കേരളത്തെ വര്‍ഗീയതയുടെ വിളനിലമാക്കാന്‍ ആര്‍എസ്എസ് പതിറ്റാണ്ടുകളായി ശ്രമിക്കുന്നുണ്ട്. സംസ്ഥാനത്തിന്റെ അടിയുറച്ച മതനിരപേക്ഷ പാരമ്പര്യവും നവോത്ഥാനമുന്നേറ്റങ്ങളെ പിന്‍പറ്റിയുള്ള സാമൂഹികവളര്‍ച്ചയും ആര്‍എസ്എസിന്റെ അധിനിവേശശ്രമങ്ങള്‍ക്ക് തിരിച്ചടി നല്‍കാന്‍ പര്യാപ്തമായതാണ്. അതുകൊണ്ടാണ് ഉത്തരേന്ത്യന്‍ മാതൃകയില്‍ വര്‍ഗീയകലാപം സൃഷ്ടിക്കാന്‍ ജനങ്ങളെ മതാധിഷ്ഠിതമായി വേര്‍തിരിച്ച് വര്‍ഗീയവൈരവും അസ്വാസ്ഥ്യവും സൃഷ്ടിക്കാന്‍ ആര്‍എസ്എസ് നടത്തിയ എല്ലാ ശ്രമവും പരാജയപ്പെട്ടത്. ഇന്ന് ആര്‍എസ്എസിന് രാജ്യത്തിന്റെ രാഷ്ട്രീയ അധികാരം കൈയാളാന്‍ കഴിഞ്ഞിരിക്കുന്നു. അതിന്റെ ബലത്തിലും തണലിലും മറവിലും കേരളത്തെ വര്‍ഗീയതയുടെ വിളഭൂമിയാക്കാന്‍ അമ്പരപ്പിക്കുന്ന ആര്‍ത്തിയോടെ ആര്‍എസ്എസ് പരിശ്രമിക്കുന്നു. അതിന്റെ ഭാഗമാണ് ഈ തിരുവോണക്കാലത്ത് സംസ്ഥാനവ്യാപകമായി ആര്‍എസ്എസ് അഴിച്ചുവിട്ട ആസൂത്രിത ആക്രമണങ്ങള്‍.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ വിജയംനേടാന്‍ വ്യാപകമായി വര്‍ഗീയകലാപം സൃഷ്ടിക്കുകയാണ് ആര്‍എസ്എസ് ചെയ്തത്. ഗുജറാത്തില്‍ ബിജെപിഭരണം ഉറപ്പിക്കാന്‍ ഇന്ധനമാക്കിയതും വര്‍ഗീയകലാപത്തെയും വംശഹത്യയെയുമായിരുന്നു. ആര്‍എസ്എസിന്റെ 1925ലെ രൂപീകരണംമുതലുള്ള ചരിത്രം പരിശോധിച്ചാല്‍ കലാപങ്ങളാണ് സംഘടനയുടെ വളര്‍ച്ചയ്ക്ക് അടിസ്ഥാനമെന്നുകാണാം. വ്യത്യസ്ത മതവിഭാഗങ്ങള്‍ സമാധാനപരമായി സഹവര്‍ത്തിക്കുന്ന ഇടങ്ങളില്‍ വിദ്വേഷത്തിന്റെ വിത്തെറിയുകയും അസ്വാസ്ഥ്യവും സംഘര്‍ഷവും രക്തച്ചൊരിച്ചിലും സൃഷ്ടിക്കുകയും അതിന്റെ മറവില്‍ രാഷ്ട്രീയനേട്ടം കൊയ്യുകയുംചെയ്യുക എന്ന തന്ത്രമാണ് ആര്‍എസ്എസ് എക്കാലത്തും പ്രയോഗിച്ചത്. കേരളത്തിലും സമാനമായ നിരവധി അനുഭവങ്ങളുണ്ടായി. തലശേരിയില്‍ ആര്‍എസ്എസ് സൃഷ്ടിച്ച വര്‍ഗീയകലാപം ഉത്തരേന്ത്യയിലെ കലാപങ്ങളുടെ മാതൃകയിലായിരുന്നു. കേരളത്തില്‍ അത്തരം വര്‍ഗീയ അസ്വാസ്ഥ്യങ്ങള്‍ കത്തിപ്പടരാതിരുന്നത് ഇവിടെ മതനിരപേക്ഷ ശക്തികള്‍ സദാ ജാഗരൂകരായിരിക്കുന്നതുകൊണ്ടാണ്. 

പരാജയങ്ങളില്‍നിന്ന് പാഠംപഠിക്കാത്തവരാണ് ആര്‍എസ്എസ്. ഒരേ നുണ പലയാവര്‍ത്തി പറഞ്ഞാല്‍ തെറ്റിദ്ധരിപ്പിക്കാനാകും എന്ന ശൈലി കലാപങ്ങളുടെ കാര്യത്തിലും അവര്‍ പിന്തുടരുന്നു. പലവട്ടം ശ്രമിച്ച് പരാജയപ്പെട്ടതാണെങ്കിലും കേരളീയസമൂഹത്തെ വര്‍ഗീയവല്‍ക്കരിക്കാനുള്ള ആര്‍എസ്എസിന്റെ അത്യാഗ്രഹം ശമിച്ചിട്ടില്ല. ഉത്തര്‍പ്രദേശിലും ഗുജറാത്തിലും പരീക്ഷിച്ച മാതൃകയില്‍ അക്രമത്തിന്റെയും കലാപത്തിന്റെയും വഴി കേരളത്തില്‍ തുറക്കാന്‍ നിരന്തരം അവര്‍ ശ്രമിക്കുന്നതിന്റെ പശ്ചാത്തലവും മറ്റൊന്നല്ല.1999ല്‍ തിരുവോണനാളിലാണ് സിപിഐ എം നേതാവ് പി ജയരാജനെ കണ്ണൂര്‍ജില്ലയിലെ കിഴക്കേ കതിരൂരിലെ വീട്ടില്‍ കയറിച്ചെന്ന് ആര്‍എസ്എസ് വധിക്കാന്‍ ശ്രമിച്ചത്. അതിനുമുമ്പ് കൂത്തുപറമ്പില്‍ സിപിഐ എം തൊക്കിലങ്ങാടി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന പി ബാലനെ ആര്‍എസ്എസ് വധിച്ചത് വിഷു ആഘോഷിക്കുന്ന വേളയിലാണ്. ആഘോഷവേളകള്‍ അരുംകൊലയ്ക്ക് തെരഞ്ഞെടുക്കുന്നത് ആര്‍എസ്എസിന്റെ പതിവാണ്. ഇത്തവണ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ തിരുവോണ നാളുകളിലാണ് ആസൂത്രിതമായ ആക്രമണം ആര്‍എസ്എസ് നടത്തിയത്. കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാട്ട് കാലിച്ചാലടുക്കത്തെ ചുണ്ടങ്കയം കായക്കുന്നില്‍ സിപിഐ എം പ്രവര്‍ത്തകന്‍ സി നാരായണനെ ആര്‍എസ്എസ് കൊന്നത് തിരുവോണനാളിലാണ്.

കേരളത്തിലൊരിടത്തും സംഘര്‍ഷം നിലനിന്നിരുന്നില്ല. കേന്ദ്രീകൃതമായ ആസൂത്രണത്തിലൂടെ ആര്‍എസ്എസ് സംസ്ഥാനവ്യാപകമായി ആക്രമണം അഴിച്ചുവിടുകയായിരുന്നു. കാസര്‍കോട്ട് നാരായണനെയും സഹോദരന്‍ അരവിന്ദനെയും തെരഞ്ഞുപിടിച്ച് ആക്രമിച്ചു. കാസര്‍കോട്ട് കോട്ടപ്പാറ പേരൂരിലെ ടി എച്ച് കുഞ്ഞിരാമന്റെ വീടും ആക്രമിച്ചു. കുഞ്ഞിരാമനെ മര്‍ദിച്ച് കൈയും കാലും ഒടിച്ചു. കാഞ്ഞങ്ങാടിനടുത്ത് കാറ്റാടിയിലെ സെന്‍ട്രല്‍ ബസ് ഷെല്‍ട്ടറില്‍ ഇരിക്കുകയായിരുന്ന നാല് സിപിഐ എം പ്രവര്‍ത്തകരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. ശ്രീജേഷ്, രതീഷ്, ഷിജു, ശ്രീജിത് എന്നിവരെയാണ് ആക്രമിച്ചത്.

കണ്ണൂര്‍ജില്ലയിലും വ്യാപക ആക്രമണമുണ്ടായി. അഴീക്കോട് മീന്‍കുന്നിലും പരിസരത്തും 19വീടും മൂന്ന് സിപിഐ എം ഓഫീസും തിരുവോണനാളില്‍ ആര്‍എസ്എസ് തകര്‍ത്തു. നീര്‍ക്കടവിലെ ഷെഹീര്‍, ഷൈജു എന്നിവരെ വെട്ടിപ്പരിക്കേല്‍പ്പിച്ചു. നീര്‍ക്കടവില്‍ പിറ്റേന്ന് വിവാഹം നടക്കേണ്ട വീട് മുപ്പതോളം ആര്‍എസ്എസുകാര്‍ സംഘടിച്ചെത്തി ആക്രമിച്ചു. ഗോവിന്ദപുരം ക്ഷേത്രത്തിനു സമീപം ഹരീന്ദ്രന്‍, ലക്ഷ്മണന്‍ എന്നിവരുടെ വീടുകളാണ് തകര്‍ത്തത്. സിപിഐ എമ്മിന്റെ മീന്‍കുന്ന് ബ്രാഞ്ച് ഓഫീസ്, തെക്കുംഭാഗം ബ്രാഞ്ച് ഓഫീസ്, നീര്‍ക്കടവ് ബ്രാഞ്ച് ഓഫീസ് എന്നിവയ്ക്കുനേരെ ആക്രമണമുണ്ടായി. പുതിയപുരയില്‍ ലക്ഷ്മണനെയും മകന്റെ ഭാര്യ പ്രീതയെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു. തന്റെ അയല്‍വാസികളായ ആര്‍എസ്എസുകാര്‍ ഉള്‍പ്പെടെയുള്ളവരാണ് വീടാക്രമിച്ചതെന്ന് നീര്‍ക്കടവിലെ ശ്രീനില പറയുന്നു. അവരുടെ മകന്‍ ജിതിന്റെ വിവാഹമാണ് തിരുവോണനാളില്‍ നടന്നത്. വിവാഹച്ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ട ആര്‍എസ്എസുകാര്‍പോലും തലേന്ന് രാത്രി ചെന്ന് വിവാഹവീട് തകര്‍ത്ത അനുഭവമാണ് അവരുടേത്. കണ്ണൂരില്‍ത്തന്നെയുള്ള ചക്കരക്കല്ലിലെ സിപിഐ എം ഓഫീസ് ഈയിടെ ആര്‍എസ്എസ് തകര്‍ത്തത്, ആ സംഘടനയുടെ ആസൂത്രണത്തിന്റെ സൂക്ഷ്മതയും സന്നാഹത്തിന്റെ വൈപുല്യവും വ്യക്തമാക്കി. ഫര്‍ണിച്ചറും ഓഫീസ് ഉപകരണങ്ങളും മാത്രമല്ല, മാര്‍ബിള്‍പാകിയ നിലവും സ്റ്റെയര്‍കേസുമടക്കം പൊളിച്ചുകളഞ്ഞു. ഏരിയകമ്മിറ്റി ഓഫീസ് പൂര്‍ണമായും നശിപ്പിക്കണം എന്ന വാശിയോടെയുള്ള ആക്രമണമാണുണ്ടായത്. സമാനമാണ് തിരുവോണത്തോടനുബന്ധിച്ച് നടന്ന ആക്രമണങ്ങളുടെയും സ്വഭാവം. ചാലാട് ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഷഹന്‍രാജിന്റെ വീടിനുനേരെ അര്‍ധരാത്രിക്കുശേഷം ബോംബെറിയുകയായിരുന്നു. ചുമരും ജനലുകളും ടെലിവിഷനുംമാത്രമല്ല വീടിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂരപോലും ഭാഗികമായി തകര്‍ന്നു.

ആര്‍എസ്എസില്‍നിന്ന് പ്രവര്‍ത്തകര്‍ കൂട്ടത്തോടെ രാജിവച്ച് ഇടതുപക്ഷത്തേക്ക് വന്ന പ്രദേശമാണ് ചെറുവാഞ്ചേരി. അവിടെ തങ്ങളുടെ കാല്‍ച്ചുവട്ടിലെ മണ്ണ് ചോര്‍ന്നുപോകുന്നതിന്റെ പക തുടര്‍ച്ചയായ ആക്രമണങ്ങളിലൂടെയാണ് ആര്‍എസ്എസ് പ്രകടിപ്പിക്കുന്നത്. ബിജെപിയുടെ ജില്ലാ നേതാവായിരിക്കെയാണ് ഒ കെ വാസുമാസ്റ്റര്‍ സംഘബന്ധം ഉപേക്ഷിച്ചത്. അദ്ദേഹത്തോടൊപ്പമാണ് ചെറുവാഞ്ചേരിയിലെ നിരവധി ആളുകള്‍ ആര്‍എസ്എസും ബിജെപിയും വിട്ടത്. ഒ കെ വാസുമാസ്റ്റര്‍ അടക്കമുള്ളവരെ ആദ്യം ആക്രമിച്ചു. ഓണനാളില്‍ സിപിഐ എമ്മിന്റെ ചെറുവാഞ്ചേരി ബ്രാഞ്ച് ഓഫീസ് അടിച്ചുതകര്‍ത്തു. ഫര്‍ണിച്ചര്‍ നശിപ്പിച്ചു. പകല്‍ മുപ്പതോളം ആര്‍എസ്എസുകാര്‍ പ്രകടനമായെത്തി. ഈ അക്രമം നടത്തുന്നത് തടയാന്‍ പൊലീസിന് കഴിഞ്ഞില്ല. തലശേരിക്കടുത്ത് പാലയാട്ട് റോഡരികില്‍ നിര്‍ത്തിയിട്ട വാഹനം കല്ലെറിഞ്ഞുതകര്‍ത്തു. മികച്ച അങ്കണവാടി അധ്യാപികയ്ക്കുള്ള സംസ്ഥാന പുരസ്കാരം നേടിയ ഹേമയുടെ വീടിനുനേരെ ആക്രമണമുണ്ടായി. സ്ത്രീകള്‍ക്കുനേരെ ശാരീരികമായ ആക്രമണം മാത്രമല്ല, അവരെ അപമാനിക്കാനും ആര്‍എസ്എസ് തയ്യാറായി. നടുവനാട് കോട്ടൂര്‍ഞാലിലെ സിപിഐ എം പ്രവര്‍ത്തകന്‍ വിനോദിന്റെ വീട് ആക്രമിച്ച ആര്‍എസ്എസ് സംഘം വിനോദിന്റെ സഹോദരി റീനയുടെ വസ്ത്രം വലിച്ചുകീറി. വിനോദിന്റെ ഭാര്യ ദീപയെയും അമ്മ പത്മിനിയെയും മര്‍ദിച്ചു. സിപിഐ എം വിട്ടില്ലെങ്കില്‍ റീനയുടെ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. ഗര്‍ഭിണിയായ ദീപയെ ക്രൂരമായി ആക്രമിക്കാനും അവഹേളിക്കാനും ആര്‍എസ്എസുകാര്‍ക്ക് മടിയുണ്ടായില്ല.

ധര്‍മടം അട്ടാരക്കുന്നില്‍ മോട്ടോര്‍ബൈക്കില്‍ യാത്രചെയ്യവെയാണ് പുതിയപുരയിലെ സുജിത്തും ഭാര്യ സീനയും രണ്ടു മക്കളും ആക്രമിക്കപ്പെട്ടത്. വീടിനുസമീപം അവരെ തടഞ്ഞുനിര്‍ത്തി ടോര്‍ച്ചും വടിയും ഉപയോഗിച്ച് മര്‍ദിച്ചത് ആര്‍എസ്എസിന്റെ പ്രമുഖ പ്രവര്‍ത്തകരാണ്. സുജിത്തിന്റെ ഭാര്യ സീന ജനാധിപത്യ മഹിളാ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങളിലും കൊച്ചുമക്കള്‍ ബാലസംഘം പരിപാടികളിലും പങ്കെടുക്കുന്നതാണ് പ്രകോപനകാരണമായത്. ആ കുടുംബത്തെ ജീവിക്കാനുവദിക്കില്ല എന്നാണ് ആര്‍എസ്എസ് നേതാക്കള്‍ പ്രഖ്യാപിച്ചത്.കോഴിക്കോട് ജില്ലയിലെ കക്കോടിയിലും പേരാമ്പ്ര വെള്ളിയൂരിലും രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. കക്കോടിയില്‍ ബൈക്കില്‍ മുഖംമൂടി ധരിച്ച് എത്തിയാണ് ആര്‍എസ്എസ് സംഘം ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ നികേഷിനെ ആക്രമിച്ചത്. വെള്ളിയൂരില്‍ കൊടിയും കൊടിമരങ്ങളും ഒരു ബേക്കറിയും തകര്‍ത്തു. ആലപ്പുഴ ജില്ലയിലെ കായംകുളത്ത് സിപിഐ എമ്മിന്റെ പ്രധാന പ്രവര്‍ത്തകരെ ആക്രമിച്ചു. പത്തിയൂര്‍ പഞ്ചായത്തിലെ 19-ാം വാര്‍ഡ് അംഗവും സിപിഐ എം ലോക്കല്‍ കമ്മിറ്റി അംഗവുമായ മഹേഷ്, ബന്ധുക്കളും പാര്‍ടി പ്രവര്‍ത്തകരുമായ സന്യാല്‍, അജികുമാര്‍, സഞ്ജയ് എന്നിവരെയും വെട്ടിപ്പരിക്കേല്‍പ്പിച്ചു. ഓണത്തലേന്ന് പുലര്‍ച്ചെയാണ് ആക്രമണമുണ്ടായത്.

ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ സിപിഐ എമ്മിന്റെ ഏരിയ കമ്മിറ്റി ഓഫീസ് തകര്‍ത്തു. ആ പ്രദേശത്ത് സിപിഐ എം സ്ഥാപിച്ച കൊടി, കൊടിമരങ്ങള്‍, ബാനറുകള്‍ എന്നിവയെല്ലാം നശിപ്പിച്ചു. സിപിഐ എം പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തിയപ്പോള്‍ അതിനുനേരെയും ആക്രമണത്തിന് മുതിര്‍ന്നു. കൊല്ലം ജില്ലയില്‍ രണ്ടിടത്താണ് സിപിഐ എം പ്രവര്‍ത്തകരെ ആര്‍എസ്എസ് ആക്രമിച്ചത്. പത്തനാപുരം നെടുവന്നൂരിലും കരീപ്ര തളവുക്കോണം നെല്ലിമുട്ടിലും. എട്ടുപേര്‍ക്ക് പരിക്കേറ്റു. നെടുവന്നൂരില്‍ പുത്തന്‍വിട്ടിലെ മഹേഷ് എന്ന ഇരുപത്തേഴുകാരന്റെ തലയ്ക്ക് ഗുരുതര പരിക്കേറ്റു. തളവുക്കോണത്ത് ബ്രാഞ്ച് സെക്രട്ടറി അഖിലേഷ് ഉള്‍പ്പെടെയുള്ളവരാണ് ആക്രമിക്കപ്പെട്ടത്. പത്തനംതിട്ട ജില്ലയിലെ തെള്ളിയൂരില്‍ പട്ടികജാതി കോളനികളിലാണ് ആക്രമണം ഉണ്ടായത്. അവിടെ പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് കൊണ്ടുപോയ പൊലീസിനെയും വെറുതെവിട്ടില്ല.

തൃശൂര്‍ ജില്ലയിലെ കൊടകര, പുതുക്കാട് പ്രദേശങ്ങളില്‍ വലിയതോതില്‍ ആക്രമണങ്ങള്‍ നടന്നു. സിപിഐ എം കൊടകര ഏരിയ കമ്മിറ്റി അംഗം അശോകന്‍ പന്തല്ലൂരിന്റെ വീട് തകര്‍ത്തു. ഏരിയ സെക്രട്ടറി രാമകൃഷ്ണന്റെ മകന്‍ അനൂപിനെ മര്‍ദിച്ചു. നന്ദിക്കരയിലെ പാര്‍ടി ബ്രാഞ്ച് ഓഫീസ് തകര്‍ത്തു. പാര്‍ടിയുടെയും വര്‍ഗബഹുജന സംഘടനകളുടെയും ഓഫീസുകളും ക്ലബ്ബുകളും നശിപ്പിച്ചു. കൊടുങ്ങല്ലൂര്‍ എടവിലങ്ങില്‍ രണ്ട് സിപിഐ എം പ്രവര്‍ത്തകരെ ഉത്രാടനാളില്‍ ആക്രമിച്ചു.ഈ പട്ടിക പൂര്‍ണമല്ല. സംസ്ഥാനത്തിന്റെ മറ്റു വിവിധ ഭാഗങ്ങളിലും സമാന രീതിയില്‍ ആര്‍എസ്എസ് ആക്രമണം നടത്തി. ഒന്നോ രണ്ടോ ദിവസംകൊണ്ട് ഇത്രയേറെ വ്യാപകമായി ആക്രമണം നടത്തിയത് ആസൂത്രിത പദ്ധതിയുടെ ഭാഗമായിട്ടാണ്. ഈ അഴിഞ്ഞാട്ടം അവസാനിപ്പിക്കാനോ തടയാനോ കുറ്റവാളികളെ പിടികൂടാനോ പൊലീസ് ശ്രമിച്ചില്ല. മിക്ക സ്ഥലങ്ങളിലും അക്രമത്തിന് പ്രോത്സാഹനം നല്‍കുകയാണ് പൊലീസ് ചെയ്തത്. കേവലം ക്രിമിനല്‍പ്രവര്‍ത്തനമായി അവഗണിക്കാവുന്നതല്ല ഇതൊന്നും. അഖിലേന്ത്യാതലത്തിലുള്ള ആസൂത്രണം ഇതിനുപിന്നിലുണ്ട്. മുമ്പ് ബിജെപി കേന്ദ്രഭരണത്തിലുണ്ടായിരുന്നപ്പോള്‍ കേരളത്തിലെ സിപിഐ എമ്മിനെ തകര്‍ക്കാന്‍ വലിയതോതിലുള്ള ആക്രമണങ്ങള്‍ ആസൂത്രണംചെയ്തിരുന്നു. അന്ന് സാധിക്കാത്ത കാര്യം ഇന്ന് യുഡിഎഫിന്റെ പരിപൂര്‍ണ സഹായത്തോടെ പൂര്‍ത്തിയാക്കാം എന്ന വ്യാമോഹമാണ് ആര്‍എസ്എസിനെ നയിക്കുന്നത്.

സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പുകള്‍ വരികയാണ്. സിപിഐ എമ്മും ഇടതുപക്ഷ ജനാധിപത്യമുന്നണിയും പ്രാദേശികമായ പ്രവര്‍ത്തനങ്ങളിലൂടെയും ജനകീയപ്രശ്നങ്ങളിലെ ക്രിയാത്മകമായ ഇടപെടലുകളിലൂടെയും ആര്‍ജിച്ച ജനസമ്മതി യുഡിഎഫിനെയും ആര്‍എസ്എസിനെയും ഒരുപോലെ അസ്വസ്ഥമാക്കുന്നു. സാന്ത്വന പരിചരണം, ശുചീകരണപ്രവര്‍ത്തനങ്ങള്‍, വിഷമില്ലാത്ത പച്ചക്കറിക്കൃഷിയുടെ വ്യാപനം തുടങ്ങിയ പരിപാടികള്‍ ജനങ്ങള്‍ വലിയതോതില്‍ സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാന സര്‍ക്കാരിന്റെയും യുഡിഎഫ് നയിക്കുന്ന തദ്ദേശസ്ഥാപനങ്ങളിലെ ഭരണസമിതികളുടെയും അഴിമതിക്കും പിടിപ്പുകേടിനുമെതിരായ വികാരം ശക്തമാണ്. തദ്ദേശ തെരഞ്ഞെടുപ്പുകള്‍ നീട്ടിക്കൊണ്ടുപോകാനുള്ള സര്‍ക്കാരിന്റെ വ്യഗ്രത ആ അങ്കലാപ്പിന്റെ സൂചനയാണ്. അത് മറികടക്കാനും വലതുപക്ഷ മാധ്യമങ്ങളുടെ സഹായത്തോടെ സിപിഐ എമ്മിനെയും ഇടതുപക്ഷ ജനാധിപത്യമുന്നണിയെയും അപകീര്‍ത്തിപ്പെടുത്താനും തളര്‍ത്താനുമുള്ളതാണ് ഈ ആസൂത്രിത ഗൂഢാലോചന. ഇത്ര വ്യാപകമായ ആക്രമണങ്ങളുണ്ടായിട്ടും യുഡിഎഫിലെ ഒരു നേതാവുപോലും ആര്‍എസ്എസിനെതിരെ ഒരക്ഷരം പറഞ്ഞിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.

ആര്‍എസ്എസിന്റെ ബി ടീമായി സംസ്ഥാന പൊലീസിനെ മാറ്റാനാണ് ശ്രമിക്കുന്നത്. സംസ്ഥാനത്ത് അസ്വസ്ഥതയും ആക്രമണങ്ങളുമുണ്ടാക്കി രാഷ്ട്രീയനേട്ടം കൊയ്യാനുള്ള സംയുക്ത പദ്ധതിയാണ് അരങ്ങേറുന്നത്. അതില്‍ ആര്‍എസ്എസിന് നിര്‍ലജ്ജം ഒത്താശചെയ്യുകയാണ് ഭരണസംവിധാനം. ഈ പോക്ക് ഗുരുതരമായ വിപത്തിലേക്കാണ്. ഇന്ന് ആര്‍എസ്എസ് ആക്രമണങ്ങള്‍ക്കുനേരെ കണ്ണടയ്ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവര്‍, നാളെ അത് തങ്ങള്‍ക്കുനേരെയാവും തിരിയുക എന്ന യാഥാര്‍ഥ്യം മറന്നുപോകുന്നു. സിപിഐ എമ്മിനുനേരെ എക്കാലത്തും ആര്‍എസ്എസ് ആക്രമണം നടത്തിയിട്ടുണ്ട്. സംഘടിതമായ അത്തരം ആക്രമണങ്ങളെ ചെറുത്തും അതിജീവിച്ചുമാണ് പാര്‍ടി ഓരോ ചുവടും മുന്നേറിയത്. നിലവിലെ ആക്രമണപരമ്പരയെ അതിജീവിക്കാനുള്ള കരുത്തും പാര്‍ടിക്കുണ്ട്. എന്നാല്‍, ഇത്തരം ആക്രമണങ്ങളെ തുറന്നുകാട്ടി ജനങ്ങളുടെയാകെ വികാരം അതിനെതിരെ ഉയര്‍ത്തേണ്ടതുണ്ട്. പ്രകോപനങ്ങളില്‍ കുടുങ്ങാതെയും ആക്രമണങ്ങളില്‍ തളരാതെയും ആര്‍എസ്എസിന്റെ ഭീകരമുഖം ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുകാട്ടാനുള്ള ഇടപെടലാണ് സിപിഐ എം നടത്തുന്നത്. അതില്‍ മുഴുവന്‍ പാര്‍ടി പ്രവര്‍ത്തകരും പാര്‍ടിയെ സ്നേഹിക്കുന്ന എല്ലാവരും പങ്കാളികളാകണം