മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മിന്നുന്ന വിജയം നൽകിയ നൽകിയ എല്ലാ വോട്ടർമാരെയും സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റ് അഭിവാദ്യം ചെയ്യുന്നു.
 
കഴിഞ്ഞ തവണ ആകെയുള്ള 34 സീറ്റുകളിൽ 20 എണ്ണത്തിൽ ജയിച്ച എൽ ഡി എഫ് ഇത്തവണ 35 അംഗ നഗരസഭയിൽ 28 സീറ്റുകൾ നേടി.കഴിഞ്ഞതവണ 14 സീറ്റുകൾ നേടിയ യുഡിഎഫിന് വെറും 7 സീറ്റുകൾ മാത്രമാണ് ലഭിച്ചത്.
 
നഗരസഭയിൽ പ്രാതിനിധ്യം ഉറപ്പിക്കുമെന്നു വീമ്പിളക്കിയ ബിജെപി ക്ക് ഒരു സീറ്റും ലഭിച്ചില്ല.അവർ ചില വാർഡുകളിൽ രണ്ടാം സ്ഥാനത്ത് എത്തിയത് കൊണ്ഗ്രസ്സുകാരുടെ ഔദാര്യത്തിലാണ്.മാത്രമല്ല 32 വാർഡുകളിൽ മത്സരിച്ച ബിജെപിക്ക് നിയമസഭാ തെരഞ്ഞെടുപ്പിൽ കിട്ടിയ വോട്ട് പോലും നേടാനായില്ല.
 
നിയമസഭ തെരഞ്ഞെടുപ്പിൽ 4083 വോട്ട് നേടിയ ബിജെപിക്ക് ഇത്തവണ 3236 വോട്ടാണ് ലഭിച്ചത്.847 വോട്ടുകൾ കുറഞ്ഞു.ബിജെപി രണ്ടാം സ്ഥാനത്ത് എത്തിയ ഏഴ് വാർഡുകളിൽ എൽ ഡി എഫ് സ്ഥാനാര്ഥികളാണ് വിജയിച്ചത്.
 
കോണ്ഗ്രസ്സ് വോട്ടുകൾ ബിജെപി സ്ഥാനാർഥികൾക്ക് നൽകിയതിന്റെ ഭാഗമായാണ് അവർ ചില വാർഡുകളിൽ രണ്ടാം സ്ഥാനത്ത് എത്തിയത്. ഇടവേലിക്കൽ വാർഡിൽ വിജയിച്ച എൽ ഡി എഫിന് 705 വോട്ടുകളാണ് ലഭിച്ചത്.രണ്ടാം സ്ഥാനത്ത് എത്തിയ ബിജെപിക്ക് 34 വോട്ടുകൾ ലഭിച്ചപ്പോൾ  ഈ വാർഡിൽ കോണ്ഗ്രസിന് ലഭിച്ചത് 29 വോട്ടുകൾ മാത്രമാണ്.
 
ഈ തെരഞ്ഞെടുപ്പ് ഫലത്തിന്റെ മറ്റൊരു പ്രത്യേക മുസ്ലിം ലീഗ് കേന്ദ്രങ്ങളിൽ ലീഗ് സ്ഥാനാർഥികൾ ദയനീയമായി പരാജയപ്പെടുകയും എൽ ഡി എഫ് വിജയിക്കുകയും ചെയ്തു എന്നുള്ളത്.
രാജ്യത്തിലെ രാഷ്ട്രീയ സംഭവ വികാസങ്ങളിൽ ഇടതുപക്ഷത്തിന്റെ പ്രസക്തി മുസ്ലിം ന്യൂനപക്ഷ വിഭാഗങ്ങൾ ഉൾക്കൊള്ളാൻ ആരംഭിച്ചിരിക്കുന്നു എന്നുള്ളതിന്റെ തെളിവ് കൂടിയാണിത്.
 
ഇന്ത്യൻ ജനാധിപത്യവും മതനിരപേക്ഷതയും സംഘപരിവാർ ശക്തികളാൽ വെല്ലുവിളിക്കപ്പെട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഇടതുപക്ഷമാണ് ശക്തിപ്പെടേണ്ടതെന്ന രാഷ്ട്രീയ സന്ദേശം ഈ തെരഞ്ഞെടുപ്പ് ഫലം നൽകുന്നുണ്ട്.അതോടൊപ്പം എൽ ഡി എഫ് സർക്കാരിനെതിരെ യു ഡി എഫും ബിജെപിയും നടത്തുന്ന അപവാദ പ്രചാരണങ്ങൾ ജനങ്ങൾ തള്ളിക്കളഞ്ഞിരിക്കുകയാണ്.
 
എൽ ഡി എഫിന്റെ തെരഞ്ഞെടുപ്പ് വിജയത്തിന് വേണ്ടി പ്രവർത്തിച്ച പ്രവർത്തകർക്കും വോട്ട് നൽകിയ എല്ലാ വോട്ടർമാർക്കും നന്ദി രേഖപ്പെടുത്തുന്നു.