സി.പി.ഐ(എം) 22-ാം പാർട്ടികോൺഗ്രസ്സിന്റെ മുന്നോടിയായി നടക്കുന്ന കണ്ണൂർ ജില്ലാ സമ്മേളനം ജനുവരി 27 മുതൽ 29 വരെ കണ്ണൂർ ഇ.കെ. നായനാർ അക്കാഡമിയിൽ വെച്ച് നടക്കും. 2015 ജനുവരി 29,30, 31 തീയ്യതികളിൽ കൂത്തുപറമ്പിലായിരുന്നു കഴിഞ്ഞ ജില്ലാ സമ്മേളനം നടന്നത്. 3 വർഷക്കാലത്തെ ജില്ലയിലെ രാഷ്ട്രീയ-സംഘടനാ പ്രവർത്തനങ്ങളുടേയും ഇടപെടലുകളുടേയും വിലയിരുത്തലാണ് സമ്മേളനത്തിന്റെ പ്രധാന ദൗത്യം. ജില്ലയിലെ 18 ഏറിയകളിൽ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 410 പ്രതിനിധികളും 47 ജില്ലാ കമ്മറ്റി അംഗങ്ങളുമടക്കം 457 പേരാണ് സമ്മേളനത്തിൽ പ്രതിനിധികളായി പങ്കെടുക്കുക. പാർട്ടിയുടെ സംസ്ഥാന നേതാക്കൾ മുഴുവൻ സമയവും സമ്മേളനത്തിലുണ്ടാവും.

മൂന്ന് വർഷക്കാലയളവിൽ ജില്ലയിൽ സംഘടനാപരവും രാഷ്ട്രീയവുമായ മുന്നേറ്റം ഉണ്ടാക്കാൻ സി.പി.ഐ(എം)-ന് സാധിച്ചിട്ടുണ്ട്. കഴിഞ്ഞ സമ്മേളന സമയത്ത് ഉണ്ടായിരുന്നതിനേക്കാൾ 24 ലോക്കൽ കമ്മറ്റികളും 362 ബ്രാഞ്ചുകളും വർദ്ധിച്ചു.പാർട്ടി മെമ്പർഷിപ്പിൽ 7028 ന്റെ വർദ്ധനവാണുണ്ടായത്. നിലവിൽ ജില്ലയിൽ 18 ഏറിയാ കമ്മിറ്റികളും 218 ലോക്കൽ കമ്മിറ്റികളും 3685 ബ്രാഞ്ചുകളും പ്രവർത്തിക്കുന്നു. പാർട്ടി മെമ്പർമാരുടെ എണ്ണം 55641 ആണ്. ഇതിൽ 42143 പേർ പുരുഷന്മാരും 13498 പേർ വനിതകളുമാണ്. വനിതാ മെമ്പർഷിപ്പിൽ ശ്രദ്ധേയമായ പുരോഗതിയാണ് കൈവരിക്കാനായത്. ഇതിന് പുറമെ 3525 അനുഭാവി ഗ്രൂപ്പുകളും അതിലെല്ലാമായി 28486 അംഗങ്ങളും ഉണ്ട്. വർഗ്ഗ-ബഹുജന സംഘടനകളിൽ അണി നിരന്നവരുടെ എണ്ണത്തിലും നല്ല മുന്നേറ്റം ഉണ്ടാക്കാനായിട്ടുണ്ട്. കഴിഞ്ഞ സമ്മേളനം നടക്കുമ്പോൾ എല്ലാ സംഘടനകളിലുമായി 2611482 പേരാണുണ്ടായിരുന്നതെങ്കിൽ ഇപ്പോൾ മെമ്പർഷിപ്പ് 2619667 ആയി ഉയർന്നിട്ടുണ്ട്. പ്രക്ഷോഭ-സംഘടനാ പ്രവർത്തനങ്ങളിലെ പങ്കാളിത്തവും ഈ കാലയളവിൽ നല്ല നിലയിൽ വർദ്ധിച്ചിട്ടുണ്ട്.

മൂന്ന് വർഷത്തിനിടയിൽ നടന്ന 2 തെരഞ്ഞെടുപ്പുകളിലും നല്ല മുന്നേറ്റമാണ് സൃഷ്ടിക്കാനായത്. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്ക് നടന്നതെരഞ്ഞെടുപ്പിൽ തിളങ്ങുന്ന വിജയം നേടാനായി. ജില്ലയിലെ 71 ഗ്രാമ പഞ്ചായത്തുകളിൽ 52 ഉം ഭരിക്കുന്നത്ഇടതുപക്ഷ മുന്നണിയാണ്. പതിനൊന്ന് ബ്ലോക്ക് പഞ്ചായത്തുകളിലും എൽ.ഡി.എഫ് വിജയിച്ചു. ജില്ലാ പഞ്ചായത്ത് കൂടുതൽ പ്രാതിനിധ്യത്തോടെ നിലനിർത്തി. 9 മുൻസിപ്പാലിറ്റികളിൽ 6 എണ്ണത്തിലും വിജയിക്കാനായി. യു.ഡി.എഫിനായി രൂപീകരിച്ച ഇരിട്ടി മുൻസിപ്പാലിറ്റി ഇന്ന് ഭരിക്കുന്നത് എൽ.ഡി.എഫാണ്. കണ്ണൂർ കോർപ്പറേഷനിലെ വിജയം ചരിത്രത്തിൽ രേഖപ്പെടുത്താവുന്നതാണ്. മൃഗീയ ഭൂരിപക്ഷത്തോടെ യു.ഡി.എഫിന് വിജയിക്കാൻ കഴിയുന്ന തരത്തിലാണ് കോർപ്പറേഷൻ രൂപീകരിച്ചത്. എന്നാൽ കോർപ്പറേഷൻ ഭരണം എൽ.ഡി.എഫിന്റെ കൈകളിലാണ് എത്തിയത്. 150 വർഷത്തെ വികസന മുരടിപ്പിൽ നിന്ന് കണ്ണൂരിനെ രക്ഷപ്പെടുത്തുന്നതിന് തുടക്കം കുറിക്കാൻ 2 വർഷത്തെ കോർപ്പറേഷൻ ഭരണത്തിന് സാധിച്ചു. തദ്ദേശ ഭരണതെരഞ്ഞെടുപ്പിൽ പോൾ ചെയ്ത വോട്ടിന്റെ 50.58 ശതമാനം എൽ.ഡി.എഫ് നേടി.സമീപകാലത്ത് നടന്ന മട്ടന്നൂർ മുൻസിപ്പാലിറ്റി തെരഞ്ഞെടുപ്പിലെ വിജയം സംസ്ഥാനമാകെ ശ്രദ്ധിച്ചതാണ്. ഇതിനിടയിൽ നടന്ന തദ്ദേശസ്ഥാപന ഉപതെരഞ്ഞെടുപ്പുകളിലും നല്ല മുന്നേറ്റം ഉണ്ടാക്കാനായിട്ടുണ്ട്.

2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 11 സീറ്റുകളിൽ 8 സീറ്റും വിജയിച്ചു. 51.3 ശതമാനം വോട്ടും നേടി .ചരിത്രത്തിലാദ്യമായി കണ്ണൂർ അസംബ്ലി മണ്ഡലത്തിൽ വിജയിച്ചതും കൂത്തുപറമ്പ് മണ്ഡലംതിരിച്ച് പിടിച്ചതും വിജയത്തിന്റെ തിളക്കം വർദ്ധിപ്പിച്ചതാണ്. എൽ.ഡി.എഫ് മണ്ഡലങ്ങളിൽ പതിനായിരക്കണക്കിന് വോട്ടിനാണ് വിജയിച്ചതെങ്കിൽ യു.ഡി.എഫ് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. അതോടൊപ്പം മാഹി അസംബ്ലി മണ്ഡലത്തിൽ ഉജ്ജ്വലവിജയമാണ് നേടിയത്. യുഡിഎഫിന്റെ കുത്തക തകർക്കാനായി .നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം അധികാരത്തിൽ വന്ന എൽ.ഡി.എഫ് സർക്കാർ ജില്ലയുടെ സമഗ്ര വികസനത്തിനായുള്ള പദ്ധതികൾ ആരംഭിച്ചിരിക്കുകയാണ്. വിമാനത്താവള പ്രവർത്തി അവസാന ഘട്ടത്തിലെത്തി. അഴീക്കൽ തുറമുഖത്തിന് കമ്പനി രൂപീകരിച്ചു. 500 കോടിരൂപയാണ് ഇതിനായി നീക്കി വെച്ചിട്ടുള്ളത്. ജില്ലയിലെ ഗതാഗതകുരുക്ക് പരിഹരിക്കുന്നതിന് വൻ പദ്ധതികളാണ് പ്രഖാപിച്ചിരിക്കുന്നത്. ജില്ലാ ആശുപത്രി സൂപ്പർ സ്‌പെഷ്യാലിറ്റിയാക്കി ഉയർത്തുന്നതിന് 76 കോടി രൂപ അനുവദിച്ചു. ചെറുതും വലുതുമായ നിരവധി പദ്ധതികൾ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. വികസന പ്രവർത്തനങ്ങളെ അട്ടിമറിക്കുന്നതിന് മതാടിസ്ഥാനത്തിലും അല്ലാതെയുമുള്ള ചില തീവ്രവാദ ശക്തികൾ ശ്രമിക്കുകയാണ്.ഇതിനെതിരെ ജനങ്ങൾ ശബ്ദമുയർത്തേണ്ടതുണ്ട്.

ആർ.എസ്.എസ്, കോൺഗ്രസ് (ഐ), ലീഗ് എന്നിവരിൽ നിന്നും മറ്റ് പാർട്ടികളിൽ നിന്നുമായി നൂറു കണക്കിനാളുകൾ സി.പി.ഐ(എം)-ലേക്ക് കടന്നു വന്നതായിരുന്നുകഴിഞ്ഞ 3 കൊല്ലത്തെ അനുഭവം. സുധീഷ്മിന്നി, സി.വി. സുബഹ് എന്നിവർ ബിജെപി /ആർ.എസ്.എസിന്റെ പ്രമുഖ നേതാക്കളായിരുന്നു.മൂസ്സാൻകുട്ടി നടുവിൽ ലീഗിൽ നിന്നും അഡ്വ:കെ ജെ ജോസഫ് ,ഒ.വി. ജാഫർ എന്നിവർ കോൺഗ്രസിൽ നിന്നും വന്ന പ്രമുഖരാണ്. സിപി.ഐ(എം) ന്റെ രാഷ്ട്രീയ നിലപാടിലെ ശരിമയാണ് ഇതിന്റെഅടിസ്ഥാനം.

കഴിഞ്ഞ 3 വർഷത്തിൽ പകുതിയോളം കാലം യു.ഡി.എഫാണ് ഭരിച്ചിരുന്നത്. ആ കാലയളവിൽ കടുത്ത ഭരണകൂട ഭീകരതക്കാണ് ജില്ലയിലെ പാർട്ടി വിധേയമായത്. ജില്ലാ സെക്രട്ടറി പി ജയരാജന്റെ പേരിൽ യുഎപിഎ ചുമത്തി കള്ളക്കേസെടുത്ത് ജയിലിലടച്ചു.ജില്ലാ കമ്മറ്റിയംഗം ടി ഐ മധുസൂദനനെയും ഇതേ വകുപ്പ് ഉപയോഗിച്ച് കേസിൽ പെടുത്തി.ഫസൽ വധക്കേസിൽപെടുത്തി ജില്ലയ്ക്ക് വെളിയിലാക്കിയ സഖാക്കൾ കാരായി രാജനും ചന്ദ്രശേഖരനും ഇപ്പോഴും എറണാകുളത്ത് കഴിയുന്നു. ഫസൽ സംഭവത്തിന്റെ സത്യാവസ്ഥ പുറത്ത് വന്നിട്ടും ബി.ജെ.പിയുടെ സമ്മർദ്ദത്തെ തുടർന്ന് ഇആക തുടരന്വേഷണത്തിന് വിസമ്മതിക്കുകയാണ്.കേന്ദ്രത്തിൽ അധികാരത്തിൽ വന്നതോടെ ആർ.എസ്.എസ് ജില്ലയിൽ സി.പി.ഐ(എം) നെതിരായ ആക്രമണം ശക്തിപ്പെടുത്തുകയും വ്യാപിപ്പിക്കുകയും ചെയ്തു. കേന്ദ്രത്തിൽ നിന്നും പണം നേടുകയും മറ്റ് സംസ്ഥാനത്തിൽ നിന്നും ആയുധവും ക്രിമിനലുകളേയും കേന്ദ്രീകരിപ്പിക്കുകയും ചെയ്താണ് ആക്രമണം ശക്തമാക്കിയിരിക്കുന്നത്. 5 സി.പി.ഐ(എം) പ്രവർത്തകരെ മൃഗീയമായി കൊലപ്പെടുത്തി. പള്ളിച്ചാൽ വിനോദൻ (പൊയിലൂർ), ഓണിയൻ പ്രേമൻ (ചിറ്റാരിപ്പറമ്പ്), സി.വി. രവീന്ദ്രൻ (പിണറായി), സി.വി. ധനരാജ് (കുന്നരു), കെ.മോഹനൻ (പടുവിലായി) എന്നിവരാണ് കൊലചെയ്യപ്പെട്ടത്. യാതൊരു സംഘർഷവും ഇല്ലാത്ത ഘട്ടത്തിലും സ്ഥലത്തുമാണ് ഈ അരും കൊലകൾ നടത്തിയത്. പ്രവർത്തകരും അനുഭാവികളുമായ 274 പേർ മൃഗീയ ആക്രമണത്തിന് വിധേയമായി. ഇതിൽ 20 പേർ സ്ത്രീകളാണ്. പിണറായി വെണ്ടുട്ടായിയിൽ ആർ എസ് എസ് ബോംബേറിനെ തുടർന്ന് അസുഖ ബാധിതയായ സ:സരോജിനിയമ്മയും മരണപ്പെട്ടു.നിരവധി സഖാക്കളുടെ ജീവൻ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്, പലരും ജീവച്ഛവങ്ങളായി കഴിയുകയാണ്.

മൂന്ന് ഏറിയാ കമ്മിറ്റി ഓഫീസുകളും 7 ലോക്കൽ കമ്മിറ്റി ഓഫീസുകളും 46 ബ്രാഞ്ച് ഓഫീസുകളും 3 വർഷത്തിനിടയിൽ തകർത്തു. 102 വീടുകളും ആക്രമിച്ച് തകർത്തു. 24 വായനശാലകളും ആക്രമണത്തിന് വിധേയമായി.

3 വർഷത്തിനിടെ പാർട്ടി പ്രവർത്തകർക്കെതിരെ 1686 കേസുകൾ ചുമത്തപ്പെട്ടു. 5786 പ്രവർത്തകർ ജയിലിലടക്കപ്പെട്ടു.. സമാനതകളില്ലാത്ത ആക്രമണമായിരുന്നു ആർ.എസ്.എസ് അഴിച്ചുവിട്ടത്. യു.ഡി.എഫ് ഇതിന് പൂർണ്ണ പിന്തുണയും നൽകി. യു.ഡി.എഫ് സർക്കാർ ആർ.എസ്.എസ് നിർദ്ദേശ പ്രകാരണമാണ് ജില്ലയിൽ സി.പി.ഐ(എം) പ്രവർത്തകർക്കെതിരായ നടപടികൾ സ്വീകരിച്ചത്. ഈ പ്രതിസന്ധികളെ ബഹുജനങ്ങളെ അണിനിരത്തി ചെറുക്കുകയാണ് സി.പി.ഐ(എം) ചെയ്തത്. വർഗ്ഗീയ തീവ്രവാദ ശക്തികൾക്കെതിരെ സിപിഐ(എം) നടത്തുന്ന പ്രതിരോധം ബഹുജനങ്ങൾ അംഗീകരിച്ചിട്ടുണ്ട്. ആരാധനാലയങ്ങളെയും മതവിശ്വാസത്തേയും ഉപയോഗിച്ച് ഇവർ നടത്തുന്ന പ്രചരണങ്ങളും പ്രവർത്തനങ്ങളും തുറന്ന് കാണിക്കാൻ പാർട്ടി നടത്തിയ ഇടപെടലുകൾ ഫലം ചെയ്തിട്ടുണ്ട്.
ബ്രാഞ്ച് സമ്മേളനം മുതൽ അഭൂതപൂർവ്വമായ ബഹുജന മുന്നേറ്റമാണ് ദൃശ്യമായത്. ജനങ്ങൾ അത്യാവേശപൂർവ്വം സമ്മേളനങ്ങൾ ഏറ്റെടുക്കുകയാണ് ചെയ്തത്. ജില്ലാ സമ്മേളനം അതിന്റെ ഏറ്റവും ഉയർന്ന വേദിയാവും എന്നത് തീർച്ചയാണ്.

പ്രതിനിധി സമ്മേളനം പി.കെ.നാരായണൻ മാസ്റ്റർ നഗറിലും പൊതു സമ്മേളനം ഇ.കെ. നായനാർ നഗറിലും (സ്റ്റേഡിയം) ആണ് നടക്കുന്നത്. ജനുവരി 26-ന് പൊതുസമ്മേളന നഗറിൽ ഉയർത്താനുള്ള പതാക കരിവെള്ളൂർ രക്തസാക്ഷി നഗറിൽ നിന്നും കൊടിമരം തലശ്ശേരി ജവഹർഘട്ടിൽ നിന്നുംകൊണ്ടുവരും. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ സഖാക്കൾ ഒ.വി. നാരായണൻ നേതൃത്വം നൽകുന്ന പതാകജാഥ എം.വി.ജയരാജനും എം.പ്രകാശൻ മാസ്റ്റർ നേതൃത്വം നൽകുന്ന കൊടിമരജാഥ ടി.വി.രാജേഷ് എം.എൽഎയും ഉദ്ഘാടനം ചെയ്യും. ദീപശിഖ കൊണ്ടുവരുന്നത് കാവുമ്പായി രക്തസാക്ഷിസ്തൂപത്തിൽ നിന്നുമാണ്. കെ.എം.ജോസഫ് നേതൃത്വം കൊടുക്കുന്ന ജാഥ ജയിംസ് മാത്യു എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഇതിന് പുറമെ ജില്ലയിലെ 162 രക്തസാക്ഷികളുടെ സ്മാരക സ്തൂപങ്ങളിൽ നിന്നും ദീപശിഖകളെത്തും. പാർട്ടി ഏറിയാ നേതാക്കൾ നേതൃത്വം കൊടുക്കുന്ന ഈ ജാഥകളെല്ലാം വൈകുന്നേരും 5 മണിക്ക് കണ്ണൂർ കെ.എസ്.ആർ.ടി.സി പരിസരത്ത് കേന്ദ്രീകരിക്കും.തുടർന്ന് ടൗൺ ചുറ്റി സ്റ്റേഡിയത്തിൽ എത്തുന്നതോടെ സ്വാഗതസംഘം ചെയർമാൻ കെ.പി.സഹദേവൻ പതാക ഉയർത്തും.

പ്രതിനിധി സമ്മേളന നഗറിൽ ഉയർത്താനുള്ള പതാക പയ്യാമ്പലത്ത് നിന്നും ജനുവരി 27-ന് കാലത്ത് 8 മണിക്ക് കൊണ്ടുവരും. കെ.കെ. രാഗേഷ്. എംപിയുടെ നേതൃത്വത്തിൽ നടക്കുന്ന ജാഥ ടി. കൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളന നഗറിൽ ഒ.വി. നാരായണൻ പതാക ഉയർത്തും. കൃത്യം 10 മണിക്ക് പ്രതിനിധി സമ്മേളനം ആരംഭിക്കും. കേരളമുഖ്യമന്ത്രിയും പാർട്ടി പോളിറ്റ് ബ്യൂറോഅംഗവുമായ പിണറായി വിജയനാണ് സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത്. ഉദ്ഘാടന സമ്മേളനത്തിൽ ജില്ലയിലെ മുഴുവൻ രക്ത:സാക്ഷികളുടേയും ആദ്യകാല നേതാക്കളുടേയും കുടുംബാംഗങ്ങൾ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുക്കും. ഉദ്ഘാടന സമ്മേളനത്തിന് ശേഷംജില്ലാ സെക്രട്ടറി പി.ജയരാജൻ റിപ്പോർട്ട് അവതരിപ്പിക്കും. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ,കേന്ദ്ര കമ്മിറ്റി അംഗങ്ങളും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളുമായ സഖാക്കൾ എ വിജയരാഘവൻ, പി. കരുണാകരൻ എം.പി, ഇ.പി ജയരാജൻ, പി.കെ ശ്രീമതി ടീച്ചർ, വൈക്കം വിശ്വൻ, കെ.കെ ശൈലജ ടീച്ചർ, എ.കെ ബാലൻ, എളമരം കരീം, ആനത്തലവട്ടം ആനന്ദൻ, എം.വി ഗോവിന്ദൻ മാസ്റ്റർ, എം.എം മണി, ടി.പി രാമകൃഷ്ണൻ, കെ.ജെ ജോസഫ് എന്നിവർ മുഴുവൻ സമയവും സമ്മേളനത്തിൽ പങ്കെടുക്കും.

സമ്മേളന സമാപനം കുറിച്ച് 29 ന് നടക്കുന്ന വളണ്ടിയർ മാർച്ചിൽ 25,000 വളണ്ടിയർമാർ അണിനിരക്കും. സെന്റ്‌മൈക്കിൾസ് സ്‌കൂളിൽ നിന്നും കൃത്യം 2 മണിക്ക് മാർച്ച് ആരംഭിക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനം സ:പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സഖാക്കൾ കോടിയേരി ബാലകൃഷ്ണൻ ,ഇ.പി ജയരാജൻ, പി.കെ ശ്രീമതി ടീച്ചർ, കെ.കെ ശൈലജ ടീച്ചർ, എ.കെ ബാലൻ, എം.വി ഗോവിന്ദൻ മാസ്റ്റർ എന്നിവർ പ്രസംഗിക്കും. അഴീക്കോട് ചെന്താരകം അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും.
സമ്മേളനത്തോടനുബന്ധിച്ച് ജനുവരി 27, 28 തീയ്യതികളിൽ സ്റ്റേഡിയം കോർണറിൽ സെമിനാറുകൾ നടക്കുന്നുണ്ട്. 27-ന് 5 മണിക്ക് മാധ്യമ സെമിനാർ വി.ശശികുമാർ ഉദ്ഘാടനം ചെയ്യും. എം വി ഗോവിന്ദൻ മാസ്റ്റർ, ഭാസുരേന്ദ്ര ബാബു, എം വി നികേഷ് കുമാർ,പി എം മനോജ് എന്നിവർ പ്രസംഗിക്കും. സമ്മേളന പ്രചാരണ പ്രവർത്തനങ്ങളിൽ നിസ്വാർത്ഥമായി സഹകരിച്ച കലാകാരന്മാർക്ക് വൈകുന്നേരം 4 മണിക്ക് സ്റ്റേഡിയംകോർണറിൽ വെച്ച് ആദരവ് നൽകും.

28 ന് ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് നടക്കുന്ന സെമിനാർ മന്ത്രി എ കെ ബാലൻ ഉദ്ഘാടനം ചെയ്യും.പി കെ ശ്രീമതി എം പി അധ്യക്ഷത വഹിക്കും.''ജനപക്ഷ ബദൽ പ്രസക്തിയും പ്രാധാന്യവും'' എന്നതാണ് വിഷയം.മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, സി എൻ ചന്ദ്രൻ, ഡോ:എ നീലലോഹിതദാസൻ നാടാർ, ഡോ:വർഗ്ഗീസ് ജോർജ്ജ്, കാസിം ഇരിക്കൂർ എന്നിവർ സംസാരിക്കും.

സിപിഐ(എം) കണ്ണൂർ ജില്ലാ സമ്മേളനം ചരിത്ര സംഭവമാക്കി മാറ്റുന്നതിന് മുഴുവനാളുകളുടേയും സഹായ സഹകരണങ്ങളും പങ്കാളിത്തവും ഉണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു.