കണ്ണൂരിലെ കമ്യൂണിസ്റ്റ് കരുത്തിനെ ദുർബലപ്പെടുത്താൻ നിരന്തരമായ ആക്രമണവും കൊലപാതകവുമാണ് ആർഎസ്എസ് അഴിച്ചുവിടുന്നത്. സംഘർഷം സൃഷ്ടിച്ച് സമാധാന അന്തരീക്ഷം തകർക്കുന്നതിന് പാർടിയുടെ ശക്തികേന്ദ്രങ്ങൾ തെരഞ്ഞുപിടിച്ച് മിന്നലാക്രമണം നടത്തുകയെന്ന ശൈലിയിലേക്ക് ക്രിമിനൽസംഘങ്ങളെ ആർഎസ്എസ് നേതൃത്വം കയറൂരിവിട്ടിരിക്കുകയാണ്. തുടർച്ചയായതും ഏകപക്ഷീയവുമായ ആക്രമണങ്ങളിലൂടെ നാടിനെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനാവുമോയെന്നാണ് നോക്കുന്നത്.

എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതോടെയാണ് ആർഎസ്എസ് അക്രമം ശക്തിപ്പെടുത്തുകയും കണ്ണൂർ ജില്ലയുടെ സമാധാനം തകർക്കാൻ കൊണ്ടുപിടിച്ച് ശ്രമം ആരംഭിക്കുകയും ചെയ്തത്. അക്രമവും കൊലപാതകവും നടത്തുന്ന ആർഎസ്എസ് തന്നെ തങ്ങളുടെ പ്രവർത്തകർക്ക് കണ്ണൂരിൽ രക്ഷയില്ലെന്ന് രാജ്യവ്യാപകമായി പ്രചരിപ്പിക്കുന്നു. രാജ്യത്തെ കമ്യൂണിസ്റ്റ്പ്രസ്ഥാനത്തിന്റെ കരുത്തൻ സാന്നിധ്യമുള്ള കണ്ണൂരിനെ കീഴടക്കിയാൽ കേരളം പിടിക്കാമെന്ന സംഘ്പരിവാർ ബുദ്ധികേന്ദ്രങ്ങളുടെ ആലോചനയിലാണ് കണ്ണൂരിനെ ലക്ഷ്യംവെച്ചുള്ള ആക്രമണപരമ്പരകൾ.

നിയമസഭതെരഞ്ഞെടുപ്പ് ഫലം പുറത്തുവരികയും എൽഡിഎഫ് അധികാരത്തിലെത്തുമെന്ന് ഉറപ്പാവുകയും ചെയ്തപ്പോഴാണ് പിണറായിയിൽ ആഹ്ലാദപ്രകടനത്തിന് നേരെ ബോംബെറിഞ്ഞ് രവീന്ദ്രനെ മൃഗീയമായി കൊലപ്പെടുത്തിയത്. പയ്യന്നൂർ കുന്നരുവിൽ ധനരാജ്, പാതിരിയാട് വാളങ്കിച്ചാലിൽ മോഹനൻ തുടങ്ങിയ പാർടിപ്രവർത്തകരെ ഒന്നിന് പിറകെ ഒന്നായി വകവരുത്തി. സിപിഐ എം എരഞ്ഞോളി കൊടക്കളം ബ്രാഞ്ചംഗം ശ്രീജൻബാബു, പുത്തൂർ ലോക്കൽകമ്മിറ്റി അംഗം ചെണ്ടയാട് കുനുമ്മലിലെ നൗഷാദ്, നൗഫൽ, മട്ടന്നൂർ അയ്യല്ലൂരിലെ ഡോ കെ ടി സുധീർ, കെ ശ്രീജിത്ത്, നെല്ലൂന്നിയിലെ സൂരജ് ഉൾപ്പെടെ കൊല്ലാക്കൊലക്ക് ഇരയായവരും അനവധിയാണ്. ജില്ലയിലെമ്പാടും ചെറുതും വലുതുമായ അക്രമപരമ്പരകൾ തന്നെയുണ്ടായി. ആർഎസ്എസ് അക്രമഫലമായി അംഗഭംഗം വന്ന എത്രയോ സഖാക്കൾ ജില്ലയുടെ നാനാഭാഗങ്ങളിലുണ്ട്.

പാനൂർ മേഖലയിൽ അരഡസനോളം പേരെയാണ് കഴിഞ്ഞ രണ്ട്മാസത്തിനിടയിൽ മാത്രം വധിക്കാൻ ശ്രമിച്ചത്. ഏറ്റവുമൊടുവിലത്തെ സംഭവമായിരുന്നു മൊകേരി പാൽസൊസൈറ്റി ജീവനക്കാരൻ ചന്ദ്രനെ കൂറ്റേരി കെസിമുക്കിൽവെച്ച് കാൽ വെട്ടിമാറ്റി കൊലപ്പെടുത്താനുള്ള ശ്രമം. കണ്ണൂരിൽ കലക്ടറുടെ സാന്നിധ്യത്തിൽ ഉഭയകക്ഷി സമാധാന ചർച്ച നടത്തിയതിന്റെ പിറ്റേദിവസം രാവിലെയാണ് ചന്ദ്രന് നേരെ കൊലക്കത്തിയുയർത്തിയത്. സമാധാനമെന്നത് ആർഎസ്എസിന്റെ അജണ്ടയിലുള്ള കാര്യമല്ലെന്നാണിതെല്ലാം വ്യക്തമാക്കുന്നത്.
ശാഖകളിലെ ആർഎസ്എസിന്റെ ആയുധപരിശീലനവും പ്രാഥമിക ശിക്ഷാവർഗുകളിലൂടെ ഓരോ വർഷവും നൽകുന്ന കൊലപാതക ശിക്ഷണവുമാണ് സിപിഐഎം പ്രവർത്തകർക്കു നേരെ പ്രയോഗിക്കുന്നത്. ജില്ല കടന്നെത്തുന്ന പ്രചാരക•ാരാണ് അക്രമം ആസൂത്രണം ചെയ്തു നടപ്പാക്കുന്നതെന്നത് ഇതിനകം പുറത്തുവന്ന കാര്യമാണ്. ജനാധിപത്യപരമായ പ്രവർത്തനമോ മെമ്പർഷിപ്പോ ഇല്ലാത്ത ഏക സംഘടനയാണ് ആർഎസ്എസ്. കണ്ണൂരിന്റെ സാമുഹ്യപുരോഗതിയിലും, സ്വാതന്ത്ര്യപ്രസ്ഥാനത്തിലും ഒരു പങ്കും വഹിച്ച സംഘടനയല്ല ആർഎസ്എസ് എന്നതും എല്ലാവർക്കും അറിയാം. ഗാന്ധിജിയെ വെടിവെച്ചു കൊന്നപ്പോൾ ആഹ്ലാദം പ്രകടിപ്പിച്ച് തിരുവങ്ങാട് അമ്പലപരിസരത്ത് മധുരംവിതരണംചെയ്തപ്പോഴാണ് ജനങ്ങളുടെ കരുത്ത് ആർഎസ്എസ് ആദ്യമായി അറിഞ്ഞത്. കമ്മ്യൂണിസ്റ്റ് പാർട്ടി പരസ്യ പ്രവർത്തനം ആരംഭിച്ച അതേ സന്ദർഭത്തിൽ തന്നെ ആർഎസ്എസിന്റെ പ്രവർത്തനവും തലശേരി തിരുവങ്ങാട് കേന്ദ്രമായി ആരംഭിച്ചതാണ്. നവോഥാനപ്രസ്ഥാനം ഉഴുതുമറിക്കുകയും ദേശീയപ്രസ്ഥാനത്തിന്റെയും കർഷക-തൊഴിലാളി സമരങ്ങളുടെയും ഫലമായി കരുത്താർജിക്കുകയും ചെയ്ത മതനിരപേക്ഷ മനസുള്ള കണ്ണൂരിലെ ജനങ്ങൾക്കിടയിൽ പക്ഷേ, ആർഎസ്എസിന് വേരുകളാഴ്ത്താൻ സാധിച്ചിട്ടില്ല.

അതേസമയം ജനങ്ങളുടെ സുഖദു:ഖങ്ങളിൽ ഇടപെട്ട് നാടിന്റെ അവകാശസമരങ്ങളെ മുന്നിൽ നിന്ന് നയിച്ച സിപിഐ എം കണ്ണൂരിലെ ഏറ്റവും സുശക്തമായ ബഹുജന വിപ്ലവപ്രസ്ഥാനമായി വളർന്നു. ഇതാണ് ആർഎസ്എസിനെ അസ്വസ്ഥമാക്കുന്നത്. ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ജനങ്ങളുടെ വിശ്വാസത്തെ മുതലെടുത്ത് നുഴഞ്ഞുകയറാൻ പലസന്ദർഭങ്ങളിലായി പരിശ്രമിച്ചെങ്കിലുംയഥാർഥവിശ്വാസികൾ ആർഎസ്എസിന്റെ വലയിൽ വീണില്ല. വർഗീയകലാപത്തിലൂടെ മതധ്രുവീകരണം സൃഷ്ടിച്ച് വർഗീയഅജണ്ട നടപ്പാക്കാൻ 1971 ഡിസംബർ അവസാനം ആരംഭിച്ച തലശേരികലാപത്തിലൂടെ ആർഎസ്എസ് ശ്രമിച്ചതാണ്. എന്നാൽ പള്ളിക്കും മുസ്ലിംവീടുകൾക്കും കാവൽ നിന്നും ചെങ്കൊടികെട്ടിയ വാഹനത്തിൽ സമാധാനത്തിനായി തെരുവിലിറങ്ങിയും സിപിഐഎം നേതാക്കളും പ്രവർത്തകരുടെയും സമയോചിതമായ ഇടപെടലിൽ ആർഎസ്എസ് പദ്ധതിപൊളിഞ്ഞു. അന്ന്മുതലാണ് സിപിഐ എമ്മിനോടുള്ള ആർഎസ്എസ് വിരോധം ശക്തിപ്പെട്ടത്.

ഇടതുപക്ഷപ്രസ്ഥാനത്തിന്റെ സുശക്തമായ സാന്നിധ്യം ഒന്നുകൊണ്ട് മാത്രമാണ് ഉത്തരേന്ത്യൻമോഡൽ ന്യൂനപക്ഷവേട്ടക്ക് അന്നും ഇന്നും ആർഎസ്എസിന് സാധിക്കാതെ വരുന്നത്. ചെറുകോൽപുഴ ബൈഠക്കിനെ തുടർന്നാണ് തലശേരി താലൂക്കിനെ ദത്തെടുത്ത് അക്രമത്തിന് ആർഎസ്എസ് അഖിലേന്ത്യാനേതൃത്വം കോടികൾ ഒഴുക്കിയത്. നമ്മുടെ പ്രിയപ്പെട്ട സഖാക്കളെ അവർ കൊന്നുതള്ളി. ആർഎസ്എസ് മേധാവി മോഹൻഭാഗവത് പങ്കെടുത്ത ചിറക്കൽബൈഠക്കിൽ കണ്ണൂർ ജില്ല കീഴടക്കാനും ക്ഷേത്രങ്ങൾ പിടിച്ചെടുക്കാനും പലവിധ പദ്ധതികൾ ആവിഷ്‌കരിച്ചു. എന്നാൽ ആർഎസ്എസ് പദ്ധതികളൊന്നും കണ്ണൂരിൽ വിലപ്പോവുന്നില്ലെന്ന് വന്നതോടെയാണ് വീണ്ടും അക്രമം ശക്തിപ്പെടുത്തുന്നത്.

കേന്ദ്രഭരണത്തെയടക്കം ഉപയോഗിച്ച് കണ്ണൂരിനെ രാജ്യത്തിന് മുന്നിൽ ഭീകരജില്ലയായി ചിത്രീകരിച്ച് അപമാനിക്കുകയാണിപ്പോൾ ആർഎസ്എസ്.ചുകപ്പ്ഭീകരതയെന്ന് മുദ്രകുത്തി ജാഥ നടത്തി സിപിഐഎം വിരുദ്ധഭ്രാന്ത് വളർത്തുന്നു. ആർഎസ്എസ് കുത്തിവെച്ച സിപിഐ എം വിരുദ്ധ ഭ്രാന്ത് തലക്കുപിടിച്ചവരാണ് ആയുധങ്ങളുമായി തെരുവിലിറങ്ങുന്നത്. സമാധാനഅന്തരീക്ഷം തകർത്ത് സംഘർഷം സൃഷ്ടിക്കുകയെന്ന ആർഎസ്എസ് അജണ്ടയുടെ ഭാഗമാണിതെല്ലാം. ശാഖകളിലെ ആയുധപരിശീലനം അവസാനിപ്പിക്കുകയും അക്രമം ആസൂത്രണംചെയ്യാൻ ജില്ലകടന്നെത്തുന്ന പ്രചാരകരെ നിയന്ത്രിക്കുകയും ചെയ്താലേ കണ്ണൂരിനെ ശാശ്വത ശാന്തിയിലേക്ക് നയിക്കാനാവൂ. ആർഎസ്എസ് അക്രമം അവസാനിപ്പിക്കാൻ മുഴുവൻ സമാധാനകാംക്ഷികളും ജനാധിപത്യവാദികളും യോജിച്ച് അണിനിരക്കണമെന്നും അക്രമികളെ ഒറ്റപ്പെടുത്തണമെന്നും സിപിഐഎം ജില്ലസമ്മേളനം അഭ്യർഥിക്കുന്നു

അവതരിപ്പിച്ചത്. പി. ഹരീന്ദ്രൻ