ആർഎസ്എസ് നേതാക്കളുമായി ചർച്ച ചെയ്ത് വോട്ട് കച്ചവടം നടത്തിയിട്ടുണ്ടെന്ന കെ സുധാകരന്റെ പുതിയ വെളിപ്പെടുത്തലിനെക്കുറിച്ച് കോൺഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറി പി ജയരാജൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഓൺലൈൻ പോർട്ടലായ 'സൗത്ത് ലൈവി'നു നൽകിയ അഭിമുഖത്തിലാണ് സുധാകരൻ ആർഎസ്എസുമായുള്ള വോട്ടുകച്ചവടം തുറന്നു സമ്മതിക്കുന്നത്.
തദ്ദേശതെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കു മുമ്പേ തന്നെ സുധാകരൻ താൻ പലഘട്ടങ്ങളിലും ആർഎസ്എസിനെ സഹായിച്ചിട്ടുണ്ടെന്ന് പരസ്യപ്രഖ്യാപനം നടത്തുകയുണ്ടായി. ഇപ്പോൾ വീണ്ടും സുധാകരൻ ആർഎസുമായുള്ള ഉറ്റബന്ധം അടിവരയിട്ട് വ്യക്തമാക്കിയിരിക്കയാണ്. ഫാസിസ്റ്റ് സ്വഭാവമുള്ള ആർഎസ്എസുമായി വോട്ട് കച്ചവടം നടത്തിയതിനെക്കുറിച്ച് സുധാകരന്റെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് നേതൃത്വം ജനങ്ങളോട് മാപ്പുപറയണം. അല്ലാത്തപക്ഷം മതനിരപേക്ഷതയെക്കുറിച്ച് പറയാൻ കോൺഗ്രസിന് യാതൊരു ധാർമികാവകാശവുമില്ലാതെ വരും.
പകൽ കോൺഗ്രസും രാത്രി ആർഎസ്എസുമായി പ്രവർത്തിക്കുന്ന കോൺഗ്രസ് നേതാക്കളുടെ കൂട്ടത്തിൽ ഒന്നാംസ്ഥാനക്കാരനാണ് സുധാകരനെന്ന് ഇപ്പോൾ വ്യക്തമായിരിക്കയാണ്. അതിനാൽ കോൺഗ്രസ് നേതൃത്വം ഇതേക്കുറിച്ചെല്ലാമുള്ള നിലപാട് പരസ്യപ്പെടുത്തണം. ആർഎസ്എസിന്റെ ഇസ്ലാമിക പതിപ്പായ എൻഡിഎഫിന്റെ വോട്ടും സ്വീകരിച്ചതായി സുധാകരൻ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതും കോൺഗ്രസ് നയമാണോ എന്ന് നേതൃത്വം വ്യക്തമാക്കണം- പി ജയരാജൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.