എടയന്നൂരിലേ സംഘർഷത്തിന്റെ സാഹചര്യത്തിൽ നടന്ന സംഭവങ്ങളെ ചൂണ്ടിക്കാട്ടി സിപിഐ(എം) സേനയെ കുറിച്ച് കുറിച്ച് പ്രസ്താവനയിറക്കുന്ന ഡിസിസി പ്രസിഡന്റ് എന്ത് കൊണ്ട് ആർ എസ് എസുകാർ ഏകപക്ഷീയമായി കോൺഗ്രസ്സുകാരെ ആക്രമിച്ചപ്പോൾ ഒരു സേനയെ കുറിച്ചും പ്രസ്താവന ഇറക്കിയില്ലെന്നു സിപിഐ(എം) ജില്ലാ സെക്രട്ടറി പി ജയരാജൻ ചോദിച്ചു.
 
എടയന്നൂർ ഗവൺമെന്റ് ഹയർസെക്കന്ററി സ്‌കൂളിൽ എസ് എഫ് ഐ യുടെ പതാക ഒരു യൂത്ത് കോൺഗ്രസുകാരൻ പരസ്യമായി നശിപ്പിച്ചതാണ് സംഘർഷങ്ങളുടെ തുടക്കം.
ഇങ്ങനെ ചെയ്ത യൂത്ത് കോൺഗ്രസ്സുകാരനെ കയ്യോടെ എസ് എഫ് ഐ പ്രവർത്തകന്മാർ പിടികൂടി.ഇതേ തുടർന്നാണ് ചില നിർഭാഗ്യകരമായ സംഭവങ്ങൾ ഉണ്ടായത്.ഇത്തരം സംഭവത്തിന്റെ തുടക്കം കുറിച്ച യൂത്ത് കോൺഗ്രസ്സുകാരനെ തള്ളി പറയുന്നതിന് പകരം ഡിസിസി പ്രസിഡന്റ് സിപിഐ എമ്മിനെ കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രസ്താവന പുറപ്പെടവിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.
 
യാതൊരു സംഘർഷവും ഇല്ലാതിരുന്ന പ്രദേശങ്ങളിൽ ആർ എസ് എസുകാർ കോൺഗ്രസ്സുകാരേ മൃഗീയമായി ആക്രമിച്ചിട്ടുണ്ട്.അതിൽ പെട്ടതായിരുന്നു പാട്യം പത്തായക്കുന്നിൽ സുകുമാരൻ മാസ്റ്റർ എന്ന കോൺഗ്രസ്സ് നേതാവിനെ  ആർ എസ് എസ്  വെട്ടി കൊല്ലാൻ ശ്രമിച്ച സംഭവം.  കഴിഞ്ഞ ദിവസം കടമ്പൂരിൽ കോൺഗ്രസ്സ് ഓഫീസും ആർ എസ് എസുകാർ തകർത്തു.
 
രാജ്യത്തുടനീളം ന്യുനപക്ഷങ്ങളെയും ദളിതരെയും കമ്മ്യുണിസ്റുകാരെയും ഒരു സ്വകാര്യ സായുധ സേനയെ പോലെ ആർ എസ് എസുകാർ മൃഗീയമായി ആക്രമിക്കുകയാണ്.
എന്നാൽ ആർ എസ് എസ് എന്ന സ്വകാര്യ സായുധ സേനയെ കുറിച്ച് പറയാൻ കോൺഗ്രസ്സ് നേതാവിന്റെ നാവ് ഉയരുന്നില്ല.അതെ സമയം ഇരുപക്ഷത്തും ഉള്ളവരെ പ്രതിചേർത്ത് പോലീസ് കേസെടുത്ത ഒരു സംഭവത്തെ ചൂണ്ടിക്കാണിച്ച് സിപിഐ(എം) സേനയെ കുറിച്ച് പ്രസ്താവന പുറപ്പെടുവിക്കുന്നത് ഏന്തടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണം.ഈ സമീപനം ചുവപ്പ് ഭീകരതയെന്നു മുദ്രകുത്തി സിപിഐ എമ്മിനെ ആക്രമിക്കുന്ന ആർ എസ് എസിനെ സന്തോഷിപ്പിക്കാനാണ്.
 
ഫാസിസ്റ് ശൈലിയിലുള്ള ആർ എസ് എസ് അക്രമത്തെ കുറിച്ച് ദീർഘകാലം  പ്രചാരകനായിരുന്ന ധർമ്മടം സ്വദേശി സുബഹ് തന്നെ ഇന്ന് (17.01.18) പത്ര സമ്മേളനം നടത്തി വ്യക്തമാക്കുകയുണ്ടായി. ഇത്തരമൊരു സാഹചര്യത്തിൽ കോൺഗ്രസ്സ് നേതാവിന്റെ പ്രസ്താവനയുടെ യഥാർത്ഥ ഉദ്ദേശം ജനങ്ങൾ തിരിച്ചറിയും.