കണ്ണൂർ: കണ്ണൂർ ജില്ലയിൽ പോലീസ് സ്വീകരിച്ചുകൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതവും പൈശാചികവുമായ നടപടികൾ അടിയന്തിരമായും അവസാനിപ്പിക്കണമെന്ന് സി പി ഐ (എം) കണ്ണൂർ ജില്ലാസെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സാമാന്യ മര്യാദകളുടെ എല്ലാ സീമകളും ലംഘിച്ചുകൊണ്ടാണ് കണ്ണൂരിലെ  പോലീസ് പെരുമാറികൊണ്ടിരിക്കുന്നത്. ഫീസ് വർദ്ധന പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് എസ്  എഫ് ഐയുടെ നേതൃത്വത്തിൽ നടത്തിയ സമരത്തിനെതിരെ മൃഗീയമായ വിദ്യാർത്ഥി വേട്ടയാണ് പോലീസ് നടത്തിയത്. പോലീസ് മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് പകരം സ്റ്റേഷനിലേക്ക് വലിച്ചിഴച്ച്  കൊണ്ടുപോവുകയാണ് പോലീസ് ചെയ്തത്. തലക്ക് ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ചുകിടക്കുന്ന വിദ്യാർത്ഥികളെയാണ് പാർട്ടി നേതാക്കന്മാർക്ക് കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ കാണാൻ കഴിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ് അവശനിലയിൽ അർദ്ധബോധാവസ്ഥയിലായ എസ് എഫ് ഐ ജില്ലാജോയന്റ് സെക്രട്ടറിയും  ബാലസംഘം സംസ്ഥാന സെക്രട്ടറിയുമായ വിജിനെ ഉടനെ ആശുപത്രിയിൽ എത്തിക്കണം എന്ന് നേതാക്കാന്മാർ ആവശ്യപ്പെട്ടു. ആശുപത്രിയിൽ അയക്കാൻ ഉത്തരവാദപ്പെട്ടവർ ആരും തയ്യാറാവാത്ത സാഹചര്യത്തിൽ പോലീസിന്റെ യാതൊരു എതിർപ്പും ഇല്ലാതെ നേതാക്കന്മാർ കുട്ടികളെ ആശുപത്രിയിൽ എത്തിക്കുകയാണുണ്ടായത.്  പോലീസിന്റെ അനുമതിയോടു കൂടിയാണ് ഗുരുതരമായി പരിക്കുപറ്റിയ കുട്ടികളുടെ ജീവൻ അപകടത്തിലാവുന്ന അവസ്ഥയിൽ കുട്ടികളെ ആശുപത്രിയിൽ എത്തിച്ചത്. പോലീസ് സ്റ്റേഷനിൽ നിന്നും പ്രതികളെ മോചിപ്പിച്ചുകൊണ്ടുപോയി  എന്ന കുറ്റം ചുമത്തി നേതാക്കാന്മാരുടെ പേരിൽ പോലീസ് കേസെടുത്തിരിക്കുയാണ്.

 

എൽ ഡി എഫ് ജില്ലാ കൺവീനർ സ: കെ പി സഹദേവൻ, പാർട്ടി ജില്ലാകമ്മിറ്റിയംഗം   വയക്കാടി ബാലകൃഷ്ണൻ തുടങ്ങിയ നേതാക്കന്മാരെ വീട്ടിൽ കയറി  അറസ്റ്റ് ചെയ്യാനുള്ള വൻസന്നാഹമാണ് പോലീസ് ഒരുക്കിയത്. എന്തെങ്കിലും കാരണം കണ്ടെത്തി പാർട്ടി നേതാക്കന്മാരെ ജയിലിലടക്കാൻ പോലീസ് നടത്തുന്ന നീക്കം രാഷ്ട്രീയ യജമാനന്മാരെ പ്രീതിപ്പെടുത്താനുള്ളതാണ്. കള്ളക്കേസിൽ പെടുത്തി പാർട്ടി നേതാക്കന്മാരെ അറസ്റ്റ് ചെയ്യാൻ നടത്തുന്ന നീക്കം ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കും. രാഷ്ട്രീയ യജമാനന്മാരെ പ്രീതിപ്പെടുത്താൻ കണ്ണൂരിലെ ചില പോലീസുദ്യോഗസ്ഥന്മാർ നടത്തുന്ന ദുരുപദിഷ്ടമായ നീക്കത്തിൽ നിന്നും പോലീസധികാരികൾ അടിയന്തിരമായും പിന്മാറണമെന്ന് സി പി ഐ (എം) ജില്ലാസെക്രട്ടറിയേറ്റ് ആവശ്യപ്പെടുന്നു.