വകുപ്പ് 1

പേര്

പാർട്ടിയുടെ പേര് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി (മാർക്‌സിസ്റ്റ്) എന്നാകുന്നു.

വകുപ്പ് 2

ലക്ഷ്യം

ഇന്ത്യൻ തൊഴിലാളിവർഗത്തിന്റെ വിപ്ലവമുന്നണിപ്പടയാണ് ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി (മാർക്‌സിസ്റ്റ്). തൊഴിലാളിവർഗ സർവാധിപത്യഭരണകൂടം സ്ഥാപിക്കുന്നതിലൂടെ സോഷ്യലിസവും കമ്യൂണിസവും കൈവരുത്തുകയാണ് പാർട്ടിയുടെ ലക്ഷ്യം. മാർക്‌സിസം-ലെനിനിസത്തിന്റെ സിദ്ധാന്തങ്ങളും തത്ത്വശാസ്ത്രവുമാണ് പാർട്ടിയുടെ എല്ലാ പ്രവർത്തനങ്ങളിലും വഴികാട്ടുന്നത്. മനുഷ്യൻ മനുഷ്യനെ ചൂഷണം ചെയ്യുന്ന വ്യവസ്ഥയ്ക്ക് അറുതി വരുത്തി, അധ്വാനിക്കുന്ന ജനങ്ങൾക്ക് പൂർണമോചനത്തിലേക്കുള്ള ശരിയായ വഴി കാട്ടാൻ മാർക്‌സിസം-ലെനിനിസത്തിനു മാത്രമേ കഴിയൂ. തൊഴിലാളിവർഗ സാർവദേശീയത്വത്തിന്റെ കൊടി പാർട്ടി ഉയർത്തിപ്പിടിക്കുന്നു.

വകുപ്പ് 3

കൊടി

വീതിയുടെ ഒന്നരമടങ്ങ് നീളമുള്ള ചെങ്കൊടിയാണ് പാർട്ടിയുടെ കൊടി. കൊടിയുടെ മധ്യത്തിലായി വെളുത്തനിറത്തിൽ വിലങ്ങനെവെച്ച അരിവാളും ചുറ്റികയും ഉണ്ടായിരിക്കും.

വകുപ്പ് 4

അംഗത്വം

1. പാർട്ടിയുടെ ഭരണഘടനയും പരിപാടിയും അംഗീകരിക്കുകയും ഏതെങ്കിലും ഒരു പാർട്ടിസംഘടനയിൽ പ്രവർത്തിക്കാനും കൃത്യമായി അംഗവരിയും ലെവിയും (വരിയും ലെവിയും പാർട്ടി നിശ്ചയിക്കുന്ന പ്രകാരം) നൽകാനും പാർട്ടി തീരുമാനങ്ങൾ നടപ്പിലാക്കാനും സന്നദ്ധനാകുകയും ചെയ്യുന്ന, പതിനെട്ടോ കൂടുതലോ വയസായ ഏത് ഇന്ത്യൻ പൗരനും പാർട്ടി അംഗത്വത്തിന് അർഹനാണ്.

2. എ. രണ്ട് പാർട്ടി മെമ്പർമാരുടെ ശുപാർശയോടെ ഓരോരുത്തരായി സമർപ്പിക്കുന്ന അപേക്ഷപ്രകാരമാണ് പാർട്ടിയിൽ പുതിയ അംഗങ്ങളെ ചേർക്കുന്നത്. ഒരു അപേക്ഷകനെ പാർട്ടി അംഗത്വത്തിന് ശുപാർശചെയ്യുന്ന പാർട്ടി അംഗങ്ങൾ അയാളെപ്പറ്റി തങ്ങൾക്ക് നേരിട്ടറിയാവുന്ന വിവരങ്ങൾ തികഞ്ഞ ഉത്തരവാദിത്വബോധത്തോടെ ബന്ധപ്പെട്ട പാർട്ടി ബ്രാഞ്ചിനോ ഘടകത്തിനോ നൽകേണ്ടതാണ്. അപേക്ഷകനെ പാർട്ടിയിൽ ചേർക്കാമെങ്കിൽ പാർട്ടിബ്രാഞ്ച് തൊട്ടടുത്ത മേൽക്കമ്മിറ്റിയോട് ശുപാർശചെയ്യണം. ആ മേൽക്കമ്മിറ്റിയാണ് എല്ലാ ശുപാർശകളെയുംപറ്റി തീരുമാനമെടുക്കുന്നത്.

ബി. പാർട്ടിബ്രാഞ്ചിനു മുകളിൽ മുതൽ കേന്ദ്രകമ്മിറ്റിവരെയുള്ള പാർട്ടികമ്മിറ്റികൾക്കും പുതിയ അംഗങ്ങളെ നേരിട്ട് പാർട്ടിയിൽ ചേർക്കാൻ അധികാരമുണ്ട്.

3. എ. പാർട്ടി അംഗത്വത്തിനുവേണ്ടിയുള്ള അപേക്ഷകളെല്ലാം അവതരണത്തിനും ശുപാർശക്കും ശേഷം ഒരു മാസത്തിനകം അധികാരപ്പെട്ട മേൽക്കമ്മിറ്റിക്ക് സമർപ്പിക്കേണ്ടതാണ്.

ബി. അപേക്ഷകനെ പാർട്ടിയിൽ ചേർത്തുകഴിഞ്ഞാൽ ചേർത്ത തിയതി മുതൽ ഒരു വർഷത്തേക്ക് അയാൾ സ്ഥാനാർഥി അഥവാ കാൻഡിഡേറ്റ് അംഗമായി കരുതപ്പെടുന്നതാണ്.

4. മറ്റു പാർട്ടിയിൽ പ്രാദേശിക-ജില്ല-സംസ്ഥാന നിലവാരങ്ങളിൽ നേതൃത്വപദവിയിലുണ്ടായിരുന്ന ഒരാൾക്ക് അംഗത്വം നൽകുന്നതിന് അതേ നിലവാരത്തിലുള്ള പ്രദേശിക കമ്മിറ്റിയുടെ ജില്ലാ-സംസ്ഥാന കമ്മിറ്റിയുടെയോ അംഗീകാരത്തിനുപുറമെ തൊട്ടുമേലുള്ള കമ്മിറ്റിയുടെ അനുവാദവും ഉണ്ടായിരിക്കണം. അസാധാരണമായ ചില കേസുകളിൽ കേന്ദ്രകമ്മിറ്റിക്കോ സംസ്ഥാനകമ്മിറ്റിക്കോ അത്തരക്കാർക്ക് പൂർണഅംഗത്വം നൽകാം. സംസ്ഥാനകമ്മിറ്റി അപ്രകാരം അംഗത്വം നൽകുമ്പോൾ മുൻകൂട്ടി കേന്ദ്രകമ്മിറ്റിയുടെ അനുവാദം വാങ്ങണം.

5. ഒരിക്കൽ പാർട്ടി അംഗത്വത്തിൽ പുറത്താക്കപ്പെട്ടാൽ അയാളെ വീണ്ടും പാർട്ടിയിൽ എടുക്കുന്നതിന് പുറത്താക്കൽ തീരുമാനം സ്വീകരിച്ച പാർട്ടികമ്മിറ്റിയുടെയോ അതിനേക്കാൾ ഉയർന്ന ഏതെങ്കിലും കമ്മിറ്റിയുടെയോ തീരുമാനം ഉണ്ടായിരിക്കണം.

6. തിരഞ്ഞെടുപ്പിൽ പങ്കെടുക്കാനോ തിരഞ്ഞെടുക്കപ്പെടാനോ ഏതെങ്കിലും പ്രമേയത്തെ സംബന്ധിച്ച് വോട്ടുചെയ്യാനോ ഉള്ള അവകാശങ്ങളൊഴിച്ചാൽ പൂർണ അംഗങ്ങൾക്കുള്ള എല്ലാ അവകാശങ്ങളും ചുമതലകളും സ്ഥാനാർഥി അംഗങ്ങൾക്കും ഉണ്ടായിരിക്കും.

7. ഏതെങ്കിലും ഒരു ബ്രാഞ്ചോ പാർട്ടികമ്മിറ്റിയോ സ്ഥാനാർഥി അംഗങ്ങളെ ചേർത്തുകഴിഞ്ഞാൽ, പാർട്ടിയുടെ പരിപാടി, ഭരണഘടന, സമകാലികനയങ്ങൾ എന്നിവ സംബന്ധിച്ച് അവരുടെ പ്രാഥമിക പഠനത്തിന് അതത് ഘടകങ്ങൾ ഏർപ്പാടുണ്ടാക്കേണ്ടതും പാർട്ടിബ്രാഞ്ചിലോ ഘടകത്തിലോ അംഗങ്ങൾ എന്ന നിലക്ക് പ്രവർത്തിക്കാൻ അവസരം നൽകിക്കൊണ്ട് അവരുടെ വളർച്ചയെ അവലോകനം ചെയ്യേണ്ടതുമാണ്.

8. സ്ഥാനാർഥി അംഗത്വം കാലാവധി അവസാനിച്ചാൽ ബന്ധപ്പെട്ട പാർട്ടിബ്രാഞ്ചോ കമ്മിറ്റിയോ പൂർണഅംഗത്വം ലഭിക്കാൻ അയാൾ യോഗ്യനായോ എന്ന കാര്യം ചർച്ചചെയ്യണം. സ്ഥാനാർഥി അംഗം അയോഗ്യനാണെന്നു കണ്ടാൽ പാർട്ടി ബ്രാഞ്ചോ കമ്മിറ്റിയോ അയാളുടെ സ്ഥാനാർഥി അംഗത്വം റദ്ദു ചെയ്യേണ്ടതാണ്. പൂർണഅംഗത്വം നൽകിയതിനെക്കുറിച്ചുള്ള റിപ്പോർട്ട് ബന്ധപ്പെട്ട ബ്രാഞ്ചോ പാർട്ടികമ്മിറ്റിയോ അടുത്ത മേൽകമ്മിറ്റിക്ക് കൃത്യമായി അയക്കേണ്ടതാണ്.

9. ആ റിപ്പോർട്ട് പരിശോധിച്ചതിനുശേഷം അത് സമർപ്പിച്ച പാർട്ടിബ്രാഞ്ചിനോടോ കമ്മിറ്റിയോടോ കൂടിആലോചിച്ചുകൊണ്ട് അത് ഭേദഗതിചെയ്യാനോ ആകെ മാറ്റാനോ ഉപരികമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കും. സ്ഥാനാർഥി അംഗങ്ങളെ റിക്രൂട്ട് ചെയ്യുന്ന കാര്യത്തിലും ജില്ലാകമ്മിറ്റികൾക്ക് മേൽനോട്ടാധികാരമുണ്ട്. ഇത് സംബന്ധിച്ച് കീഴ്കമ്മിറ്റികൾ എടുത്ത തീരുമാനങ്ങൾ ഭേദഗതിചെയ്യാനോ ആകെ മാറ്റാനോ ഉപരികമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കും. സ്ഥാനാർഥിഅംഗങ്ങളെ റിക്രൂട്ട് ചെയ്യുന്ന കാര്യത്തിലും പൂർണഅംഗത്വം നൽകുന്ന കാര്യത്തിലും ജില്ലാകമ്മിറ്റിക്ക് മേൽനോട്ടാധികാരം ഉണ്ട്. ഇത് സംബന്ധിച്ച് കീഴ്കമ്മിറ്റികൾ എടുത്ത തീരുമാനങ്ങൾ ഭേദപ്പെടുത്താനോ നിരസിക്കാനോ മേൽക്കമ്മിറ്റികൾക്ക് അവകാശമുണ്ടായിരിക്കും.

10. ഏതു പാർട്ടിഅംഗത്തിനും തന്റെ ഘടകത്തിന്റെ അനുമതിയോടുകൂടി മറ്റൊരു ഘടകത്തിലേക്ക് മാറാവുന്നതാണ്. അതിനുള്ള അപേക്ഷ തന്റെ ഘടകത്തിലൂടെ ബന്ധപ്പെട്ട രണ്ട് ഘടകങ്ങളും ഏത് മേൽഘടകത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നുവോ അതിന് അയച്ചുകൊടുക്കേണ്ടതാണ്.

വകുപ്പ് 5

പാർട്ടി പ്രതിജ്ഞ

പാർട്ടിയിൽ ചേരുന്ന സകലരും പാർട്ടി പ്രതിജ്ഞയിൽ ഒപ്പുവെയ്ക്കണം. പാർട്ടി പ്രതിജ്ഞ ഇപ്രകാരമാണ്.

ഞാൻ പാർട്ടിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ അംഗീകരിക്കുകയും അതിന്റെ ഭരണഘടനക്ക് വിധേയമായി പാർട്ടി തീരുമാനങ്ങൾ കൂറോടെ നടപ്പാക്കിക്കൊള്ളാമെന്ന് സമ്മതിക്കുകയും ചെയ്യുന്നു. ഞാൻ കമ്യൂണിസ്റ്റ് ആദർശത്തിനനുസരിച്ച് ജീവിക്കാൻ ശ്രമിക്കുകയും തൊഴിലാളിവർഗത്തെയും അധ്വാനിക്കുന്ന ബഹുജനങ്ങളെയും രാജ്യത്തെയും നിസ്വാർഥമായി സേവിക്കുകയും എല്ലായ്‌പ്പോഴും പാർട്ടിയുടെയും ജനങ്ങളുടെയും താൽപ്പര്യങ്ങളെ സ്വന്തം താൽപ്പര്യങ്ങൾക്ക് ഉപരിയായി കണക്കാക്കുകയും ചെയ്യുന്നതാണ്.

വകുപ്പ് 6

പാർട്ടി അംഗത്വരേഖകൾ

പാർട്ടിഅംഗത്വം സംബന്ധിച്ച എല്ലാ രേഖകളും ജില്ലാകമ്മിറ്റിയുടെ മേൽനോട്ടത്തിൽ സൂക്ഷിക്കുന്നതാണ്.

വകുപ്പ് 7

പാർട്ടി അംഗത്വപരിശോധന

1. വർഷം തോറും പാർട്ടിഅംഗത്വം സംബന്ധിച്ച് ഒരു ചെക്ക്-അപ്പ് (ഒത്തുനോക്കൽ പരിശോധന) നടത്തുന്നതാണ്. അവരവർ അംഗമായിരിക്കുന്ന പാർട്ടി സംഘടനയാണ് ഇത് നടത്തുക. ശരിയായ കാരണം കൂടാതെ തുടർച്ചയായി കുറെ കാലത്തേക്ക് പാർട്ടിജീവിതത്തിലും പ്രവർത്തനത്തിലും പങ്കെടുക്കാതിരിക്കുകയോ വരിസംഖ്യ മുതലായവ കൊടുക്കാതിരിക്കുകയോ ചെയ്യുന്ന ഏതൊരാളെയും പാർട്ടിഅംഗത്വത്തിൽനിന്ന് തള്ളിക്കളയുന്നതാണ്.

2. പാർട്ടി അംഗത്തെ സംബന്ധിച്ച് നടത്തിയ ചെക്ക്-അപ്പിന്റെ  റിപ്പോർട്ട് ബന്ധപ്പെട്ട ബ്രാഞ്ചോ പാർട്ടികമ്മിറ്റിയോ സ്ഥിരീകരണത്തിനും രേഖ സൂക്ഷിപ്പിനുമായി തൊട്ടടുത്ത മേൽകമ്മിറ്റിക്ക് അയക്കണം.

വകുപ്പ് 8

പാർട്ടിഅംഗത്വം രാജിവെക്കൽ

1. തന്റെ അംഗത്വം രാജിവെക്കണമെന്ന് ആഗ്രഹിക്കുന്ന ആൾ താൻ അംഗമായിരിക്കുന്ന പാർട്ടിബ്രാഞ്ചിനോ ഘടകത്തിനോ രാജി സമർപ്പിക്കേണ്ടതാണ്. ബന്ധപ്പെട്ട ഘടകത്തിന് ആ രാജി സ്വീകരിച്ച് അയാളുടെ പേർ അംഗത്വപട്ടികയിൽനിന്ന് നീക്കിക്കളയാവുന്നതാണ്. ഈ വിവരം അടുത്ത മേൽക്കമ്മിറ്റിക്ക് റിപ്പോർട്ട് ചെയ്യുകയും വേണം. രാഷ്ട്രീയകാരണംകൊണ്ടാണ് രാജിവെക്കുന്നതെങ്കിൽ രാജി തള്ളിക്കളഞ്ഞ് അയാളെ പാർട്ടിയിൽനിന്ന് പുറത്താക്കേണ്ടതാണ്.

2. പാർട്ടിയിൽനിന്നു പുറത്താക്കാൻ തക്കവിധം ഗുരുതരമായ അച്ചടക്കക്കുറ്റം ആരോപിക്കപ്പെടാൻ ഇടയുള്ള ആളാണ് രാജിവെക്കാൻ ആഗ്രഹിക്കുന്നതെങ്കിൽ ആ കുറ്റാരോപണത്തിൽ കഴമ്പുണ്ടെങ്കിൽ ആ രാജി പാർട്ടിയിൽനിന്നുള്ള പുറത്താക്കലായി കണക്കാക്കി നടപ്പിൽ വരുത്തേണ്ടതുമാണ്.

3. അങ്ങനെ പുറംതള്ളലായി നടപ്പിൽവരുത്തുന്ന എല്ലാ രാജിക്കാര്യങ്ങളും ഉടനടി അടത്ത മേൽകമ്മിറ്റിക്ക് റിപ്പോർട്ടുചെയ്യേ ണ്ടതും ആ കമ്മിറ്റിയുടെ സ്ഥിരീകരണത്തിന് വിധേയമാക്കേണ്ടതുമാണ്.

വകുപ്പ് 9

അംഗവരി

1. ഓരോ പാർട്ടിഅംഗവും സ്ഥാനാർഥിഅംഗവും പാർട്ടി അംഗവരിയായി പ്രതിവർഷം രണ്ടു രൂപവീതം നൽകേണ്ടതാണ്. പാർട്ടിയിൽ ചേരുന്ന സമയത്തോ ഓരോ വർഷവും മാർച്ച് മാസം അവസാനിക്കുന്നതിന് മുമ്പോ ഈ പ്രതിവർഷ പാർട്ടി വരിസംഖ്യ ഓരോ അംഗവും ബന്ധപ്പെട്ട ബ്രാഞ്ച് അല്ലെങ്കിൽ യൂണിറ്റ് സെക്രട്ടറിക്ക് നൽകേണ്ടതാണ്. തക്കസമയത്ത് ഒരു അംഗം വരിസംഖ്യ നൽകാത്തപക്ഷം അംഗത്വപട്ടികയിൽനിന്ന് ആ അംഗത്തിന്റെ പേർ നീക്കം ചെയ്യപ്പെടും.

പരിതഃസ്ഥിതികൾ നിർബന്ധിക്കുകയാണെങ്കിൽ കേന്ദ്രകമ്മിറ്റിക്ക് ഈ അവസാനതിയതി നീട്ടാവുന്നതാണ്.

2. പാർട്ടി അംഗങ്ങളിൽനിന്ന് ശേഖരിക്കുന്ന വരിസംഖ്യ മുഴുവൻ പാർട്ടിബ്രാഞ്ചോ ഘടകമോ തക്കതായ പാർട്ടികമ്മിറ്റികളിലൂടെ കേന്ദ്രകമ്മിറ്റിയെ ഏൽപ്പിക്കണം.

വകുപ്പ് 10

പാർട്ടി ലെവി

കേന്ദ്രകമ്മിറ്റി നിശ്ചയിക്കുന്ന പ്രകാരം ഒരു പ്രതിമാസ ലെവി എല്ലാ പാർട്ടിഅംഗങ്ങളും അടയ്ക്കണം. വർഷാ വർഷമായോ കാലാകാലത്തിലോ മാത്രം വരുമാനം കിട്ടുന്നവർ നിശ്ചിത ശതമാനം അനുസരിച്ച് ഓരോ കാലത്തിന്റെയും ആദ്യമോ മുമ്മൂന്നു മാസത്തിലാദ്യമോ ലെവി അടയ്‌ക്കേണ്ടതാണ്. നിശ്ചിതസമയത്തെ തുടർന്ന് മൂന്നുമാസം കഴിഞ്ഞിട്ടും ലെവി അടയ്ക്കാത്ത ആളുകളുടെ പേർ പാർട്ടിയുടെ അംഗത്വപട്ടികയിൽനിന്ന് നീക്കം ചെയ്യുന്നതാണ്.

വകുപ്പ് 11

പാർട്ടിഅംഗങ്ങളുടെ ചുമതലകൾ

1. പാർട്ടി അംഗങ്ങളുടെ ചുമതലകൾ താഴെ ചേർക്കുന്നു:

എ. തങ്ങൾ അംഗമായിട്ടുള്ള പാർട്ടി സംഘടനയുടെ പ്രവർത്തനങ്ങളിൽ കൃത്യമായി പങ്കുകൊള്ളുകയും പാർട്ടിയുടെ നയവും തീരുമാനങ്ങളും നിർദേശങ്ങളും വിശ്വസ്തതയോടെ നടപ്പാക്കുകയും ചെയ്യുക.

ബി. മാർക്‌സിസം-ലെനിനിസം പഠിക്കുകയും സ്വന്തം അറിവിന്റെ നിലവാരം ഉയർത്താൻ പരിശ്രമിക്കുകയും ചെയ്യുക.

സി. പാർട്ടിപത്രങ്ങളും പ്രസിദ്ധീകരണങ്ങളും വായിക്കുകയും അവ നിലനിർത്താൻ സഹായിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുക.

ഡി. പാർട്ടി ഭരണഘടന മാനിക്കുക, അച്ചടക്കം പാലിക്കുക, കമ്യൂണിസത്തിന്റെ മഹീനയ ആദർശങ്ങൾക്ക് അനുസരണമായും തൊഴിലാളിവർഗ സാർവദേശീയത്വത്തിന്റെ അന്തഃസത്ത ഉൾക്കൊണ്ടും പൊരുമാറുക.

ഇ. സ്വന്തം താൽപ്പര്യങ്ങൾക്ക് ഉപരി പാർട്ടി താൽപ്പര്യങ്ങൾക്ക് സ്ഥാനം നൽകുക.

എഫ്. ബഹുജനങ്ങളെ അർപ്പണമനോഭാവത്തോടെ സേവിക്കുകയും അവരുമായുള്ള ബന്ധം നിരന്തരം ശക്തിപ്പെടുത്തുകയും ചെയ്യുക. ബഹുജനങ്ങളിൽനിന്ന് കാര്യങ്ങൾ ഗ്രഹിക്കുക; അവരുടെ ആവശ്യങ്ങളും അഭിപ്രായങ്ങളും പാർട്ടിക്ക് റിപ്പോർട്ടുചെയ്യുക. പ്രത്യേകം ഒഴിവാക്കപ്പെടാത്ത പക്ഷം പാർട്ടിയുടെ മാർഗനിർദേശം അനുസരിച്ച് ഏതെങ്കിലും ഒരു ബഹുജനസംഘടനയിൽ പ്രവർത്തിക്കുക.

ജി. പാർട്ടി അംഗങ്ങൾ തമ്മിൽ സഖാക്കൾക്ക് അനുയോജ്യമായ ബന്ധം വളർത്തുകയും പാർട്ടിക്കുള്ളിൽ സാഹോദര്യമനോഭാവം നിരന്തരം പ്രബലപ്പെടുത്തുകയും ചെയ്യുക.

എച്ച്. തനിയെയും കൂട്ടായും ഉള്ള പ്രവർത്തനം മെച്ചപ്പെടുത്താനും അന്യോന്യം സഹായിക്കാനുമായി വിമർശനവും സ്വയം വിമർശനവും പതിവായി നടത്തുക.

ഐ. പാർട്ടിയോട് ഉള്ളുതുറന്ന് സത്യസന്ധമായി പെരുമാറുക, പാർട്ടി അർപ്പിക്കുന്ന വിശ്വാസത്തെ വഞ്ചിക്കാതിരിക്കുക.

ജെ. പാർട്ടിയുടെ ഐക്യവും കെട്ടുറപ്പും സംരക്ഷിക്കുക. രാജ്യത്തിന്റെയും തൊഴിലാളിവർഗത്തിന്റെയും ശത്രുക്കൾക്കെതിരായി ജാഗരൂകരായിരിക്കുക.

കെ. പാർട്ടിയുടെയും തൊഴിലാളിവർഗത്തിന്റെയും രാജ്യത്തിന്റെ ശത്രുക്കളുടെയും കടന്നാക്രമണത്തിനെതിരായി പാർട്ടിയെ കാത്തുസൂക്ഷിക്കുകയും പാർട്ടിയുടെ ആദർശം ഉയർത്തിപ്പിടിക്കുകയും ചെയ്യുക.

2. പാർട്ടി അംഗങ്ങളെക്കൊണ്ട് മേൽപ്പറഞ്ഞ ചുമതലകൾ നിറവേറ്റുകയും അവ നിർവഹിക്കുന്നതിന് കഴിവുള്ള വിധത്തിലെല്ലാം സഹായിക്കുകയും ചെയ്യുക പാർട്ടിസംഘടനകളുടെ കടമയാണ്.

വകുപ്പ് 12

പാർട്ടി അംഗങ്ങളുടെ അവകാശങ്ങൾ

1. പാർട്ടി അംഗങ്ങളുടെ അവകാശങ്ങൾ താഴെ ചേർക്കുന്നു:

എ. പാർട്ടി സംഘടനകളെയും പാർട്ടികമ്മിറ്റികളെയും തിരഞ്ഞെടുക്കുക, അവയിലേക്ക് തിരഞ്ഞെടുക്കപ്പെടുക.

ബി. പാർട്ടിനയങ്ങളും പാർട്ടിതീരുമാനങ്ങളും രൂപീകരിക്കുന്നതിന് സംഭാവന നൽകാനായി ചർച്ചകളിൽ പങ്കെടുക്കുക.

സി. പാർട്ടിയിലെ സ്വന്തം പ്രവർത്തനത്തെപ്പറ്റി നിർദേശങ്ങൾ വെക്കുക.

ഡി. പാർട്ടിയോഗത്തിൽവെച്ച് പാർട്ടികമ്മിറ്റികളെയും ഭാരവാഹികളെയും വിമർശിക്കുക.

ഇ. തനിക്കെതിരായ അച്ചടക്കനടപടിയെപ്പറ്റി ചർച്ചചെയ്യുമ്പോൾ അതിനെപ്പറ്റി തന്റെ ഘടകത്തിൽ നേരിട്ട് ഹാജരായി തനിക്ക് പറയാനുള്ളത് പറയുക.

എഫ്. തന്റെ പാർട്ടികമ്മിറ്റിയുടെയോ സംഘടനയുടെയോ ഏതെങ്കിലും തീരുമാനത്തോട് ഒരു പാർട്ടിഅംഗം യോജിക്കുന്നില്ലെങ്കിൽ അയാൾക്ക് തന്റെ അഭിപ്രായം തൊട്ടടുത്ത മേൽകമ്മിറ്റിക്ക് സമർപ്പിക്കാവുന്നതാണ്. രാഷ്ട്രീയ അഭിപ്രായഭിന്നതയുള്ള പാർട്ടി അംഗത്തിന് തന്റെ അഭിപ്രായം കേന്ദ്ര കമ്മിറ്റി വരെയുള്ള ഏത് മേൽക്കമ്മിറ്റിക്കും സമർപ്പിക്കാം. അത്തരം സന്ദർഭങ്ങളിലെല്ലാം പാർട്ടിഅംഗം തീർച്ചയായും പാർട്ടി തീരുമാനങ്ങൾ നടപ്പാക്കേണ്ടതും അഭിപ്രായഭിന്നതകൾ പ്രായോഗിക പരീക്ഷണത്തിലൂടെയും സഖാക്കൾക്ക് അനുയോജ്യമായ ചർച്ചകളിലൂടെയും പരിഹരിക്കാൻ ശ്രമിക്കേണ്ടതുമാണ്.

ജി. കേന്ദ്രകമ്മിറ്റി ഉൾപ്പെടെ അതുവരെയുള്ള ഏത് മേൽഘടകത്തിനും എന്തെങ്കിലും പ്രസ്താവനയോ പരാതിയോ അപ്പീലോ സമർപ്പിക്കുക.

2. ഈ അവകാശങ്ങൾ മാനിക്കേണ്ടത് പാർട്ടിസംഘടനകളുടെയും ഭാരവാഹികളുടെയും കടമയാണ്.

വകുപ്പ് 13

ജനാധിപത്യ കേന്ദ്രീകരണത്തിന്റെ തത്ത്വങ്ങൾ

1. പാർട്ടിഘടനയുടെ അടിസ്ഥാനവും ഉൾപ്പാർട്ടിജീവിതത്തിന് വഴികാട്ടുന്നതും ജനാധിപത്യ കേന്ദ്രീകരണത്തിന്റെ തത്വങ്ങളാണ്. ജനാധിപത്യ കേന്ദ്രീകരണെമന്നു പറഞ്ഞാൽ ഉൾപ്പാർട്ടി ജനാധിപത്യത്തിന്റെ അടിസ്ഥാനത്തിലുള്ള കേന്ദ്രീകൃത നേതൃത്വമെന്നും കേന്ദീകൃത നേതൃത്വത്തിന്റെ മാർഗ നിർദേശത്തോടുകൂടിയ ജനാധിപത്യമെന്നും ആണ് അർഥം.

പാർട്ടിഘടനയുടെ രംഗത്ത് ജനാധിപത്യകേന്ദ്രീകരണത്തിന്റെ മാർഗദർശകതത്ത്വങ്ങൾ താഴെപ്പറയുന്നവയാണ്:

എ. ഉന്നതതലം തൊട്ട് താഴേപ്പടിവരെയുള്ള എല്ലാ പാർട്ടിഘടകങ്ങളും തിരഞ്ഞെടുക്കപ്പെട്ടവയാകണം.

ബി. ന്യൂനപക്ഷം ഭൂരിപക്ഷതീരുമാനം നടപ്പിൽവരുത്തണം. പാർട്ടിയുടെ കീഴ്ഘടകങ്ങൾ മേൽഘടകങ്ങളുടെ തീരുമാനങ്ങളും നിർദേശങ്ങളും നടപ്പാക്കണം. വ്യക്തികൾ കൂട്ടായ തീരുമാനങ്ങൾക്കും ഇച്ഛയ്ക്കും കീഴ്‌പ്പെടണം. പാർട്ടി കോൺഗ്രസിന്റെയും കേന്ദ്രകമ്മിറ്റിയുടെയും തീരുമാനങ്ങളും നിർദേശങ്ങളും എല്ലാ പാർട്ടിസംഘടനകളും നടപ്പാക്കണം.

സി. എല്ലാ പാർട്ടികമ്മിറ്റികളും തങ്ങളുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് തൊട്ടുകീഴിലുള്ള പാർട്ടിഘടകങ്ങൾക്ക് കാലാകാലങ്ങളിൽ റിപ്പോർട്ടു ചെയ്യണം. അതുപോലെ തന്നെ എല്ലാ കീഴ്കമ്മിറ്റികളും തൊട്ട് മേലെയുള്ളവയ്ക്കും റിപ്പോർട്ടു ചെയ്യണം.

ഡി. എല്ലാ പാർട്ടികമ്മിറ്റികളും, നേതൃസ്ഥാനത്തുള്ളവ പ്രത്യേകിച്ചും കീഴ്കമ്മിറ്റികളുടെയും കീഴ്‌സംഘടനകളുടെയും പാർട്ടി അണികളിലെ അംഗങ്ങളുടെയും അഭിപ്രായങ്ങളും വിമർശനങ്ങളും നിരന്തരശ്രദ്ധയോടെ പരിഗണിക്കേണ്ടതാണ്.

ഇ. എല്ലാ പാർട്ടികമ്മിറ്റികളും കൂട്ടായ തീരുമാനത്തിന്റെയും പ്രവർത്തന പരിശോധനയുടെയും (ചെക്ക്-അപ്പ്) അടിസ്ഥാനത്തിലും വ്യക്തിപരമായ ഉത്തരവാദിത്വത്തോടെയും പ്രവർത്തിക്കേണ്ടതാണ്.

എഫ്. എല്ലാ സാർവദേശീയപ്രശ്‌നങ്ങളും അഖിലേന്ത്യാ സ്വഭാവമുള്ളവയോ ഒന്നിലധികം സംസ്ഥാനങ്ങളെ സംബന്ധിക്കുന്നവയോ ആയ പ്രശ്‌നങ്ങളും രാജ്യവ്യാപകമായി ഏകീകൃതതീരുമാനം ആവശ്യമായ പ്രശ്‌നങ്ങളും സംബന്ധിച്ച് അഖിലേന്ത്യാപാർട്ടി സംഘടനകൾ തീരുമാനം എടുക്കേണ്ടതാണ്. സംസ്ഥാന വ്യാപകമോ ജില്ലയെമാത്രം ബാധിക്കുന്നതോ ആയ പ്രശ്‌നങ്ങൾ സാധാരണഗതിയിൽ അതത് പാർട്ടിസംഘടനകൾക്ക് തീരുമാനിക്കാവുന്നതാണ്. എന്നാൽ ഒരുനിലക്കും അത്തരം തീരുമാനങ്ങൾ മേൽക്കമ്മിറ്റികളുടെ തീരുമാനങ്ങൾക്ക് വിരുദ്ധമാകാൻ പാടില്ല. സംസ്ഥാനപ്രാധാന്യം വരെ ഉള്ള ഏതെങ്കിലും പ്രശ്‌നത്തിൽ പാർട്ടിയുടെ കേന്ദ്രനേതൃത്വത്തിന് തീരുമാനം എടുക്കേണ്ടതായി വരുമ്പോൾ സാധാരണഗതിയിൽ ബന്ധപ്പെട്ട സംസ്ഥാന കമ്മിറ്റിയുമായി ആലോചിച്ചേ അങ്ങനെ ചെയ്യാവു. ജില്ലയെ സംബന്ധിച്ച കാര്യങ്ങളിൽ സംസ്ഥാനകമ്മിറ്റിയും അങ്ങനെയേ ചെയ്യാവു.

ജി. അഖിലേന്ത്യാതലത്തിൽ പാർട്ടിനയങ്ങളെ ബാധിക്കുന്നവയും എന്നാൽ പാർട്ടി അതിന്റെ നിലപാട് ആദ്യമായി പ്രകടിപ്പിക്കേണ്ടിവരുന്നതുമായ പ്രശ്‌നങ്ങളിൽ നയപരമായ പ്രസ്താവന ചെയ്യാൻ കേന്ദ്രകമ്മിറ്റിക്ക് മാത്രമേ അധികാരമുള്ളു. കേന്ദ്രനേതൃത്വത്തിന്റെ പരിഗണനക്കായി അതേക്കുറിച്ച് തങ്ങളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും തക്കസമയത്ത് അറിയിക്കാൻ കീഴ്കമ്മിറ്റികൾക്ക് അവകാശമുണ്ട്. അവയങ്ങനെ ചെയ്യേണ്ടതുമാണ്.

2. പാർട്ടി അംഗങ്ങളുടെ ആകെയും ജനകീയപ്രസ്ഥാനത്തിന്റെയും അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഉൾപ്പാർട്ടി ജീവിതരംഗത്ത് ജനാധിപത്യ കേന്ദ്രീകരണത്തിന്റെ താഴെപ്പറയുന്ന നിർദേശകതത്ത്വങ്ങൾ നടപ്പാക്കിയിരിക്കുന്നു;

എ. പാർട്ടിയെയും അതിന്റെ നയങ്ങളെയും പ്രവർത്തനങ്ങളെയും ബാധിക്കുന്ന എല്ലാ പ്രശ്‌നങ്ങളെയും പറ്റി പാർട്ടിഘടകങ്ങളിൽ സ്വതന്ത്രവും തുറന്നതുമായ ചർച്ച നടത്തുക.

ബി. പാർട്ടിനയങ്ങൾ നടപ്പാക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും പാർട്ടിഅംഗങ്ങളെ സജീവമാക്കാനും പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ അവരുടെ നിലവാരം ഉയർത്താനും പാർട്ടിജീവിതത്തിലും പ്രവർത്തനത്തിലും ഫലപ്രദമായി പങ്കുവഹിക്കാൻ ഉതകുംവിധം അവരുടെ പൊതുവിജ്ഞാനം മെച്ചപ്പെടുത്താനും ഉള്ള ശ്രമങ്ങൾ നിരന്തരമായി നടത്തുക.

സി. ഒരു പാർട്ടികമ്മിറ്റിയിൽ ഗുരുതരമായ അഭിപ്രായവ്യത്യാസങ്ങൾ ഉയർന്നുവന്നാൽ യോജിപ്പിലെത്തുന്നതിനുവേണ്ടി എല്ലാ പ്രകാരേണയും യത്‌നിക്കുക. ഇത് കഴിയാതെവന്നാൽ, പാർട്ടിക്കും ബഹുജനപ്രസ്ഥാനത്തിനും പെട്ടെന്ന് ഒരു തീരുമാനം ഇതേക്കുറിച്ച് ആവശ്യമില്ലാത്തപക്ഷം, തുടർന്നുള്ള ചർച്ച വഴി അഭിപ്രായഭിന്നതകൾ പരിഹരിക്കാൻ വേണ്ടി തീരുമാനം മാറ്റിവെക്കുക.

ഡി. മേലേക്കിടയിലുള്ളവതൊട്ട് കീഴേക്കിടയിലുള്ളവ വരെ എല്ലാ നിലവാരത്തിലും വിമർശനവും സ്വയം വിമർശനവും കീഴ്കമ്മിറ്റികളിൽനിന്നുള്ള വിമർശനവും പ്രത്യേകിച്ചും പ്രോത്സാഹിപ്പിക്കുക.

ഇ. എല്ലാ നിലവാരത്തിലും ഉദ്യോഗസ്ഥമേധാവിത്വപ്രവണതകൾക്കെതിരായി നിരന്തരം സമരം ചെയ്യുക.

എഫ്. പാർട്ടിക്കുള്ളിൽ എതു രൂപത്തിലുള്ളതായാലും ശരി വിഭാഗീയതയും വിഭാഗീയഗ്രൂപ്പുകളും അനുവദിക്കില്ല.

ജി. പാർട്ടിക്കുള്ളിൽ സാഹോദര്യബന്ധവും പരസ്പരസഹായവും വളർത്തുക; സഖാക്കളോട് സഹാനുഭൂതിയോടെ പെരുമാറിക്കൊണ്ട് അവരുടെ തെറ്റ് തിരുത്തുക; അവരെയും അവരുടെ പ്രവർത്തനത്തെയോ ഒറ്റപ്പെട്ട തെറ്റുകളുടെയോ സംഭാവനങ്ങളുടെയോ അടിസ്ഥാനത്തിലല്ലാതെ പാർട്ടിക്ക് അവർ നൽകിയ സേവനങ്ങളെ ആകെ കണക്കിലെടുത്തുകൊണ്ട് വിലയിരുത്തുക. അങ്ങനെ പാർട്ടിമനോഭാവവും പാർട്ടിബോധവും വളർത്തുക.

വകുപ്പ് 14

അഖിലേന്ത്യാ പാർട്ടി കോൺഗ്രസ്

1. രാജ്യത്ത് ആകെ പാർട്ടിയുടെ ഏറ്റവും ഉയർന്ന സംഘടന അഖിലേന്ത്യ പാർട്ടി കോൺഗ്രസായിരിക്കും.

എ. സാധാരണഗതിയിൽ മൂന്നു കൊല്ലത്തിലൊരിക്കൽ കേന്ദ്രകമ്മിറ്റി പാർട്ടി കോൺഗ്രസ് വിളിച്ചുകൂട്ടേണ്ടതാണ്.

ബി. ആവശ്യമെന്നു തോന്നുമ്പോൾ സ്വന്തം തീരുമാനം അനുസരിച്ചോ ഒട്ടാകെ പാർട്ടിഅംഗങ്ങളുടെ മൂന്നിൽ ഒന്നിൽ കുറയാത്തവരെ പ്രതിനിധീകരിക്കുന്ന രണ്ടോ അതിലധികമോ സംസ്ഥാന പാർട്ടിഘടകങ്ങളുടെ ആവശ്യം അനുസരിച്ചോ കേന്ദ്രകമ്മിറ്റി വിശേഷാൽ പാർട്ടി കോൺഗ്രസ് വിളിച്ചുകൂട്ടേണ്ടതാണ്.

സി. പാർട്ടി കോൺഗ്രസിന്റെ വിശേഷാൽ പാർട്ടി കൊൺഗ്രസിന്റെയോ സ്ഥലവും തിയതിയും ഇക്കാര്യത്തിനു വേണ്ടി പ്രത്യേകം വിളിച്ചുകൂട്ടുന്ന കേന്ദ്രകമ്മിറ്റിയോഗം തീരുമാനിക്കുന്നതാണ്.

ഡി. സംസ്ഥാനസമ്മേളനങ്ങളും അഖിലേന്ത്യാ പാർട്ടികേന്ദ്രത്തിന്റെ നേരിട്ടു കീഴിലുള്ള പാർട്ടിഘടകങ്ങളുടെ സമ്മേളനങ്ങളും തിരഞ്ഞെടുത്ത് അയക്കുന്ന പ്രതിനിധികൾ ചേർന്നതാണ് ക്രമപ്രകാരമുള്ള പാർട്ടികോൺഗ്രസ്.

ഇ. സാധാരണ പാർട്ടി കോൺഗ്രസിലേക്കുള്ള പ്രാതിനിധ്യത്തിന്റെ അടിസ്ഥാനവും വിശേഷാൽ കോൺഗ്രസിലേക്കുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കുന്ന സമ്പ്രദായവും പ്രാതിനിധ്യത്തിന്റെ അടിസ്ഥാനവും കേന്ദ്രകമ്മിറ്റി നിശ്ചയിക്കുന്നതാണ്. ആകെയുള്ള പാർട്ടി അംഗസംഖ്യ, പാർട്ടി നയിക്കുന്ന ബഹുജനപ്രസ്ഥാനങ്ങളുടെ കരുത്ത്, അതായത് സംസ്ഥാനങ്ങളിൽ പാർട്ടിക്കുള്ള ശക്തി എന്നിവയാണ് കേന്ദ്രകമ്മിറ്റിയുടെ തീരുമാനത്തിനുള്ള പൊതുവായ അടിസ്ഥാനം.

എഫ്. സാധാരണ പാർട്ടി കോൺഗ്രസിലും വിശേഷാൽ കോൺഗ്രസിലും പൂർണപ്രതിനിധികളായി പങ്കെടുക്കാൻ കേന്ദ്രകമ്മിറ്റി അംഗങ്ങൾക്ക് അവകാശമുണ്ട്.

2. സാധാരണ പാർട്ടി കോൺഗ്രസിന്റെ പ്രവർത്തനങ്ങളും അധികാരങ്ങളും താഴെപ്പറയുന്നവയാണ്:

എ. കേന്ദ്രകമ്മിറ്റിയുടെ രാഷ്ട്രീയ-സംഘടനാ റിപ്പോർട്ട് ചർച്ച ചെയ്തു വേണ്ട നടപടികൾ എടുക്കുക.

ബി. പാർട്ടിപരിപാടിയും ഭരണഘടനയും പുനഃപരിശോധിച്ച് വേണ്ട മാറ്റങ്ങൾ വരുത്തുക.

സി. സമകാലിക പരിതഃസ്ഥിതിയിൽ പാർട്ടിയുടെ നയം നിർണയിക്കുക.

ഡി. രഹസ്യവോട്ടെടുപ്പ് അനുസരിച്ച് കേന്ദ്രകമ്മിറ്റിയെ തിരഞ്ഞെടുക്കുക.

3. കോൺഗ്രസിൽ പങ്കെടുക്കുന്ന പ്രതിനിധികളുടെ വിശ്വാസയോഗ്യത പരിശോധിച്ച് കോൺഗ്രസിന് റിപ്പോർട്ട് ചെയ്യാനായി ഒരു ക്രഡൻഷ്യൽ കമ്മിറ്റിയെ കോൺഗ്രസ് തിരഞ്ഞെടുക്കുന്നതാണ്.

4. യോഗനടപടികൾ നടത്തുന്നതിനായി കോൺഗ്രസ് ഒരു പ്രസീഡിയത്തെ-അധ്യക്ഷമണ്ഡലത്തെ-തിരഞ്ഞെടുക്കുന്നതാണ്.

വകുപ്പ് 15

കേന്ദ്രകമ്മിറ്റി

1. എ. പാർട്ടി കോൺഗ്രസ് ഒരു കേന്ദ്രകമ്മിറ്റിയെ തിരഞ്ഞെടുക്കുന്നതായിരിക്കും. കേന്ദ്രകമ്മിറ്റിയിലെ അംഗസംഖ്യ കോൺഗ്രസ് തന്നെ തീരുമാനിക്കും.

ബി. സ്ഥാനം ഒഴിയുന്ന കേന്ദ്രകമ്മിറ്റി പുതിയ കമ്മിറ്റിയിലേക്കുള്ള സ്ഥാനാർഥികളുടെ ഒരു പാനൽ പാർട്ടികോൺഗ്രസിന്റെ പരിഗണനക്ക് സമർപ്പിക്കണം.

സി. ബഹുജനങ്ങളുമായി അടുത്ത ബന്ധമുള്ളതും തൊഴിലാളിവർഗത്തിന്റെ വിപ്ലവവീക്ഷണത്തിൽ അടിയുറച്ചതും മാർക്‌സിസം-ലെനിനിസത്തിൽ ശിക്ഷണം നേടിയതുമായ കഴിവുറ്റ ഒരു നേതൃത്വത്തെ സൃഷ്ടിക്കുക എന്ന കാഴ്ചപ്പാടോടെ ആകണം സ്ഥാനാർഥികളുടെ പാനൽ തയ്യാറാക്കുന്നത്.

ഡി. പാനലിൽ ഉള്ള ഏതൊരാളുടെയും പേരിലും ഏതൊരു പ്രതിനിധിക്കും എതിർപ്പ് ഉന്നയിക്കാവുന്നതും പുതുതായി ഒന്നോ അതിലധികമോ പേരുകൾ നിർദേശിക്കാവുന്നതുമാണ്. പക്ഷേ നിർദേശിക്കപ്പെടുന്ന പേരുകാരന്റെ മുൻകൂട്ടിയുള്ള സമ്മതം വാങ്ങിയിരിക്കണം.

ഇ. പേര് നിർദേശിക്കപ്പെട്ട ഏതൊരാൾക്കും പിൻമാറാൻ അവകാശം ഉണ്ടായിരിക്കും.

എഫ്. നിർദേശിക്കപ്പെട്ട പാനലും പ്രതിനിധികൾ നിർദേശിച്ച പേരുകളും ചേർത്ത് വോട്ടിനിടും. വോട്ടെടുപ്പ് രഹസ്യബാലറ്റനുസരിച്ചും ഒരു സ്ഥാനാർഥിക്ക് ഒരു വോട്ടു മാത്രമേ നൽകാൻ പാടുള്ളു എന്ന വ്യവസ്ഥയനുസരിച്ചുമായിരിക്കണം. (രഹസ്യമായ ഏക വിതരണവോട്ട് സമ്പ്രദായം.) കൂടുതൽ പേരുകൾ നിർദേശിക്കപ്പെട്ടിട്ടില്ലെങ്കിൽ പ്രതിനിധികളുടെ അംഗീകാരം കയ്യുയർത്തി രേഖപ്പെടുത്തും.

2. രണ്ട് പാർട്ടി കോൺഗ്രസുകൾക്കിടയിലുള്ള കാലയളവിൽ കേന്ദ്രകമ്മിറ്റിക്കായിരിക്കും പാർട്ടിയിൽ പരമാധികാരം.

3. പാർട്ടി ഭരണഘടന പ്രാബല്യത്തിൽ വരുത്തുന്നതിന്റെയും പാർട്ടികോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയലൈനും തീരുമാനങ്ങളും നടപ്പാക്കുന്നതിന്റെയും ഉത്തരവാദിത്വം കേന്ദ്രകമ്മിറ്റിക്കുണ്ട്.

4. കേന്ദ്രകമ്മിറ്റി പാർട്ടിയെ ആകെ പ്രതിനിധാനം ചെയ്യുന്നു. പാർട്ടിയുടെ എല്ലാ പ്രവർത്തനങ്ങൾക്കും മാർഗനിർദേശം നൽകാനുള്ള ഉത്തരവാദിത്വം കേന്ദ്രകമ്മിറ്റിക്കാണ്. പാർട്ടി നേരിടുന്ന ഏതു പ്രശ്‌നത്തിലും പൂർണാധികാരത്തോടെ തീരുമാനമെടുക്കാനുള്ള അവകാശം കേന്ദ്രകമ്മിറ്റിക്കുണ്ട്.

5. കേന്ദ്രകമ്മിറ്റി അതിന്റെ അംഗങ്ങളിൽനിന്ന് ജനറൽ സെക്രട്ടറി ഉൾപ്പെടെ ഒരു പൊളിറ്റ് ബ്യൂറോയെ തിരഞ്ഞെടുക്കും. പൊളിറ്റ് ബ്യൂറോയുടെ അംഗസംഖ്യ കേന്ദ്രകമ്മിറ്റി നിശ്ചയിക്കും. കേന്ദ്രകമ്മിറ്റിയുടെ രണ്ട് യോഗങ്ങൾക്കിടയിലുള്ള കാലയളവിൽ അതിന്റെ പ്രവർത്തനങ്ങൾ പൊളിറ്റ് ബ്യൂറോ ആണ് നടത്തുക. ഈ കാലയളവിൽ രാഷ്ട്രീയവും സംഘടനാപരവുമായ തീരുമാനങ്ങളെടുക്കാൻ പൊളിറ്റ് ബ്യൂറോക്ക് അവകാശമുണ്ട്.

5. എ. കേന്ദ്രകമ്മിറ്റി അതിന്റെ അംഗങ്ങളിൽനിന്ന് ഒരു സെക്രട്ടേറിയറ്റിനെ തിരഞ്ഞെടുക്കുന്നതാണ്. സെക്രട്ടേറിയറ്റിന്റെ അംഗസംഖ്യ കേന്ദ്രകമ്മിറ്റി തീരുമാനിക്കും. സെക്രട്ടേറിയറ്റ് പൊളിറ്റ് ബ്യൂറോയുടെ മാർഗനിർദേശമനുസരിച്ച് പാർട്ടി കേന്ദ്രത്തിലെ ദൈനംദിന പ്രവർത്തനങ്ങളുടെ ചുമതല വഹിക്കുകയും കേന്ദ്രകമ്മിറ്റി തീരുമാനങ്ങൾ നടപ്പാക്കുന്നതിന് പൊളിറ്റ് ബ്യൂറോയെ സഹായിക്കുകയും ചെയ്യുന്നതാണ്.

6. സംസ്ഥാന കമ്മിറ്റികളുടെ സെക്രട്ടറിമാരെയും പാർട്ടിയുടെ സംസ്ഥാന മുഖപത്രങ്ങളുടെ പത്രാധിപൻമാരെയും തിരഞ്ഞെടുത്താൽ അതിന് കേന്ദ്രകമ്മിറ്റിയുടെ അംഗീകാരം ലഭിക്കണം.

7. എ. കടുത്ത അച്ചടക്കലംഘനം, സ്വഭാവദൂഷ്യം, പാർട്ടി വിരുദ്ധപ്രവർത്തനം എന്നിവക്ക് ഏതൊരംഗത്തെയും പുറത്താക്കാൻ കേന്ദ്രകമ്മിറ്റിക്കധികാരമുണ്ട്. എന്നാൽ അങ്ങനെ ചെയ്യുന്നതിന് യോഗത്തിൽ പങ്കെടുത്ത് വോട്ടുചെയ്യുന്നവരുടെ മൂന്നിൽ രണ്ടു ഭാഗത്തിന്റെ പിന്തുണ ഉണ്ടായിരിക്കണം. കൂടാതെ അങ്ങനെ വോട്ടു ചെയ്യുന്നവരുടെ എണ്ണം ഒട്ടാകെയുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ പകുതിയിലധികമായിരിക്കുകയും വേണം.

ബി. ഒട്ടാകെ അംഗങ്ങളിൽ കേവല ഭൂരിപക്ഷ തീരുമാനമനുസരിച്ച് ഒഴിവുവന്ന ഏത് സ്ഥാനവും കേന്ദ്രകമ്മിറ്റിക്ക് നികത്താവുന്നതാണ്.

സി. ഏതെങ്കിലും കേന്ദ്രകമ്മിറ്റി അംഗത്തെയോ അംഗങ്ങളെയോ അറസ്റ്റ് ചെയ്യുകയാണെങ്കിൽ അവശേഷിച്ചവർക്ക് ഒഴിവുകൾ നികത്താൻ ഒരു അംഗത്തെയോ അംഗങ്ങളേയോ കോ-ഓപ്റ്റ് ചെയ്യാവുന്നതാണ്. അങ്ങനെ കോ-ഓപ്റ്റ് ചെയ്യപ്പെടുന്നവർക്ക് മുമ്പുണ്ടായിരുന്നു അംഗങ്ങളെപ്പോലെ പൂർണാധികാരങ്ങളുണ്ടായിരിക്കും. എന്നാൽ അറസ്റ്റ് ചെയ്യപ്പെട്ടവർ വിമോചിതരായി തങ്ങളുടെ ചുമതല ഏറ്റെടുക്കുമ്പോൾ കോ-ഒാപ്പറ്റ് ചെയ്യപ്പെട്ടവർ ഒഴിഞ്ഞുകൊടുക്കണം.

8. കേന്ദ്രകമ്മിറ്റിയുടെ ഒരു യോഗം കഴിഞ്ഞ് മറ്റൊന്ന് കൂടുന്നതിനിടയിലുള്ള കാലയളവ് സാധാരണഗതിയിൽ മൂന്നുമാസത്തിൽ കൂടുതൽ കവിയാൻ പാടില്ല. കൂടാതെ, മൂന്നിലൊരുഭാഗം അംഗങ്ങൾ ആവശ്യപ്പെട്ടാൽ കേന്ദ്രകമ്മിറ്റി വിളിച്ചുകൂട്ടേണ്ടതാണ്.

9. കേന്ദ്രകമ്മിറ്റി രാഷ്ട്രീയ-സംഘടനാ പ്രശ്‌നങ്ങളെക്കുറിച്ചും ബഹുജനപ്രസ്ഥാനത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ചും ചർച്ച ചെയ്ത് തീരുമാനിക്കുകയും സംസ്ഥാനകമ്മിറ്റിക്കും ബഹുജന സംഘടനകളിലെ അഖിലേന്ത്യ ഫ്രാക്ഷനുകൾക്കും മാർഗനിർദേശം നൽകി അവയെ നയിക്കുകയും ചെയ്യണം.

10. പാർട്ടിയുടെ സാമ്പത്തിക കാര്യങ്ങളുടെ ചുമതല കേന്ദ്രകമ്മിറ്റിക്കാണ്. പൊളിറ്റ് ബ്യൂറോ കൊല്ലത്തിലൊരിക്കൽ സമർപ്പിക്കുന്ന വരവു-ചെലവ് കണക്ക് കേന്ദ്രകമ്മിറ്റി ചർച്ച ചെയ്ത് അംഗീകരിക്കുന്നതാണ്.

11. പാർട്ടികോൺഗ്രസ് ചേരുമ്പോഴെല്ലാം കേന്ദ്രകമ്മിറ്റി അതിന്റെ രാഷ്ട്രീയ-സംഘടനാ റിപ്പോർട്ട് കോൺഗ്രസ് മുമ്പാകെ സമർപ്പിക്കണം.

12. പാർട്ടിയുടെ വിപ്ലവനേതൃത്വത്തെ ശക്തിപ്പെടുത്താനും സംസ്ഥാന സംഘടനകളുടെ പരിശോധന (ചെക്ക്-അപ്പ്) നടത്തുന്നതിനും ആയി കേന്ദ്രകമ്മിറ്റി പ്രതിനിധികളെയും സംഘാടകരെയും അയക്കുന്നു. കേന്ദ്രകമ്മിറ്റിയോ പൊളിറ്റ് ബ്യൂറോയോ അതത് സന്ദർഭങ്ങളിൽ നൽകുന്ന പ്രത്യേക നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് ഇവർ പ്രവർത്തിക്കേണ്ടത്.

13. ആവശ്യമെന്നു തോന്നുന്നപക്ഷം കേന്ദ്രകമ്മിറ്റിക്ക് കേന്ദ്രകമ്മിറ്റിയുടെ ഒരു വിപുലീകരിച്ച സമ്മേളനമോ പ്ലീനമോ കോൺഫറൻസോ വിളിച്ചുകൂട്ടാവുന്നതാണ്. ഇതിൽ പങ്കെടുക്കേണ്ടതിന്റെ അടിസ്ഥാനവും ഇത്തരം യോഗങ്ങൾക്കുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കേണ്ട സമ്പ്രദായവും കേന്ദ്രകമ്മിറ്റി തീരുമാനിക്കുന്നതാണ്.

11. എന്തെങ്കിലും അടിയന്തരാവസ്ഥയോ വലിയ തോതിൽ അറസ്റ്റുകളോ ഉണ്ടായാൽ കേന്ദ്രകമ്മിറ്റിയും സംസ്ഥാനകമ്മിറ്റികളും ജില്ലാകമ്മിറ്റികളും ഒതുങ്ങിയ ചെറിയ കമ്മിറ്റികളായി പുനഃസംഘടിപ്പിക്കണം. അപ്രകാരം പുനഃസംഘടിപ്പിക്കപ്പെടുന്ന കേന്ദ്രകമ്മിറ്റിയിലേക്കുള്ള പേരുകളടങ്ങിയ പട്ടിക അവശേഷിച്ച് പി ബി അംഗങ്ങൾ തയ്യാറാക്കും. അതിന് അകത്തും പുറത്തുമുള്ള കേന്ദ്രകമ്മിറ്റി അംഗങ്ങളുടെ അംഗീകാരം ലഭിക്കണം. സംസ്ഥാന-ജില്ലാ കമ്മിറ്റികൾ പുനഃസംഘടിപ്പിക്കാനുള്ള പേരുകൾ അതത് കമ്മിറ്റികളിലെ അവശേഷിച്ച അംഗങ്ങൾ തയ്യാറാക്കണം. അവയ്‌ക്കെല്ലാം തൊട്ടടുത്ത മേൽക്കമ്മിറ്റിയുടെ അംഗീകാരം ലഭിക്കണം. ആവശ്യമെന്നുകണ്ടാൽ തങ്ങളുടെ പ്രവർത്തനങ്ങൾ നടത്തുന്നതിനും ഉത്തവാദിത്വങ്ങൾ നിറവേറ്റുന്നതിനും സബ്കമ്മിറ്റികൾ രൂപീകരിക്കാവുന്നതാണ്. പാർട്ടിസംഘടന നിലനിർത്തുന്നതിനാവശ്യമായ പുതിയ ചട്ടങ്ങൾ ഉണ്ടാക്കുന്നതിന് പുനഃസംഘടിപ്പിച്ച് കേന്ദ്രകമ്മിറ്റിക്ക് അധികാരമുണ്ടായിരിക്കും. എന്നാൽ പരിതഃസ്ഥിതി സാധാരണഗതിയിലാകുമ്പോൾ തിരഞ്ഞെടുത്ത കമ്മിറ്റികൾ വീണ്ടും അധികാരമേൽക്കും.

വകുപ്പ് 16

പാർട്ടിയുടെ സംസ്ഥാന-ജില്ല ഘടകങ്ങൾ

1. സംസ്ഥാനത്തിലെയോ ജില്ലയിലെയോ ഏറ്റവും ഉയർന്ന പാർട്ടിസംഘടന സംസ്ഥാനസമ്മേളനമോ ജില്ലാസമ്മേളനമോ ആയിരിക്കും. അവ സംസ്ഥാനകമ്മിറ്റിയെയും ജില്ല കമ്മിറ്റിയെയും തിരഞ്ഞെടുക്കുന്നതാണ്.

2. എ. സംസ്ഥാനത്തിലെയോ ജില്ലയിലെയോ പാർട്ടി ഘടകത്തിന്റെ സംഘടനാസ്വഭാവവും അവകാശവും പ്രവൃത്തിയും അഖിലേന്ത്യാതലത്തിലുള്ള പാർട്ടിഘടകത്തിന്റെ സംഘടനാരൂപത്തെയും പ്രവർത്തനങ്ങളെയും വിവരിച്ച വകുപ്പുകളിൽ പറഞ്ഞതിനോട് തുല്യമാണ്. അവയുടെ പ്രവർത്തനങ്ങൾ സംസ്ഥാനത്തിന്റെയോ ജില്ലയുടെയോ പ്രശ്‌നങ്ങളിൽ മാത്രമായി ഒതുങ്ങിനിൽക്കുന്നു. അവയുടെ തീരുമാനങ്ങളാകട്ടെ തൊട്ടടുത്ത മേൽക്കമ്മിറ്റിയുടെ തീരുമാനങ്ങളുടെ പരിധിയിൽ ഒതുങ്ങിനിൽക്കുന്നതായിരിക്കും. ഈ പാർട്ടികമ്മിറ്റികളുടെ എണ്ണം വർധിപ്പിക്കേണ്ടതായിവന്നാൽ അടുത്ത മേൽക്കമ്മിറ്റിയുടെ അംഗീകാരത്തോടെ അവയ്ക്ക് അങ്ങനെ ചെയ്യാവുന്നതാണ്.

ബി. സംസ്ഥാനകമ്മിറ്റിയോ ജില്ലാ കമ്മിറ്റിയോ അതിന്റെ സെക്രേട്ടറിയറ്റിനെ തിരഞ്ഞെടുക്കേണ്ടതാണ്. എന്നാൽ തൊട്ടടുത്ത മേൽക്കമ്മിറ്റി അനുവദിക്കുന്നപക്ഷം സംസ്ഥാന കമ്മിറ്റിക്കോ ജില്ലാകമ്മിറ്റിക്കോ സെക്രട്ടേറിയറ്റ് കൂടാതെ കഴിക്കുകയും ചെയ്യാം.

സി. കടുത്ത അച്ചടക്കലംഘനം. സ്വഭാവദൂഷ്യം, പാർട്ടി വിരുദ്ധപ്രവർത്തനം മുതലായവ കാരണം ഏതെങ്കിലും അംഗത്തെ ഭൂരിപക്ഷ തീരുമാനപ്രകാരം നീക്കിക്കളയാൻ സംസ്ഥാനകമ്മിറ്റിക്കും ജില്ലാകമ്മിറ്റിക്കും അധികാരമുണ്ട്.

3. എ. പ്രസ്ഥാനത്തിന്റെ ആവശ്യം കണക്കിലെടുത്ത് ഓരോ ജില്ലാകമ്മിറ്റിയുടെയും അധികാരപരിധി സംസ്ഥാനകമ്മിറ്റി നിശ്ചയിക്കുന്നതാണ്. അത് ഭരണനിർവഹണത്തിനു വേണ്ടിയുള്ള ജില്ലാവിഭജനവുമായി ഒത്തിരിക്കണമെന്നില്ല.

ബി. പ്രാഥമിക ഘടകത്തിനും (ബ്രാഞ്ച്) ജില്ല അഥവാ പ്രദേശ (റീജിയണൽ) ഘടകത്തിനും ഇടയിൽ ഉണ്ടായിരിക്കേണ്ട വിവിധ പാർട്ടിഘടകങ്ങളെക്കുറിച്ച് സംസ്ഥാനകമ്മിറ്റി തീരുമാനമെടുക്കുന്നതും അവയുടെ ഘടനയും പ്രവർത്തനവും സംബന്ധിച്ച് വേണ്ട നിബന്ധനകൾ ഉണ്ടാക്കുന്നതുമാണ്. കേന്ദ്രകമ്മിറ്റി ആവിഷ്‌കരിച്ച ചട്ടങ്ങൾ അനുസരിച്ചാണ് ഇതു ചെയ്യുക.

വകുപ്പ് 17

പ്രാഥമിക ഘടകം

1. എ. തൊഴിലിന്റെയോ വാസസ്ഥലത്തിന്റെയോ അടിസ്ഥാനത്തിൽ സംഘടിപ്പിക്കപ്പെടുന്ന പാർട്ടിബ്രാഞ്ചാണ് പാർട്ടിയുടെ പ്രാഥമിക ഘടകം.

ബി. ഫാക്ടറിയിലോ സ്ഥാപനത്തിലോ വ്യവസായത്തിലോ പണിയെടുക്കുന്ന പാർട്ടി അംഗങ്ങളെ അവരുടെ തൊഴിലിന്റെയോ ഉപജീവനമാർഗത്തിന്റെയോ അടിസ്ഥാനത്തിലാണ് സംഘടിപ്പിക്കേണ്ടത്. അങ്ങനെയുള്ള ബ്രാഞ്ചുകൾ സംഘടിപ്പിച്ചാൽ അതിലെ അംഗങ്ങൾ അവർ താമസിക്കുന്ന സ്ഥലത്തെ ബ്രാഞ്ചിലെ സഹാംഗങ്ങളായിരിക്കും (അസോസിയേറ്റ് മെമ്പർ.) അല്ലാത്തപക്ഷം അവരെ അവിടെ സഹായക ബ്രാഞ്ചായി (ആക്‌സിലിയറി ബ്രാഞ്ച്) പ്രത്യേകം സംഘടിപ്പിക്കാം. താമസസ്ഥലത്ത് ഈ അംഗങ്ങൾക്ക് നൽകുന്ന പ്രവൃത്തികൾ ഫാക്ടറിയിലോ സ്ഥാപനത്തിലോ തൊഴിലിലോ ഉള്ള അടിസ്ഥാനഘടകങ്ങൾ ഏൽപ്പിക്കുന്ന പ്രവൃത്തികൾക്ക് തകരാറുണ്ടാക്കാൻ പാടില്ല.

സി. ഒരു ബ്രാഞ്ചിൽ പതിനഞ്ച് അംഗങ്ങളിൽ കൂടുതലുണ്ടാവരുത്. ബ്രഞ്ചിന്റെ പ്രവർത്തനങ്ങളും ബന്ധപ്പെട്ട മറ്റു കാര്യങ്ങളും സംസ്ഥാനകമ്മിറ്റി നിശ്ചയിക്കുന്നതാണ്.

2. പാർട്ടിയുടെ നേതൃത്വഘടകവും അതത് പ്രദേശത്തോ രംഗത്തോ ഉള്ള തൊഴിലാളികൾ, കൃഷിക്കാർ അഥവാ മറ്റു ജനവിഭാഗങ്ങൾ എന്നിവരുമായുള്ള സജീവബന്ധത്തിന്റെ കണ്ണിയാണ് പാർട്ടിബ്രാഞ്ച്.

അതിന്റെ ചുമതലകൾ താഴെ ചേർക്കുന്നു

എ. മേൽക്കമ്മിറ്റിയുടെ നിർദേശങ്ങൾ നടപ്പിലാക്കുക.

ബി. പാർട്ടിയുടെ രാഷ്ട്രീയവും സംഘടനാപരവുമായ തീരുമാനങ്ങൾക്കനുകൂലമായി ഫാക്ടറിയിലെയോ താമസസ്ഥലത്തെയോ ബഹുജനങ്ങളെ അണിനിരത്തുക.

സി. പുതിയ അംഗങ്ങളെ ചേർക്കുന്നതിനും അവരെ രാഷ്ട്രീയമായി പഠിപ്പിക്കുന്നതിനുമായി ഉശിരൻമാരെയും അനുഭാവികളെയും പ്രവർത്തനത്തിലേക്ക് ആകർഷിക്കുക.

ഡി. ദൈനംദിന സംഘടനാ പ്രവർത്തനങ്ങളിലും പ്രക്ഷോഭ പരിപാടികളിലും ജില്ലാ-പ്രാദേശിക-ടൗൺ കമ്മിറ്റികളെ സഹായിക്കുക.

3. ദൈനംദിന പ്രവർത്തനങ്ങൾ നടത്തുന്നതിനായി ബ്രാഞ്ച് ഒരു സെക്രട്ടറിയെ തിരഞ്ഞെടുക്കണം. ഈ തിരഞ്ഞെടുപ്പിന് അടുത്ത മേൽക്കമ്മിറ്റിയുടെ അംഗീകാരം ലഭിക്കണം.

വകുപ്പ് 18

കേന്ദ്ര-സംസ്ഥാന കൺട്രോൾ കമ്മീഷനുകൾ

1. അഞ്ചിൽ അധികരിക്കാത്ത അംഗങ്ങൾ അടങ്ങിയ ഒരു കേന്ദ്ര കൺട്രോൾ കമ്മീഷനെ പാർട്ടികോൺഗ്രസ് നേരിട്ട് തിരഞ്ഞെടുക്കും. കേന്ദ്ര കൺട്രോൾ കമ്മീഷന്റെ ചെയർമാൻ കേന്ദ്രകമ്മിറ്റിയുടെ അനൗദ്യോഗിക അംഗമായിരിക്കും.

2. താഴെ പറയുന്ന കേസുകളാണ് കൺട്രോൾ കമ്മീഷൻ പരിഗണിക്കുക:

എ. കേന്ദ്രകമ്മിറ്റിയോ പൊളിറ്റ് ബ്യൂറോയോ പരിശോധനക്ക് അയക്കുന്ന അച്ചടക്കനടപടി ഉൾക്കൊള്ളുന്ന കേസുകൾ. 

ബി. സംസ്ഥാനകമ്മിറ്റികളെടുക്കുന്ന അച്ചടക്കനടപടിയിൻമേലുള്ള അപ്പീലുകൾ.

സി. പാർട്ടിയിൽനിന്ന് പുറന്തള്ളാനും സസ്‌പെൻഡ് ചെയ്യാനും പാർട്ടി അംഗത്വത്തിൽനിന്ന് ഒഴിവാക്കാനുമുള്ള തീരുമാനത്തിൻമേൽ സംസ്ഥാനകമ്മിറ്റിക്കോ സംസ്ഥാന കൺട്രോൾ കമ്മീഷനോ സമർപ്പിച്ച അപ്പീലുകൾ തള്ളിക്കളഞ്ഞതിനെത്തുടർന്ന് പരിഗണനക്ക് വരുന്ന കേസുകൾ.

3. കേന്ദ്ര കൺട്രോൾ കമ്മീഷന്റെ തീരുമാനം അന്തിമവും അംഗീകരിക്കേണ്ടതുമാണ്.

എന്നാൽ അസാധാരണ സന്ദർഭങ്ങളിൽ കേന്ദ്ര കൺട്രോൾ കമ്മീഷന്റെ തീരുമാനങ്ങൾ തടഞ്ഞുവയ്ക്കാനോ ഭേദഗതി ചെയ്യാനോ അസ്ഥിരപ്പെടുത്താനോ കേന്ദ്രകമ്മിറ്റിക്ക് കഴിയും. അത്തരം ഏതൊരു തീരുമാനത്തിനും കമ്മിറ്റിയിൽ പങ്കെടുത്ത് വോട്ട് ചെയ്യുന്ന മൂന്നിൽ രണ്ട് അംഗങ്ങളിൽ കുറയാത്ത ഭൂരിപക്ഷത്തിന്റെ പിന്തുണ ഉണ്ടായിരിക്കേണ്ടതാണ്. അത്തരം തീരുമാനങ്ങളെല്ലാം അടുത്ത അഖിലേന്ത്യാ പാർട്ടി കോൺഗ്രസിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്.

4. കേന്ദ്ര കൺട്രോൾ കമ്മീഷന്റെ പ്രവർത്തനത്തിനാധാരമായ ചട്ടങ്ങളുടെ വിശദാംശങ്ങൾ കമ്മീഷനുമായി കൂടിയാലോചിച്ചതിനുശേഷം കേന്ദ്രകമ്മിറ്റി തയ്യാറാക്കുന്നതാണ്.

5. എ. രണ്ട് പാർട്ടികോൺഗ്രസുകൾക്കിടയിൽ കേന്ദ്ര കൺട്രോൾ കമ്മീഷനിൽ ഒഴിവുവന്നാൽ അത് നികത്തുന്നതിനുള്ള അധികാരം കേന്ദ്രകമ്മിറ്റിക്കുണ്ടായിരിക്കും.

6. അച്ചടക്കനടപടിക്കേസുകൾ പരിഗണിക്കാൻ ഒരു സംസ്ഥാനകൺട്രോൾ കമ്മീഷനെ സംസ്ഥാന സമ്മേളനത്തിന് തിരഞ്ഞെടുക്കാവുന്നതാണ്. ഏത് സംസ്ഥാനത്തോ സംസ്ഥാനങ്ങളിലോ ആണോ കൺട്രോൾ കമ്മീഷൻ രൂപീകരിക്കുന്നത്, ആ കമ്മീഷന്റെ പ്രവർത്തനവും അധികാരവും കേന്ദ്ര കൺട്രോൾ കമ്മീഷന്റേതുപോലെതന്നെയായിരിക്കും. അതിന്റെ പരിധി, പക്ഷേ, ആ സംസ്ഥാനത്തിന്റെ നാലതിരുകൾക്കുള്ളിൽ ഒതുങ്ങിനിൽക്കുമെന്നുമാത്രം.

വകുപ്പ് 19

പാർട്ടി അച്ചടക്കം

1. പാർട്ടിയുടെ ഐക്യം നിലനിർത്തുന്നതിനും ശക്തിപ്പെടുത്തുന്നതിനും കരുത്തും സമരശേഷിയും പ്രസക്തിയും വർധിപ്പിക്കുന്നതിനും ജനാധിപത്യ കേന്ദ്രീകരണതത്ത്വം നടപ്പിൽ വരുത്തുന്നതിനും അച്ചടക്കം അനുപേക്ഷണീയമാണ്. പാർട്ടി അച്ചടക്കം കർശനമായി പാലിക്കാതെ സമരത്തിലും പ്രവർത്തനത്തിലും ബഹുജനങ്ങളെ നയിക്കാനോ അവരോടുള്ള ഉത്തരവാദിത്വം നിർവഹിക്കാനോ പാർട്ടിക്ക് കഴിയുകയില്ല.

2. പാർട്ടി ലക്ഷ്യങ്ങളും പരിപാടിയും നയങ്ങളും ബോധപൂർവം അംഗീകരിക്കുന്നതിൽ അധിഷ്ഠിതമാണ് പാർട്ടി അച്ചടക്കം. പൊതുജീവിതത്തിലോ പാർട്ടിസംഘടനയിലോ സ്ഥാനമെന്തുതന്നെയായാലും പാർട്ടി അംഗങ്ങളെല്ലാം ഒരുപോലെ പാർട്ടി അച്ചടക്കത്തിന് വിധേയരാണ്.

3. പാർട്ടി ഭരണഘടനയെയും തീരുമാനങ്ങളെയും ലംഘിക്കുകയോ പാർട്ടി അംഗങ്ങൾക്ക് യോജിക്കാത്തവിധം പ്രവർത്തിക്കുകയോ പെരുമാറുകയോ ചെയ്യുന്നത് പാർട്ടി അച്ചടക്കത്തിന്റെ ലംഘനമായി കണക്കാക്കുന്നതും അച്ചടക്കനടപടിക്ക് വിധേയമാകുന്നതുമാണ്.

4. അച്ചടക്കനടപടികൾ താഴെപ്പറയുന്നവയാണ്.

എ. താക്കീത്

ബി. ശാസന (സെൻഷർ)

സി. പരസ്യശാസന

ഡി. പാർട്ടിയിൽ വഹിക്കുന്ന സ്ഥാനത്തുനിന്ന് നീക്കം ചെയ്യൽ.

ഇ. ഒരു കൊല്ലത്തിൽ കവിയാത്ത ഏതെങ്കിലും കാലയളവി

ലേക്ക് പൂർണ അംഗത്വം സസ്‌പെൻഡ്‌ചെയ്യൽ.

എഫ്. പാർട്ടിയിൽനിന്ന പുറന്തള്ളൽ.

5. പാർട്ടി സഖാക്കളുടെ തെറ്റ് തിരുത്താൻ ഉപദേശപ്രേരണകൾ ഉൾപ്പെടെ മറ്റ് മാർഗങ്ങൾ പരാജയപ്പെടുമ്പോഴേ സാധാരണയായി അച്ചടക്കനടപടി എടുക്കാറുള്ളു. അച്ചടക്കനടപടി എടുത്തശേഷം സഖാക്കളെക്കൊണ്ട് അവരുടെ തെറ്റ് തിരുത്തിക്കാൻ സഹായകമായ ശ്രമങ്ങൾ തുടരേണ്ടതാണ്. പാർട്ടി താൽപര്യങ്ങളും പാർട്ടിയുടെ പ്രശസ്തിയും സംരക്ഷിക്കുന്നതിന് ഉടനടി അച്ചടക്കനടപടി കൈക്കൊള്ളേണ്ട രീതിയിലുള്ളതാണ് അച്ചടക്കലംഘനമെങ്കിൽ ഒട്ടുംതന്നെ വൈകാതെ അച്ചടക്കനടപടി എടുക്കേണ്ടതാണ്.

6. അച്ചടക്കനടപടികളിൽവെച്ച് ഏറ്റവും കടുത്തതാണ് പാർട്ടിയിൽനിന്ന് പുറന്തള്ളൽ. അങ്ങേയറ്റത്തെ അവധാനതയോടും പര്യാലോചനയോടും ന്യായാന്യായ വിവേചനത്തോടും കൂടിയേ അത് പ്രയോഗിക്കാവു.

7. പാർട്ടിയിൽനിന്ന് പുറന്തള്ളുക. അന്വേഷണവിധേയമായിട്ടല്ലാതെ പൂർണ അംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്യുക, പാർട്ടിയിൽ വഹിക്കുന്ന സ്ഥാനത്തുനിന്ന് നീക്കംചെയ്യുക എന്നീ അച്ചടക്കനടപടികൾ തൊട്ടടുത്ത മേൽകമ്മിറ്റിയുടെ തീരുമാനം വരുന്നതുവരെ പ്രാബല്യത്തിൽ വരുത്താവുന്നതല്ല. പുറത്താക്കിയ അംഗത്തെ സംബന്ധിച്ചിടത്തോളം തീരുമാനം വരുന്നതു വരെ എല്ലാ പാർട്ടി പ്രവർത്തനങ്ങളിൽനിന്നും ഒഴിച്ചുനിർത്താവുന്നതാണ്. മേൽക്കമ്മി റ്റിയുടെ അംഗീകാരം ലഭിക്കുന്നതുവരെയുള്ള കാലയളവിൽ പുറത്താക്കപ്പെട്ട അംഗത്തെ പാർട്ടി അംഗത്വത്തിൽനിന്ന് സസ്‌പെൻഡ് ചെയ്യപ്പെട്ടതായി കണക്കാക്കണം. ഉപരികമ്മിറ്റി അതിന്റെ തീരുമാനം ആറുമാസത്തിനകം അറിയിച്ചിരിക്കണം.

8. ഒരു പാർട്ടി അംഗത്തിനെതിരായി അച്ചടക്കനടപടിയെടുക്കാനുദ്ദേശിക്കുമ്പോൾ അയാളുടെ പേരിലുള്ള ആരോപണങ്ങളും കുറ്റങ്ങളും ബന്ധപ്പെട്ട മറ്റ് വസ്തുതകളും അയാളെ പൂർണമായി അറിയിക്കേണ്ടതാണ്. ശിക്ഷണനടപടിക്ക് നിർദേശിക്കപ്പെട്ട ഏതൊരാൾക്കും തന്റെ ഘടകത്തിൽ നേരിട്ട് ഹാജരായി പറയാനും നടപടി എടുക്കുന്നത് മറ്റേതെങ്കിലും ഘടകമാണെങ്കിൽ തന്റെ വിശദീകരണം അതിനു മുമ്പിൽ സമർപ്പിക്കാനും അവകാശമുണ്ട്.

9. ഏതെങ്കിലും പാർട്ടി അംഗം ഒരേസമയം രണ്ട് ഘടകത്തിൽ അംഗമാണെങ്കിൽ അയാൾക്കെതിരായി അച്ചടക്കനടപടി ശുപാർശ ചെയ്യാൻ കീഴ്ഘടകത്തിന് അവകാശമുണ്ടായിരിക്കുമെങ്കിലും മേൽഘടകത്തിന്റെ അംഗീകാരമില്ലാതെ അത് നടപ്പിൽ വരികയില്ല.

10. ഏതെങ്കിലും പാർട്ടി അംഗം പണിമുടക്ക് പൊളിപ്പനോ മദ്യപാനിയോ സാൻമാർഗികമായി അധഃപതിച്ചവനോ പാർട്ടി രഹസ്യം പുറത്തുവിടുന്നവനോ ഗുരുതരമായി സാമ്പത്തിക അഴിമതി നടത്തുന്നവനോ ആണെന്നുകണ്ടാൽ, കുറ്റപത്രം നൽകി വിശദീകരണം വരുത്തുന്നതുവരെ അയാളുടെ ഘടകമോ മറ്റേതെങ്കിലും ഉപരിഘടകമോ അയാളെ ഉടനടി സസ്‌പെൻഡ് ചെയ്ത് ഉത്തരവാദപ്പെട്ട എല്ലാ സ്ഥാനങ്ങളിൽനിന്നും നീക്കം ചെയ്യേണ്ടതാണ്. ഉടനടി സസ്‌പെൻഡ് ചെയ്യുകയും പാർട്ടിയിലെ ഉത്തരവാദപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കം ചെയ്യുകയും ചെയ്യുകയെന്ന ഈ നടപടി മൂന്നുമാസത്തിലധികം നീട്ടിക്കൊണ്ടുപോകാൻ പാടില്ല.

11. എല്ലാ അച്ചടക്കനടപടികൾക്കും എതിരായി അപ്പീൽകൊടുക്കാൻ അംഗങ്ങൾക്ക് അവകാശമുണ്ട്.

12. പാർട്ടി തീരുമാനങ്ങളെയും നയങ്ങളെയും ആവർത്തിച്ച് ധിക്കരിക്കുക, ഗുരുതരമായ കക്ഷിവഴക്കുകൾ ഉണ്ടാക്കുക, പാർട്ടിഅച്ചടക്കം ലംഘിക്കുക എന്നീ കുറ്റങ്ങൾ ചെയ്യുന്ന കീഴ്കമ്മിറ്റികളെ പിരിച്ചുവിട്ട് ആ സ്ഥാനങ്ങളിൽ പുതിയ കമ്മിറ്റികളെ നിയമിക്കാനും കീഴ്കമ്മിറ്റികൾക്കെതിരായി അച്ചടക്കനടപടി എടുക്കാനും കേന്ദ്ര-സംസ്ഥാന-ജില്ലാകമ്മിറ്റികൾക്ക് അധികാരമുണ്ട്. എന്നാൽ സംസ്ഥാന- ജില്ലാകമ്മിറ്റികൾ അത്തരം നടപടി ഉടനെ തന്നെ മേൽക്കമ്മിറ്റിക്ക് യുക്തമെന്നുതോന്നുന്നു നടപടി എടുക്കാനായി റിപ്പോർട്ട് ചെയ്യേണ്ടതാണ്.

13. ഗുരുതരമായ പാർട്ടിവിരുദ്ധപ്രവർത്തനത്തിന് പാർട്ടി അംഗങ്ങളെ അടിയന്തര നടപടിക്രമമനുസരിച്ച് പുറന്തള്ളാനുള്ള അധികാരം സ്വന്തം വിവേചനപ്രകാരം അസാധാരണ സന്ദർഭങ്ങളിൽ പാർട്ടികമ്മിറ്റികൾക്ക് പ്രയോഗിക്കാവുന്നതാണ്.

വകുപ്പ് 20

തിരഞ്ഞെടുത്ത പൊതുസ്ഥാപനങ്ങളിലെ പാർട്ടിഅംഗങ്ങൾ

1. പാർലമെന്റ്, സംസ്ഥാന നിയമസഭ, പ്രാദേശിക ഭരണ സമിതി എന്നിവയിലേക്ക് തിരിഞ്ഞടുക്കപ്പെട്ട പാർട്ടി അംഗങ്ങൾ ഒരു പാർട്ടി ഗ്രൂപ്പായി സംഘടിച്ച് തക്കതായ പാർട്ടികമ്മിറ്റിയുടെ കീഴിൽ പാർട്ടിയുടെ ലൈനും നയങ്ങളും നിർദേശങ്ങളും കൃത്യമായി അനുസരിച്ച് പ്രവർത്തിക്കണം.

2. കമ്യൂണിസ്റ്റ് നിയമസഭാ സാമാജികർ അടിപതറാതെ ജനങ്ങളെ സേവിക്കണം. നിയമസഭയിലെ പ്രവർത്തനത്തിലൂടെ അവർ പ്രസ്ഥാനത്തെ പ്രതിഫലിപ്പിക്കുകയും പാർട്ടിയുടെ നയങ്ങൾ ഉയർത്തിപ്പിടിക്കുകയും ജനങ്ങളുടെ ഇടയിൽ പാർട്ടിനയങ്ങൾ പ്രചരിപ്പിക്കുകയും വേണം.

കമ്യൂണിസ്റ്റ് നിയമനിർമാതാക്കളുടെ നിയമനിർമാണപ്രവർത്തനത്തോട് പുറത്തുള്ള പാർട്ടിപ്രവർത്തനവും ബഹുജനപ്രസ്ഥാനവും അടുപ്പിച്ച് കൂട്ടിയിണക്കണം. പാർട്ടിയും ബഹുജനപ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കാൻ സഹായിക്കുക എന്നത് എല്ലാ കമ്യൂണിസ്റ്റ് പ്രതിനിധികളുടെയും കടമയാണ്.

3. കമ്യൂണിസ്റ്റ് ജനപ്രതിനിധികൾ സമ്മതിദായകരും ബഹുജനങ്ങളുമായി കഴിയുന്നത്ര അടുത്ത ബന്ധം നിലനിർത്തുകയും തങ്ങളുടെ നിയമസഭാപ്രവർത്തനങ്ങളെപ്പറ്റി അവരെ നിരന്തരം അറിയിച്ചുകൊണ്ടിരിക്കുകയും അവരുടെ ഉപദേശനിർദേശങ്ങൾ എപ്പോഴും തേടിക്കൊണ്ടിരിക്കുകയും വേണം.

4. കമ്യൂണിസ്റ്റ് നിയമസഭാസാമാജികർ ഉയർന്ന നിലവാരത്തിൽ വ്യക്തിപരമായ സത്യസന്ധത പുലർത്തുകയും അനാഡംബരജീവിതം നയിക്കുകയും ജനങ്ങളുമായുള്ള എല്ലാ ഇടപാടുകളിലും ബന്ധങ്ങളിലും വിനയാന്വിതരായിരിക്കുകയും തന്നിലുപരിയായി പാർട്ടിയെ കണക്കാക്കുകയുംവേണം.

5. കമ്യൂണിസ്റ്റ് ജനപ്രതിനിധികൾക്കും പ്രാദേശിക ഭരണസമിതി അംഗങ്ങൾക്കും കിട്ടുന്ന ശമ്പളവും അലവൻസുകളും പാർട്ടിയുടെ പണമായി കണക്കാക്കേണ്ടതാണ്. ഈ അംഗങ്ങളുടെ  വേതനവും അലവൻസും ബന്ധപ്പെട്ട പാർട്ടികമ്മിറ്റികൾ നിശ്ചയിക്കുന്നതാണ്.

6. കോർപ്പറേഷനുകൾ മുനിസിപ്പാലിറ്റികൾ, ടൗൺ അഥവാ പ്രാദേശിക കമ്മിറ്റികൾ, ജില്ലാപരിഷത്തുകൾ ബ്ലോക്ക്‌സമിതികൾ, ഗ്രാമപഞ്ചായത്തുകൾ എന്നിവയിലേക്ക് തിരഞ്ഞെടുക്കുന്ന കമ്യൂണിസ്റ്റ് പാർട്ടി അംഗങ്ങൾ തക്കതായ പാർട്ടി കമ്മിറ്റിയുടെയോ ബ്രാഞ്ചിന്റെയോ കീഴിൽ പ്രവർത്തിക്കണം.

അവർ താന്താങ്ങളുടെ സമ്മതിദായകരും ബഹുജനങ്ങളുമായി അടുത്ത ദൈനംദിന ബന്ധം പുലർത്തുകയും തിരഞ്ഞെടുക്കപ്പെട്ട ഈ സമിതികളിൽ ബഹുജനങ്ങളുടെ താൽപര്യസംരക്ഷണത്തിനു വേണ്ടി പ്രവർത്തിക്കുകയും വേണം. ഈ പ്രതിനിധികൾ തങ്ങളുടെ പ്രവർത്തനത്തെപ്പറ്റി സമ്മതിദായകർക്കും ജനങ്ങൾക്കും പതിവായി റിപ്പോർട്ടു ചെയ്യുകയും അവരുടെ ഉപദേശ നിർദേശങ്ങൾ തേടുകയും വേണം. ഈ പ്രാദേശിക സമിതിക്കകത്തുള്ള പ്രവർത്തനത്തെ പുറത്തുള്ള ഉശിരൻ ബഹുജനപ്രവർത്തനവുമായി കൂട്ടിയിണക്കണം.

7. പാർലമെന്റ്, സംസ്ഥാന നിയമസഭകൾ, സംസ്ഥാന കൗൺസിലുകൾ കേന്ദ്രഭരണപ്രാദേശികസമിതികൾ എന്നിവയിലേക്കുള്ള തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥികളുടെ നാമനിർദേശം കേന്ദ്രകമ്മിറ്റിയുടെ അംഗീകാരത്തിന് വിധേയമാണ്.

കോർപ്പറേഷനുകൾ, മുനിസിപ്പാലിറ്റികൾ, ജില്ലാസമിതികൾ, പ്രാദേശികസമിതികൾ, പഞ്ചായത്തുകൾ മുതലായവയിലേക്ക് പാർട്ടി സ്ഥാനാർഥികളെ നാമനിർദേശം ചെയ്യുന്നത് സംബന്ധിച്ച ചട്ടങ്ങൾ സംസ്ഥാനകമ്മിറ്റികൾ എഴുതിയുണ്ടാക്കുന്നതാണ്.

വകുപ്പ് 20 എ

ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടി(മാർക്‌സിസ്റ്റ്)ക്ക് വ്യവസ്ഥാപിതമായ ഇന്ത്യൻ ഭരണഘടനയോട് കൂറും സോഷ്യലിസം, മതനിരപേക്ഷത, ജനാധിപത്യം എന്നീ തത്വങ്ങളിൽ വിശ്വാസമുണ്ടായിരിക്കും. ഇന്ത്യയുടെ പരമാധികാരം, ഐക്യം, അഖണ്ഡത എന്നിവക്കുവേണ്ടി പാർട്ടി നിലകൊള്ളും.

വകുപ്പ് 21

ഉൾപ്പാർട്ടി ചർച്ചകൾ

1. പാർട്ടിയിലാകെ വിവിധ ഘടകങ്ങളിലും സംഘടനകളിലും പാർട്ടിനയത്തെപ്പറ്റി സ്വതന്ത്രവും കാര്യമാത്രപ്രസക്തവുമായ ചർച്ചകൾ നടത്തുന്നത് പാർട്ടിയെ ഏകീകരിക്കുന്നതിന് പ്രയോജനപ്രദവും ആവശ്യവുമാണ്.

പാർട്ടി അംഗങ്ങളെ സംബന്ധിച്ചിടത്തോളം ഇത് ഉൾപ്പാർട്ടി ജനാധിപത്യത്തിൽനിന്ന് ഉത്ഭവിക്കുന്ന ഒഴിവാക്കാനാവാത്ത അവകാശമാണ്. എന്നാൽ പാർട്ടി ഐക്യത്തെയും കർമശക്തിയെയും മരവിപ്പിക്കുംവിധം പാർട്ടിനയങ്ങളെപ്പറ്റി അനന്തമായി ചർച്ച നടത്തുന്നത് ഉൾപ്പാർട്ടി ജനാധിപത്യത്തെ അങ്ങേയറ്റം ദുരുപയോഗെപ്പടുത്തലാണ്.

2. അഖിലേന്ത്യാതോതിൽ ഉൾപ്പാർട്ടിചർച്ചകൾ താഴെ പറയുന്ന അവസരങ്ങളിൽ കേന്ദ്രകമ്മിറ്റി സംഘടിപ്പിക്കുന്നതാണ്.

എ. അത് ആവശ്യമാണെന്ന് കേന്ദ്രകമ്മിറ്റി പരിഗണിക്കുമ്പോൾ,

ബി. പ്രധാനപ്പെട്ട ഏതെങ്കിലും പാർട്ടി നയപ്രശ്‌നത്തെ സംബന്ധിച്ച് കേന്ദ്രകമ്മിറ്റിയിൽവേണ്ടത്ര ഉറച്ച ഭൂരിപക്ഷം ഇല്ലാതാകുമ്പോൾ,

സി. ആകെ മൂന്നിൽ ഒരു ഭാഗം അംഗങ്ങളുടെ പ്രാതിനിധ്യം ഉള്ള സംസ്ഥാനകമ്മിറ്റികൾ അഖിലേന്ത്യാതോതിൽ ഉൾപ്പാർട്ടി ചർച്ച ആവശ്യപ്പെടുമ്പോൾ.

3. ഏതെങ്കിലും സംസ്ഥാനത്തെ മാത്രം ബാധിക്കുന്ന ഒരു പ്രധാനപ്പെട്ട പാർട്ടി നയപ്രശ്‌നത്തെക്കുറിച്ച് അവിടത്തെ സംസ്ഥാനകമ്മിറ്റിക്ക് സ്വയം മുൻകൈ എടുത്തോ സംസ്ഥാനത്തെ പാർട്ടി അംഗങ്ങളിൽ മൂന്നിൽ ഒരുഭാഗത്തെ പ്രതിനിധീകരിക്കുന്ന ജില്ലാ കമ്മിറ്റിയുടെ ആവശ്യമനുസരിച്ചോ കേന്ദ്രകമ്മിറ്റിയുടെ അംഗീകാരത്തോടുകൂടി ഉൾപ്പാർട്ടി ചർച്ച സംഘടിപ്പിക്കാവുന്നതാണ്.

4. ഉൾപ്പാർട്ടിചർച്ച കേന്ദ്രകമ്മിറ്റിയുടെ മാർഗനിർദേശത്തോടെ ആണ് നടത്തേണ്ടത്. ചർച്ചക്കുള്ള വിഷയങ്ങൾക്ക് കേന്ദ്രകമ്മിറ്റി രൂപംകൊടുക്കുന്നതായിരിക്കും. ചർച്ച നയിക്കുന്ന കേന്ദ്രകമ്മിറ്റി ചർച്ചയുടെ സമ്പ്രദായവും നിശ്ചയിക്കുന്നതാണ്.

സംസ്ഥാനകമ്മിറ്റിയുടെ നേതൃത്വത്തിൽ ഉൾപ്പാർട്ടിചർച്ച ആരംഭിക്കുമ്പോൾ അതിലെ പ്രശ്‌നങ്ങൾ രൂപംകൊടുത്ത് തിട്ടപ്പെടുത്തുകയും ചർച്ചനടത്തേണ്ട രീതി നിർണയിക്കുകയും ചെയ്യുന്നത് ആ കമ്മിറ്റിതന്നെ ആയിരിക്കണം. അതിനെല്ലാം കേന്ദ്രകമ്മിറ്റിയുടെ അംഗീകാരവും വേണം.

വകുപ്പ് 22

പാർട്ടി കോൺഗ്രസുകൾക്കും സമ്മേളനങ്ങൾക്കും മുന്നോടിയായ ചർച്ച

1. പാർട്ടികോൺഗ്രസിന് രണ്ടുമാസംമുമ്പ് എല്ലാ പാർട്ടി ഘടകങ്ങളുടെയും ചർച്ചക്കുള്ള കരടുപ്രമേയം കേന്ദ്രകമ്മിറ്റി വിതരണം ചെയ്യുന്നതാണ്. സംസ്ഥാനകമ്മിറ്റികൾ ഇവയെ എത്രയും വേഗം അതത് ഭാഷകളിലേക്ക് തർജുമ ചെയ്ത് ആവശ്യമായ കോപ്പികൾ തയ്യാറാക്കി എല്ലാ ബ്രാഞ്ചുകൾക്കും ലഭ്യമാക്കേണ്ടതാണ്. പ്രമേയങ്ങൾക്കുള്ള ഭേദഗതികൾ കേന്ദ്രകമ്മിറ്റിക്ക് നേരിട്ട് അയച്ചുകൊടുക്കണം. അവയെപ്പറ്റിയുള്ള റിപ്പോർട്ട് കേന്ദ്രകമ്മിറ്റി പാർട്ടി കോൺഗ്രസിന്റെ മുമ്പാകെ സമർപ്പിക്കുന്നതാണ്.

2. എല്ലാ നിലവാരത്തിലും അതത് കമ്മിറ്റികൾ അവതരിപ്പിക്കുന്ന റിപ്പോർട്ടുകളുടെയും പ്രമേയങ്ങളുടെയും അടിസ്ഥാനത്തിൽ സമ്മേളനങ്ങൾ ചേരുന്നതാണ്.

വകുപ്പ് 23

ബഹുജനസംഘടനകളിൽ പ്രവർത്തിക്കുന്ന പാർട്ടി അംഗങ്ങൾ

ബഹുജനസംഘടനകളിലും അവയുടെ നിർവാഹകസമിതികളിലും പ്രവർത്തിക്കുന്ന പാർട്ടിഅംഗങ്ങൾ, ഫ്രാക്ഷനുകൾ രൂപീകരിച്ച് തക്കതായ പാർട്ടി കമ്മിറ്റികളുടെ നിർദേശാനുസരണം പ്രവർത്തിക്കേണ്ടതാണ്. ബന്ധപ്പെട്ട ബഹുജനസംഘടനകളുടെ ഐക്യവും ബഹുജനാടിസ്ഥാനവും സമരശേഷിയും ശക്തിപ്പെടുത്താൻ അവർ നിരന്തരം പ്രയത്‌നിക്കേണ്ടതാണ്.

വകുപ്പ് 24

ഉപനിയമാവലി

പാർട്ടിഭരണഘടനക്കു വിധേയവും അനുയോജ്യവുമായവിധം ചട്ടങ്ങളും ഉപനിയമാവലികളും നിർമിക്കാൻ കേന്ദ്രകമ്മിറ്റിക്ക് അധികാരമുണ്ട്. പാർട്ടിഭരണഘടനക്ക് വിധേയവും അനുയോജ്യവുമായ വിധത്തിൽ സംസ്ഥാനകമ്മിറ്റികൾക്കും ചട്ടങ്ങളും ഉപനിയമാവലികളും ഉണ്ടാക്കാം. അതിന് കേന്ദ്രകമ്മിറ്റിയുടെ സ്ഥിരീകരണം ലഭിക്കണം.

വകുപ്പ് 25

ഭേദഗതി

പാർട്ടി കോൺഗ്രസ് മാത്രമെ പാർട്ടിഭരണഘടന ഭേദഗതിചെയ്യാൻ പാടുള്ളു. പാർട്ടിഭരണഘടനക്ക് ഭേദഗതികൾ നിർദേശിച്ചുകൊണ്ടുള്ള നോട്ടീസ് പാർട്ടികോൺഗ്രസിന് രണ്ടു മാസം മുമ്പേ കൊടുത്തിരിക്കണം.

പാർട്ടി ഭരണഘടനാനുസൃതമായ ചട്ടങ്ങൾ 

(1988 ഏപ്രിൽ 8-10 തീയതികളിൽ ചേർന്ന കേന്ദ്രകമ്മിറ്റി അംഗീകരിച്ച ഭേദഗതികൾ)

വകുപ്പ് 4 ഉപവകുപ്പ് (10)

അംഗത്വം

ഒരു ഘടകത്തിൽനിന്ന് മറ്റൊന്നിലേക്കോ ഒരു സംസ്ഥാനത്തുനിന്ന് മറ്റൊരു സംസ്ഥാനത്തേക്കോ അംഗങ്ങളെ മാറ്റുന്നതിനെ സംബന്ധിച്ച്

വിശദീകരണം: പ്രായോഗികമായി എല്ലാ സംസ്ഥാനാന്തര മാറ്റങ്ങളും നടപ്പാക്കുന്നത് കേന്ദ്രകമ്മിറ്റിയാണെങ്കിൽത്തന്നെയും സാധാരണയായി നൽകിവരാറുള്ള വിവരങ്ങൾ അപര്യാപ്തമാണ്. ഒരു സഖാവിനെ ഒരു സംസ്ഥാനത്തുനിന്ന് മറ്റൊന്നിലേക്ക് മാറ്റാൻ ആവശ്യപ്പെടുമ്പോൾ ഓരോ തലത്തിലുമുള്ള ഓരോ പാർട്ടിഅംഗത്തെയും സംബന്ധിച്ചുള്ള വിവരങ്ങൾ സൂക്ഷിക്കാൻ സഹായകമായ തരത്തിൽ താഴെ പറയുന്ന കാര്യങ്ങൾ വ്യക്തമാക്കിയിരിക്കേണ്ടതാണ്. സംസ്ഥാനത്തിനുള്ളിൽ വരുത്തുന്ന മാറ്റങ്ങൾക്കും ഇത് ബാധകമായിരിക്കും.

ചട്ടം: അംഗത്വമാറ്റം

1. സ്ഥലംമാറ്റത്തിനപേക്ഷിച്ചുകൊണ്ടുള്ള കത്തിനോടൊപ്പം താഴെ പറയുന്ന വിവരങ്ങൾ നൽകിയിരിക്കണം.

$ സഖാവിന്റെ പേര്

$ വയസ്

$ പാർട്ടിയിൽ ചേർന്ന വർഷം

$ ഏത് ഘടകത്തിലായിരുന്നു

$ പ്രവർത്തിച്ച ബഹുജനസംഘടന

$ പ്രതിമാസ ലെവിയും, എന്നുവരെ അടച്ചിട്ടുണ്ടെന്നും

$ അച്ചടക്കനടപടിരേഖകൾ വല്ലതുമുണ്ടെങ്കിൽ

$ ഏത് സംസ്ഥാനത്തുനിന്നാണ് മാറ്റം

$ ഏത് സംസ്ഥാനത്തേക്ക്

$ അംഗത്വം പുതുക്കിയ വർഷം

$ ബന്ധപ്പെടാൻ കഴിയുന്ന മേൽവിലാസം

അനുഭാവിഗ്രൂപ്പുകൾ

(വിശദീകരണം: ബഹുജനസമരങ്ങളിലൂടെ മുന്നോട്ടുവരുന്ന സമരധീരരായവരെ അനുഭാവിഗ്രൂപ്പുകളിൽ ഉൾപ്പെടുത്തി പരിശീലനം നൽകി പഠിപ്പിച്ച് പാർട്ടി അംഗങ്ങളായി ചേർക്കുന്നതിന് പ്രാപ്തരാക്കണമെന്ന് സൽക്കിയാ പ്ലീനം നിശ്ചയിച്ചിരുന്നതാണ്. താഴെ വിവരിക്കുന്ന ചട്ടങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത് ഇതിനുവേണ്ടിയാണ്.)

2. ബഹുജനപ്രക്ഷോഭങ്ങളിലൂടെയും ബഹുജന സംഘടനകളിലൂടെയും മുന്നോട്ടുവരുന്ന സമരധീരരായ സജീവ പ്രവർത്തകരെ അനുഭാവിഗ്രൂപ്പുകളായി സംഘടിപ്പിക്കാൻ വേണ്ട നടപടികൾ പാർട്ടി ഘടകങ്ങൾ കൈക്കൊള്ളേണ്ടതാണ്.

3. ഇങ്ങനെ സംഘടിപ്പിക്കപ്പെടുന്ന അനുഭാവിഗ്രൂപ്പുകളിലെ അംഗങ്ങളെ ഉചിതമായ സമയപരിധിക്കുള്ളിൽ പാർട്ടിയിൽ സ്ഥാനാർഥി അംഗങ്ങളായി ചേരുന്നതിന് പ്രാപ്തരാക്കാൻ പര്യാപ്തമായ വിധത്തിൽ പാർട്ടി പരിപാടിയെയും പാർട്ടിയുടെ അടിസ്ഥാനനയസമീപനങ്ങളെയും സംബന്ധിച്ച് വിദ്യാഭ്യാസവും പരിശീലനവും നൽകുന്നതിനുള്ള സംവിധാനങ്ങളും പാർട്ടി കമ്മിറ്റികൾ ഉണ്ടാക്കേണ്ടതാണ്.

വകുപ്പ് 6

പാർട്ടി അംഗത്വരേഖകൾ

ചട്ടം: പാർട്ടി അംഗത്വരേഖകൾ ജില്ലാകമ്മിറ്റികളുടെ ചുമതലയിൽ സൂക്ഷിക്കേണ്ടതാണെന്നാണ് ഭരണഘടന വ്യവസ്ഥ ചെയ്തിട്ടുള്ളത്. രേഖകളുടെ അധികൃതമായ അസലിന്റെ സൂക്ഷിപ്പും അവയുടെ പ്രാമാണികതയെ സംബന്ധിച്ച അവസാനതീർപ്പും ജില്ലാകമ്മിറ്റിയുടെതായിരിക്കുമെങ്കിലും സംസ്ഥാനകമ്മിറ്റി തീരുമാനിക്കുകയാണെങ്കിൽ രേഖകൾ സൂക്ഷിക്കുന്ന ചുമതല ജില്ലാകമ്മിറ്റിക്ക് താഴെയുള്ള പ്രാദേശിക കമ്മിറ്റികളെ ഏൽപ്പിക്കാവുന്നതാണ്.

വകുപ്പ് 7

പാർട്ടി അംഗത്വപരിശോധന

(വിശദീകരണം: ഉപവകുപ്പ് (1) ൽ ശരിയായ കാരണം കൂടാതെ തുടർച്ചയായി കുറെകാലത്തേക്ക് പാർടി ജീവിതത്തിലും പ്രവർത്തനത്തിലും പങ്കെടുക്കാതിരിക്കുകയോ വരിസംഖ്യ മുതലായവ കൊടുക്കാതിരിക്കുകയോ ചെയ്യുന്ന ഏതൊരാളെയും പാർട്ടി അംഗത്വത്തിൽനിന്ന് തള്ളിക്കളയാവുന്നതാണെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഭരണഘടനയിൽ പറഞ്ഞ മതിയായ കാരണങ്ങൾ കൂടാതെയുള്ള സ്വേച്ഛാപരമായ നീക്കം ചെയ്യലുകൾ ഉണ്ടാകാതിരിക്കുന്നതിന് ഉറപ്പുവരുത്താനാണിത്. ഇക്കാര്യത്തിൽ അനുവർത്തിക്കേണ്ട നടപടികളെ സംബന്ധിച്ച് വ്യക്തമായ ചില ചട്ടങ്ങൾ ആവശ്യമാണ്.)

ചട്ടങ്ങൾ

1. ഏതെങ്കിലും ഒരംഗത്തെ ഘടകം ഒഴിവാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആ അംഗത്തിന് സ്വന്തം നിലപാട് വിശദീകരിക്കാൻ അവസരം നൽകിയതിനുശേഷം മാത്രമേ അപ്രകാരം ചെയ്യാൻ പാടുള്ളു. ഒഴിവാക്കാനുള്ള തീരുമാനം തൊട്ടു ഉപരികമ്മിറ്റിയെ രേഖാമൂലമായി അറിയിക്കേണ്ടതാണ്.

2. അംഗത്വമംഗീകരിച്ച് രജിസ്റ്റർ തയ്യാറാക്കുന്ന അവസരത്തിൽ ഒഴിവാക്കപ്പെട്ട അംഗങ്ങളുടെ ലിസ്റ്റ് പരിശോധിച്ച് ഉപരികമ്മിറ്റി സ്വന്തം അഭിപ്രായം രേഖപ്പെടുത്തേണ്ടതാണ്.

3. പാർട്ടി അംഗത്വം നൽകപ്പെട്ടവർ, അംഗത്വത്തിൽനിന്ന് പൊഴിഞ്ഞുപോയവർ, സ്ഥലം മാറ്റപ്പെട്ടവർ, പാർടി അംഗത്വഘടന എന്നീ വിശദവിവരങ്ങൾ ഉൾക്കൊള്ളുന്ന പുതുക്കൽറിപ്പോർട്ട് ബന്ധപ്പെട്ട കമ്മിറ്റി തൊട്ട് ഉപരിക്കമ്മിറ്റിക്ക് സമർപ്പിക്കേണ്ടതാണ്.

4. അംഗത്വം പുതുക്കുന്നതിന് ഓരോ അംഗവും വർഷംതോറും വയസ്, പാർട്ടിയിൽ ചേർന്ന വർഷം, വരുമാനം, പ്രവർത്തിക്കുന്ന മുന്നണി തുടങ്ങിയ അടിസ്ഥാനപരമായ വിവരങ്ങൾ ഉൾപ്പെടുന്ന ഫോറം പൂരിപ്പിച്ച് നൽകേണ്ടതാണ്.

5. അംഗത്വഫീസിനുള്ള രസീത് അംഗത്തിന് നൽകിയിരിക്കേണ്ടതാണ്.

6. പാർട്ടി അംഗത്വത്തിൽ നിന്നും ഒഴിവാക്കാനെടുത്ത തീരുമാനത്തിന് അംഗീകാരം ലഭിച്ചശേഷം ബന്ധപ്പെട്ട പാർട്ടി ഘടകം 30 ദിവസത്തിനുള്ളിൽ പ്രസ്തുത പാർട്ടി അംഗത്തെ പാർട്ടിയിൽനിന്നും ഒഴിവാക്കാനെടുത്ത തീരുമാനം അറിയിക്കേണ്ടതാണ്.

7. പാർട്ടി അംഗത്വത്തിൽ നിന്നും ഒഴിവാക്കാനുള്ള തീരുമാനത്തിന്റെ അറിയിപ്പ് ലഭിച്ച് 30 ദിവസത്തിനുള്ളിൽ ബന്ധപ്പെട്ട സഖാവ് പാർട്ടി അംഗത്വത്തിൽ നിന്നും ഒഴിവാക്കുന്നതിനെതിരായ അപ്പീൽ സമർപ്പിക്കേണ്ടതാണ്.

വകുപ്പ് 9

അംഗത്വഫീസ്

അംഗത്വം പുതുക്കൽ

(വിശദീകരണം: 9-ാം വകുപ്പ് (1)-ാം ഉപവകുപ്പ്. ഓരോ വർഷവും മാർച്ച് അവസാനിക്കുന്നതിനു മുമ്പ് പ്രതിവർഷം പാർട്ടി വരിസംഖ്യ ഓരോ അംഗവും ബന്ധപ്പെട്ട ബ്രാഞ്ച് അല്ലെങ്കിൽ യൂണിറ്റ് സെക്രട്ടറിക്ക് നൽകേണ്ടതാണെന്ന് വ്യവസ്ഥചെയ്യുന്നു. മാർച്ച് അവസാനത്തോടുകൂടി മാത്രമേ വരിസംഖ്യ ഘടകങ്ങളിൽ കൊടുക്കുന്നുള്ളു എങ്കിൽ അത് ജില്ല-സംസ്ഥാന കമ്മിറ്റികളിലെത്തുമ്പോഴേക്കും ഏറെ സമയമെടുക്കാനിടയാകും. പ്രായോഗികമായി സമാഹൃതമായ വരിസംഖ്യ സംസ്ഥാനങ്ങളിൽനിന്ന് കേന്ദ്രകമ്മിറ്റിക്ക് ലഭിക്കുന്നത് ദീർഘമായ കാലയളവിൽ പലപ്പോഴായിട്ടാണ്. ഇപ്പോഴത്, ഏപ്രിൽ മുതൽ ഡിസംബർവരെ നീണ്ടുപോകാറുണ്ട്. വരിസംഖ്യ കേന്ദ്രത്തിൽ ലഭിക്കുന്നതിനുള്ള അവസാനതീയതി നിശ്ചയിക്കേണ്ടത് ആവശ്യമാണ്.

ചട്ടങ്ങൾ

1. ഓരോ വർഷവും അംഗത്വം പുതുക്കൽ മാർച്ച് 31-ന് മുമ്പ് പൂർത്തിയാക്കേണ്ടതാണ്.

2. സംസ്ഥാന കമ്മിറ്റികൾ ഓരോ വർഷവും വരിസംഖ്യ മെയ് 31-ന് മുമ്പായി കേന്ദ്രത്തിൽ എത്തിച്ചിരിക്കണം.

3. ഏതെങ്കിലും അസാധാരണ പരിതഃസ്ഥിതിയിൽ ഈ അവസാനതീയതി നീട്ടുന്നതിന് കേന്ദ്രകമ്മിറ്റിക്ക് അല്ലെങ്കിൽ പിബിക്ക് മാത്രമേ അധികാരം ഉണ്ടായിരിക്കുകയുള്ളൂ.

4. ഓരോ വർഷവും പുതുതായി ചേർക്കുന്ന സ്ഥാനാർഥി അംഗങ്ങളുടെ വരിസംഖ്യ വർഷാവസാനത്തോടെയോ (മാർച്ച്) അതിനുമുമ്പോ കേന്ദ്രകമ്മിറ്റിയിൽ അടയ്ക്കാവുന്നതാണ്.

കുറിപ്പ്: പുതുതായി സ്ഥാനാർഥി അംഗങ്ങളെ ചേർക്കുന്നത് (പുതുക്കൽ ഘട്ടത്തിനുശേഷം) വർഷം മുഴുവൻ തുടരും. അവരുടെ ഫീസ് കേന്ദ്രകമ്മിറ്റിക്ക് പ്രത്യേകമായി അടയ്ക്കണം.

വകുപ്പ് 10

പാർട്ടി ലെവി

ചട്ടങ്ങൾ 

1. പാർട്ടി അംഗങ്ങളുടെ ലെവിനിരക്കുകൾ: താഴെ പറയുന്ന നിരക്കുകളനുസരിച്ച് അംഗങ്ങളിൽ നിന്ന ലെവി പിരിക്കേണ്ടതാണെന്ന് കേന്ദ്രകമ്മിറ്റി തീരുമാനിക്കുന്നു.

പുതിയ നിരക്കുകൾപഴയ നിരക്കുകൾ

300 രൂപവരെ25 പൈസ100 രൂപവരെ20പൈസ

301-500''50''101-200''50''

501-1000''1/2 ശതമാനം201-300''1രൂപ

1001-3000'' 1''301-500''1ശതമാനം

3001-5000''2''501-1000''2''

5001-7000''3''1001-2000''3''

7001-8000''4''2001-3000''4''

8000-നു മേൽ 5''3000-നു മേൽ5''

2. ത്രൈമാസികമോ വാർഷികമോ ആയി ലെവി നൽകാനാഗ്രഹിക്കുന്ന അംഗം തന്റെ വാർഷിക വരുമാനത്തിൽനിന്ന് പ്രതിമാസവരുമാനം കണക്കാക്കി മേൽനിരക്കുകളനുസരിച്ച് ലെവി നൽകേണ്ടതാണ്.

3. ഒരു പാർട്ടി അംഗത്തിന്റെ ഭാര്യയോ മറ്റേതെങ്കിലും കുടുംബാംഗമോ കുടുംബവരുമാനത്തിൽ സംഭാവന ചെയ്യുന്നുണ്ടെങ്കിലും പാർട്ടി അംഗമല്ലെങ്കിൽ ആ കുടുംബാംഗത്തിന്റെ വരുമാനം ലെവി നൽകുന്നതിന് കണക്കാക്കേണ്ടതില്ല.

കുറിപ്പ് : (1) ശമ്പളക്കാരായ ജീവനക്കാരുടെയും കൂലി വാങ്ങുന്നവരുടെയും വരുമാനം എന്നതുകൊണ്ടുദ്ദേശിക്കുന്നത് ഡി എയും മറ്റു അലവൻസുകളും ഉൾപ്പെടെയുള്ള മൊത്തം വരുമാനമാണ്. ഭൂസ്വത്തിൽനിന്നോ ബിസിനസിൽനിന്നോ വീട്ടു വാടകയിനത്തിലോ വരുമാനങ്ങളുണ്ടെങ്കിൽ അതു ലെവി കണക്കാക്കാനുള്ള വരുമാനത്തിൽപ്പെടും.

2. കൃഷിക്കാരുടെ കാര്യത്തിൽ യഥാർഥ കാർഷിക ചെലവുകൾ ഒഴിച്ചാണ് വരുമാനം കണക്കാക്കേണ്ടത്.

3. കൂട്ടുകുടുംബമാണെങ്കിൽ ലെവിനൽകുന്ന പാർട്ടിഅംഗത്തിന്റെ കുടുംബവരുമാനത്തിലെ ഓഹരി കണക്കാക്കണം.

4. തൊഴിലില്ലായ്മ, വരൾച്ച, രോഗം, തുടങ്ങിയ പരിതഃസ്ഥിതികളിൽ ലെവി ഒഴിവനുവദിക്കേണ്ടതുണ്ടെങ്കിൽ ആവശ്യമായ തീരുമാനം എടുക്കേണ്ടത് സംസ്ഥാനകമ്മിറ്റിയാണ്.

കുറിപ്പ്: ലോക്കൽ-ഏരിയ, ജില്ലാ-സംസ്ഥാന ലെവി വിഹിതശതമാനങ്ങൾ നിശ്ചയിക്കേണ്ടത് സംസ്ഥാന കമ്മിറ്റിയാണ്.

വകുപ്പ് 15. ഉപവകുപ്പ് 10

കേന്ദ്രകമ്മിറ്റിയുടെ സാമ്പത്തികകാര്യങ്ങൾ ചട്ടങ്ങൾ

1. കേന്ദ്രകമ്മിറ്റി വക സ്വത്തുക്കളുടെ ഭരണത്തിനായി ഒരു ട്രസ്റ്റിനെ നിയമിക്കാൻ കേന്ദ്രകമ്മിറ്റിക്കധികാരമുണ്ടായിരിക്കും.

2. പാർട്ടികേന്ദ്രത്തിന്റെ നടത്തിപ്പിലേക്കാവശ്യമായ പാർട്ടി ഫണ്ടിലേക്കും, സ്‌പെഷൽ പാർട്ടിഫണ്ടിലേക്കും ഓരോ സംസ്ഥാനവും പ്രതിവർഷമോ മറ്റേതെങ്കിലും പ്രത്യേകം സന്ദർഭത്തിലോ നൽകേണ്ട വിഹിതം കേന്ദ്രകമ്മിറ്റി തീരുമാനിക്കുന്നതാണ്.

3. പൊളിറ്റ് ബ്യൂറോ ഒരു സാമ്പത്തികകാര്യ ഉപസമിതി രൂപീകരിക്കുന്നതും അവർ യോഗം ചേർന്ന്,

എ 10,000 രൂപ വരെയുള്ള സാമ്പത്തിക കാര്യങ്ങളെയും ചെലവുകളെയും സംബന്ധിച്ച് തീരുമാനങ്ങളെടുക്കുകയും 10,000 രൂപയിൽ അധികരിക്കുന്ന ചെലവുകളുണ്ടാകുന്ന സാമ്പത്തിക കാര്യങ്ങൾ പി ബിയുടെ പരിഗണനയ്ക്ക് വിടുകയും ചെയ്യും.

ബി. സാമ്പത്തികകാര്യ ഉപസമിതി സി.സിയുടെയും സി സി സ്ഥാപനങ്ങളുടെയും ത്രൈമാസിക കണക്കുകൾ പിബിക്ക് സമർപ്പിക്കും.

സി. സാമ്പത്തികകാര്യ ഉപസമിതി പി ബി അംഗീകരിച്ച വാർഷികക്കണക്കുകൾ (പാർട്ടി ഭരണഘടന വ്യവസ്ഥ ചെയ്യുന്ന രീതിയിൽ) അംഗീകാരത്തിനായി കേന്ദ്രകമ്മിറ്റിക്ക് സമർപ്പിക്കേണ്ടതാണ്.

ഡി. ഉപസമിതിയിലെ ഒരംഗം പാർട്ടി വരവുചെലവുകൾ കൈകാര്യം ചെയ്യുന്നതിനും അതിനുശേഷം അവയുടെ വിവരങ്ങൾ സമാഹൃതമായി കണക്കുകൾ തയ്യാറാക്കുന്നതിനു വേണ്ടി അക്കൗണ്ട്‌സിന്റെ ചുമതല വഹിക്കുന്നയാൾക്ക് കൈമാറുന്നതാണ്.

ഇ. പാർട്ടി പത്രങ്ങളുടെയും മറ്റു സ്ഥാപനങ്ങളുടെയും അർധവാർഷിക കണക്കുകൾ ഈ ഉപസമിതിക്ക് സമർപ്പിക്കേണ്ടതാണ്.

വകുപ്പ് 16 ഉപവകുപ്പ് 3 (ബി)

പാർട്ടിയുടെ സംസ്ഥാന-ജില്ലാ ഘടകങ്ങൾക്ക് ഇടക്കുള്ള കമ്മിറ്റികൾ രൂപീകരിക്കുന്നതിനെപ്പറ്റി

(വിശദീകരണം: ഉപവകുപ്പ് 3 (ബി)യിൽ പറയുന്നു: ''പ്രാഥമികഘടകത്തിലും (ബ്രാഞ്ച്) ജില്ലാ അഥവാ പ്രദേശ (റീജിയണൽ) ഘടകത്തിനും ഇടയിലുണ്ടായിരിക്കേണ്ട വിവിധ പാർട്ടിഘടകങ്ങളെക്കുറിച്ച് സംസ്ഥാനകമ്മിറ്റി തീരുമാനമെടുക്കുന്നതും അവയുടെ ഘടനയും പ്രവർത്തനവും സംബന്ധിച്ച് വേണ്ട നിബന്ധനകളുണ്ടാക്കുന്നതുമാണ്. കേന്ദ്രകമ്മിറ്റി ആവിഷ്‌കരിക്കുന്ന ചട്ടങ്ങളനുസരിച്ചാണ് ഇതു ചെയ്യുക.'')

പ്രാഥമികഘടകത്തിനും ജില്ലാ അഥവാ പ്രദേശകമ്മിറ്റിക്കുമിടയിൽ രൂപീകരിക്കേണ്ട കമ്മിറ്റികളെക്കുറിച്ച് സംസ്ഥാന കമ്മിറ്റിക്ക് താഴെപ്പറയുന്ന ചട്ടങ്ങൾ അനുസരിച്ച് തീരുമാനിക്കാവുന്നതാണ്:

എ. രൂപീകരിക്കേണ്ട കമ്മിറ്റികളുടെ വലുപ്പം സംസ്ഥാനകമ്മിറ്റി തീരുമാനിക്കുന്നതാണ്.

ബി. അങ്ങനെയുള്ള ഒരു കമ്മിറ്റിയെ അതിന്റെ നിലവാരത്തിലുള്ള ഒരു പ്രതിനിധിസമ്മേളനം തിരഞ്ഞെടുക്കേണ്ടതാണ്. കമ്മിറ്റി അതിന് ഒരു സെക്രട്ടറിയെ/സെക്രട്ടേറിയറ്റിനെയും തിരഞ്ഞെടുക്കേണ്ടതാണ്.

സി. ഇടയ്ക്കുള്ള ഈ കമ്മിറ്റിയുടെ കോൺഫറൻസിലേക്കുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതിനുള്ള വ്യവസ്ഥകൾ സംസ്ഥാനകമ്മിറ്റി തീരുമാനിക്കുന്നതാണ്.

ഡി. ഇടയ്ക്കുള്ള ഈ കമ്മിറ്റികൾ(ലോക്കൽ, ഏരിയാ, സോണൽ മുതലായവ) അവയുടെ അധികാരപരിധിക്കുള്ളിൽ സംസ്ഥാന-ജില്ലാ കമ്മിറ്റികൾക്ക് വ്യവസ്ഥ ചെയ്തിട്ടുള്ള എല്ലാ പ്രവർത്തനങ്ങളും നടത്തുന്നതാണ്.

ഇ. ഏകോപന പ്രവർത്തനങ്ങൾക്കായി അഡ്‌ഹോക്ക്/ നോമിനേഷൻ അടിസ്ഥാനത്തിൽ രൂപീകരിക്കപ്പെട്ടിട്ടുള്ള കമ്മിറ്റികൾക്ക് തിരഞ്ഞെടുക്കപ്പെട്ട പൂർണകമ്മിറ്റികൾക്കുള്ള പൊതുവായ അധികാരാവകാശങ്ങളുണ്ടായിരിക്കുന്നതല്ല. അവയുടെ പ്രവർത്തനവ്യാപ്തി അവയെ നിയമിച്ച കമ്മിറ്റിയുടെ തീരുമാനങ്ങൾക്ക് വിധേയമായിരിക്കും.

എഫ്. ജില്ലാകോൺഫറൻസുകൾക്കും ജില്ലക്ക് താഴെയുള്ള കമ്മിറ്റികളുടെ കോൺഫറൻസുകൾക്കും ഉണ്ടായിരിക്കേണ്ട പ്രതിനിധികളുടെ എണ്ണം സംസ്ഥാനകമ്മിറ്റി തീരുമാനിക്കും.

വകുപ്പ് 16

പാർട്ടി ധനകാര്യ സംബന്ധമായ ചട്ടങ്ങൾ കേന്ദ്രകമ്മിറ്റിക്ക് താഴെയുള്ള (സംസ്ഥാന-ജില്ലാ പാർട്ടിഘടകങ്ങൾ) കമ്മിറ്റികളുടെ ധനകാര്യകണക്കുകൾ

വിശദീകരണം: കേന്ദ്രകമ്മിറ്റിയുടെ ധനകാര്യങ്ങൾക്കും കണക്കുകൾക്കും ആവിഷ്‌കരിച്ചിട്ടുള്ള ചട്ടങ്ങൾപോലും താഴെപ്പറയുന്ന ചട്ടങ്ങൾ തിരഞ്ഞെടുക്കപ്പെട്ട എല്ലാ കീഴ്കമ്മിറ്റികൾക്കും ബാധകമായിരിക്കുന്നതാണ്.

എ. സംസ്ഥാന നിലവാരത്തിലും സംസ്ഥാനകമ്മിറ്റി തീരുമാനിക്കുന്നതിനനുസരിച്ച് ജില്ലാ കമ്മിറ്റികൾക്കോ അല്ലെങ്കിൽ ഇടയ്ക്കുള്ള കമ്മിറ്റികൾക്കോ അതതു കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് ധനകാര്യ ഉപസമിതികൾ രൂപീകരിക്കുന്നതാണ്.

ബി. സാമ്പത്തിക വിനിയോഗത്തിനും കണക്കുകൾ സൂക്ഷിക്കുന്നതിനുള്ള ചുമതല സെക്രട്ടേറിയറ്റിന്റെ മേൽനോട്ടത്തിൽ ഈ ഉപസമിതിക്കായിരിക്കും.

സി. ഉപസമിതി അർധവാർഷിക കണക്കുകൾ ബന്ധപ്പെട്ട പാർട്ടികമ്മിറ്റിക്ക് സമർപ്പിക്കേണ്ടതും പാർട്ടികമ്മിറ്റി ഈ സ്റ്റേറ്റ്‌മെന്റ് തൊട്ട് ഉപരികമ്മിറ്റിക്ക് അയച്ചുകൊടുക്കേണ്ടതുമാണ്.

ഡി. വാർഷിക കണക്കുകൾ ഉപസമിതി ഓഡിറ്റുചെയ്ത് അംഗീകാരത്തിനായി പാർട്ടികമ്മിറ്റികൾ സമർപ്പിക്കേണ്ടതാണ്.

ഇ. ജില്ലാ കമ്മിറ്റിയുടെയും അതിന് താഴെയുള്ള എല്ലാ തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റികളുടെയും കണക്കുകൾ ഏകോപിപ്പിച്ച സ്റ്റേറ്റ്‌മെന്റ് ഒരു ചാർട്ടേർഡ് അക്കൗണ്ടന്റിനെക്കൊണ്ട് യഥാവിധി ഓഡിറ്റ് ചെയ്യിച്ച് ഓരോ വർഷവും ജൂലായ് 31-ന് മുമ്പ് ജില്ലാ കമ്മിറ്റി സംസ്ഥാന കമ്മിറ്റിക്ക് സമർപ്പിക്കേണ്ടതാണ്.

എഫ്. സംസ്ഥാന കമ്മിറ്റി അതിന് താഴെയുള്ള എല്ലാ തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റികളുടെയും കണക്കുകൾ ഏകോപിപ്പിച്ച സ്റ്റേറ്റ്‌മെന്റ് ഒരു ചാർട്ടേർഡ് അക്കൗണ്ടന്റിനെക്കൊണ്ട് യഥാവിധി ഓഡിറ്റ് ചെയ്യിച്ചശേഷം ഓരോവർഷവും ആഗസ്റ്റ് 31-ന് മുമ്പ് കേന്ദ്ര കമ്മിറ്റിക്ക് സമർപ്പിക്കേണ്ടതാണ്.

വകുപ്പ് 18

കേന്ദ്ര കൺട്രോൾ കമ്മീഷന്റെ പ്രവർത്തനത്തെ സംബന്ധിച്ച ചട്ടങ്ങൾ

1. 18-ാം വകുപ്പ് പ്രകാരം ഒരു റഫറൻസോ അപ്പീലോ കിട്ടിക്കഴിഞ്ഞാൽ കേന്ദ്ര കൺട്രോൾ കമ്മീഷൻ അത് സംബന്ധിച്ച അന്വേഷണം നടത്തി തീരുമാനമെടുക്കേണ്ടതാണ്.

2. ശിക്ഷിക്കപ്പെട്ട പാർട്ടിഅംഗത്തിനല്ലാതെ മറ്റാർക്കും അപ്പീൽ കൊടുക്കാൻ അധികാരമില്ല.

3. വസ്തുതകൾ ബോധ്യപ്പെടാനും നിഗമനത്തിലെത്താനും ബന്ധപ്പെട്ട വ്യക്തികളുമായോ ഘടകം അല്ലെങ്കിൽ ഘടകങ്ങളുമായോ നേരിട്ട് എഴുത്തുകുത്തുകൾ നടത്താനോ പരിശോധന നടത്താനോ കേന്ദ്ര കോൺട്രോൾ കമ്മീഷന് അധികാരമുണ്ടായിരിക്കും.

4. കേന്ദ്ര കൺട്രോൾ കമ്മീഷൻ സാധാരണ നിലയിൽ മൂന്നുമാസത്തിലൊരിക്കൽ സമ്മേളിക്കും. പതിനാലുദിവസത്തെ നോട്ടീസു നൽകി ചെയർമാൻ യോഗം വിളിച്ചുകൂട്ടേണ്ടതാണ്.

5. ഭൂരിപക്ഷം അംഗങ്ങൾ പങ്കെടുത്താൽ യോഗത്തിന്റെ ക്വാറമായി. എല്ലാ അംഗങ്ങളുമോ അല്ലെങ്കിൽ കമ്മീഷനിലെ ഭൂരിപക്ഷം അംഗങ്ങളുമോ യോജിപ്പിലെത്തിയെങ്കിൽ മാത്രമേ കമ്മീഷന് തീരുമാനമെടുക്കാനാവു. എടുത്ത തീരുമാനം ഹാജരാകാത്ത അംഗത്തെ അറിയിച്ചിരിക്കണം.

6. സങ്കീർണതകളില്ലാത്ത താരതമ്യേന ലളിതമായ കേസുകളിന്മേൽ കേന്ദ്ര കൺട്രോൾ കമ്മീഷനിലെ അംഗങ്ങൾക്ക് കത്തുകൾവഴി കൂടിയാലോചിച്ച് തീരുമാനങ്ങൾ കൈക്കൊള്ളാവുന്നതാണ്.

7. പരാതിക്കാരനും, ബന്ധപ്പെട്ട സംസ്ഥാനകമ്മിറ്റിക്കും കേന്ദ്ര കൺട്രോൾ കമ്മീഷൻ അതിന്റെ തീരുമാനം അറിയിച്ചു കൊടുക്കുന്നതാണ്. ബന്ധപ്പെട്ട കമ്മിറ്റികൾ കമ്മീഷന്റെ തീരുമാനം അടിയന്തരമായും നടപ്പാക്കണം.

8. തങ്ങളുടെ പ്രവർത്തനങ്ങളെയും തീരുമാനങ്ങളെയും കുറിച്ചുള്ള റിപ്പോർട്ട് കേന്ദ്ര കൺട്രോൾ കമ്മീഷൻ പത്തുവർഷത്തിലൊരിക്കലെങ്കിലും കേന്ദ്രകമ്മിറ്റി മുമ്പാകെ അവതരിപ്പിക്കേണ്ടതാണ്.

9. ഈ ചട്ടങ്ങൾ ആവശ്യമായ മാറ്റങ്ങളോടെ സംസ്ഥാന കൺട്രോൾ കമ്മീഷനുകൾക്കും ബാധകമാക്കാവുന്നതാണ്.

കേന്ദ്ര കൺട്രോൾ കമ്മീഷൻ പ്രവർത്തനത്തിനുള്ള നടപടിച്ചട്ടങ്ങൾ

1. അപ്പീൽ ലഭിച്ചുകഴിഞ്ഞാൽ ആ കേസിനെ സംബന്ധിച്ച് കേന്ദ്ര കൺട്രോൾ കമ്മീഷൻ ചെയർമാൻ മറ്റംഗങ്ങൾക്ക് അറിയിപ്പ് നൽകണം.

2. ഓരോ പ്രത്യേക കേസിന്റെയും അന്വേഷണത്തിന് കൈക്കൊള്ളേണ്ട അടിയന്തരനടപടികളെക്കുറിച്ച് ചെയർമാൻ നിർദേശങ്ങൾ വെക്കണം. കമ്മീഷനിലെ മറ്റംഗങ്ങൾക്കും ഇത് സംബന്ധിച്ച് തങ്ങളുടെ നിർദേശങ്ങൾ വെക്കാവുന്നതാണ്.

3. ബന്ധപ്പെട്ട കമ്മിറ്റികളും അംഗങ്ങളും സമർപ്പിച്ച അപ്പീലിൻമേൽ തീരുമാനമെടുക്കുന്നതിനാവശ്യമായ വിവരങ്ങളും മറ്റും ആവശ്യപ്പെടുന്നതിന് കമ്മീഷന് അധികാരമുണ്ടായിരിക്കും. അത്തരം വിവരങ്ങൾ രണ്ട് മാസത്തിനകം കമ്മീഷന് നൽകിയിരിക്കേണ്ടതാണ്. ഈ കാലയളവിനുള്ളിൽ വിവരങ്ങളൊന്നും കിട്ടുന്നില്ലെങ്കിൽ കമ്മീഷന് കേസുമായി മുന്നോട്ടുപോകാം.

വകുപ്പ് 19 ഉപവകുപ്പ് 11

പാർട്ടി അച്ചടക്കം

1. ഒരു പാർട്ടി അംഗത്തിനെതിരായി അച്ചടക്ക നടപടി കൈക്കൊണ്ട പാർട്ടി ഘടകം ആ തീരുമാനം കൈക്കൊണ്ട് 30 ദിവസത്തിനുള്ളിലോ പത്തൊമ്പതാം വകുപ്പിലെ 7-ാം ഉപവകുപ്പനുസരിച്ച് ആ തീരുമാനത്തിന് തൊട്ടു മേൽ കമ്മിറ്റിയുടെ അംഗീകാരം ആവശ്യമുണ്ടെങ്കിൽ അംഗീകാരം ലഭിച്ചുകഴിഞ്ഞ് 30 ദിവസത്തിനുള്ളിലോ ആ തീരുമാനത്തെ സംബന്ധിച്ച് ബന്ധപ്പെട്ട പാർട്ടി അംഗത്തെ അറിയിച്ചിരിക്കണം.

2. അച്ചടക്ക നടപടിക്കെതിരായ അപ്പീൽ അച്ചടക്ക നടപടി സംബന്ധിച്ച അറിയിപ്പ് ലഭിച്ച തീയതിതൊട്ട് 6 മാസത്തിനുള്ളിൽ ബന്ധപ്പെട്ട പാർട്ടി അംഗം സമർപ്പിക്കേണ്ടതാണ്.

വകുപ്പ് 19 ഉപവകുപ്പ് 13

പാർട്ടി അച്ചടക്കം

ഗുരുതരമായ പാർട്ടി അച്ചടക്കലംഘനത്തിന് ഉദ്ദേശിച്ചു കൊണ്ടുള്ളതാണ് അസാധാരണ പരിതഃസ്ഥിതികളിൽ നടപടികൾ ഒന്നുംകൂടാതെ പാർടിയിൽനിന്ന് പുറത്താക്കാനുള്ള വ്യവസ്ഥ. ഇതിന്റെ അർഥം അങ്ങേയറ്റം ഗുരുതരമായ പരിതഃസ്ഥിതികളിൽ ഒരു പാർട്ടി അംഗം ചാരനോ ശത്രുവിന്റെ ഏജന്റോ ആണെന്നു കാണുകയോ, ഒരു പാർട്ടി അംഗത്തിന്റെ പ്രവർത്തനങ്ങൾ പാർട്ടിയുടെ നിലപാടിനെ ഗൗരവതരമായ രീതിയിൽ നിഷേധിക്കുന്ന തരത്തിലുള്ളവയാണെന്ന് ബോധ്യപ്പെടുകയോ ചെയ്യുന്ന പരിതഃസ്ഥിതികളിൽ മാത്രമേ അത്തരം നടപടി സ്വകരിക്കാൻ പാടുള്ളു എന്നാണ്.

വകുപ്പ് 20

തിരഞ്ഞെടുക്കപ്പെട്ട പൊതുസ്ഥാപനങ്ങളിലെ പാർട്ടി അംഗങ്ങൾ ചട്ടങ്ങൾ

1. ഓരോ സി പി ഐ (എം) പാർലമെന്റംഗവും കേന്ദ്രകമ്മിറ്റിക്ക് കേന്ദ്രകമ്മിറ്റി തീരുമാനിക്കുന്ന ലെവിത്തുക നൽകേണ്ടതാണ്.

2. സംസ്ഥാനങ്ങൾക്ക് പി ബി നിശ്ചയിച്ച ശതമാനം ലെവിവിഹിതം ഓരോ മാസവും ബന്ധപ്പെട്ട സംസ്ഥാനകമ്മിറ്റിക്ക് നൽകേണ്ടതാണ്.

(പാർലമെന്റ് അംഗം ഏത് സംസ്ഥാനക്കാരനാണോ ആ സംസ്ഥാനകമ്മിറ്റിക്ക്)

(വിശദീകരണം: ഭരണഘടനയുടെ വകുപ്പ് 20 ഉപവകുപ്പ് 5-ൽ പറയുന്നത് കമ്യൂണിസ്റ്റ് ജനപ്രതിനിധികൾക്ക് ലഭിക്കുന്ന ശമ്പളങ്ങളും അലവൻസുകളും പാർട്ടിയുടെ പണമായി കരുതണമെന്നാണ്. മുൻകാലങ്ങളിൽ എം പിമാർക്കും എം എൽ എമാർക്കും പെൻഷൻ വ്യവസ്ഥയുണ്ടായിരുന്നില്ല, ഇന്നതുണ്ട്, അതുകൊണ്ടാണ് താഴെ പറയുന്ന ചട്ടം.)

3. കമ്യൂണിസ്റ്റ് ജനപ്രതിനിധികളുടെ പ്രാദേശിക ഭരണസമിതി അംഗങ്ങളുടെയും ശമ്പളവും അലവൻസുകളും എന്നതിൽ അവർ ഏതെങ്കിലും പെൻഷൻ വാങ്ങുന്നുണ്ടെങ്കിൽ അതും ഉൾപ്പെടുന്നതാണ്.

വകുപ്പ് 22

പാർട്ടി കോൺഗ്രസിനും കോൺഫറൻസുകൾക്കും മുന്നോടിയായ ചർച്ചകൾ

കഴിഞ്ഞ കോൺഫറൻസിനുശേഷമുള്ള പ്രവർത്തനറിപ്പോർട്ടും കഴിഞ്ഞ കോൺഗ്രസ്/ കോൺഫറൻസ് ആവിഷ്‌കരിച്ച ലൈൻ നടപ്പാക്കിയതുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ-സംഘടനാ റിപ്പോർട്ടും ചർച്ചചെയ്യാനും പരിശോധിക്കാനുമാണ് പാർട്ടി കോൺഫറൻസ് വേദികൾ ഉപയോഗിക്കുന്നത്. കോൺഗ്രസിനുള്ള കരടുരാഷ്ട്രീയ പ്രമേയത്തിൻമേലുള്ള ചർച്ച ഭരണഘടനാ വ്യവസ്ഥയനുസരിച്ച് പ്രത്യേകം നടത്തുന്നതാണ്.

വകുപ്പ് 23

ബഹുജനസംഘടനകളിൽ പ്രവർത്തിക്കുന്ന പാർട്ടിഅംഗങ്ങൾ

1. വിവിധ ബഹുജനമുന്നണികളിൽ പ്രവർത്തിക്കുന്ന പാർട്ടി അംഗങ്ങളുടെ പ്രവർത്തനങ്ങൾക്ക് മാർഗനിർദേശം നൽകാൻ വേണ്ടി കേന്ദ്ര-സംസ്ഥാന-ജില്ലാതലങ്ങളിൽ അതതു കമ്മിറ്റി അംഗങ്ങളെയും അതിനാവശ്യമായ കഴിവുകളുള്ള മറ്റംഗങ്ങളെയും ഉൾപ്പെടുത്തി സബ്കമ്മിറ്റികൾ രൂപീകരിക്കാവുന്നതാണ്. സബ്കമ്മിറ്റിഅംഗങ്ങൾ അതതു മുന്നണിയിലെ പ്രശ്‌നങ്ങൾ പ്രത്യേകം പഠിക്കുകയും പാർട്ടി കെട്ടിപ്പടുക്കുന്ന കാര്യത്തിൽ ശ്രദ്ധിക്കുകയും പാർട്ടി യൂണിറ്റുകളിലും ഫ്രാക്ഷൻ കമ്മിറ്റികളിലും ഉള്ള വിവിധ ബഹുജനസംഘടനകളിലെ പാർട്ടി അംഗങ്ങളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുകയും പാർട്ടി നയങ്ങൾ പിന്തുടരുകയും നടപ്പാക്കുകയും ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നതാണ്.

2. ഒരു ബഹുജനസംഘടനയിൽ പ്രവർത്തിക്കുന്ന മുഴുവൻ പാർട്ടി അംഗങ്ങളോ അതിന്റെ വിവിധ തലങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട കമ്മിറ്റികളിൽ പ്രവർത്തിക്കുന്ന പാർട്ടി അംഗങ്ങളോ ചേർന്നതാണ് ആ തലത്തിലെ ഫ്രാക്ഷൻ. ബന്ധപ്പെട്ട പാർട്ടി കമ്മിറ്റിയുടെ തീരുമാനങ്ങളനുസരിച്ച് അതിന്റെ നേതൃത്വത്തിലാണ് ഫ്രാക്ഷൻ പ്രവർത്തിക്കേണ്ടത്

3. ഒരു ബഹുജനമുന്നണിയുടെ വിവിധതലങ്ങളിൽ പ്രവർത്തിക്കുന്നവരായി വളരെയധികം പാർട്ടി അംഗങ്ങളുണ്ടെങ്കിൽ ഫ്രാക്ഷൻ അംഗങ്ങളിൽപ്പെട്ടവരെ ഉൾപ്പെടുത്തിക്കൊണ്ട് ഫ്രാക്ഷൻ കമ്മിറ്റി രൂപീകരിക്കേണ്ടതാണ്. ബന്ധപ്പെട്ട പാർട്ടി കമ്മിറ്റി, പാർട്ടി കമ്മിറ്റികളിൽ ഉൾപ്പെടുന്നവരെയും വേണ്ടത്ര പക്വതയും ബഹുജനപ്രവർത്തനാനുഭവങ്ങളും ഉണ്ടെന്ന് പാർട്ടി കമ്മിറ്റിക്ക് ബോധ്യമുള്ള ഫ്രാക്ഷൻ അംഗങ്ങളെയും ചേർത്താണ് ഫ്രാക്ഷൻ കമ്മിറ്റി രൂപീകരിക്കേണ്ടത്.

4. മേൽവിവരിച്ചതുപോലെ രൂപീകരിക്കപ്പെടുന്ന ഫ്രാക്ഷൻ കമ്മിറ്റി ആ ബഹുജനസംഘടനയിലെ എക്‌സിക്യൂട്ടീവിലോ ജനറൽ കൗൺസിലിലോ ബന്ധപ്പെട്ട പാർട്ടി കമ്മിറ്റി തീരുമാനങ്ങൾ നടപ്പാക്കുകയും ബഹുജനസംഘടനയിൽ പാർട്ടി തീരുമാനങ്ങൾ ഫ്രാക്ഷൻ വഴി നടപ്പിലാക്കാൻ ആവശ്യമായ എല്ലാ നടപടികളും കൈക്കൊള്ളുകയും ചെയ്യാവുന്നതാണ്.