതിരെയും അതിന് സഹായം നൽകിയവർക്കെതിരെയും പോലീസ് കേസെടുക്കണം. പെടേന പള്ളികമ്മിറ്റി സെക്രട്ടറി സർക്കാർ സ്‌കൂൾ അധ്യാപകനാണ്. അദ്ദേഹം വാട്‌സാപ്പിൽ തന്റെ നിയന്ത്രണത്തിലുള്ള പള്ളിയിൽ നിന്ന് ഇനിയും ലീഗിന് വേണ്ടി ഫണ്ട് പിരിവ് നടത്തുമെന്നും വെല്ലുവിളിക്കുകയാണ്.

സിപിഐ(എം) സാധാരണക്കാരിൽ നിന്ന് ഫണ്ട് ശേഖരിച്ച് രാഷ്ട്രീയപ്രവർത്തനം നടത്തുന്ന പ്രസ്ഥാനമാണ്. പാർട്ടി ആരാധനാലയങ്ങളിൽ നിന്ന് ഫണ്ട് പിരിക്കാറില്ല. ആരാധനാലയങ്ങളിൽ എത്തുന്ന വിശ്വാസികളിൽ നിന്നും ആരാധനാലയങ്ങൾക്ക് വെളിയിൽ വെച്ച് ഒട്ടേറെ സംഘടനകൾ പണം പിരിക്കാറുണ്ട്.എന്നാൽ കഴിഞ്ഞ ദിവസം മുസ്ലിം ലീഗുകാർ നടത്തിയത് അതിൽ നിന്നും വ്യത്യസ്തമായ നിലയിലുള്ള പിരിവാണ്.ഇതിനെതിരെ പ്രതികരിച്ച വിശ്വാസികളെ പള്ളിക്കകത്ത് വെച്ച് തന്നെ മാരകമായി അക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. വിശ്വാസികൾ വ്രതമെടുത്ത് മനശുദ്ധീകരണം നടത്തുന്ന റംസാൻ മാസത്തിലാണ് ലീഗുകാരുടെ ഈ പേക്കൂത്തുകൾ.

സിപിഐ(എം) അന്ന് തന്നെ ഇതിനെതിരെ പ്രതികരിച്ചിരുന്നു. തുടർന്ന് തിരിച്ചറിയൽ ശേഷിയി ല്ലാത്ത ലീഗുകാർ നവമാധ്യമങ്ങളിൽ ഉൾപ്പടെ ഹാലിളകി ഉറഞ്ഞു തുള്ളുകയാണ്. ഞങ്ങൾ ഇനിയും ഫണ്ട് പിരിക്കും എന്നാണ് അവർ ആക്രോശിക്കുന്നത്. മറ്റ് സംഘടനകൾ ഇതുപോലെ പള്ളികളിൽ ഫണ്ട് പിരിക്കാൻ വന്നാൽ എന്തായിരിക്കും ലീഗിന്റെ നിലപാടെന്ന് നേതൃത്വം വ്യക്തമാക്കണം.

നിയമവിരുദ്ധമായ ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് ലീഗ് പിൻവാങ്ങണം. ക്ഷേത്രങ്ങളിൽ ആർഎസ്എസ് പ്രവർത്തിക്കുന്നതും ഇതേ രീതിയിലാണ്. എന്നാൽ വിശ്വാസികളുടെ കടുത്ത എതിർപ്പിനെ തുടർന്ന് അവരുടെ അജണ്ട വിജയിച്ചില്ല. അതുപോലെ പള്ളികളിൽ നടത്തുന്ന ലീഗിന്റെ രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കാൻ വിശ്വാസികൾ തന്നെ മുന്നോട്ട് വരണമെന്നും സിപിഐ(എം) അഭ്യർത്ഥിക്കുന്നു