ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടികൾക്ക് മൈക്ക് പെർമിഷൻ അനുവദിക്കാത്ത പോലീസ് നടപടി പ്രതിഷേധാർഹമാണ്. മതഭ്രാന്തന്മാരുടെ പ്രചരണങ്ങളെ സഹായിക്കുന്ന നിലപാടാണ് പോലീസ് ചെയ്തുകൊണ്ടിരിക്കുന്നത്.

മാവേലി നാടുവാണ കാലത്തെ ഓർമ്മിച്ച് കൊണ്ടാണ് മലയാളികൾ ഓണം ആഘോഷിക്കുന്നത്.എന്നാൽ ആർ എസ് എസു കാർമതഭ്രാന്ത് പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി പരമ്പരാഗതമായ ഈ സങ്കൽപ്പം അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്.അതിന്റെ ഭാഗമായാണ് ഓണം വാമനജയന്തിയാണെന്ന് അവർ വ്യാഖ്യാനിക്കുന്നത്. ജാതി-മത ഭേദമില്ലാതെ ഓണം ആഘോഷിക്കുന്ന മലയാളികളെ ഭിന്നിപ്പിക്കാനാണ് ഇതിലൂടെ അവർ ശ്രമിക്കുന്നത്. ഓണവുമായി ബന്ധപ്പെട്ട മഹാബലിയുടെ ഐതിഹ്യം സത്യമല്ലെന്നും ബ്രാഹ്മണനായ വാമനനെയാണ് വാഴ്‌ത്തേണ്ടതെന്നുമുള്ള വാദം ആർ എസ് എസിന്റെ സവർണ്ണ പ്രത്യയ ശാസ്ത്രമാണ് വ്യക്തമാക്കുന്നത്. വാമനന്റെ മുഖചിത്രമുള്ള കേസരിയുടെ ഓണപ്പതിപ്പിൽ  'തിരുവോണം വാമനജയന്തി'എന്ന ലേഖനത്തിൽ ആർ എസ് എസ് തങ്ങളുടെ അജണ്ട മറയില്ലാതെ പ്രഖ്യാപിച്ചിരിക്കുന്നു.ജാതി-മത വർഗീയത അടിസ്ഥാനമാക്കി ഇവർ നടത്തുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ മതനിരപേക്ഷത പുലരണമെന്ന് ആഗ്രഹിക്കുന്ന മുഴുവൻ ജനങ്ങളും പ്രതികരിക്കണം.

ഓണാഘോഷത്തിന് ശേഷം സെപ്തംബർ 16 നാണ് മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നുദ്‌ഘോഷിച്ച ശ്രീനാരായണഗുരു ജയന്തി. 21 നാണ് ശ്രീനാരായണഗുരു സമാധി. ഈ അവസരവും മതഭ്രാന്തിനെതിരായ പ്രചാരണത്തിനായി ഉപയോഗപ്പെടുത്തണം. ഇതിന് ക്ലബ്ബുകൾ, ഗ്രന്ഥാലയങ്ങൾ, മഹിളാസമാജങ്ങൾ തുടങ്ങി എല്ലാ സാംസ്‌കാരിക പ്രസ്ഥാനങ്ങളും മുന്നിട്ടിറങ്ങണം.

തില്ലങ്കേരിയിൽ ഒരു സിപിഐ(എം) പ്രവർത്തകന് നേരെ നടന്ന വധശ്രമത്തെ തുടർന്ന് ഒരു ആർ എസ് എസുകാരൻ കൊല്ലപ്പെട്ട സംഭവത്തെ ചൂണ്ടിക്കാണിച്ച് കൊണ്ട് തില്ലങ്കേരി പഞ്ചായത്തിലെ ജനങ്ങൾക്ക് ഓണാഘോഷം നടത്താൻ അനുമതി നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല. പോലീസിന്റെ ഇത്തരം നടപടികൾ വർഗീയ ശക്തികൾക്ക് പ്രോൽസാഹനമായി തീരുകയാണ്. അതിനാൽ തില്ലങ്കേരി പഞ്ചായത്തിലടക്കം ഓണാഘോഷപരിപാടികൾക്ക് അനുവാദം നൽകണമെന്ന് സിപിഐ(എം) ആവശ്യപ്പെടുന്നു.

പട്ടികജാതി ക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ സെപ്തംബർ 21ന് കണ്ണൂരിലും 22ന് തളിപ്പറമ്പിലും സംഘടിപ്പിക്കുന്ന സ്വാഭിമാൻ സംഗമം വിജയിപ്പിക്കാനും സി പി ഐ എം ജില്ലാ കമ്മറ്റി അഭ്യർത്ഥിക്കുന്നു. ഗുജറാത്തിലെ ദളിത് പ്രക്ഷോഭ നായകൻ അഡ്വ: ജിഗ്നേഷ് നട്‌വർലാൽ മേവാനിയും ഗുജറാത്ത് കലാപത്തിലെ വേട്ടക്കാരനും പിന്നീട് തെറ്റ് തിരിച്ചറിയുകയും ആത്മവിമർശനം നടത്തുകയും ചെയ്ത അശോക് മോച്ചിയും ഈ പരിപാടിയിൽ പങ്കെടുക്കും.