കണ്ണൂർ : കലക്ടറുടെ നേതൃത്വത്തിൽ ജില്ലാ സമാധാന യോഗം നടന്ന ദിവസം തന്നെ സി പി ഐ (എം) പ്രവർത്തകന് നേരെ ബോംബെറിഞ്ഞ് സമാധാന ശ്രമം അട്ടിമറിക്കാൻ ആർ എസ് എസ്-ബി ജെ പി ക്രിമിനലുകൾ ശ്രമിക്കുകയാണ്. യോഗം നടന്ന് മണിക്കൂറുകൾക്കകമാണ് പാനൂർ-പാലക്കൂലിലെ വലിയപറമ്പത്ത് സനീഷിന് നേരെ വീടിന് മുന്നിൽ വെച്ച് ബോംബെറിഞ്ഞത്. അത്ഭുതകരമായാണ് സനീഷ് രക്ഷപ്പെട്ടത്. പിലാക്കൂലിൽ ഇത്തവണ വലിയ തോതിൽ ഓണാഘോഷം സംഘടിപ്പിച്ചിരുന്നു. ജാതി-മത-രാഷ്ട്രീയ ഭേദമന്യേ നൂറുകണക്കിനാളുകൾ ഇതിൽ പങ്കെടുക്കുകയുണ്ടായി. ഇതാണ് പരിപാടിയുടെ സംഘാടകനായ സനീഷിന് നേരെ ബോംബെറിയാൻ കാരണം. പോലീസിന് പരാതി നൽകിയെങ്കിലും ഇതുവരെ അക്രമികളെ അറസ്റ്റ് ചെയ്തിട്ടില്ല.
സപ്തംബർ 2-നു ഉച്ചക്ക് ശേഷം 3 മണിക്ക് പിണറായി-പുത്തംകണ്ടത്തെ എ കെ ജി വായനശാലക്ക് നേരെയും ആർ എസ് എസ്-കാർ ബോംബെറിഞ്ഞു. വെണ്ടുട്ടായി ക്വട്ടേഷൻ സംഘത്തിലെ ക്രിമിനലുകളാണ് ബോംബെറിഞ്ഞത്. വായനശാലയിൽ ഇരിക്കുകയായിരുന്ന യുവാക്കളെ ഭീഷണിപ്പെടുത്തിയതിനു ശേഷമാണ് ബോംബെറിഞ്ഞത്.
ജില്ലാ സമാധാന യോഗത്തിൽ വെണ്ടുട്ടായി ക്വട്ടേഷൻ സംഘത്തിന് ആർ എസ് എസ് നേതൃത്വം നൽകുന്ന സംരക്ഷണമാണ് ആ പ്രദേശത്തെ സമാധാനം തകർക്കുന്നത് എന്ന് സി പി ഐ (എം) പ്രതിനിധികൾ ചൂണ്ടിക്കാട്ടിയിരുന്നു. അതേ സംഘമാണ് ഇന്നത്തെ ആക്രമണം നടത്തിയത്. സമാധാന യോഗത്തിൽ ഉന്നയിച്ച കാര്യം യോഗത്തിൽ പങ്കെടുത്ത ആർ എസ് എസ് നേതാക്കൾ ക്വട്ടേഷൻ സംഘത്തെ അറിയിച്ചതാണ് ഈ ആക്രമണത്തിന് പ്രേരണയായത്. ജില്ലയിലെ ആർ എസ് എസ് നേതൃത്വത്തിന് ക്വട്ടേഷൻ സംഘവുമായുള്ള ബന്ധമാണ് ഇതിലൂടെ വെളിപ്പെടുന്നത്. ആർ എസ് എസ് നേതൃത്വം അറിഞ്ഞുകൊണ്ടാണ് ജില്ലയിലെ സമാധാനം തകർക്കുന്ന അക്രമണം പ്രാദേശിക ക്രിമിനലുകൾ നടത്തുന്നത് എന്നും ഇതോടെ വ്യക്തമായിരിക്കുകയാണ്.
സമാധാന യോഗത്തിന്റെ തീരുമാനം കാറ്റിൽ പറത്തി അക്രമങ്ങൾ തുടരാനാണ് ഭാവമെങ്കിൽ ജനങ്ങളെ അണിനിരത്തി ശക്തമായ പ്രതിരോധം ഉയർത്തും. ഈ സംഭവങ്ങളെക്കുറിച്ചുള്ള നിലപാട് ആർ എസ് എസ് നേതൃത്വം വ്യക്തമാക്കണം. ജില്ലാ ഭരണകൂടവും പോലീസും ആക്രമികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാൻ തയ്യാറാവണം.