കണ്ണൂര്‍> തലശേരിയില്‍ ശ്രനാരായണഗുരുവിന്റെ പ്രതിമ തകര്‍ത്ത കേസില്‍ ആര്‍എസ്എസുകാര്‍ അറസ്റ്റില്‍. കാര്യവാഹ് കൊമ്മല്‍വയല്‍ മയിലാട്ടുകുനിയില്‍ വൈശാഖ്, ശിക്ഷക് പ്രമുഖ് മാടപ്പീടിക സൗപര്‍ണികയില്‍ റിഗില്‍, ടെമ്പിള്‍ഗേറ്റ് മൈലാട്ടില്‍ പ്രശോഭ് എന്നിവരെയണ് ന്യൂമാഹി പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ തിങ്കളാഴ്ച രാത്രി ജാമ്യത്തില്‍ വിട്ടു.

ഞായറാഴ്ച പുലര്‍ച്ചെയാണ് തലശേരി നങ്ങാറത്തുപീടികയിലെ ശ്രീമുദ്ര കലാസാംസ്കാരികവേദി ആക്രമിച്ച്  ഗുരുപ്രതിമ വലിച്ചെറിഞ്ഞത്. ഓഫീസ് പരിസരത്തെ സിപിഐ എം കൊടിമരവും സ്തൂപവും ഇവര്‍ തകര്‍ത്തിരുന്നു.

ശ്രീനാരായണ ഗുരു പ്രതിമ തകര്‍ക്കല്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ നടപടി

തലശേരി > കോടിയേരി നങ്ങാറത്ത് പീടികയില്‍ ശ്രീനാരായണ ഗുരു പ്രതിമ പൊളിച്ചതിനെതിരെ പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റുചെയ്യുന്നു. ആര്‍എസ്എസ് അക്രമത്തില്‍ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിന് നേതൃത്വം നല്‍കിയ സിപിഐ എം നങ്ങാറത്ത് പീടിക ബ്രാഞ്ച് സെക്രട്ടറി എം കെ സിജുവിനെ ന്യൂമാഹി പൊലീസ് അറസ്റ്റുചെയ്തു. ആര്‍എസ്എസ്സുകാര്‍ ശ്രീനാരായണ ഗുരു പ്രതിമയും പാര്‍ടി സ്തൂപവും ശ്രീമുദ്ര ഓഫീസും തകര്‍ത്ത സംഭവത്തില്‍ പരാതി നല്‍കിയത് സിജുവാണ്. എഫ്ഐആറിലെ മൊഴിയില്‍ ഒപ്പിടാനുണ്ടെന്നു പറഞ്ഞ് തിങ്കളാഴ്ച രാവിലെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് വിവാദ നടപടി. രാവിലെ ഏഴരക്കാണ് സ്റ്റേഷനില്‍ അടിയന്തരമായി എത്താന്‍ നിര്‍ദേശമുണ്ടായത്. നിശ്ചയിച്ച സമയത്ത് എത്തിയെങ്കിലും 9.30വരെ സ്റ്റേഷനില്‍ ഇരുത്തി. ഒപ്പിട്ടശേഷം തിരിച്ചുപോകാന്‍ എഴുന്നേല്‍ക്കുമ്പോഴാണ് പ്രതിഷേധ പ്രകടനം നടത്തിയ കേസില്‍ പ്രതിയാണെന്നു പറഞ്ഞ് അറസറ്റുചെയ്തത്.ശ്രീനാരായണ ഗുരുവിന്റെ പ്രതിമ തകര്‍ത്ത സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. ശ്രീനാരായണ മഠങ്ങളും ശ്രീനാരായണീയ സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി.