ലശേരിയില്‍ 2014 ആഗസ്ത് 25ന് നടന്ന സമ്മേളനത്തില്‍ അഞ്ഞൂറ് സിപിഐ എം പ്രവര്‍ത്തകര്‍ പാര്‍ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നതാണ് മനോജിനെ കൊലപ്പെടുത്താനുള്ള പ്രകോപനമെന്നാണ് ആദ്യ കുറ്റപത്രത്തില്‍ സിബിഐ പറഞ്ഞത്. ആ ദിവസം തലശേരിയില്‍ അങ്ങനെയൊരു സമ്മേളനമേ നടന്നിരുന്നില്ല. സിബിഐയുടെ കെട്ടുകഥയോര്‍ത്ത് ജനങ്ങള്‍ ഊറിച്ചിരിച്ചു. അതുകൊണ്ടാകണം പി ജയരാജനെ പ്രതിചേര്‍ത്ത് ജനുവരി 21ന് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ തലശേരി സമ്മേളനം സിബിഐ വിഴുങ്ങിയത്. ആഗസ്ത് 24ന് കണ്ണൂരിലാണ് സമ്മേളനമെന്ന് തിരുത്തി. കണ്ണൂരിലെ ചെറിയൊരു സമ്മേളനത്തെ മുന്‍നിര്‍ത്തി മുഖം രക്ഷിക്കുകയായിരുന്നു സിബിഐ. ഇപ്പോള്‍ പി ജയരാജന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ച ഉത്തരവില്‍ ഹൈക്കോടതിയും സിബിഐ വാദം എടുത്തുകാട്ടുന്നു– 2014ല്‍ സിപിഐ എമ്മില്‍നിന്ന് നിരവധി പേര്‍ ബിജെപിയിലേക്ക് മാറിയതിനാല്‍ ജയരാജന് മനോജിനോട് വൈരാഗ്യമുണ്ടാകാമെന്ന്. 

സിബിഐപോലുള്ള ഏജന്‍സിക്ക് നീതിപീഠത്തെ എങ്ങനെ തെറ്റിദ്ധരിപ്പിക്കാന്‍ കഴിയുന്നുവെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് കോടതിയുടെ ഈ നിരീക്ഷണം. യഥാര്‍ഥത്തില്‍ സിപിഐ എമ്മില്‍നിന്ന് ബിജെപിയിലേക്കല്ല, ബിജെപി– ആര്‍എസ്എസ്സില്‍നിന്ന് സിപിഐ എമ്മിലേക്കാണ് പ്രവര്‍ത്തകര്‍ ഒഴുകിയത്. ബിജെപി ദേശീയ കൌണ്‍സില്‍ അംഗമായിരുന്ന ഒ കെ വാസുവും മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി എ അശോകനും ഉള്‍പ്പെടെയുള്ള നൂറുകണക്കിന് നേതാക്കളും പ്രവര്‍ത്തകരും കാവിരാഷ്ട്രീയം വെടിഞ്ഞ് ചെങ്കൊടി പ്രസ്ഥാനത്തെ നെഞ്ചേറ്റുകയായിരുന്നു. ദീര്‍ഘകാലം ആര്‍എസ്എസ് പ്രചാരകനായിരുന്ന സുധീഷ് മിന്നിയും ഇന്ന് സിപിഐ എമ്മിനൊപ്പമാണ്. 

ആര്‍എസ്എസ്സും കേന്ദ്രസര്‍ക്കാരും സിബിഐയും ഉള്‍പ്പെട്ട നീചമായ ഗൂഢാലോചനയുടെ ഇരയാണ് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍. ജയരാജനെ തുറുങ്കിലടയ്ക്കുന്നതിനുവേണ്ടിയാണ് കതിരൂര്‍ കേസില്‍ യുഎപിഎ വകുപ്പുകള്‍ ചേര്‍ത്തത്. തങ്ങള്‍ക്ക് തലവേദനയായ ജയരാജനെ രാഷ്ട്രീയമായി ഇല്ലാതാക്കാന്‍ ആര്‍എസ്എസ്സും ബിജെപിയും അന്നേ തീരുമാനിച്ചുറപ്പിച്ചിരുന്നു. മനോജ് കൊല്ലപ്പെട്ടതിന്റെ പിറ്റേന്ന് ആര്‍എസ്എസ് ജില്ലാ കാര്യകാരി നടത്തിയ വാര്‍ത്താസമ്മേളനം മുതല്‍ ഏറ്റവുമൊടുവില്‍ ജയരാജനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന നേതൃത്വം അമിത്ഷായ്ക്ക് അയച്ച കത്തുവരെയുള്ള കാര്യങ്ങള്‍ ആര്‍എസ്എസ് ഗൂഢാലോചനയുടെ സാക്ഷ്യപത്രങ്ങളാണ്.

2014 സെപ്തംബര്‍ ഒന്നിനാണ് ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍പ്രമുഖും കൊലപാതകമുള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ ഇളന്തോടത്ത് മനോജ് കൊല്ലപ്പെട്ടത്. പി ജയരാജനെ എങ്ങനെയും ജയിലിലാക്കാന്‍ തക്കം പാര്‍ത്തിരുന്ന ആര്‍എസ്എസ് ഇതിനെ അവസരമാക്കി മാറ്റി. ഉമ്മന്‍ചാണ്ടി സര്‍ക്കാരില്‍ സമ്മര്‍ദംചെലുത്തി എഫ്ഐആറില്‍തന്നെ യുഎപിഎ വകുപ്പുകള്‍ ചേര്‍ത്തു.

2014 സെപ്തംബര്‍ 26ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് കതിരൂരില്‍ പറന്നെത്തി. കേസ് സിബിഐ ഏറ്റെടുക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ആര്‍എസ്എസ്സില്‍നിന്നും കേന്ദ്രസര്‍ക്കാരില്‍നിന്നുമുള്ള നിരന്തര സമ്മര്‍ദത്തിനുവഴങ്ങി കേസ് സിബിഐക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിക്കുന്നു. നവംബര്‍ അഞ്ചിനുതന്നെ സിബിഐ അന്വേഷണം ഏറ്റെടുത്തു. ആര്‍എസ്എസ്സിന്റെ വിനീതദാസരായി സിബിഐ അധഃപതിക്കുന്നതാണ് പിന്നീട് കണ്ടത്. ജനലക്ഷങ്ങള്‍ക്ക് പ്രിയങ്കരനായ പൊതുപ്രവര്‍ത്തകനെ കൊടും കുറ്റവാളിയായി അവതരിപ്പിച്ച് കള്ളക്കേസില്‍ കുടുക്കുന്നത് കടുത്ത നീതിനിഷേധമാണ്; മനുഷ്യാവകാശ ലംഘനവും.

കെ ടി ശശി