കണ്ണൂർ : ജില്ലയിലെ കോൺഗ്രസ് നേതൃത്വവും ആർ എസ് എസ് - ബി ജെ പി നേതൃത്വങ്ങളും ഒട്ടേറെ തവണ പരസ്പരം യോജിച്ച് പ്രവർത്തിച്ചിട്ടുണ്ടെന്ന് ബി ജെ പി യുടെ മുൻ ജില്ലാ സെക്രട്ടറി എ അശോകൻ പ്രസ്താവനയിൽ പറഞ്ഞു. 2005 ലെ അഴീക്കോട് - കൂത്തുപറമ്പ് ഉപതെരഞ്ഞെടുപ്പ് ഘട്ടത്തിൽ സ്ഥാനാർത്ഥികളെ നിർത്താതെ ആർ എസ് എസ് - ബി ജെ പി വോട്ടുകൾ മനസ്സാക്ഷിക്കനുസരിച്ച് ചെയ്യുവാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ ആർ എസ് എസ് നേതാക്കളായ വൽസൻ തില്ലങ്കേരി, പി പി സുരേഷ് ബാബു, അഡ്വ: കെ കെ ബൽറാം എന്നിവർ കോൺഗ്രസ്സ് നേതാവ് സുധാകരനുമായി കൂടിയാലോചിച്ച് മുഴുവൻ വോട്ടുകളും യു ഡി എഫ് സ്ഥാനാർത്ഥികൾക്ക് വിൽക്കുകയായിരുന്നു. അന്ന് ബി ജെ പി ജില്ലാ പ്രസിഡന്റായിരുന്ന സുകുമാരൻ മാസ്റ്ററെ ആർ എസ് എസ് തീരുമാനം അറിയിക്കുകയായിരുന്നു. ഇത് ബി ജെ പി യിൽ അഭിപ്രായവ്യത്യാസത്തിനിടയാക്കിയിരുന്നു. ആർ എസ് എസ്സുകാരായ ജയിൽ തടവുകാരുടെ പരോൾ കാര്യത്തിൽ സുധാകരനും കോൺഗ്രസ്സും ഒട്ടേറെ സഹായങ്ങൾ നൽകിയിട്ടുണ്ട്. ആർ എസ് എസ് നേതൃത്വത്തിൽ ബി ജെ പി അഖിലേന്ത്യാ നേതാവ് പ്രതാപ് റൂഡി പങ്കെടുത്ത് സി പി ഐ എം വിരുദ്ധ കൂട്ടായ്മ നടത്തിയപ്പോൾ അതിലെ മുഖ്യ പ്രാസംഗികൻ സുധാകരൻ ആയിരുന്നു. ആർ എസ് എസ് നേതൃത്വത്തിലുള്ള ഇരിട്ടിയിലെ സേവാകേന്ദ്രത്തിന്റെ തറക്കല്ലിടൽ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു സുധാകരൻ. ഇങ്ങനെയെല്ലാമാണെന്നിരിക്കെ സംഘപരിവാരം സൂധാകരന്റെയും കോൺഗ്രസ്സിന്റെയും സഹായം സ്വീകരിച്ചിട്ടില്ലെന്ന ബി ജെ പി ജില്ലാ പ്രസിഡന്റിന്റെ പ്രസ്താവന ജനങ്ങളെ കബളിപ്പിക്കലാണ്.