കണ്ണൂർ: വിയൂർ ജയിലിൽ ധർമ്മടം സ്വദേശിയായ സി പി ഐ (എം) പ്രവർത്തകനായ റനീഫിനെ ജയിൽ വാർഡൻമാർ തല്ലിച്ചതച്ചതിൽ സി പി ഐ (എം) ജില്ലാസെക്രട്ടറി പി ജയരാജൻ ശക്തമായി പ്രതിഷേധിച്ചു. ഇന്നലെ ഉച്ചയ്ക്ക് ജയിൽ സൂപ്രണ്ടിൽ നിന്നും അനുവാദം വാങ്ങി ജയിലിനകത്തെ പള്ളിയിൽ നിസ്‌കരിക്കാൻ പോകുന്ന അവസരത്തിലാണ് ഹെഡ് വാർഡൻ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ ഒരു സംഘം ജയിൽ വാർഡൻമാർ റനീഫിനെ ക്രൂരമായി തല്ലിച്ചതച്ചത്. 'നീ കമ്മ്യൂണിസ്റ്റ് മാപ്പിളയാണോ' എന്ന് ചോദിച്ചാണ് മർദ്ദനം നടത്തിയത്. സി പി ഐ (എം) തടവുകാർക്ക് പള്ളിയിൽ നിസ്‌കരിക്കാൻ പോലും അവകാശം ഇല്ലേ എന്ന് ഉമ്മൻചാണ്ടിയുടെ ഗവൺമെന്റ് വ്യക്തമാക്കണം. സി പി ഐ (എം) പ്രവർത്തകരായിട്ടുള്ള തടവുകാർക്ക് നിയമം അനുശാസിക്കുന്ന അവകാശങ്ങൾ പോലും നൽകാതിരിക്കുകയാണ് ഗവൺമെന്റ് ചെയ്യുന്നത്.

ജയിൽ നിയമപ്രകാരം വിയൂർ ജയിലിൽ സ്ഥിരം കുറ്റവാളികളായ ശിക്ഷ തടവുകാരെയാണ് പാർപ്പിക്കേണ്ടത്. എന്നാൽ സി പി ഐ (എം)നെ വേട്ടയാടുന്നതിന്റെ ഭാഗമായി കണ്ണൂർ സെൻട്രൽ ജയിലിനെ ഇപ്പോൾ സ്ഥിരം കുറ്റവാളികളുടെ ജയിലായി ഉമ്മൻചാണ്ടി സർക്കാർ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് കണ്ണൂർ സെൻട്രൽ ജയിലിൽ തടവിൽ കഴിഞ്ഞ റനീഫിനെയും മറ്റ് സി പി ഐ (എം) പ്രവർത്തകരെയും വിയൂരിലേക്ക് മാറ്റിയത്. കേരളത്തിലെ ജയിലുകളിൽ മർദ്ദകവീരന്മാരുടെ താവളമാണ് വിയൂർ ജയിൽ. വിയൂർ ജയിലിൽ അവരാണ് റനീഫിനെയും മറ്റും മർദ്ദനത്തിനിരയാക്കിയത്. നിയമവിരുദ്ധമായ ഈ ജയിൽ മർദ്ദനം പുറത്ത് അറിഞ്ഞപ്പോഴാണ് വാർഡൻമാരെ ആക്രമിച്ചു എന്ന കള്ളക്കഥ ഉണ്ടാക്കിയത്. അതിനാൽ സി പി ഐ (എം) തടവുകാർക്ക് ആരാധനാസ്വാതന്ത്യം നിഷേധിക്കുകയും മർദ്ദിക്കുകയും ചെയ്ത ജയിൽ ഉദ്യോഗസ്ഥന്മാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ജില്ലാസെക്രട്ടറി പി ജയരാജൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.