കണ്ണൂർ> ‘പ്രകൃതിയുടെ സംരക്ഷകരാവുക’ എന്ന മുദ്രാവാക്യവുമായി ജില്ലയിൽ സിപിഐ എം സംഘടിപ്പിക്കുന്ന വിപുലമായ പരിസ്ഥിതി സംരക്ഷണപ്രവർത്തനങ്ങൾ വിജയിപ്പിക്കുന്നതിന‌് സംഘാടകസമിതിയായി. കണ്ണൂർ എൻജിഒ യൂണിയൻ ഹാളിൽ പരിസ്ഥിതി പ്രവർത്തകരും സാമൂഹ്യ﹣- രാഷ‌്ട്രീയ മേഖലയിലെ  പ്രമുഖരുമുൾപ്പെടെ അണിനിരന്ന നിറഞ്ഞ യോഗത്തിലായിരുന്നു സംഘാടകസമിതി രൂപീകരണം. സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജൻ ഉദ‌്ഘാടനം ചെയ‌്തു.പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കണമെന്ന സിപിഐ എം സംസ്ഥാന സമ്മേളന തീരുമാനം മുൻനിർത്തിയാണ‌് ജില്ലയിൽ കക്ഷിരാഷ്ട്രീയത്തിനതീതമായി ജനങ്ങളെയാകെ അണിനിരത്തിയുള്ള പരിസ്ഥിതി സംരക്ഷണ ക്യാമ്പയിന‌് പാർടി തുടക്കം കുറിക്കുന്നത‌്. മെയ‌് ഏഴിന‌് ഏകദിന ശിൽപ്പശാലയോടെയാണ‌് തുടക്കം. കണ്ണൂർ മുനിസിപ്പൽ ഹയർസെക്കൻഡിറി സ‌്കൂളിൽ രാവിലെ പത്തിന‌് ആരംഭിക്കുന്ന ശിൽപ്പശാല ഡോ. കെ എൻ ഗണേശ‌് ഉദ‌്ഘാടനം ചെയ്യും. ഹരിതകേരള മിഷൻ വൈസ‌് ചെയർമാൻ ഡോ. ടി എൻ സീമ പങ്കെടുക്കും. തദ്ദേശസ്ഥാപന പ്രതിനിധികൾ, രാഷ‌്ട്രീയ പാർടി പ്രവർത്തകർ, ട്രേഡ‌് യൂണിയൻ, കർഷക, യുവജന, മഹിളാ, വിദ്യാർഥി സംഘടനാ പ്രവർത്തകൾ തുടങ്ങിയവർ പങ്കെടുക്കും. തുടർന്ന‌് മെയ‌് പതിനഞ്ചിനകം ജില്ലയിലെ മുഴുവൻ തദ്ദേശസ്ഥാപനങ്ങളിലും സമാന രീതിയിൽ ശിൽപ്പശാലകളും സെമിനാറുകളും സംഘടിപ്പിക്കും. പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ‌്റ്റ‌് വിപ്ലവകാരിയുമായിരുന്ന മൊയാരത്ത‌് ശങ്കരൻ രക്തസാക്ഷിദിനമായ  മെയ‌് 13ന‌്  ‘പുഴ അറിയാൻ’ യാത്ര. മയ്യഴി, അഞ്ചരക്കണ്ടി, വളപട്ടണം, കുപ്പം, പെരുമ്പ തുടങ്ങി ജില്ലയിലെ പ്രധാന നദികളിൽ യാത്രനടത്തും. തോടുകളും നീർച്ചാലുകളും മാലിന്യമുക്തമാക്കാനും സംരക്ഷിക്കാനുമുള്ള പ്രവർത്തനങ്ങളും ഏറ്റെടുക്കും. നായനാർ ദിനമായ 19നും 20നും ‘ക്ലീൻ കണ്ണൂർ’ എന്ന സന്ദേശവുമായി  പ്ലാസ‌്റ്റിക‌് മാലിന്യങ്ങൾ ശേഖരിച്ച‌് നീക്കം ചെയ്യും. പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന‌് ‘കണ്ണൂരിനൊരു ഹരിത കവചം’ എന്ന മുദ്രാവാക്യവുമായി ജില്ലയിൽ ഒരു ലക്ഷം ഫലവൃക്ഷത്തൈകൾ നടും. വെറുതെ നട്ടുപിടിപ്പിക്കുന്നതിനപ്പുറം ഇവയുടെ സംരക്ഷണപ്രവർത്തനങ്ങളും ഏറ്റെടുക്കുമെന്ന‌് പി ജയരാജൻ വ്യക്തമാക്കി. യോഗത്തിൽ സംസ്ഥാന കമ്മിറ്റി അംഗം കെ പി സഹദേവൻ അധ്യക്ഷനായി. റിട്ട. ഡിഎഫ‌്ഒ ഒ ജയരാജൻ, കണ്ടൽ ഗവേഷക ഡോ. പി ശ്രീജ, ശാസ‌്ത്രസാഹിത്യ പരിഷത്ത‌് ജില്ലാ സെക്രട്ടറി ഒ സി ബേബിലത, പരിസ്ഥിതി പ്രവർത്തകൻ സതീഷ‌് കുമാർ പാമ്പൻ, പി വി ഗോപിനാഥ‌് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറിയറ്റ‌് അംഗം   എൻ ചന്ദ്രൻ സ്വാഗതവും ജില്ലാ പഞ്ചായത്ത‌് പ്രസിഡന്റ‌് കെ വി സുമേഷ‌് നന്ദിയും പറഞ്ഞു. കണ്ണൂർ മേയർ ഇ പി ലത,  കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ഡോ. സുർജിത‌് കുമാർ, ഹരിതകേരള മിഷൻ ജില്ലാ കോ ഓർഡിനേറ്റർ ഇ കെ സോമശേഖരൻ എന്നിവരും സംബന്ധിച്ചു. ഭാരവാഹികൾ: എം പ്രകാശൻ(ചെയർമാൻ), മേയർ ഇ പി ലത, പ്രൊഫ. കെ ബാലൻ, ഡോ. ഖലീൽ ചൊവ്വ, ടി ഗംഗാധരൻ, എൻ ചന്ദ്രൻ, വത്സൻ പനോളി, സി സത്യപാലൻ, മൈഥിലി രമണൻ, സി കെ രമേശൻ(വൈസ‌് ചെയർമാൻമാർ), ജില്ലാ പഞ്ചായത്ത‌്കെ പ്രസിഡന്റ‌്  വി സുമേഷ‌്(ജനറൽ കൺവീനർ), ഡപ്യൂട്ടി മേയർ പി കെ രാഗേഷ‌്, കെ പി സുധാകരൻ, ഒ സി ബേബി ലത, എം വി ശശിധരൻ, എം വി സരള, വി കെ സനോജ‌്( കൺവീനർമാർ). മന്ത്രിമാരായ കെ കെ ശൈലജ, രാമചന്ദ്രൻ കടന്നപ്പള്ളി, പി കെ ശ്രീമതി എംപി, ഇ പി ജയരാജൻ എംഎൽഎ, എം വി ഗോവിന്ദൻ, കെ പി സഹദേവൻ എന്നിവർ രക്ഷാധികാരികളാണ‌്. 150 അംഗങ്ങളടങ്ങിയതാണ‌് സംഘാടകസമിതി എകിസ‌്ക്യൂട്ടീവ‌്. കെ വി സുമേഷ‌് കൺവീനറും കെ വി ഗോവിന്ദൻ ജോയിന്റ‌് കൺവീനറുമായി മോണിറ്ററിങ‌് കമ്മിറ്റിയും രൂപീകരിച്ചു.