കണ്ണൂർ : തലശ്ശേരി നങ്ങാറത്ത് പീടികയിൽ ശ്രീനാരായണ ഗുരു പ്രതിമ തകർത്ത കേസിൽ ആർ എസ് എസ് കാര്യവാഹകനെയും മുഖ്യ ശിക്ഷകനെയും സംഘപരിവാർ നേതൃത്വം പോലീസ് സ്റ്റേഷനിൽ ഹാജരാക്കി, ജാമ്യത്തിൽ വിട്ട പോലീസ് നടപടി അത്യന്തം പ്രതിഷേധാത്മകമാണെന്നും സി പി ഐ (എം) ജില്ലാ സെക്രട്ടറി പി ജയരാജൻ പ്രസ്താവനയിൽ വ്യക്തമാക്കി.
ഞായറാഴ്ച്ച പുലർച്ചെയാണ് ശ്രീമുദ്ര സാംസ്‌കാരിക നിലയം ആക്രമിച്ച് സമൂഹമാകെ ആദരിക്കുന്ന ഗുരുവിന്റെ പ്രതിമ തകർത്ത് കുറ്റിക്കാട്ടിലെറിഞ്ഞത്. പോലീസ് അന്വേഷിച്ച് യഥാർത്ഥ പ്രതികളെ കണ്ടെത്തി അതിൽ ആർ എസ് എസ്സിന്റെ കാര്യവാഹക് വൈശാഖ്, മുഖ്യ ശിക്ഷക് റിഖിൽ, മറ്റൊരു ആർ എസ് എസ് ക്രിമിനലായ പ്രശോഭ് എന്നിവരെയാണ് പ്രതികളാക്കിയത് ഇതേത്തുടർന്ന് നേതൃത്വം ഈ പ്രതികളെ പോലീസിൽ ഹാജരാക്കുകയായിരുന്നു. നിസാര വകുപ്പുകൾ ഉൾപ്പെടുത്തി കേസ് എടുക്കുമെന്നുള്ള ഉറപ്പിനെത്തുടർന്നാണ് ഇത്തരമൊരു നാടകം നടന്നത്. യു ഡി എഫ് നേതൃത്വത്തിന്റെ നിർദ്ദേശത്തെ തുടർന്നാണ് ഇവർക്കെല്ലാം ജാമ്യം അനുവദിച്ചത് ഗുരു പ്രതിമ തകർക്കാൻ ഗൂഡാലോചന നടത്തിയ നേതാക്കളാണ് ഇവരെ ജാമ്യത്തിൽ ഇറക്കി കൊണ്ടുപോയത്.
സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് ആർ എസ് എസ് നേതാക്കൾക്കെതിരായി ഗൂഡാലോചന കേസ് ചാർജ് ചെയ്യണം. ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസ് എടുക്കണം.
ഗുരു പ്രതിമ തകർത്ത സംഭവത്തിന് ഉത്തരവാദികൾ ആർ എസ് എസ് നേതാക്കളാണെന്നറിഞ്ഞിട്ടും വെള്ളാപ്പള്ളിയെപ്പോലുള്ള നേതാക്കൾ പ്രതിഷേധിക്കാൻ പോലും തയ്യാറാവാത്തത് സംഘപരിവാരത്തിന്റെ തടവറയിൽ കഴിയുന്നതുകൊണ്ടാണ്. ഇത് ശ്രീനാരായണീയർ തിരിച്ചറിയണമെന്നും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.