കണ്ണൂർ : ആർ എസ എസ്സിന്റെ മുൻ പ്രചാരകൻ സുധീഷ് മിന്നി നടത്തിയ വെളിപ്പെടുത്തലുകളെക്കുറിച്ച് ആർ എസ് എസ് നേതൃത്വം അവലംബിക്കുന്ന മൗനം ഉന്നയിക്കുന്ന ആക്ഷേപങ്ങൾ ശരിവെക്കുന്നതാണ്.

സി പി ഐ (എം) നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ഉൾപ്പെടെയുള്ളവരെ പ്രതിചേർത്ത ഫസൽ കൊലപാതകം ആർ എസ് എസ്സുകാർ നടത്തിയതാണെന്ന് സി പി ഐ (എം) നേരത്തെ പറഞ്ഞ കാര്യം സുധീഷും ശരിവെക്കുന്നു. മാത്രമല്ല ചില ആർ എസ് എസ്സുകാരുടെ ദുരൂഹമരണങ്ങൾക്ക് പിന്നിലും ആർ എസ് എസ്  ക്രിമിനലുകളാണെന്ന വെളിപ്പെടുത്തലുകളും അദ്ദേഹം നടത്തിയിട്ടുണ്ട്. ഇത് ശരിവെക്കുന്നതാണ് കഴിഞ്ഞ ദിവസം ബി ജെ പി മണ്ഡലം സെക്രട്ടറിയായിരുന്ന എരഞ്ഞോളിയിലെ വിനോദന്റെ അമ്മ പാറക്കണ്ടി വീട്ടിൽ അംബുജാക്ഷി നടത്തിയ പത്രസമ്മേളനം. 2005 മാർച്ച് 10-നു ബി ജെ പി പ്രവർത്തകനായ അശ്വിനികുമാർ എൻ ഡി എഫുകാരാൽ കൊല്ലപ്പെടുകയുണ്ടായി. ഇതേ തുടർന്നുള്ള തീയ്യതികളിൽ പുന്നാട്ടെ 38 വീടുകളാണ് അഗ്നിക്കിരയാക്കപ്പെട്ടത്. ഉദ്ദേശം 4 കോടി രൂപയുടെ സ്വർണ്ണാഭരണങ്ങളും പണവും മറ്റും ഇവിടെ നിന്ന് കവർച്ച ചെയ്യപ്പെട്ടു. പൂർണ്ണതോതിലുള്ള വർഗ്ഗീയ കലാപമാണ് അന്നിവിടെ നടന്നത്  നൂറോളം മുസ്ലിം കുടുംബങ്ങൾ ഒന്നടങ്കം ഈ പ്രദേശങ്ങളിൽ നിന്ന് ആട്ടിയോടിക്കപ്പെട്ടു. അന്ന് സി പി ഐ (എം) ഉൾപ്പെടെയുള്ള പാർട്ടികൾ ഇടപെട്ടതിനെ തുടർന്ന് സംസ്ഥാന സർക്കാർ കത്തി നശിച്ച വീടുകൾക്ക് 2 ലക്ഷം രൂപ വീതം നഷ്ടപരിഹാരം അനുവദിക്കുകയുണ്ടായി. എന്നാൽ ഈ അക്രമ സംഭവവുമായി ബന്ധപ്പെട്ട  കേസുകൾ തുടർന്നുവരികയായിരുന്നു. അശ്വിനികുമാറിന്റെ വധത്തെ തുടർന്നുള്ള തിരിച്ചടി ഒഴിവാക്കുന്നതിനും കേസുകൾ ഒത്തുതീർക്കുന്നതിനും ആർ എസ് എസ്സ്, എൻ ഡി എഫ് നേതാക്കളുമായി രഹസ്യ ചർച്ച നടന്നതായും അതിനായി ലക്ഷക്കണക്കിന് രൂപയുടെ പ്രതിഫലം ആർ എസ് എസ്സ് നേതാക്കൾ പറ്റിയതായും സുധീഷ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇത് ആർ എസ് എസ്സും മുസ്ലിം ലീഗും മാറാട് കലാപത്തെ തുടർന്ന് നടത്തിയ ഒത്തുതീർപ്പ് ചർച്ചയെ ഓർമ്മിപ്പിക്കുന്നതാണ്. ലക്ഷങ്ങളുടെ ഇടപാട് നടന്നതുകൊണ്ടാണ് മാറാട് സംഭവത്തെ തുടർന്നുള്ള മധ്യസ്ഥ ശ്രമത്തിൽ നിന്ന് തങ്ങൾ  പിൻവാങ്ങിയതെന്ന് അന്നത്തെ കോഴിക്കോട് പ്രസ് ക്ലബ് പ്രസിഡണ്ട് എൻ പി രാജേന്ദ്രൻ വ്യക്്തമാക്കിയിരുന്നു. 

പൂന്നാട്  ആർ എസ് എസ്-എൻ ഡി എഫ് നേതാക്കൽ തമ്മിൽ നേരിട്ടാണ് ചർച്ച നടത്തിയത്. ലക്ഷങ്ങൾ വാങ്ങി കേസുകൾ ഒത്തുതീർത്തു. അന്ന് ചാർജ് ചെയ്്ത കേസുകളിൽ മൂന്നെണ്ണമൊഴികെ ബാക്കിയെല്ലാം ഒത്തു രാജിയാക്കി. ഒരു ഭാഗത്ത് മുസ്ലിം വിരോധവും മറുഭാഗത്ത് ഹിന്ദു വിരോധവും പ്രചരിപ്പിച്ച് നാട്ടിലെ ജനങ്ങളെ തമ്മിലടിപ്പിക്കുന്ന ആർ എസ് എസ്സിന്റെയും എൻ ഡി എഫിന്റെയും കാപട്യമാണ് ഇതിലൂടെ വെളിവാക്കപ്പെടുന്നത്.

ജില്ലയിൽ ആർ എസ് എസ് നടത്തിയ പല കൊലപാതകങ്ങളുടെയും ഉള്ളറകൾ സുധീഷ് വെളിപ്പെടുത്തുന്നു. അതിലൊന്നാണ് കോൺഗ്രസ്സുകാരനായ ദീർഘദുര ഓട്ടക്കാരനായിരുന്ന ആയിത്തറയിലെ സത്യന്റെ കൊലപാതകം. ആയിത്തറയിലെ ഒരു ആർ എസ് എസ് നേതാവിന്റെ രഹസ്യ ബന്ധം മനസ്സിലാക്കിയതിനാലാണ് സത്യനെ കൊലപ്പടുത്തിയത്.

ഭക്തിയെയും, വിശ്വാസത്തെയും രാഷ്ട്രീയ നേട്ടത്തിനുവേണ്ടി ഉപയോഗപ്പെടുത്താൻ ആർ എസ് എസ് നടത്തുന്ന ആസൂത്രണങ്ങളെ പറ്റിയും സുധീഷ് വെളിപ്പെടുത്തുന്നുണ്ട്. യാഗങ്ങളും യജ്ഞങ്ങളും അതിന്റെ ഭാഗമാണ്.രക്ഷാബന്ധൻ പരിപാടിയും ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ശ്രീകൃഷ്ണ ജയന്തി ശോഭയാത്രയും ആർ എസ് എസ് വർഗ്ഗീയ പ്രവർത്തനത്തിന്റെ ഭാഗമാണെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. വടക്കെ മലബാറിലെ  വലിയൊരു വിഭാഗം ജനങ്ങളുടെ ആരാധനാമൂർത്തിയായ മുത്തപ്പന്റെ പേര് പറഞ്ഞ് പയ്യാവൂരിനടുത്ത് ഒരു ക്ഷേത്ര കോംപ്ലക്‌സ് പണിയാനും അവർ ആസൂത്രണം ചെയ്യുകയുണ്ടായി. ബി ജെ പി യുടെ വ്യവസായ സെല്ലിന്റെ ചുമതലയുള്ള റിഷി പൽപ്പുവിനോടൊന്നിച്ച് പറശ്ശിനിക്കടവ് മാതൃകയിൽ മുത്തപ്പൻ മഠപ്പുര പണിയാനാണ് ആസൂത്രണം നടന്നത്. ഭക്തിയുടെയും വിശ്വാസത്തിന്റെയും വ്യാപാരം മാത്രമല്ല വർഗ്ഗീയ വൽക്കരണവും ആർ എസ് എസ് ലക്ഷ്യമിടുന്നുണ്ടെന്നർത്ഥം. സംഘപരിവാറിന്റെ ഭാഗമായ ക്ഷേത്ര സംരക്ഷണ സമിതിയുടെ സമ്മേളനങ്ങൾ ക്ഷേത്ര കോമ്പൗണ്ടിനകത്ത് നടത്തുകയും അവിടെ നടത്തുന്ന പ്രഭാഷണങ്ങളിൽ അന്യമതവിരോധ പ്രചാരണം നടത്തുകയും ചെയ്യുക എന്നുള്ളത് അവരുടെ അജണ്ടയാണ്. ഇത് നിയമവിരുദ്ധമായ നടപടി കൂടിയാണ്. മത സ്ഥാപനങ്ങളുടെ  ദുരുപയോഗം തടയുന്നതിനുള്ള നിയമം ലംഘിച്ചുകൊണ്ട് ആരാധനാലയങ്ങളിൽ വർഗ്ഗിയ പ്രചരണം നടത്തുന്നത് ആർ എസ് എസ് ആയാലും എൻ ഡി എഫ് ആയാലും മുസ്ലിം ലീഗ് ആയാലും തടയുക തന്നെ വേണം മത നിരപേക്ഷ ശക്തികൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. 

ഞെട്ടിപ്പിക്കുന്ന മറ്റൊരു വെളിപ്പെടുത്തലും സുധീഷ് നടത്തുന്നുണ്ട് . ഇ പി ജയരാജൻ വധശ്രമ കേസിൽ പ്രതിയായ ആർ എസ് എസ് ക്രിമിനൽ  താൻ നടത്തിയ ഗൂഡാലോചന വെളിപ്പെടുത്താതിരിക്കാൻ കോൺഗ്രസ് നേതാവായ കെ സുധാകരൻ ആർ എസ് എസ് നേതൃത്വത്തിന് നൽകിയ ലക്ഷങ്ങൾ സംബന്ധിച്ചാണ് ഇത്. തലശ്ശേരിയിലെ ആർ എസ് എസ് കാര്യാലയം നിർമ്മിച്ചത് തന്നെ സുധാകരൻ നൽകിയ പണം കൊണ്ടാണെന്നാണ് സുധീഷ് വെളിപ്പെടുത്തുന്നത്. ഇതിലെല്ലാം പങ്കാളികളായ വത്സൻ, ശങ്കരൻ, തുടങ്ങിയ ആർ എസ് എസ് നേതാക്കളും സുധാകരൻ അടക്കമുള്ള കോൺഗ്രസ് നേതാക്കളും എൻ ഡി എഫ് നേതാക്കളും ജനങ്ങളോട് വസ്തുതകൾ തുറന്നുപറയാൻ തയ്യാറാവണമെന്ന് സി പി എം ആവശ്യപ്പെടുന്നു.