കണ്ണൂർ> മൂന്നു ദിവസമായി നടന്നുവരുന്ന സിപിഐ എം ജില്ലാ സമ്മേളനം തിങ്കളാഴ്ച 25000 റെഡ്‌വളണ്ടിയർമാർ അണിനിരക്കുന്ന മാർച്ചോടെയും ജനലക്ഷങ്ങളുടെ റാലിയോടെയും  സമാപിക്കും. ജവഹർ സ്‌റ്റേഡിയത്തിലെ 'ഇ കെ നായനാർ നഗറി'ൽ സമാപനസമ്മേളനം പാർടി പൊളിറ്റ് ബ്യൂറോ അംഗവും മുഖ്യമന്ത്രിയുമായ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 
 
പകൽ രണ്ടിന് സെന്റ് മൈക്കിൾസ് സ്‌കൂൾ മൈതാനിയിൽ നിന്നാണ് ചുവപ്പുവളണ്ടിയർ മാർച്ച് ആരംഭിക്കുക. കേന്ദ്രീകരിച്ച പ്രകടനമില്ല. പൊതുസമ്മേളനത്തിനെത്തുന്ന ബഹുജനങ്ങൾ താണയിലും എ കെ ജി ആശുപത്രിക്ക് സമീപവും വാഹനമിറങ്ങി ചെറുപ്രകടനങ്ങളായി സമ്മേളന നഗരിയിലേക്ക് നീങ്ങും. ജില്ലയിൽ സിപിഐ എമ്മിന്റെ കരുത്ത് വിളിച്ചോതുന്നതായിരിക്കും ബഹുജനറാലി. സ്‌റ്റേഡിയത്തിൽ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ചുവപ്പുസേനയുടെ ഗാർഡ് ഓഫ് ഓണർ ഏറ്റുവാങ്ങും. 
 
പൊതുസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ, പി കെ ശ്രീമതി, കെ കെ ശൈലജ, എ കെ ബാലൻ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ഗോവിന്ദൻ എന്നിവരും സംസാരിക്കും. അഴീക്കോട് 'ചെന്താരക'ത്തിന്റെ ഗാനമേളയും ഉണ്ടാകും.
 
ഞായറാഴ്ച പ്രവർത്തന റിപ്പോർട്ടിന്മേലുള്ള പൊതുചർച്ച പൂർത്തിയായി. 56 പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുത്തത്. ചർച്ചകൾക്ക് ജില്ലാ സെക്രട്ടറി പി ജയരാജനും മുഖ്യമന്ത്രി പിണറായി വിജയനും മറുപടി പറഞ്ഞു. തിങ്കളാഴ്ച രാവിലെ  പുതിയ ജില്ലാ കമ്മിറ്റിയെയും സെക്രട്ടറിയെയും സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുക്കും. ക്രഡൻഷ്യൽ കമ്മിറ്റി കൺവീനർ വി നാരായണൻ ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിക്കും. ഉച്ചയോടെ പ്രതിനിധി സമ്മേളനം സമാപിക്കും. 
 
സമ്മേളനത്തിന്റെ ഭാഗമായി ഞായറാഴ്ച വൈകിട്ട് സ്‌റ്റേഡിയം കോർണറിലെ 'എം ജയലക്ഷ്മി നഗറി'ൽ 'ഇടതുപക്ഷ ബദൽ- പ്രസക്തിയും പ്രാധാന്യവും' എന്ന വിഷയത്തിൽ നടന്ന സെമിനാർ സാംസ്‌കാരിക മന്ത്രിയും സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗവുമായ എ കെ ബാലൻ ഉദ്ഘാടനം ചെയ്തു. പി കെ ശ്രീമതി എംപി അധ്യക്ഷയായിരുന്നു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സിപിഐ ദേശീയ കൗൺസിൽ അംഗം സി എൻ ചന്ദ്രൻ, ജനതാദൾ എസ് ദേശീയ ജനറൽ സെക്രട്ടറി നീലലോഹിത ദാസൻ നാടാർ, ജനതാദൾ യു നേതാവ് വർഗീസ് ജോർജ്, ഐഎൻഎൽ നേതാവ് കാസിം ഇരിക്കൂർ എന്നിവർ സംസാരിച്ചു. എൻ ചന്ദ്രൻ സ്വാഗതം പറഞ്ഞു.