കണ്ണൂർ : ഈസ്റ്റ് പള്ളൂരിൽ സിപിഐ എം പ്രവർത്തകരെ കൂട്ടക്കൊല നടത്തി ജില്ലയെ കലാപ ഭുമിയാക്കാനുള്ള ആർഎസ്എസ്-ബിജെപി നീക്കത്തിൽ സിപിഐ എം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. സമാധാന യോഗങ്ങളിൽ പങ്കെടുത്ത് അക്രമം നടത്തില്ലെന്ന് ഉറപ്പ് കൊടുക്കുകയും പ്രകോപനമൊന്നും ഇല്ലാതെ മിന്നലാക്രമണം നടത്തുകയും ചെയ്യുന്ന ആർഎസ്എസ് നാടിന് ആപത്തായി മാറുകയാണ്.

പള്ളൂരിൽ യാതൊരുവിധത്തിലുള്ള സംഘർഷവും ഉണ്ടായിരുന്നില്ല. എന്നിട്ടും വർത്തമാനം പറഞ്ഞിരുന്ന സൃഹൃത്തുക്കളായ സിപിഐ എം ബ്രാഞ്ച് സെക്രട്ടറി കെ വി വിനോദൻ ഉൾപ്പടെ അഞ്ച്‌പേരെ കൊലപ്പെടുത്താനാണ് ബോംബും മാരാകായുധങ്ങളുമായെത്തിയ ക്രിമിനൽ സംഘം ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ വിനോദൻ, കെ സനിൽകുമാർ, കുട്ടേന്റവിട ബിജേഷ് എന്നിവർ കോഴിക്കോട് ആശുപത്രിയിൽ ചികിൽസയിലാണ്. യുവാക്കളെ കൊല്ലാനുള്ള ശ്രമം തടഞ്ഞ വിട്ടുടമസ്ഥൻ കുമാരൻ, പ്രമിൽകുമാർ എന്നിവർ പരിക്കുകളോടെ തലശേരി ആശുപത്രിയിലുമാണ്.

നാട്ടിൽസമാധാനം ആഗ്രഹിക്കാത്തവരാണ് ആർഎസ്എസ്-ബിജെപി സംഘമെന്ന് പള്ളൂരിലെ അക്രമത്തോടെ ഒരിക്കൽകൂടി തെളിഞ്ഞു. ഇവരുടെ ഗൂഢ നീക്കം ജനങ്ങൾ തരിച്ചറിയണമെന്നും ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു. ഭീകരാക്രമണം നടത്തുകയും ഒപ്പം കള്ളക്കഥകൾ പ്രചരിപ്പിക്കുകയുമാണ് ആർഎസ്എസ് നേതൃത്വത്തിലുള്ള സംഘപരിവാർ സ്ഥിരമായി ചെയ്യുന്നത്. നാട്ടിൽ ബോധപൂർവം കുഴപ്പം ഉണ്ടാക്കി അതിന്റെയെല്ലാം ഉത്തരവാദിത്വം സിപിഐ എമ്മിന്‌മേൽ ചാർത്തുന്ന ബിജെപി നേതൃത്വത്തിന് പള്ളൂരിലെ അക്രമത്തെക്കുറിച്ച് എന്ത് പറയാനുണ്ടെന്ന് അറിയാനും ജനങ്ങൾക്ക് താൽപര്യം ഉണ്ട്. ജനങ്ങളിൽ വർഗീയത ഇളക്കിവിട്ട് സമാധാനം തകർക്കാൻ ശ്രമിക്കുന്ന ചിദ്രശക്തികളെ തിരിച്ചറിയണമെന്നും ജില്ലാ കമ്മിറ്റി അഭ്യർഥിച്ചു.

മത തീവ്രവാദത്തിനെതിരെയും വിലക്കയറ്റം സൃഷ്ടിക്കുന്ന കേന്ദ്രനയങ്ങൾക്കെതിരെയുമുള്ള പ്രക്ഷോഭങ്ങൾ ശക്തിപ്പെടുത്താനും യോഗം തീരുമാനിച്ചു. സംസ്ഥാനകമ്മിറ്റി അംഗം എം വി ജയാരാജൻ അധ്യക്ഷനായി. കേന്രകമ്മിറ്റി അംഗം ഇ പി ജയരാജൻ, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എം വി ഗോവിന്ദൻ, ജില്ലാസെക്രട്ടറി പി ശശി എന്നിവർ സംസാരിച്ചു.