കണ്ണൂർ : പരിയാരം സ്റ്റേഷനിലെ എസ് ഐ-.യെ അക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ലത്തീഫീന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ കൈക്കൊള്ളണമെന്ന്  സി പി ഐ (എം) ജില്ലാ സെക്രട്ടറി പി ജയരാജൻ ആവശ്യുപ്പെട്ടു.

അന്വേഷണ സംഘത്തോട്, തന്നിൽനിന്ന്  സാമ്പത്തിക ആനുകൂല്യം പറ്റിയ രാഷ്ട്രീയ നേതാക്കളുടെ പേര് വിവരം ലത്തീഫ് വെളിപ്പെടുത്തിയിട്ടുണ്ട്. അതിൽ ജില്ലയിലെ മുൻ എം പിയായ പ്രമുഖ കോൺഗ്രസ് നേതാവിനെതിരെയും ലീഗ് നേതാക്കളുടെയും പേരുകളും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് മനസിലാവുന്നത്. പോലീസിനെ പോലും കൊലപ്പെടുത്താൻ ശ്രമിക്കുന്ന ലത്തീഫിന്റെ നേതൃത്വത്തിലുള്ള മണൽ മാഫിയ സംഘങ്ങൾക്ക് ഇത്തരം രാഷ്ട്രീയ നേതാക്കളും ചില പോലീസ് ഉദ്യോഗസ്ഥന്മാരും പ്രതിഫലം പറ്റി തുണച്ചതിന്റെ ഫലമായാണ് 

പോലീസ് ഉദ്യോഗസ്ഥർ പോലും തുടർച്ചയായി അക്രമിക്കപ്പെടുന്ന നിലയുണ്ടായത്. അതിനാൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കുന്നതിന് ലത്തീഫിൽ നിന്നും പിടിച്ചെടുത്ത ഡയറി ഉൾപ്പെടെയുള്ള തെളിവുകളും മൊഴികളും കോടതിയിൽ ഹാജരാക്കണം. സാധാരണ ഗതിയിൽ ഇത്തരം നിയമലംഘനത്തിനെതിരെ കർശന നടപടിയെടുക്കേണ്ട പോലീസ് ഭരണ-രാഷ്ട്രീയ നേതൃത്വത്തെ ഭയന്ന് കേസ്  ഒതുക്കാനാണ് ശ്രമം ആരംഭിച്ചിട്ടുള്ളത്. 

മുമ്പ് എ എസ് പി-യെ അക്രമിച്ചതിനെ തുടർന്ന് സി പി ഐ (എം) ആഭിമുഖ്യത്തിൽ ഈ മണൽ മാഫിയ സംഘത്തിനെതിരെ നടത്തിയ പൊതുയോഗത്തെ തുടർന്ന് മുൻ എം പിയായ  കോൺഗ്രസ് നേതാവ് തന്നെയാണ് പരിയാരത്തെത്തി മണൽ മാഫിയ സംഘത്തെ ന്യായീകരിച്ചത്. പ്രാദേശിക കോൺഗ്രസ് നേതാവായ ഇമ്പ്രാഹിംകുട്ടി വഴിയാണ് ഈ കോൺഗ്രസ് നേതാവിന് മാസപ്പെടി നൽകിയതെന്ന് എന്നാണ് വ്യക്തമായിട്ടുള്ളത്.

മാഫിയ സംഘത്തിന് സഹായം നൽകിയ രാഷ്ട്രീയ ഉദ്യോഗസ്ഥ പ്രമുഖരെ രക്ഷപ്പെടുത്താനുള്ള നടപടിയെ ജനങ്ങൾ ശക്തമായി എതിർത്ത് പരാജയപ്പെടുത്തും. അതിനാൽ ലത്തീഫിന്റെ മാസപ്പെടി പറ്റുന്ന രാഷ്ട്രീയ നേതാക്കളുടെയും അത്തരം ഉദ്യോഗസ്ഥരുടെയും പേരിൽ കർശന നടപടികൾ സ്വീകരിക്കണമെന്ന് പ്രസ്താവനയിൽ ആവശ്യപ്പടുന്നു.