എം സ്വരാജ്

സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ പേരില്‍ കഴിഞ്ഞദിവസം (സെപ്തംബര്‍ 3) ചില മലയാള പത്രങ്ങളില്‍ അച്ചടിച്ചുവന്ന ലേഖനം അത്യന്തം കൗതുകകരമായിരുന്നുവെന്ന് പറയാതിരിക്കാനാകില്ല. രമേശ് ചെന്നിത്തല കോണ്‍ഗ്രസ് നേതാവ് മാത്രമല്ല സംസ്ഥാന ആഭ്യന്തരമന്ത്രികൂടിയാണെന്ന വസ്തുത, ലേഖനത്തെ കൗതുകകരമെന്നതുപോലെ പരിഹാസ്യവുമാക്കുന്നു.

രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കെതിരായി എഴുതിയ ലേഖനം വായിച്ചുകഴിയുമ്പോള്‍ കേരളത്തിന്റെ ആഭ്യന്തരമന്ത്രി മറ്റേതോ സംസ്ഥാനത്ത് ജീവിക്കുന്ന ആളാണോ എന്ന് സംശയിച്ചുപോകും. തിരുവോണനാളില്‍ നടന്ന രണ്ട് കൊലപാതകങ്ങളെ അപലപിച്ചുകൊണ്ട് തുടങ്ങുന്ന ലേഖനത്തില്‍ മൂന്നരവര്‍ഷംമുമ്പ് നടന്ന ടി പി ചന്ദ്രശേഖരന്‍ വധത്തെക്കുറിച്ചും ഒരു പാരഗ്രാഫ് എഴുതിയിട്ടുണ്ട്. എന്നാല്‍, സമീപസമയത്ത് അരുംകൊല ചെയ്യപ്പെട്ട തൃശൂരിലെ സ്വന്തം പാര്‍ടി പ്രവര്‍ത്തകരുടെ കാര്യം മിണ്ടിയതുപോലുമില്ല! ഗ്രൂപ്പുതിരിഞ്ഞുള്ള കൊലപാതകങ്ങള്‍ രാഷ്ട്രീയ കൊലപാതകങ്ങളുടെ ഗണത്തില്‍പ്പെടില്ല എന്നുണ്ടോ? അതോ കൊല്ലപ്പെട്ട കോണ്‍ഗ്രസുകാരുടെ ജീവന് ഒരു വിലയുമില്ല എന്നാണോ?

അക്രമരാഷ്ട്രീയത്തിനെതിരെ മുതലക്കണ്ണീരൊഴുക്കുന്ന, സിപിഐ എം വിരുദ്ധശക്തികളുടെ പതിവുപല്ലവി പാടാനാണ് ആഭ്യന്തരമന്ത്രിയും ശ്രമിക്കുന്നത്. കൊലയാളിക്കും കൊല്ലപ്പെടുന്നവനും തുല്യനീതി വിധിക്കുന്ന കാപട്യം മാറ്റിവച്ച് വസ്തുതകളെ വിലയിരുത്താനുള്ള ആര്‍ജവമാണ് ചെന്നിത്തലയ്ക്ക് ഇല്ലാതെപോയത്. കേരളത്തില്‍ സമാധാനമുണ്ടാകാന്‍ ഒന്നാമതായി വേണ്ടത് ആര്‍എസ്എസ് ആയുധം താഴെവയ്ക്കണമെന്നതാണ്. ആളെക്കൊല്ലുന്നതിനുള്ള ആയുധപരിശീലനപരിപാടി അവസാനിപ്പിക്കാനും ആര്‍എസ്എസ് തയ്യാറാകണം. ഇക്കാര്യം പറയാതെ എല്ലാവരും കണക്കാണെന്ന മട്ടില്‍ ലേഖനമെഴുതിയതുകൊണ്ട് കാര്യമില്ല.

കമ്യൂണിസ്റ്റുകാരെ കൊന്നൊടുക്കുക എന്നത് ആര്‍എസ്എസിന്റെ പ്രഖ്യാപിതപരിപാടിയാണ്. ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ ചുരുക്കിയ കണക്കുപ്രകാരംതന്നെ പത്തുവര്‍ഷത്തിനിടയില്‍ 51 സിപിഐ എമ്മുകാര്‍ കൊല്ലപ്പെട്ടെന്ന് ആഭ്യന്തര മന്ത്രിക്ക് ലേഖനത്തില്‍ സമ്മതിക്കേണ്ടിവരുന്നുണ്ട്. കൊലപാതകങ്ങള്‍ സംഘടിപ്പിക്കുകയെന്ന മുഖ്യപ്രവര്‍ത്തനപരിപാടി ആര്‍എസ്എസ് നിര്‍ത്തലാക്കിയാല്‍ മാത്രമേ നാട്ടില്‍ സമാധാനമുണ്ടാകൂ. ഇക്കാര്യം പറയാന്‍ മന്ത്രിപദവിയും അധികാരമോഹവും തടസ്സമാകരുത്. 

കൊലപാതക രാഷ്ട്രീയത്തെക്കുറിച്ച് ലേഖനമെഴുതാനിരിക്കുമ്പോള്‍ ചെറിയൊരു ആത്മപരിശോധനയ്ക്കെങ്കിലും രമേശ് ചെന്നിത്തല തയ്യാറാകണമായിരുന്നു. പ്രതിയോഗികളെ കൊന്നൊടുക്കുന്നതില്‍ മുമ്പില്‍ നിന്നവരാണ് തങ്ങളെന്ന് മുന്‍ കെപിസിസി പ്രസിഡന്റുകൂടിയായ ആഭ്യന്തരമന്ത്രിക്ക് അറിയാതിരിക്കാനിടയില്ല. കേരള രാഷ്ട്രീയത്തെ ചോരയില്‍ മുക്കിയതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് അത്രയെളുപ്പമൊന്നും കോണ്‍ഗ്രസിന് കൈകഴുകാനാകില്ലെന്ന് ചെന്നിത്തല ഓര്‍ക്കണം.കെപിസിസി അധ്യക്ഷപദവിയില്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പേയിരുന്ന മൊയ്യാരത്ത് ശങ്കരനെ കൊന്നതാരാണെന്ന് ആഭ്യന്തര മന്ത്രിക്ക് അറിയില്ലേ? ഇന്ത്യയില്‍ ആദ്യമായി ഒരു എംഎല്‍എയെ വെടിവച്ചുകൊന്ന കേസിലെ ഒന്നാംപ്രതിയാണ് മന്ത്രിസഭയില്‍ തന്നോടൊപ്പം ഇരിക്കുന്ന സഹപ്രവര്‍ത്തകനെന്ന് ലേഖനമെഴുതിയ സമയത്ത് ചെന്നിത്തല ഓര്‍ത്തില്ലേ? നിയമസഭയില്‍ പ്രതിപക്ഷനിരയിലിരിക്കുന്ന എംഎല്‍എ ഇ പി ജയരാജന്റെ ശരീരത്തില്‍ ഇപ്പോഴും വെടിയുണ്ടകളുള്ള വിവരം അത്രവേഗം മറക്കാനാകുമോ? ആ വെടിയുണ്ടകള്‍ സമ്മാനിച്ചത് ചെന്നിത്തലയുടെ സ്വന്തം ഗ്രൂപ്പിലെ ഇഷ്ടക്കാരനാണെന്നത് മറച്ചുവയ്ക്കാനാകുമോ? പട്ടാപ്പകല്‍ നടുറോഡില്‍വച്ച് നാല്‍പ്പാടി വാസുവിനെ വെടിവച്ചുകൊന്നത് ഇതേ ഗ്രൂപ്പുതോഴന്‍ വിളിച്ചുപറഞ്ഞത് ഇത്രവേഗം മറക്കാനാകുമോ?

കേരളത്തില്‍ ആദ്യമായി ഒരാളെ ബോംബെറിഞ്ഞു കൊന്ന കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷയനുഭവിച്ച കോണ്‍ഗ്രസ് നേതാവിനെ ഒരു ദിവസത്തേക്ക് സസ്പെന്‍ഡ് ചെയ്യാന്‍പോലും തയ്യാറാകാതെ ആദരിച്ച കോണ്‍ഗ്രസ് നടപടി തെറ്റായിരുന്നെന്ന് ഇപ്പോഴെങ്കിലും പരസ്യമായി പറയുമോ?ആഭ്യന്തരമന്ത്രിയുടെ ലേഖനം വായിച്ച് ചാവക്കാട്ടെ കോണ്‍ഗ്രസുകാര്‍ ഇപ്പോള്‍ ചിരിക്കുന്നുണ്ടാകും. അവിടത്തെ കോണ്‍ഗ്രസ് നേതാവ് ഹനീഫയുടെ ഉമ്മയുടെ കണ്ണീര് ഇപ്പോഴും തോര്‍ന്നിട്ടില്ല. ചെന്നിത്തലയ്ക്ക് സിന്താബാദ് വിളിക്കുന്ന സ്വന്തം ഗ്രൂപ്പുയോദ്ധാക്കളാണ് പെറ്റ ഉമ്മയുടെ കണ്‍മുന്നിലിട്ട് ഹനീഫയെ കുത്തിമലര്‍ത്തിയത്. കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ചാവക്കാട്ടെ മണിയാശാരിയും യൂത്ത് കോണ്‍ഗ്രസിന്റെ തൃശൂര്‍ ജില്ലാ ഭാരവാഹിയായിരുന്ന ശ്രീനിജനും എതിര്‍ഗ്രൂപ്പുകാരുടെ കൊലക്കത്തിക്ക് ഇരയായത് ആഭ്യന്തരമന്ത്രി മറന്നാലും തൃശൂരിലെ ജനങ്ങള്‍ക്ക് ഓര്‍മയുണ്ട്. കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികളായിരുന്ന മധു ഈച്ചരത്തും ലാല്‍ജി കൊള്ളന്നൂരും തൃശൂരില്‍ പട്ടാപ്പകല്‍ അരുംകൊല ചെയ്യപ്പെട്ടിട്ട് ഏറെനാളായില്ല. ഗ്രൂപ്പുവൈര്യം മൂത്ത് പരസ്പരം വെട്ടിമരിക്കുന്ന കോണ്‍ഗ്രസുകാരുടെ നാടായി തൃശൂര്‍ മാറുമ്പോള്‍ ഇതൊക്കെ കണ്ടില്ലെന്നുനടിക്കാന്‍ എങ്ങനെയാണ് ആഭ്യന്തരമന്ത്രിക്ക് കഴിയുന്നത്?

ഗ്രൂപ്പുവൈര്യം തലയ്ക്കുപിടിച്ച സഹപ്രവര്‍ത്തകരുടെ അടിയേറ്റ് ശരീരം തളര്‍ന്നുകിടക്കുന്ന യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷിബുജോര്‍ജിനെ ഒന്ന് സന്ദര്‍ശിക്കാനെങ്കിലും ആഭ്യന്തരമന്ത്രി തയ്യാറായാല്‍ നന്നായിരുന്നു.രാഷ്ട്രീയ പ്രതിയോഗികളെ മാത്രമല്ല ഗ്രൂപ്പിന്റെ പേരില്‍ സഹപ്രവര്‍ത്തകരെപ്പോലും കൊന്നുതള്ളുന്ന കോണ്‍ഗ്രസിന്റെ നേതാവുകൂടിയായ മന്ത്രി കൊലപാതകത്തിനെതിരെ ലേഖനമെഴുതുമ്പോള്‍ അത് വിലകുറഞ്ഞ തമാശയായി മാത്രമാണ് അനുഭവപ്പെടുക. ലേഖനത്തില്‍ ഒരിടത്ത് ഇങ്ങനെ പറയുന്നുണ്ട്. "കോണ്‍ഗ്രസ് പോലുള്ള ഒരു വലിയ ജനാധിപത്യ പാര്‍ടിയില്‍ അക്രമങ്ങള്‍ക്കും കൊലപാതകങ്ങള്‍ക്കും യാതൊരു സ്ഥാനവുമില്ല. ആ വഴിക്ക് നീങ്ങുന്നവര്‍ക്ക് ഈ സംഘടനയില്‍നിന്ന് യാതൊരുവിധ സംരക്ഷണവും ലഭിക്കില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഇത്തരത്തിലുള്ള അക്രമപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടാലും അവര്‍ക്കെതിരെ ശക്തമായ നിയമനടപടികളുണ്ടാവും'.&ൃറൂൗീ;പത്രം വായിക്കുന്ന മലയാളികളുടെ മുമ്പില്‍ രമേശ് ചെന്നിത്തലയെന്ന മന്ത്രി എത്രമാത്രം ചെറുതായി പോകുന്നുവെന്ന് സ്വന്തം ഗ്രൂപ്പുകാരെങ്കിലും ചിന്തിക്കേണ്ടതാണ്. കോണ്‍ഗ്രസുകാരും ആര്‍എസ്എസുകാരും പ്രതികളായ ഏതു കേസാണ് കേരളത്തില്‍ നേര്‍വഴിക്ക് പോകുന്നത്?

ചാവക്കാട് ഹനീഫ വധത്തിലെ പ്രതികളെ പിടിക്കാന്‍ പൊലീസിന് സാധിച്ചോ? പ്രതി ഒളിവിലാണെന്ന് പൊലീസ് ആവര്‍ത്തിക്കുമ്പോഴല്ലേ, പ്രതിയുടെ സ്വന്തം വീടിനു മുന്നില്‍നിന്ന് നാട്ടുകാര്‍ അയാളെ പിടികൂടി പൊലീസിന് നല്‍കിയത്. ആയുധങ്ങളും നാട്ടുകാരാണ് പിടിച്ചെടുത്ത് പൊലീസിനു നല്‍കിയതെന്ന് ഓര്‍ക്കണം. അവിടെ പ്രതിയെ രക്ഷിക്കാനല്ലേ പൊലീസ് ശ്രമിച്ചത്? ഇതിനു മുമ്പ് ഇങ്ങനെ എവിടെയെങ്കിലും ഉണ്ടായിട്ടുണ്ടോ? ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കുമ്പോള്‍ പ്രതികളെ പിടിക്കാനും ആയുധം കണ്ടെത്താനും നാട്ടുകാര്‍ക്ക് രംഗത്തിറങ്ങേണ്ടിവന്നിരിക്കുന്നു. ചാവക്കാട് സംഭവത്തിലെ പ്രതികള്‍ ആഭ്യന്തരമന്ത്രിക്ക് സിന്താബാദ് വിളിക്കുന്നവരാണ്. ഹനീഫയുടെ വീട്ടിലെത്തി മുന്നറിയിപ്പുകൊടുത്ത് രണ്ടുദിവസം കഴിഞ്ഞായിരുന്നു കൊല. നോട്ടീസ് കൊടുത്തശേഷം കൊല നടത്തുന്ന സംസ്ഥാനമായി കേരളം മാറുമ്പോള്‍ പൊലീസിന്റെ പണി എന്താണെന്നെങ്കിലും മന്ത്രി അന്വേഷിക്കേണ്ടതായിരുന്നില്ലേ? ഹനീഫയുടെ ബന്ധുക്കളും നാട്ടുകാരും അവിടത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും, ഇപ്പോഴത്തെ അന്വേഷണത്തിലും ആഭ്യന്തരവകുപ്പിലും തങ്ങള്‍ക്ക് വിശ്വാസമില്ലെന്ന് പരസ്യമായി പറയുന്നത് ഒരു സര്‍ട്ടിഫിക്കറ്റായാണ് ചെന്നിത്തല കാണുന്നതെങ്കില്‍ കഷ്ടമെന്നേ പറയാനുള്ളൂ. ഞങ്ങളെ രക്ഷിക്കാന്‍ മന്ത്രിയുണ്ടെന്നു പറയുന്ന പ്രതികളുടെ മുന്നില്‍ മുട്ടുവിറയ്ക്കുന്ന പൊലീസിന്റെ സീറോ ടോളറന്‍സിനെ കുറിച്ച് ദയവായി ഇനി പറയരുത്.

ഹനീഫ വധത്തിലെ രണ്ടു പ്രധാന പ്രതികള്‍ ആഭ്യന്തരമന്ത്രി ലേഖനമെഴുതുന്നതിനിടയില്‍ ഇന്ത്യ വിട്ടതായി കേള്‍ക്കുന്നുണ്ട്. നമ്മുടെ ആഭ്യന്തരവകുപ്പ് ലേഖനമെഴുതി കളിക്കട്ടെ. പ്രതികള്‍ രാജ്യം വിടുമ്പോഴും നമുക്ക് സീറോ ടോളറന്‍സ് ബഡായികള്‍ പറഞ്ഞ് ഹരംകൊള്ളാം. സംസ്ഥാന സഹകരണമന്ത്രിയാണ് കൊലയ്ക്കു പിന്നിലെന്ന് ലാല്‍ജി വധത്തിലും ഹനീഫാ വധത്തിലും പരാതിയുയര്‍ന്നു. എന്തു നടപടിയാണ് സ്വീകരിച്ചത്? കൊല്ലപ്പെട്ടവരുടെ ബന്ധുക്കളുടെ പരാതിക്ക് കടലാസിന്റെ വിലപോലും കല്‍പ്പിക്കാത്ത ആഭ്യന്തരവകുപ്പിന്റെ തലവനെഴുതുന്ന ലേഖനത്തിനു വായനക്കാര്‍ എന്തുവിലയാണിടുക?

തിരുവോണദിവസം നടന്ന രണ്ടു കൊലപാതകങ്ങളെക്കുറിച്ച് പറഞ്ഞാണ് ലേഖനം തുടങ്ങുന്നത്. രണ്ടും അപലപനീയമാണെന്നതില്‍ സംശയമില്ല. എന്നാല്‍, രണ്ടും ഒരുപോലെയുള്ള സംഭവങ്ങളാണെന്ന് സ്ഥാപിക്കുന്നതിന്റെ ലക്ഷ്യമെന്താണ്? കാഞ്ഞങ്ങാട്ട് നാരായണന്‍ കൊല്ലപ്പെട്ടത് സംഘര്‍ഷത്തിനിടയിലല്ല. മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിപ്രകാരമാണ്. അദ്ദേഹത്തെ വീട്ടില്‍നിന്നു വിളിച്ചുകൊണ്ടുപോയി കുത്തിക്കൊല്ലുകയായിരുന്നു. കൊലയ്ക്കു മുമ്പ് മുഖ്യപ്രതി തന്റെ കുടുംബാംഗങ്ങളെയും വളര്‍ത്തുനായയെപ്പോലും വീട്ടില്‍നിന്ന് സുരക്ഷിതസ്ഥാനത്തേക്ക് മാറ്റിയിരുന്നു. വമ്പിച്ച ആസൂത്രണത്തിനുശേഷം നടന്ന അരുംകൊലയായിരുന്നു അത്. പൊലീസ് കൊല്ലപ്പെട്ട നാരായണന്റെ പേരിലാണത്രെ ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്!തൃശൂരിലുണ്ടായ കൊലപാതകവും അപലപനീയമാണ്. കുറ്റം ചെയ്തവര്‍ ശിക്ഷിക്കപ്പെടുകയും വേണം. എന്നാല്‍, ബോധപൂര്‍വം ആര്‍എസ്എസ് ഉണ്ടാക്കിയ സംഘര്‍ഷത്തിനിടയിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. വീടുകയറി ആക്രമിക്കുന്നതിനിടയില്‍ സംഘത്തിലൊരാള്‍ കൊല്ലപ്പെട്ടതിനെ കാഞ്ഞങ്ങാട്ടെ നാരായണന്‍ വധവുമായി താരതമ്യം ചെയ്യുന്നത് ദുഷ്ടലാക്കാണ്.

രാഷ്ട്രപിതാവ് ഗാന്ധിജിയെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് അവസാനിക്കുന്ന ലേഖനത്തില്‍ രാഷ്ട്രപിതാവിന്റെ ഘാതകരെക്കുറിച്ച് മിണ്ടാത്തത് അക്കാര്യം മന്ത്രിക്ക് അറിയാത്തതുകൊണ്ടാകില്ലല്ലോ? ഗാന്ധിമുതല്‍ കല്‍ബുര്‍ഗിവരെ വെടിയേറ്റു വീണ നാട്ടില്‍ കൊല തൊഴിലാക്കിയവര്‍ക്കെതിരെ സംസാരിക്കാന്‍ പലര്‍ക്കും നട്ടെല്ലില്ലാതെ പോകുന്നത് നിര്‍ഭാഗ്യമാണ്. അധികാരം കൈയാളുന്നവര്‍ അഴകൊഴമ്പന്‍ ലേഖനം എഴുതുന്നതിനു പകരം ശക്തമായ നടപടി സ്വീകരിക്കുകയാണ് വേണ്ടത്.

കോണ്‍ഗ്രസിന്റെയും പ്രത്യേകിച്ച് ആഭ്യന്തരമന്ത്രിയുടെയും ഈ ആര്‍എസ്എസ് പ്രീണനമാണ് സംസ്ഥാനത്ത് സമാധാനത്തിന് ഭീഷണി. ആര്‍എസ്എസിനോട് അങ്ങേയറ്റം മൃദുസമീപനമാണ് ആഭ്യന്തരവകുപ്പും കോണ്‍ഗ്രസും പുലര്‍ത്തുന്നത്. തിരുവനന്തപുരത്ത് പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാന്‍ ശ്രമിച്ചതുള്‍പ്പെടെ ആര്‍എസ്എസ് ക്രിമിനലുകള്‍ പ്രതികളായ കേസുകള്‍ പിന്‍വലിക്കാന്‍ എന്തുത്സാഹമാണ് നമ്മുടെ ആഭ്യന്തരവകുപ്പ് പ്രകടിപ്പിച്ചത്. പ്രവീണ്‍ തൊഗാഡിയയുടെ കേസുവരെ പിന്‍വലിക്കുന്നതില്‍ അതു ചെന്നെത്തി. മലപ്പുറത്തെ അരീക്കോട്ട് രണ്ടുപേരെ കൊന്ന കേസിലെ ആറാംപ്രതി ആഭ്യന്തരമന്ത്രിയുടെ കണ്‍മുമ്പില്‍ നിയമസഭയ്ക്കകത്ത് പോറലേല്‍ക്കാതെ ഇരിക്കുമ്പോള്‍ ഏതു നിയമവാഴ്ചയെക്കുറിച്ചാണ് ഇവിടെ ഊറ്റംകൊള്ളേണ്ടത്. ഇങ്ങനെ കൊലയാളികളെ പ്രോത്സാഹിപ്പിക്കാന്‍ ആഭ്യന്തരവകുപ്പുതന്നെ ശ്രമിക്കുമ്പോള്‍ എങ്ങനെ സമാധാനമുണ്ടാകും. നിക്ഷിപ്ത രാഷ്ട്രീയ താല്‍പ്പര്യത്തോടെ സകല മലയാളികളെയും കബളിപ്പിക്കാന്‍ അവനവനുപോലും ബോധ്യമാകാത്ത ലേഖനമെഴുതിയതുകൊണ്ടായില്ല.

സമാധാനപൂര്‍ണമായ കേരളം സാധ്യമാകണമെങ്കില്‍ കോണ്‍ഗ്രസിന്റെയും ആഭ്യന്തരവകുപ്പിന്റെയും ആര്‍എസ്എസ് പ്രീണനം അവസാനിപ്പിക്കണം. നാട്ടുകാര്‍ പിടിച്ചുകൊടുക്കുന്ന പ്രതികളെ ഏറ്റുവാങ്ങുന്നതില്‍നിന്ന് പ്രതികളെ പിടിക്കുന്നതിലേക്ക് കേരള പൊലീസിനെ നയിക്കണം. സമാധാനം പ്രസംഗിച്ചുകൊണ്ട് ആളെ കൊല്ലുന്ന പണി കോണ്‍ഗ്രസും നിര്‍ത്തണം. അതിന് മുന്‍കൈയെടുക്കാന്‍ ആഭ്യന്തരമന്ത്രി തയ്യാറുണ്ടോ എന്നതാണ് ചോദ്യം