കണ്ണൂർ: ഷുക്കൂർ കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്താൻ ഹാജരാകണമെന്ന നോട്ടീസ് പി ജയരാജനും ടി വി രാജേഷ് എം എൽ എക്കും നൽകും മുമ്പ് മാധ്യമങ്ങൾക്ക് വിവരം കൊടുത്ത പോലീസ് നടപടി നിയമവിരുദ്ധവും അധാർമ്മികവുമാണെന്നും സി പി ഐ (എം) ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു.

പോലീസിന്റെ കേസ് ഡയറിയിലെ വിവരങ്ങളും പ്രതികളുടെയും സാക്ഷികളുടെയും മൊഴികളും മാധ്യമങ്ങൾക്ക് പോലീസ് ചോർത്തികൊടുക്കുന്നുണ്ടെന്ന ആക്ഷേപം ശരിയാണെന്ന് ഇതോടെ തെളിഞ്ഞു.

ഏത് കാര്യങ്ങളും ആദ്യം മാധ്യമങ്ങൾക്ക് പോലീസ് ചോർത്തി നൽകുന്നു. ഇപ്രകാരം ചോർത്തി നൽകുന്നതാവട്ടെ വസ്തുതക്ക് നിരക്കാത്ത കാര്യങ്ങളാണ്താനും പിന്നീട് വാസ്തവ വിരുദ്ധമായ ഈ വിവരങ്ങൾക്കനുസരിച്ച് കേസ് തയ്യാറാക്കുന്നു. സി പി ഐ (എം) നു എതിരായി മാത്രമണ് ഇത്തരം നിയമവിരുദ്ധ ചെയ്തികൾ പോലീസിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത്.

ഷുക്കൂർ കേസുമായി ബന്ധപ്പെട്ട നോട്ടീസ് നേതാക്കൾക്ക് ആയക്കുന്നത് ജൂൺ 10-നാണ്. എന്നാൽ ജൂൺ 10-ന്റെ പത്രങ്ങളിൽ ചോദ്യം ചെയ്യൽ നോട്ടീസ് സംബന്ധിച്ച റിപ്പോർട്ട് വരികയുണ്ടായി. അതായത് 9-നു തന്നെ പോലീസ് പത്രങ്ങൾക്ക് വിവരം ചേർത്തി നൽകിയെന്ന് വ്യക്തം.

പോലീസിന് മൊഴി നൽകിയാൽ അതും മാധ്യമങ്ങളിൽ വരാനാണ് സാധ്യത. ആയതിനാൽ ചോദ്യം ചെയ്യൽ അഭിഭാഷകന്റെ സാന്നിധ്യത്തിലായിരിക്കണമെന്ന് പി ജയരാജൻ അന്വേഷണ ഉദ്യോഗസ്ഥന് രേഖാമൂലം എഴുതി നൽകി.

 

കോടതിയിൽ പോലീസ് നൽകിയ സത്യവാങ്ങ്മൂലത്തിലാവട്ടെ മാധ്യമങ്ങൾക്ക് ഒന്നും ചോർത്തി നൽകുന്നില്ലെന്നാണ്. പോലീസിന് മാത്രമറിയാവുന്ന വിവരങ്ങൾ എങ്ങിനെയാണ് മാധ്യമങ്ങളിൽ വരുന്നത്. പോലീസ് ചോർത്തി കൊടുക്കാതെ ഇത്തരം വിവരങ്ങൾ മാധ്യമങ്ങളിൽ വരുമോ. കേസ് അന്വേഷണം പോലൂം പ്രഹസനമാക്കുന്ന പോലീസിന്റെ നിയമവിരുദ്ധ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർത്തികൊണ്ടുവരണമെന്ന് സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.